Image

ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം

Published on 18 January, 2016
ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം
ശബരിമല സന്നിധാനത്തെയും പരിസരങ്ങളിലെയും ശുചീകരണ പ്രവൃത്തികള്‍ അയ്യപ്പസ്വാമിക്കുള്ള അര്‍ച്ചനപോലെ വിവിധ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല തീര്‍ഥാടന കാലയളവില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തീര്‍ഥാടനം സുഗമമാക്കിയ ബോര്‍ഡിന് വിവിധ കോണുകളില്‍ നിന്ന് അഭിനന്ദന പ്രവാഹം തുടരുകയാണ്. ഭക്തജന സംഘടനകള്‍, വിവിധ വകുപ്പ് മേധാവികള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണം ഈ നേട്ടത്തിന് സഹായകരമായി. എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു. ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

അടുത്ത ശബരിമല സീസണിലേക്കുള്ള മുന്നൊരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. ആദ്യപടിയായി നടയടയ്ക്കുന്നതിനു മുമ്പുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 23നകം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. ശബരിമല സാനിട്ടേഷന്‍ സമിതി, മാതാ അമൃതാനന്ദമയീ മഠം, അഖില ഭാരതീയ അയ്യപ്പസേവാസംഘം, അയ്യപ്പസേവാ സമാജം, കല്‍ക്കി മാനവസേവാ സമിതി തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശബരിമല സന്നിധാനം, കിഴക്കുഭാഗം, മാളികപ്പുറം, ശബരി ഗസ്റ്റ് ഹൗസ്, ചന്ദ്രാനന്ദന്‍ റോഡ്, ഫോറസ്റ്റ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് പരിസരം, അപ്പാച്ചിമേട് എന്നിവിടങ്ങളില്‍ അയ്യപ്പസേവാ സമാജത്തിന്റെ 625 വോളണ്ടിയര്‍മാരും നീലിമല, ഭസ്മക്കുളം, സ്വാമി അയ്യപ്പന്‍ റോഡ്, ജ്യോതിനഗര്‍, ഗണപതി കോവില്‍ എന്നിവിടങ്ങളില്‍ അയ്യപ്പസേവാ സംഘത്തിന്റെ 350 വോളണ്ടിയര്‍മാരും പമ്പയും പരിസര പ്രദേശങ്ങളും കല്‍ക്കി മാനവസേവാ സമിതിയുടെ 400 പ്രവര്‍ത്തകരും നിലയ്ക്കല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയും ദേവസ്വം ബോര്‍ഡ് ജീവനക്കാരും ശുചീകരണം നടത്തും.

തീര്‍ഥാടകരുടെ കെട്ടു നിറയ്ക്കലില്‍ പ്ലാസ്റ്റിക് കടന്നുവരാതിരിക്കാന്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗുരുസ്വാമിമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ബോധവത്ക്കരണം നല്‍കിയിട്ടുണ്ട്. ശുചീകരണത്തിനായി മുഴുവന്‍ സമയവും വൊളന്റിയര്‍മാരെ നിയോഗിക്കും. സന്നിധാനത്തും പമ്പയിലും കൂടുതല്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും.പാചകവാതക സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ കോമണ്‍ ഗ്യാസ് സ്റ്റോറേജ് ഷെല്‍ട്ടര്‍ സ്ഥാപിക്കാന്‍ നടപടിയെടുക്കും.

ശബരിമല പൂങ്കാവനത്തിലെ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ സമീപ പ്രദേശങ്ങളെകൂടി ഉള്‍പ്പെടുത്തും. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടത്തുന്ന ക്ലോറിനേഷന്‍ കാര്യക്ഷമമാക്കും. ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനുവേണ്ടി പത്തനംതിട്ട ജില്ലാ കളക്ടര്‍ അധ്യക്ഷനായി കോട്ടയം, ഇടുക്കി ജില്ലാ കളക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല തീര്‍ഥാടന കാലയളവില്‍ എരുമേലി പഞ്ചായത്തില്‍ പൂര്‍ണമായും പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയതായും ഈ മാസം 31 നകം ജില്ലയിലെ ശബരിമല ഇടത്താവളങ്ങള്‍ പൂര്‍ണമായും ശുചീകരിക്കുമെന്നും കോട്ടയം ആര്‍.ഡി.ഒ കെ.എസ് സാവിത്രി യോഗത്തെ അറിയിച്ചു. സന്നിധാനത്ത് തീര്‍ഥാടകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുമാറ്റണമെന്നും താല്‍ക്കാലിക ഷെഡുകള്‍ നിര്‍മിക്കാന്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിക്കുന്നതു തടയണമെന്നും ഫയര്‍ ആന്റ് റസ്‌ക്യു അധികൃതര്‍ യോഗത്തെ അറിയിച്ചു.

തീര്‍ഥാടകര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ശരംകുത്തിയിലും ശബരീപീഠത്തും ആര്‍.ഒ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍ യോഗത്തെ അറിയിച്ചു. ദേവസ്വം ബോര്‍ഡംഗം പി.കെ കുമാരന്‍, സെക്രട്ടറി വി.എസ് ജയകുമാര്‍, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ടി.വി സുഭാഷ്, പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റ് പി.ഗോപകുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി, പമ്പ സ്‌പെഷ്യല്‍ ഓഫീസര്‍ റ്റി.എസ് സേവ്യര്‍, അയ്യപ്പസേവാ സംഘം ജനറല്‍ സെക്രട്ടറി എം.വേലായുധന്‍ നായര്‍, അയ്യപ്പസേവാ സമാജം ജനറല്‍ സെക്രട്ടറി എന്‍.രാജന്‍, അമൃതാനന്ദമയീമഠം പ്രതിനിധി സ്വാമി തപസ്യാനന്ദ, വിവിധ വകുപ്പ് മേധാവികള്‍, ഭക്തജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

തീര്‍ഥാടന സീസണിലെ സൗകര്യങ്ങള്‍ മാസപൂജ സമയത്തും ലഭ്യമാക്കും : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല തീര്‍ഥാടന സീസണില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന സൗകര്യങ്ങള്‍ മാസപൂജ സമയത്തും തീര്‍ഥാടകര്‍ക്ക് ലഭ്യമാക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അയ്യപ്പസേവാ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് ബോര്‍ഡ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ചുദിവസങ്ങളില്‍ സന്നിധാനത്ത് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ലഭ്യമാണ്. ഈ സമയത്ത് ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന സൗകര്യങ്ങളും സജ്ജീകരണങ്ങളും ലഭ്യമല്ല. സീസണ്‍ സമയത്തുള്ള സൗകര്യങ്ങളും സംവിധാനങ്ങളും സ്ഥിരമാക്കി തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലപ്പെടുത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. ഭക്തരുടെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ചാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്.

കര്‍ണാടക അയ്യപ്പന്‍മാര്‍ക്ക് സഹായഹസ്തവുമായി നിങ്കണ്ണയും സുന്ദറും

കര്‍ണാടകത്തില്‍ നിന്നും ശബരീശ സന്നിധിയില്‍ എത്തുന്ന അയ്യപ്പന്മാര്‍ക്ക് സഹായമാകുകയാണ് നിങ്കണ്ണയുടെയും സുന്ദറിന്റെയും സേവനം. മകരവിളക്ക് കഴിഞ്ഞ ശേഷം 17 മുതല്‍ ശബരിമല ദേവസ്വം ഇന്‍ഫര്‍മേഷന്‍ കം പബ്ലിസിറ്റി ഓഫീസില്‍ കന്നടത്തില്‍ അനൗണ്‍സ് ചെയ്യുന്ന ദൗത്യമാണ് ഇവര്‍ ചെയ്യുന്നത്. മകരവിളക്ക് കഴിഞ്ഞിട്ടും ധാരാളം സ്വാമിമാരാണ് സന്നിധാനത്തേക്ക് ദര്‍ശത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. കര്‍ണാടകത്തില്‍ ധാരാളം സ്വാമിമാര്‍ എത്തുന്നുണ്ട്. കഴിഞ്ഞ 11 മുതല്‍ പമ്പ ഇന്‍ഫര്‍മേഷന്‍ സെന്ററിലും ഹോസ്പിറ്റലിലുമായി ഭക്തരെ സഹായിക്കാനായി ഇവര്‍ രംഗത്തുണ്ട്. കര്‍ണാടക ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് നിങ്കണ്ണയും സുന്ദറും. കൂക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ക്ലര്‍ക്കുമാരായി ജോലി ചെയ്യുകയാണിരുവരും. കര്‍ണാടക ദേവസ്വം ബോര്‍ഡിന്റെ ഹെല്‍പ്പ് ലൈന്‍ സംഘം ആയിട്ടാണ് ഇവരെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി എരുമേലിയിലും പമ്പയിലും സന്നിധാനത്തും അയ്യപ്പഭക്തരെ സഹായിക്കാനായി നിയോഗം ലഭിച്ചത് അയ്യപ്പസ്വാമിയുടെ കൃപാകടാക്ഷമാണ് എന്ന് ഇവര്‍ പറയുന്നു. സന്നിധാനം ദേവസ്വം ഇന്‍ഫര്‍മേഷന്‍ കം പബ്ലിസിറ്റി ഓഫീസിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ദേവസ്വം പി.ആര്‍.ഒ. മുരളീ കോട്ടയ്ക്കകം ആണ്.

അറക്കുളം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെക്കുള്ള കൊടിയും മണിയും ഏറ്റുവാങ്ങി

ഇടുക്കിജില്ലയിലെ അറക്കുളത്ത് സ്ഥിതി ചെയ്യുന്ന ശ്രീധര്‍മ്മ ശാസ്താ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തിരുവുല്‍സവത്തിന് മുന്നോടിയായി ആചാരപ്രകാരമുള്ള കൊടിയും മണിയും ശബരിമലയില്‍ വച്ച് ഏറ്റുവാങ്ങി. സന്നിധാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സോമശേഖരന്‍ നായരുടെ കൈയില്‍ നിന്നും തെക്കുംചേരി കുടുംബാംഗം ഗോപാലകൃഷ്ണ പണിക്കരും സംഘവും ചേര്‍ന്നാണ് കൊടിയും മണിയും ഏറ്റുവാങ്ങിയത്.
ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.എ വേലുക്കുട്ടന്‍, സെക്രട്ടറി പി.കെ ഗോപാലകൃഷ്ണന്‍, രാജന്‍ താഴത്തുമന, ഗോപാലകൃഷ്ണന്‍ മനയ്ക്കല്‍, എ.എന്‍ മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


കളഞ്ഞുകിട്ടിയ തിരിച്ചറിയല്‍ രേഖകള്‍ തിരികെ അയച്ചു

സന്നിധാനത്ത് ഭക്തരില്‍ നിന്നും കളഞ്ഞുകിട്ടിയ ഐ.ഡികാര്‍ഡുകള്‍, ഡൈവ്രിംഗ് ലൈസന്‍സ്, ആധാര്‍, വോട്ടര്‍ ഐ.ഡി കാര്‍ഡ്, പാന്‍കാര്‍ഡ് മുതലായവ യഥാര്‍ത്ഥ ഉടമയുടെ അഡ്രസിലേക്ക് സന്നിധാനം പബ്ലിസിറ്റി ഓഫീസില്‍ നിന്നും പോസ്റ്റ് ഓഫീസ് വഴി അയച്ചുകൊടുത്തിട്ടുണ്ടെന്ന് ദേവസ്വം പി.ആര്‍.ഒ മുരളി കോട്ടയ്ക്കകം അറിയിച്ചു.

പിഴ ഈടാക്കി
എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സന്നിധാനത്ത് പുകയില ഉത്പ്പന്നങ്ങള്‍ കണ്ടെടുത്ത് പിഴയീടാക്കി. സന്നിധാനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എക്‌സൈസ് ഷാഡോ ടീമും മറ്റുള്ളവരും സന്നിധാനത്ത് നടത്തിയ പരിശോധയില്‍ 1500 പായ്ക്കറ്റ് ബീഡി, 700 പായ്ക്കറ്റ് ഹാന്‍സ്,56 പായ്ക്കറ്റ് സിഗരറ്റ് എന്നിവ കണ്ടെത്തിയത്. ജനുവരി 12 മുതല്‍ ഇതുവരെ നടത്തിയ പരിശോധനയില്‍ കോട്പാ 2003 ആക്ട് പ്രകാരം 227 കേസുകളാണ് സന്നിധാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്രകാരം നാല്‍പ്പത്തി അയ്യായിരത്തി നാന്നൂറ് രൂപ പിഴയീടാക്കി. ഈ മണ്ഡലകാലയളവില്‍ സന്നിധാനത്തും പരിസരത്തുമായി എഴുന്നൂറോളം കേസുകളിലായി ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ പിഴ ചുമത്തിയിട്ടുണ്ട്. സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടമാരായ കെ.ആര്‍. അജയ്, പി.കെ രഘു, എസ്.ഷിജു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

സന്നിധാനത്ത് പള്‍സ് പോളിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു

ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കി. സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് എറണാകുളം അമ്പലമുകളില്‍ നിന്നും ചോറൂണിനായി എത്തിയ ആറുമാസക്കാരി പാര്‍വതിയ്ക്ക് തുള്ളി മരുന്ന് കുഞ്ഞു വായില്‍ പകര്‍ന്നു നല്‍കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മധുരയില്‍ നിന്ന് ദര്‍ശനത്തിനെത്തിയ വി. ഹര്‍ഷിനി ഗുരുദര്‍ശന്‍ എന്നിവര്‍ക്ക് തന്ത്രി തുള്ളി മരുന്നു നല്‍കി. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പ്രത്യേക സംഘം സന്നിധാനം നടപന്തലിന് സമീപം അഞ്ചു വയസ്സിനു താഴെയുള്ള മണികണ്ഠന്മാരെയും മാളികപുറങ്ങളെയും കണ്ടെത്തി പോളിയോ പ്രതിരോധ മരുന്ന് നല്‍കി. 612 കുട്ടികള്‍ക്കാണ് സന്നിധാനത്ത് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജീവ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുധീഷ് ലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സജിരാജ്, രഞ്ജു എന്നിവര്‍ തുള്ളി മരുന്ന് വിതരണത്തിന് നേത്യത്വം നല്‍കി.

സന്നിധാനത്ത് പഞ്ചാരിമേളം ആസ്വദിക്കാന്‍ ആയിരങ്ങള്‍

സന്നിധാനം ശ്രീ ധര്‍മ്മ ശാസ്താ ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ പഞ്ചാരിമേളത്തിന് അകമ്പടിയായി താളമിട്ട് ആയിരങ്ങള്‍ സന്നിധാനത്ത് തടിച്ചുകൂടി. നെടുമ്പാശ്ശേരി തിരുനായത്തോട് ശിവനാരായണക്ഷേത്രത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന കേരള കലാധരണി ക്ഷേത്ര വാദ്യകലാസമിതിലെ കലാകാരന്മാരാണ് പഞ്ചാരിമേളത്തില്‍ കൊട്ടിക്കയറിയത്. ഇത് മൂന്നാമത്തെ വര്‍ഷമാണ് സന്നിധാനത്ത് മേളം തീര്‍ക്കുന്നത്. നാല്പതോളം പേര്‍ രണ്ടു വിഭാഗങ്ങളിലായിട്ടാണ് മേളം നടത്തിയത്. മൂന്നു വര്‍ഷമായി മേളം പഠിക്കുന്ന ഒമ്പതു മുതല്‍ പതിനേഴ് വയസ്സിനകത്ത് പ്രായമുള്ള പതിനഞ്ച് പേര്‍ ഉച്ചയ്ക്കും എട്ടു വര്‍ഷത്തിലധികമായി മേളം പഠിക്കുന്നവര്‍ വൈകീട്ടും മേളമൊരുക്കി. 96 അക്ഷരകാലത്തില്‍ പതികാലത്തില്‍ തുടങ്ങിയ പഞ്ചാരി മേളം ആറ് അക്ഷരമായ അഞ്ചാം കാലത്തില്‍ കൊട്ടിക്കയറിയപ്പോള്‍ സന്നിധാനത്തിലെത്തിയ ഭക്തര്‍ ആവേശപൂര്‍വ്വം താളമിട്ടു. താളമേളങ്ങളില്‍ കൈയും കോലും സമ്പ്രദായത്തിലെ മേള ഇനമായ പഞ്ചാരി സന്നിധാനത്ത് അവതരിപ്പിച്ചത് പ്രശസ്ത കലാകാരനായ തിരുനായത്തോട് സൈബിനും ശിഷ്യന്മാരുമാണ്. കാലടി സംസ്‌ക്യത സര്‍വ്വകലാശാലയിലെ ആദ്യ ബാച്ചിലെ പെര്‍ഫോമിങ്ങ് ആര്‍ട്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഈ കലാകാരന്‍ ചെണ്ടമേളത്തിനു പുറമേ കഥകളി, മ്യദംഗം, ശാസ്ത്രീയ ന്യത്തങ്ങളും വശമാക്കിയിട്ടുണ്ട്.

ആലങ്ങാട്ട് സംഘത്തിന്റെ വഴിപാട് സ്വീകരണവും സമ്മര്‍പ്പണവും നടന്നു

സന്നിധാനത്ത് ആലങ്ങാട്ട് സംഘത്തിന്റെ വഴിപാട് സ്വീകരണവും സമ്മര്‍പ്പണവും നടന്നു.ഭക്ത സഹസ്രങ്ങളെ സാക്ഷിയാക്കി നെയ്യഭിഷേകം നടത്തി. തുടര്‍ന്ന് അയ്യപ്പനു പന്തിരുനാഴി നിവേദ്യ സമര്‍പ്പണചടങ്ങും നടന്നു. ശബരിമല തന്ത്രി കണ്ഠരരു മഹേഷ് മോഹനരര് നിവേദ്യം ശബരീശനു സമര്‍പ്പിച്ച് യോഗക്കാര്‍ക്ക് നല്‍കിയശേഷം മുഴുക്കാപ്പുചാര്‍ത്തി. ആലങ്ങാട്ട് പേട്ടസംഘം കൊണ്ടുവന്ന ഇരുമുടിക്കെട്ടിലെ അരി, നാളികേരം ശര്‍ക്കര ഇവ ഉപയോഗിച്ചാണ് നിവേദ്യം തയ്യാറാക്കിയത്. 6 വലിയ ചെമ്പുകളിലായാണ് നിവേദ്യസമര്‍പ്പണത്തിനുള്ള സാധനങ്ങള്‍ സന്നിധാനത്തെത്തിച്ചത്. വെള്ള നിവേദ്യവും പായസവും സംഘാംഗങ്ങള്‍ ഭക്തജനങ്ങളക്ക് വിതരണം ചെയ്തു. വൈകുന്നേരം സന്നിധാനത്ത് വച്ച് യോഗത്തിന്റേ വകയായി അപ്പവും അരവണയും തയ്യാറാക്കി അയ്യപ്പന് നിവേദിച്ചശേഷം പ്രസാദം ഭക്തര്‍ക്ക് വിതരണം ചെയ്തു. യോഗപെരിയോന്‍ വിജയകുമാര്‍ സ്വാമി, പ്രതിനിധികളായ എം.എന്‍. രാജപ്പന്‍നായര്‍, പുറയാറ്റിക്കളരി രാജേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് (18.01.2016) രാവിലെ പടിയിറങ്ങി ഉപചാരം ചൊല്ലി സംഘം മലയിറങ്ങും.

ഹൃദയാഘാതം മൂലം ഭക്തര്‍ മരിച്ചു

സന്നിധാനത്ത് ഇന്നലെ (17.01.2016) ഹൃദയാഘാതം മൂലം രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു. തമിഴ്‌നാട് ട്രിച്ചി സ്വദേശി ഭൂലോകനാഥന്‍ കോവില്‍ സ്ട്രീറ്റ് ഗോവിന്ദരാജിന്റെ മകന്‍ ജി.രാജശേഖരനും (52) ആന്ധ്രാപ്രദേശ് അനന്തപൂര്‍ ജില്ല കണ്ടുഗുരുവില്ലേജ് നാരായണപ്പയുടെ മകന്‍ ഇ. വെങ്കിട്ടരാമഡു (57) എന്നിവരാണ് മരിച്ചത്. 
ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം ശബരിമലയിലെ ശുചീകരണ പ്രവൃത്തികള്‍ ഭക്തജന സംഘങ്ങള്‍ ഏറ്റെടുക്കുന്നത് സ്വാഗതാര്‍ഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക