Image

ഹാരിസ്‌ബര്‍ഗ്‌ മലയാളികള്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു

ശ്രീകുമാര്‍ പുരുഷോത്തമന്‍ Published on 22 January, 2012
ഹാരിസ്‌ബര്‍ഗ്‌ മലയാളികള്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു
ഹാരിസ്‌ബര്‍ഗ്‌: പെന്‍സില്‍വേനിയയുടെ തലസ്ഥാനമായ ഹാരിസ്‌ബര്‍ഗിലെ മലയാളി സംഘടനയായ സസ്‌ക്വഹാന മലയാളി അസോസിയേഷന്‍ (എസ്‌.എം.എ) ക്രിസ്‌മസ്‌ ആഘോഷിച്ചു. ജനുവരി ഏഴാംതീയതി യുണൈറ്റഡ്‌ ചര്‍ച്ച്‌ ഹാളില്‍ നടന്ന ആഘോഷം വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍കൊണ്ടും വിഭവസമൃദ്ധമായ ഡിന്നര്‍കൊണ്ടും ശ്രദ്ധേയമായി. എസ്‌.എം.എയുടെ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ അംഗങ്ങള്‍ ക്രിസ്‌മസ്‌ ട്രീ തെളിയിച്ചതോടെ ചടങ്ങുകള്‍ക്ക്‌ സമാംഭം കുറിച്ചു. സംഘടനയുടെ ഈവര്‍ഷത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിനോജ്‌ അഗസ്റ്റിന്‍ ക്രിസ്‌മസ്‌ സന്ദേശം നല്‍കി.

എവിന്‍ കരിമ്പാനിയിലിന്റെ ക്രിസ്‌മസ്‌ ഗാനത്തോടെ കലാപരിപാടികള്‍ക്ക്‌ തിരശ്ശീല ഉയര്‍ന്നു. ഉപകരണ സംഗീതത്തിന്റെ വ്യത്യസ്‌തമായ തലങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ നവ്യ, ഡേവിഡ്‌, ജോണി, അമല, അഞ്‌ജലി എന്നിവര്‍ ആസ്വാദകരുടെ മുക്തകണ്‌ഠമായ പ്രശംസയേറ്റുവാങ്ങി. ജയിംസ്‌ തോമസിന്റെ ഹിന്ദി ഗാനം ശ്രുതിമധുരമായി. എസ്‌.എം.എയുടെ കൊച്ചു ഗായകര്‍ ചേര്‍ന്ന്‌ ആലപിച്ച `ലാത്തിരി പൂത്തിരി....' എന്ന ഗാനം ഇമ്പമേറിയതായിരുന്നു. `ചമക്‌ ചലോ...' എന്ന പ്രശസ്‌തമായ ഗാനത്തിനൊപ്പം ഷോണ്‍, കെവിന്‍, വിഷ്‌ണു, ഗൗരി, പാര്‍വതി എന്നിവര്‍ ചുവടുവെച്ചപ്പോള്‍ കാണികളുടെ ഹൃദയതാളം ഉച്ചസ്ഥായിയിലെത്തി. ഒരു സിനിമാറ്റിക്‌ ഡാന്‍സിന്റെ എല്ലാ ഭംഗിയും ചടുലതയും കോര്‍ത്തിണക്കി ഷോണ്‍, വിഷ്‌ണു, കെന്നത്ത്‌, നവ്യ, വനേസ, മേരി എന്നിവര്‍ രംഗത്തെത്തി. ശ്രീകുമാര്‍, രാജീവ്‌ നായര്‍, രാജീവ്‌ വെങ്കട്ടരാമന്‍, ജയിംസ്‌ എന്നിവര്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച കഥാപ്രസംഗം ശ്രോതാക്കളെ ചിരിയുടെ മറ്റൊരു ലോകത്തേക്ക്‌ കൂട്ടിക്കൊണ്ടുപോയി. എസ്‌.എം.എയുടെ കൊച്ചു കുട്ടികള്‍ ചേര്‍ന്ന്‌ അവതരിപ്പിച്ച നേറ്റിവിറ്റി ഷോ ദൃശ്യഭംഗികൊണ്ടും അവതരണ ശൈലി കൊണ്ടും വ്യത്യസ്‌തത പുലര്‍ത്തി.

കൈനിറയെ സമ്മാനപ്പൊതികളുമായി സാന്റയായി രഞ്‌ജിഷ്‌ വേദിയിലെത്തിയത്‌ കുട്ടികളുടെ സന്തോഷം ഇരട്ടിപ്പിച്ചു.

2012-ല്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികളെ കുറിച്ച്‌ ട്രഷറര്‍ സിജു വര്‍ഗീസ്‌ വിശദീകരിച്ചു. സാധുജനങ്ങളെ സഹായിക്കുന്നതിനായി സംഘടിപ്പിച്ച ഫുഡ്‌ ഡ്രൈവിന്‌ വന്‍ പ്രതികരണമാണ്‌ അംഗങ്ങളില്‍ നിന്നും ലഭിച്ചത്‌. എബി &നീന ഏബ്രഹാം, ജോഷ്വാ & അമ്പിളി ജേക്കബ്‌, ജേക്കബ്‌ & നീന കീച്ചേരില്‍ എന്നിവര്‍ ആതിഥേയത്വം വഹിച്ച ആഘോഷപരിപാടിയില്‍ മെര്‍ലിന്‍, ജോണി എന്നിവര്‍ അവതാരകരായി.

2011-ല്‍ വിവിധ പങ്കെടുത്ത കലാകാരന്മാര്‍ക്ക്‌ ബേബി തോട്ടക്കര, സ്റ്റാന്‍ലി കണ്ണമ്പുള്ളി, ജയപ്രകാശ്‌ ശിവദാസന്‍ എന്നിവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്‌തു. പുതിയ അംഗങ്ങളേയും സ്‌പോണ്‍സര്‍മാരേയും സെക്രട്ടറി രാജീവ്‌ നായര്‍ സദസ്സിന്‌ പരിചയപ്പെടുത്തി. ചടങ്ങില്‍ രാജീവ്‌ വെങ്കട്ടരാമന്‍ സ്വാഗതവും, ശാലിനി മാത്യൂസ്‌ നന്ദിയും പറഞ്ഞു.
ഹാരിസ്‌ബര്‍ഗ്‌ മലയാളികള്‍ ക്രിസ്‌മസ്‌ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക