Image

കാറ്റ്, മഴ, മുകിലുകള്‍ അവയ്ക്കിടയില്‍ ഭ്രാമകല്പന നിറഞ്ഞൊരു ജീവിതവും ( ­­­റോസ്‌­മേരി­­­ )

Published on 25 January, 2016
കാറ്റ്, മഴ, മുകിലുകള്‍ അവയ്ക്കിടയില്‍ ഭ്രാമകല്പന നിറഞ്ഞൊരു ജീവിതവും ( ­­­റോസ്‌­മേരി­­­ )
ഗീതാരാജന്റെ "മഴയനക്കങ്ങള്‍' എന്ന കവിതാസമാഹാരത്തിനു പ്രശസ്ത കവയത്രി റോസ്‌­മേരി ടീച്ചറിന്റെ വായന.....

ഇത് ആര്‍ത്തുപെയ്യുന്ന, ഇടയ്ക്കിടെ പെയ്യാതെ മടങ്ങുന്ന മഴയുടെ കവിതകളാണ് . മരങ്ങള്‍ക്കിടയിലൂടെ വീശിയെത്തുന്ന കാറ്റിന്റെയും ആകാശത്ത് കെട്ടഴിഞ്ഞു ഒഴുകുന്ന മേഘങ്ങളുടെയും കവിതകളാണ്.

"മഴയനക്കങ്ങള്‍" എന്നാ ഈ സമാഹാരത്തിലെ രചനകളില്‍ പ്രകൃതി അതിന്റെ എല്ലാ ഋതുപ്പകര്‍ച്ചകളോടും ഭാവവ്യത്യസങ്ങളോടും കൂടി പ്രതിഫലിയ്കുന്നു. വാഴ് വിന്റെ കയ്പ്പും മധുരവും ചവര്‍പ്പും ആവോളം അനുഭവിച്ചറിഞ്ഞ കവി തന്റെ കലണ്ടറില്‍ ചുറ്റുമുള്ള ഭൂമികയില്‍ തെളിയുന്ന വേനലും, വര്‍ഷവും, ശിശിരവും, വസന്തവും, ഇരവും, പകലും ഇരുണ്ട മഷിയാല്‍ കോറിയിട്ടിരിക്കുന്നു.

തമസ്സിന്റെ കരകളിലേക്ക് കണ്‍ തുറക്കുന്ന ചന്ദ്രന്‍ പലപ്പോഴും ഒളിചോടാനാവാതെ പകച്ചു നില്ക്കുന്നു. കാറ്റു കൊണ്ടുപോകുന്ന മഴയനക്കങ്ങള്‍ പോല്‍ , രാത്രി...അത് പെയ്യനായ്, താണ് തൂങ്ങി ഉറക്കത്തെ കൊണ്ട് പൊയ്ക്കളഞ്ഞു. ഒളിചോടിപോയ നിലാവ് .

പകലിനെ ഇടം കണ്ണിട്ടു നോക്കുന്ന ചെറുനക്ഷത്രം. ഇന്നലെ വരെ കുളിര് പകര്‍ന്ന തന്നിരുന്ന കാറ്റു , ഇന്ന് കോപിഷ്ടനായ കൊടുങ്കാറ്റായി തന്നെ ഹിംസിക്കാനായുന്നു!.

പകല്‍, പലപ്പോഴും ആടിയാടിയാണ് പടിയിറങ്ങുന്നത്. സൂര്യനാകട്ടേ , മലവിട്ടിറങ്ങാന്‍ മടി തോന്നുന്നു. ഒരു മഞ്ഞു കാലത്ത്, പാര്ക്കിലെ ബെന്ജിന്മേല്‍ എകാകിനിയായിരിക്കുന്ന കവി, തൊട്ടടുത്ത്­, ഞെട്ടറ്റു ഹിമാക്കാറ്റില്‍ വിറയാര്‍ന്നു, അടര്ന്നു പതിച്ച ഒരു പഴുത്തില... അത് മനസിനെ വല്ലാതെ മഥിക്കുന്നുണ്ട്.

ജീവിതം എന്നാ കുഴഞ്ഞു മറിഞ്ഞ, അത്ര പെട്ടന്നൊന്നും പിടിതരാത്ത, ആ നിഗുടതയെ അപഗ്രഥിക്കാന്‍ കവി പലപ്പോഴും ഒരുമ്പെദുന്നുണ്ട്. ചിരിച്ചും, കരഞ്ഞും, സ്‌നേഹിച്ചും, വെറുത്തും, പ്രണയിച്ചും, കലഹിച്ചും ജീവിതത്തിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും എഴുതുക്കാരി, വാഴ്വിന്റെ ഉത്സവത്തില്‍ തന്നെ തന്നെ മറന്നങ്ങനെ ലയിക്കുന്നില്ല. ഒക്കെയും അനുഭവിക്കുമ്പോഴും ഒരു സാക്ഷിയുടെ നിര്മ്മലതയോടെയാണ്, ആ ജീവിത ഘോഷയാത്രയെ നോക്കിക്കാണുന്നത്.

സമകാലീന ജീവിതയാഥാര്‍ഥ്യങ്ങളെ കവി പച്ചയായ്ത്തന്നെ അഭിമുഖികരിക്കുന്നു, പകര്ത്തിക്കാട്ടുന്നു.

ഒരു വാക്കുകൊണ്ട് പോലും അടയാളപ്പെടുത്തനവാതെ ഉടഞ്ഞു പോകുന്ന കാലം, പരിഭാഷപെടുത്തന്‍ കഴിയാത്ത പുസ്തകം പോല്‍ ചിതലരിച്ചു പോവുന്ന രാത്രികള്‍, സകലതും വെട്ടിപിടിക്കാനുള്ള വ്യഗ്രതയില്‍ തട്ടിവീനുടയുന്ന മമതയുടെ ചില്ലുപാത്രങ്ങള്‍...

ഉള്ളില്‍, ഡോളറുകള്‍ എണ്ണിയെണ്ണി തിട്ടപ്പെടുത്തി ഹൃദയ വാതിലുകള്‍ പൂട്ടിവച്ചിരിക്കുന്നവര്‍ .. അലക്കിത്തേച്ച ചിരിക്കിടയില്‍ ഒളിപ്പിച്ചു വെച്ച കൊമ്പും വാലും, കുതിച്ചു ചാടാനോ, മുറിച്ചു കടക്കാനോ കഴിയാത്ത റെയില്‍വേ പാളം പോലെ നീണ്ടുകിടക്കുന്ന ജന്മം.

ചുറ്റിനും നടമാടുന്ന ഹൃദയശൂന്യമായ അസുരത എഴുത്തുക്കാരിയെ വിഷണയാക്കുന്നു. ഒരേ ഒരു രാത്രിയുടെ സുഖം പകര്ന്നുകിട്ടിയതിന്റെ ശേഷിപ്പയീ വഴിയോരത്ത് പെട്ടിട്ട അനാഥത്വം. സുനാമി പിന്വങ്ങിയ കടല്ത്തിരയെ രുചിയ്ക്കുമ്പോള്‍ മൃതരുടെ കണ്ണീരിന്റെ ഉപ്പുരസം!

ആമുഖമില്ലാത്ത പുസ്തകം പോലെ അലസതയുടെ ചയ്പിലേക്ക് വലിച്ചെറിയപ്പെടുന്ന ജന്മം. ഒക്കെയും മടുത്തു, ജീവിതത്തോടെ മുഖം തിരിച്ചിരിക്കുംബോഴാനു, ചില്ലകള്‍ നീട്ടിയും പച്ചപ്പ്­ കാട്ടിയും അത് ഭ്രാമിപ്പിയ്കുന്നത്. ഒരിക്കല്‍ കവി മഴയുടെ കൈയ്യും പിടിച്ചൊരു നീണ്ട ദേശാടനത്തിനിറങ്ങി. ഒടുക്കം മന്ടങ്ങി എത്തിയപ്പോള്‍, കാത്തുകാത്തിരുന്നു വൃക്ഷം ഉണങ്ങി വീണു പോയീ.

ഉദ്യോഗം പേറുന്നവരുടെ വിശ്രമമില്ലാത്ത ജീവിതചര്യ, പകലത്തെ വ്യഗ്രതകളും പാചകത്തിന്റെ തിരക്കുകളും ഗൃഹസ്ഥയുടെ ചുമതലകളുമായ് അനസ്യുതം ആവര്‍ത്തിക്കുന്ന കര്‍മ്മങ്ങളുടെ നൈരന്തര്യം.....മനസ്സും ശരീരവും ഒരുപോലെ തളര്ന്നു, നിദ്രയുടെ സ്വാസ്ഥ്യത്തിലേക്ക് അമരനാകുമ്പോള്‍ പുലര്‌ച്ചെ വീണ്ടും തന്നെക്കാത്തു അലാറം മുഴങ്ങുമല്ലോ ഈശ്വര എന്നാ മടുപ്പിക്കുന്ന ചിന്ത...!

മനപ്പൂര്‍വ്വം കാത്തുവെച്ച നിഗുഢതയലും വന്യമയ് പരിണമിച്ച നഗരം. ഇതിനിടയ്ക്ക് ജീവിത പ്രാരാബ്ധത്തിന്റെ ഭാണ്ഡവും പേറി, കൂനിപ്പോയ ചില ജന്മങ്ങള്‍. ഒറ്റകമ്പി വലിച്ചു കെട്ടിയ വില്ലുപ്പോലെ ഉടല്‍. കൊടും വേനലിലെ പാടശേഖരംപോലെ വീണ്ടുണങ്ങിയ തൊലി..അവരുടെ കണ്ണുകളില്‍ കടലോളം നൈരാശ്യം...!

ബിംബ സമൃദ്ധമാണ്­ ഗീതരന്ജന്റെ കാവ്യപ്രപഞ്ചം! മലഞ്ചെരിവിലെ പ്രാര്‍ത്ഥനാനിര്‍ഭരമായ പള്ളി, തിരകള്‍ക്ക് മീതെ ഒഴുകി നടക്കുന്ന ഒറ്റചെരിപ്പ് , വാതിലുകളില്ലാത്ത മുറി , വെയില്‍ കായാനിരിക്കുന്ന വൃക്ഷങ്ങള്‍ ..ധ്വനി സമൃദ്ധമായ ഈ കല്പനകള്‍ പലതും പറയാതെ പറയുന്നുണ്ട്.

ഈ രചനകളില്‍, ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെടുന്ന സംജ്ഞയാണ് ..സ്വാതന്ത്ര്യം, പലപ്പോഴും അതൊരു മോഹിപ്പിയ്ക്കുന്ന കിനാവാണ് ! സ്വീകരണ മുറിയില ചിത്രപ്പണി ചെയ്ത ചട്ടിയില്‍ പ്രതിഷ്ടിയ്ക്കപ്പെട്ട പച്ച ചനിറമുള്ള സ്വാതന്ത്ര്യം. ക്യന്വസിന്റെ ബന്ധനം ഭേദിച്ചു, സ്വാതന്ത്ര്യത്തിന്റെ ആകാശം തേടി പറന്നു പോകാനായുന്ന പക്ഷി..മോചനത്തിന്റെ കുത്തൊഴുക്കിലേക്ക് കുതിച്ചു പായുന്ന കെട്ടുപൊട്ടിയ വഞ്ചി..!

കവി, സാദാ ആഴങ്ങള്‍ പരതുന്നു: കിണറിന്റെ, പുഴയുടെ, ആത്മാവിന്റെ ..പ്രണയം ഈ വരികള്‍ക്കിടയില്‍ സജീവ സാന്നിദ്ധ്യമാണ്. അനുരാഗത്തിന്റെ നാനാര്‍ഥങ്ങളെ, അതിശയോക്തികളില്ലാതെ കവി വരഞ്ഞു കാട്ടുന്നുണ്ട്.

സുതാര്യതയാണ് ഈ കവിതകളുടെ സവിശേഷത. ഭാഷയുടെ ചടുലതയും വാക്കുകളിലെ മിതത്വവും ഗീതയുടെ രചനകളെ ഓജസ്സുറ്റ അനുഭവമായ്­ മാറ്റുന്നു. രണ്ട് ലോകങ്ങള്‍ ഉള്ളില്‍ പേറിയാണ് കവിയുടെ ജീവിതം... ഓര്‍മ്മകളില്‍ പരിരകഷിയ്ക്കപ്പെടുന്ന ജന്മനാടിന്‍റെ വര്‍ണ്ണഗന്ധങ്ങളും ഒപ്പം ഇന്ന് ജീവിക്കുന്ന പ്രവാസഭൂമികയുടെ സജീവ സാന്നിദ്ധ്യവും..

മൃത്യുവിനെ പുല്‍കാനായുന്ന മനസ് മരണം എന്നെങ്കിലും തന്നെ തിരഞ്ഞെത്തുമ്പോള്‍ അതിനു മഞ്ഞിനേക്കാള്‍ തണുപ്പായിരിക്കും എന്ന് കവിക്ക്­ ബോദ്ധ്യമുണ്ട്..പക്ഷെ ജീവിതം എത്രയും ഭയ രഹിതമായ് തന്നെ ആഞ്ഞാഞ്ഞു പ്രഹരിയ്ക്കയായിരുന്നു . അതില്‍ നിന്നും തന്നെ മോചിപ്പിയ്ക്കുന്ന മരണത്തിന്റെ സാന്നിദ്ധ്യം, ഒരു കുളിര്‍മഴയായ്­ അനുഭവപ്പെടുമെന്ന് കവിക്ക്­ പ്രത്യാശ...

"മനസ്സ്, സര്‍ഗ്ഗാത്മകമാകണമെങ്കില്‍ ഉള്ളില നിശ്ശബ്ദതയുണ്ടാവണം ..ആഴമുള്ള ആ നിശ്ചലതയിലേക്ക് എത്തിചേരണമെങ്കില്‍, നിങ്ങള്‍ കടുത്ത ഏകാന്തത അനുഭവിച്ചറിയണം" ദര്‍ഷികനായ് ജിദ്ദു കൃഷ്ണ മൂര്ത്തി പറഞ്ഞു. ഗീത രാജാന്‍ ഏകാന്തതയെ എത്രയോ തവണ മുഖാമുഖം ദര്ശിച്ചിട്ടുണ്ട് ...ഏറെ ദൂരം കവി ഒറ്റയ്ക്ക്, തികച്ചും ഒറ്റയ്ക്ക് സഞ്ചരിചിട്ടുണ്ടാവണം ..കൂട്ടം വെടിഞ്ഞുള്ള ആ ഏകാന്ത യാത്രകളാണ് ഈ രചനകളെ ഇത്രമേല്‍ സത്യസന്ധമാക്കിയത് .

'മഴയനക്കങ്ങള്‍ ' വായിച്ചു തീരുമ്പോള്‍ കവിയുടെ ഉള്ളില പെയ്യുന്ന മഴയുടെ ഒച്ച നമ്മളും കേള്ക്കുന്നു. കവിയും കവിയുടെ മനസ്സും ചുറ്റിനും പെയ്യുന്ന മഴയും നമുക്ക് ചുറ്റിനും പെയ്യുന്ന മഴയും നമ്മുക്ക് കൈയെത്തിയാല്‍ തൊടാവുന്നത്ര അടുത്താണ് എന്ന് തോന്നും! അനൗപചാരികമാണ് ഈ രചനാ ലോകം.
കാറ്റ്, മഴ, മുകിലുകള്‍ അവയ്ക്കിടയില്‍ ഭ്രാമകല്പന നിറഞ്ഞൊരു ജീവിതവും ( ­­­റോസ്‌­മേരി­­­ )
Join WhatsApp News
Joseph Nambimadam 2016-01-26 11:24:05
Congratulations and best wishes to Geetha Rajan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക