Image

ടെക്‌സസില്‍ “ഓള്‍ യൂ കാന്‍ ഫ്‌ളൈ” സര്‍വീസ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 27 January, 2016
ടെക്‌സസില്‍ “ഓള്‍ യൂ കാന്‍ ഫ്‌ളൈ” സര്‍വീസ് (ഏബ്രഹാം തോമസ്)
മക്കിന്നി (നോര്‍ത്ത് ടെക്‌സസ്): കൂടെക്കൂടെ നോര്‍ത്ത് ടെക്‌സസില്‍(ഡാലസ് ഫോര്‍ട്ട് വര്‍ത്ത് നഗരസമൂഹം) നിന്ന് സൗത്ത് ടെക്‌സസിലേയ്ക്ക് (ഹൂസ്റ്റണ്‍ മേഖല) വിമാനയാത്ര ചെയ്യുന്നവര്‍ക്കായി ഒരു പ്രത്യേക പദ്ധതി മക്കിന്നി നാഷണല്‍ എയര്‍പോര്‍ട്ട് ആരംഭിക്കുന്നു. ടെക്‌സസ് എയര്‍ഷട്ടില്‍ എന്നറിയപ്പെടുന്ന ഈ സംവിധാനത്തില്‍ അംഗത്വം എടുക്കുന്നവര്‍ക്ക് മാസം തോറും ഒരു നിശ്ചിതതുക നല്‍കിയാല്‍ എത്ര തവണ വേണമെങ്കിലും ഈ റൂട്ടില്‍ വിമാനയാത്ര നടത്തുവാന്‍ കഴിയും. വിമാനത്താവളങ്ങളില്‍ ക്യൂ നില്‍ക്കേണ്ടിവരില്ല. സമയവും ലാഭിക്കുവാന്‍ കഴിയും. മക്കിന്നി നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഹ്യൂസ്റ്റണടുത്തുള്ള കോണ്‍റോയിലെ ലോണ്‍ സ്റ്റാര്‍ എക്‌സിക്യൂട്ടീവ് എയര്‍പോര്‍ട്ടിലേയ്ക്കും തിരികെയുമാണ് വിമാനസര്‍വീസ് ഉണ്ടാവുക.

ഒരു വ്യക്തിയ്ക്ക് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ അംഗത്വഫീസ്, 1895 ഡോളര്‍ മുതല്‍ 2850 ഡോളര്‍ വരെയാണ്(ആവശ്യപ്പെടുന്ന സേവനങ്ങള്‍ക്കനുസരിച്ച് തുകയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാവും). 'ഞങ്ങളുടേത് പോലെയുള്ള എയര്‍പോര്‍ട്ടിന് ഏറ്റവും അനുയോജ്യമായ സര്‍വീസാണിത്. വളരെ വേഗം വളരുന്ന, ഏറ്റവും ധനികരുടേതായ ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്. മക്കിന്നി നാഷണലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്‍ വൈഗാന്‍ഡ് പറഞ്ഞു.
തുടര്‍ച്ചയായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് സൗകര്യപ്രദവും ആയാസരഹിതവും ആയിരിക്കും. കാരണം ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്റെ ചെക്ക് പോയിന്റുകളിലൂടെ കടന്നു പോകേണ്ടി വരില്ല. ഈ സര്‍വീസുകള്‍ക്കു വേണ്ടി മക്കിന്നി നഗരത്തിന് കൂടുതല്‍ ജീവനക്കാരോ എയര്‍പോര്‍ട്ടിന്റെ വികസനമോ കൂടുതല്‍ ചെലവോ ഒന്നും ആവശ്യമായി വരില്ല. കെന്‍ തുടര്‍ന്ന് പറഞ്ഞു.

ടെക്‌സാസ് എയര്‍ ഷട്ടിലിന് ഇപ്പോള്‍ ഉള്ളത് ബീച്ച് ക്രാഫ്റ്റ് കിംഗ് എയര്‍ 200 ട്വിന്‍ എന്‍ജിന്‍ ജെറ്റ് പ്രോപ് പ്ലെയിനുകളാണ്. എട്ട് യാത്രക്കാര്‍ക്കും രണ്ട് പൈലറ്റുമാര്‍ക്കും പ്ലെയിനില്‍ സംവിധാനമുണ്ട്. ആദ്യമാദ്യം വരുന്നവര്‍ക്ക് റിസര്‍വേഷന്‍ നല്‍കും.

സര്‍വീസുകള്‍ ആദ്യം ഹ്യൂസ്റ്റണ്‍ മേഖലയിലേയ്ക്കാണ് നടത്തുക. പിന്നീട് ഓസ്റ്റിന്‍, സാന്‍ അന്റോണിയോ, ഹാര്‍ലിന്‍ജന്‍, മിഡ്‌ലാന്‍ഡിലേയ്ക്കും, ഒക്കലഹോമയിലെ ഒക്കലഹോമ സിറ്റിയിലേയ്ക്കും അര്‍ക്കന്‍സയിലെ റോജേഴ്‌സിലേയ്ക്കും വ്യാപിപ്പിക്കും.

കമേഴ്ഷ്യല്‍ ഫ്‌ളൈറ്റുകളും സ്വകാര്യ ജെറ്റ് സര്‍വീസുകളും തമ്മിലുള്ള വിടവ് നികത്തുവാന്‍ മുന്‍പും ശ്രമം നടന്നിട്ടുണ്ട്. ഡാലസ് ലവ് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫ്‌ളൈറ്റ് ഷെയറിംഗ് കമ്പനി തെറസിന് ആയിരത്തോളം അംഗങ്ങളുണ്ട്. എന്നാല്‍ മക്കിന്നിയില്‍ നിന്ന് ആദ്യമായി സര്‍വീസ് നടത്തുന്നത് ടെക്‌സാസ് എയര്‍ ഷട്ടിലായിരിക്കും. റൈസിന്റെ സ്ഥാപകനും സി.ഇ.ഒ.യുമായ നിക്ക് കെന്നഡി പറയുന്നത് മക്കിന്നി എയര്‍പോര്‍ട്ട് ഉപയോഗിക്കണമെന്ന ആശയം തന്റെ മനസിലും ഉണ്ടായിരുന്നു എന്നാണ്. ടെക്‌സാസ് എയര്‍ഷട്ടിലിന്റെ ഉദ്യമം എങ്ങനെ ആയിരിക്കും എന്ന് അറിഞ്ഞതിന് ശേഷം ഇതിനെക്കുറിച്ച് തീരുമാനം എടുക്കും. നിക്ക് മനസ് തുറന്നു.

ടെക്‌സസില്‍ “ഓള്‍ യൂ കാന്‍ ഫ്‌ളൈ” സര്‍വീസ് (ഏബ്രഹാം തോമസ്)
Join WhatsApp News
ഒരു മലയാളി 2016-01-27 14:04:23
എത്രയും  കുട വയറന്‍ മാര്‍  ഇവിടെ ഉണ്ടായിട്ടും  ഒറ്റ  ഒരുത്തന്‍ പോലും  All you can eat & Drink - തുടങ്ങി  ഇല്ല..കാശുള്ള  അച്ഛന്‍മാര്‍  സോറി , അച്ചായന്മാര്‍ , സഹോദരികള്‍  ഒക്കെ ശ്രദിക്കണം .
Jack Daniel , കോഴി  കറി , കപ്പ , മീന്‍ വറുത്തത് , ചിക്കന്‍  ഫ്രൈ - ഒക്കെ മതി.
നോ ക്രിസ്ത്യന്‍  ബ്രോതെര്‍സ്  പ്ലീസ് .
ഫ്ലോറിഡയില്‍  കള്ള്  ചെത്ത്‌  തുടങ്ങി എന്നു കേട്ടു . അതു കൂടി  കൊണ്ടു വരാന്‍  ശ്രമിക്കണം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക