Image

ഗിന്‍ഗ്രിച്ചിന് വിജയം; രാജു നരിസേട്ടി വോള്‍സ്ട്രീറ്റ് ജേര്‍ണലില്‍; ഇന്ത്യന്‍ ഗവേഷകനെതിരെ വഞ്ചനക്കുറ്റം

Published on 22 January, 2012
 ഗിന്‍ഗ്രിച്ചിന് വിജയം; രാജു നരിസേട്ടി വോള്‍സ്ട്രീറ്റ് ജേര്‍ണലില്‍; ഇന്ത്യന്‍ ഗവേഷകനെതിരെ വഞ്ചനക്കുറ്റം
സൗത്ത് കരോലീന: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള പോരാട്ടം മുറുകുന്നു. ന്യൂഹാംപ്‌ഷെയറില്‍ വിജയിച്ച് സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലായിരുന്ന മിറ്റ് റോംനിയെ കീഴടക്കി മുന്‍ ഹൗസ് സ്പീക്കര്‍ കൂടിയായ ന്യൂട്ട് ഗിന്‍ഗ്രിച്ച് സൗത്ത് കരോലീന പ്രൈമറിയില്‍ വിജയം കണ്ടു. സൗത്ത് കരോലീനയില്‍ ഗിന്‍ഗ്രിച്ചിന് 40 ശതമാനം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരുടെ പിന്തുണ ലഭിച്ചപ്പോള്‍ ഇന്ത്യക്കാരിയായ ഗവര്‍ണര്‍ നിക്കി ഹേലി പിന്തുണച്ചിട്ടും മിറ്റ് റോംനിയുടെ പിന്തുണ 27 ശതമാനത്തിലൊതുങ്ങി. ഗിന്‍ഗ്രിച്ചിന്­ 40.2 ശതമാനം വോട്ട്­ കിട്ടിയപ്പോള്‍ (101,952), റോംനി­ 26.6 ശതമാനവും (67,446). ഇവാഞ്ചലിക്കല്‍ ഗ്രൂപ്പ്­ പിന്തുണച്ച റിക്­ സാസ്‌റ്റോറം­ 18 ശതമാനവും (45,637), റോണ്‍ പോള്‍­ 13.3 ശതമാനവും(33, 622) വോട്ട് നേടി. അയോവ കോക്കസില്‍ ഗിംഗ്‌റിച്ച് നാലാം സ്ഥാനത്തും ന്യൂഹാംപ്‌­ഷെയറില്‍ അഞ്ചാം സ്ഥാനത്തുമായാണ് ഫിനിഷ് ചെയ്തത്.

തീവ്രവാദ വിഭാഗമായ ടീപാര്‍ട്ടിയുടെ പിന്തുണയോടെ ജയിച്ച നിക്കി ഹേലിയുടെ പിന്തുണ ലഭിച്ചെങ്കിലും ആ വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ റോംനി പരാജയപ്പെട്ടു. റോംനിയുടെ പരാജയം വ്യക്തിപരമായി ഹേലിക്കും തിരിച്ചടിയാണെന്നാണ് കരുതുന്നത്. പ്രത്യേകിച്ചും 1980­ന്­ ശേഷം സൗത്ത്­ സൗത്ത് കരലിനയില്‍ വിജയിക്കത്തയാള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം നേടിയ ചരിത്രമില്ലെന്ന വസ്തുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍.

ഇതിനിടെ അയോവയില്‍ കോക്കസില്‍ എട്ടു വോട്ടിന്­ റോംനി ജയിച്ചുവെന്നാണ്­ ആദ്യം ഫലം വന്നതെങ്കിലും ഇപ്പോള്‍ മുന്‍ പെന്‍സില്‍വേനിയ സെനറ്റര്‍ റിക്ക്­ സാസ്‌റ്റോറം ജയിച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ സാക്ഷ്യപ്പെടുത്തിയതും റോംനിയ്ക്ക് തിരിച്ചടിയായി. ഇതോടെ ആദ്യമൂന്ന് പ്രൈമറികളിലും മൂന്നു പേര്‍ വിജയിച്ചുവെന്ന അപൂര്‍വതയ്ക്കും ഇത്തവണത്തെ പ്രൈമറി തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സാക്ഷ്യംവഹിച്ചു. ഈ മാസം 31ന് ഫ്‌ളോറിഡയിലാണ് അടുത്ത പ്രൈമറി തെരഞ്ഞെടുപ്പ്. തുടര്‍ന്ന് അരിസോണ, കൊളറോഡ സംസ്ഥാനങ്ങളിലും പ്രൈമറി തെരഞ്ഞെടുപ്പ് നടക്കും.

വാഷിംഗ്ടണ്‍ പോസ്റ്റ് മാനേജിംഗ് എഡിറ്റര്‍ രാജു നരിസേട്ടി വോള്‍സ്ട്രീറ്റ് ജേര്‍ണലില്‍

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ പോസ്റ്റ് മാനേജിംഗ് എഡിറ്ററും ഇന്ത്യന്‍ വംശജനുമായ രാജു നരിസേട്ടി വോള്‍സ്ട്രീറ്റ് ജേര്‍ണലില്‍ ചേര്‍ന്നു. വോള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഡിജിറ്റല്‍ ന്യൂസ് ഓപ്പറേഷന്റെ ചുമതലയുള്ള ഡെപ്യൂട്ടി മാനേജിംഗ് എഡിറ്ററായാണ് നരിസേട്ടി ചുമതലയേറ്റത്. നരിസേട്ടി ചുമതലയേറ്റശേഷമാണ് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഓണ്‍ലൈന്‍ ട്രാഫിക്കില്‍ വന്‍കുതിച്ചുച്ചാട്ടമുണ്ടായത്. ഈ വര്‍ഷം ഡിസംബറില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് വെബ്‌സൈറ്റിന്റെ പേജ് വ്യൂസില്‍ 45 ശതമാനമായി ഉയര്‍ന്നിരുന്നു. തൊട്ടു മുന്‍വര്‍ഷം ഇത് 14 ശതമാനം മാത്രമായിരുന്നു. പേജിലെത്തുന്ന ഒരോ സന്ദര്‍ശകനും നേരത്തെ ചെലവഴിച്ചതിനെക്കാള്‍ ഇരട്ടിസമയം ചെലവഴിക്കാനും തുടങ്ങി. രാജു നരിസേട്ടി സ്ഥാപനത്തില്‍ നിന്ന് പോകുന്നത് വലിയ നഷ്ടമാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റിന്റെ പ്രസാധകയായ കാതറീന്‍ വൈമൗത്ത് പറഞ്ഞു.

ഇറാന്‍ ചര്‍ച്ചക്ക് വഴങ്ങണം: ഹിലരി

വാഷിംഗ്ടണ്‍: ആണവ വിഷയത്തില്‍ ചര്‍ച്ചക്ക് തയാറായില്ലെങ്കില്‍ ഉപരോധത്തെ നേരിടാന്‍ ഒരുങ്ങിക്കൊള്ളാന്‍ ഇറാന് അമേരിക്കയുടെ മുന്നറിയിപ്പ്. ജര്‍മന്‍ വിദേശകാര്യമന്ത്രി ഗ്വിഡോ വെസ്റ്റര്‍വെല്ലുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനാണ് ഇറാന് മുന്നറിയിപ്പ് നല്‍കിയത്. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ച് ചര്‍ച്ചാ മേശയിലേക്ക് വരുകയാണ് ഇറാന്‍ ചെയ്യേണ്ടത്. അല്ലെങ്കില്‍ അന്താരാഷ്ട്ര സമൂഹം ഏര്‍പ്പെടുത്തുന്ന ഉപരോധം നേരിടാന്‍ തയാറാവുക. ഏത് വേണമെന്ന് ഇറാന് തീരുമാനിക്കാമെന്നും ഹിലരി വ്യക്തമാക്കി.
ഇറാനിലെ ജനങ്ങള്‍ നല്ലൊരു ഭാവി അര്‍ഹിക്കുന്നുണ്ട്. അവര്‍ക്ക് അത് ലഭിക്കേണ്ടതുമാണ്. അതിന് ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഭാഗമായിത്തീരുകയാണ് വേണ്ടത്. ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തിവെച്ച് ഇറാന്‍ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ചേരണമെന്നും ഹിലരി ആവശ്യപ്പെട്ടു. ഇറാന്‍ ആണവപരീക്ഷണങ്ങള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യന്‍ യൂനിയന്‍ നല്‍കിയ കത്തിനൊപ്പമാണ് തങ്ങള്‍ നിലകൊള്ളുന്നതെന്നും മറുപടിക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ഹിലരി വ്യക്തമാക്കി.

വീഞ്ഞിനെപ്പറ്റി വ്യാജ അവകാശവാദം; ഇന്ത്യന്‍ ഗവേഷകനെതിരെ വഞ്ചനാക്കുറ്റം

വാഷിംഗ്ടണ്‍: റെഡ് വൈനിലുള്ള റെസ്‌വെറട്രോള്‍ ഘടകം ആരോഗ്യത്തിനു വളരെ നല്ലതാണെന്നു വ്യാജ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കി അവകാശപ്പെട്ട ഇന്ത്യന്‍ വംശജനായ പ്രഫ. ദീപക് ദാസിനെതിരെ കണക്ടിക്കട്ട് യൂണിവേഴ്‌സിറ്റി വഞ്ചനക്കുറ്റം ചുമത്തി അന്വേഷണം ആരംഭിച്ചു. യൂണിവേഴ്‌സിറ്റിയുടെ കാര്‍ഡിയോ വാസ്കുലര്‍ റിസര്‍ച് സെന്റര്‍ ഡയറക്ടറും സര്‍ജറി വകുപ്പു പ്രഫസറുമാണ് ദീപക് ദാസ്. ദീപക് ദാസിന് ഗവേഷണത്തിനു നല്‍കിവന്ന ഗ്രാന്റും യൂണിവേഴ്‌സിറ്റി റദ്ദാക്കിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായാല്‍ ദാസിനെ പിരിച്ചുവിടും.

ബജറ്റ് കമ്മി കുറയ്ക്കാന്‍ വിമാനവാഹിനികള്‍ കുറയ്ക്കില്ലെന്ന് യുഎസ്

വാഷിംഗ്ടണ്‍: ബജറ്റ് കമ്മി കുറയ്ക്കാന്‍ 11 വിമാനവാഹിനി ഫ്‌ളീറ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തില്ലെന്നു യുഎസ്. രാജ്യ സുരക്ഷയ്ക്ക് ഇവ അത്യന്താപേക്ഷിതമാണെന്നു പ്രതിരോധ സെക്രട്ടറി ലിയോണ്‍ പെനേറ്റ പറഞ്ഞു. ലോകത്തുള്ള ഏതു ശത്രുവിനെയും അനായാസം നേരിടാന്‍ ഈ കപ്പല്‍ വ്യൂഹം മൂലം സാധിക്കും. അതിനാല്‍ തന്നെ എത്ര ചെലവ് വന്നാലും ഇവ നിലനിര്‍ത്തും. 1700 സൈനികരുമായി യുഎസ്എസ് എന്‍റര്‍െ്രെപസസ് ഗള്‍ഫ് മേഖലയിലേക്കു തിരിക്കും. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്‍ നീക്കം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു വര്‍ഷം കൊണ്ടു പ്രതിരോധമേഖലയില്‍ 260 ബില്യണ്‍ ഡോളറിന്റെ ചെലവു ചുരുക്കല്‍ പദ്ധതിയാണു തയാറാക്കുന്നത്. ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലാണു സൈന്യത്തിന് ഏറ്റവുമധികം ചെലവ് ഉണ്ടാകുന്നത്. യുഎസ്എസ് എന്‍റര്‍െ്രെപസസ് നവംബറില്‍ സേവനം അവസാനിപ്പിക്കും. യുഎസിന്റെ ആദ്യ ആണവോര്‍ജ്ജ വിമാനവാഹിനി കപ്പലാണിത്. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി സമയത്തും വിയറ്റ്‌നാം യുദ്ധത്തിലും ഈ കപ്പല്‍ സജീവമായിരുന്നു. ഇതിനു പകരം 2015 ല്‍ യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡ് സേനയില്‍ ചേരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക