Image

എന്നെ ആക്രമിച്ചിട്ട് എന്തു നേടി ? (ടി.പി. ശ്രീനിവാസന്‍)

Published on 30 January, 2016
എന്നെ ആക്രമിച്ചിട്ട് എന്തു നേടി ?  (ടി.പി. ശ്രീനിവാസന്‍)
കോവളം ലീല ഹോട്ടലിനു മുന്നില്‍ വച്ച് എസ്എഫ്‌ഐ നേതാക്കളുടെ കാടത്തത്തിന് ഇരയാവേണ്ടി വന്നപ്പോള്‍ കെനിയന്‍ ഹൈക്കമ്മിഷണറായി ചുമതല നോക്കിയിരുന്ന 1994ലേക്കാണ് എന്റെ ഓര്‍മകള്‍ സഞ്ചരിച്ചത്. ചുമതലയേറ്റിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. ഇന്ത്യന്‍ ബിസിനസുകാരുടെ സാമ്പത്തിക പിന്തുണ അവിടത്തെ പ്രതിപക്ഷത്തിനും വേണമെന്ന ആവശ്യം നേതാക്കള്‍ എന്നെ കണ്ട് ഉന്നയിച്ചിരുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍, കെനിയയിലെ ഇന്ത്യന്‍ സമൂഹം സുരക്ഷിതമായിരിക്കില്ല എന്ന മുന്നറിയിപ്പും അവര്‍ നല്‍കി. ഇക്കാര്യം വ്യവസായികളുമായുള്ള യോഗത്തില്‍ ഞാന്‍ പറഞ്ഞെങ്കിലും അവര്‍ അതു കാര്യമാക്കിയില്ല..

നവംബര്‍ അഞ്ചിനു പുലര്‍ച്ചെ ഒരു മണിയോടെ ബഹളം കേട്ടാണു ഞങ്ങള്‍ ഞെട്ടിയുണര്‍ന്നത്. വീടിനു പുറത്തെ വളപ്പില്‍ നിന്നു ഭൂമിക്കടിയിലൂടെ തുരങ്കം നിര്‍മിച്ച് എത്തിയ അക്രമികള്‍ മുറിക്കുള്ളില്‍ കയറി ഞങ്ങളെ ആക്രമിച്ചു. ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. അവരെ ആക്രമിച്ചില്ല. എന്റെ ഇടതു കൈ തല്ലിയൊടിച്ചു. ഇടുപ്പിനും ചതവുണ്ടായി.

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, ഇന്ത്യക്കാര്‍ സുരക്ഷിതരല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ അവിടത്തെ നേതാക്കള്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ഹൈക്കമ്മിഷണറെ ആക്രമിക്കുക എന്നത്.
ഇന്നലെ എന്റെ സ്വന്തം നാട്ടില്‍ സംഭവിച്ചതും ഏതാണ്ടു സമാനം തന്നെ. നയം ശരിയല്ലെന്നു തെളിയിക്കാന്‍, രാജ്യാന്തര കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനെ ആക്രമിക്കുക. അതുകൊണ്ട് എന്തു നേടി എന്ന് എല്ലാവരും ചിന്തിക്കണം!

ഈ സമ്മേളനത്തെ എന്തു വില കൊടുത്തും എതിര്‍ക്കുമെന്നു കുറച്ചു ദിവസം മുന്‍പേ അവര്‍ പ്രഖ്യാപിച്ചിരുന്നതാണ്. തലേന്നു വൈകിട്ടു തന്നെ അവര്‍ ഇവിടെ സംഘം ചേര്‍ന്നു നിന്നിരുന്നു. യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കും എന്നതു പ്രതീക്ഷിച്ചിരുന്നതാണ്. രാവിലെ ലീല ഹോട്ടലിനു മുന്നില്‍ എത്തിയപ്പോള്‍ പൊലീസ് എന്നെ ത!ടഞ്ഞു. നടന്നു പോകാനാണ് അവര്‍ പറഞ്ഞത്. നടക്കാന്‍ തുടങ്ങിയപ്പോള്‍, പ്രവര്‍ത്തകര്‍ എന്നെ ത!ടഞ്ഞു. ഞാന്‍ ചെന്നാലേ കോണ്‍ഫറന്‍സ് തുടങ്ങാന്‍ സാധിക്കൂ എന്നു പറഞ്ഞു നോക്കിയെങ്കിലും വിട്ടില്ല. തിരികെ പോരാന്‍ തുടങ്ങിയപ്പോഴാണ് ഒരാള്‍ വിളിച്ചു പറയുന്നതു കേട്ടത്, അതു വൈസ് ചെയര്‍മാനാണെന്ന്. തൊട്ടു പിന്നാലെ അടിയും തുടങ്ങി.

കൂട്ടത്തില്‍ നിന്നു പുറത്തു കടന്നു പൊലീസിന്റെ അടുത്തെത്തിയപ്പോഴാണു പിന്നാലെ വന്ന ഒരാള്‍ വലതു ഭാഗത്തു നിന്ന് ആഞ്ഞടിച്ചത്. കല്ലു വന്നു വീഴുന്ന പോലെയാണു തോന്നിയത്. അടിയുടെ ആഘാതത്തില്‍ ഞാന്‍ താഴെ വീണു. ഒടിവും ചതവുമൊന്നും ഉണ്ടാവാഞ്ഞതു ഭാഗ്യം. എങ്കിലും എന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തി, അല്‍പ നേരം വിശ്രമിച്ചു ചായയും കുടിച്ചപ്പോഴാണു ഞാന്‍ സാധാരണ നിലയില്‍ എത്തിയത്. ചാനലുകളില്‍ സംഭവത്തിന്റെ ദൃശ്യം കണ്ടപ്പോഴാണ് അതിന്റെ ഗൗരവം ഉള്‍ക്കൊള്ളാനായത്.

മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തൊട്ടുപിന്നാലെ വിളിച്ചു. പ്രവര്‍ത്തകരെ മാറ്റിയ ശേഷം സമ്മേളനം തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അവര്‍ ഉറപ്പു നല്‍കി. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇല്ലാതിരുന്നതിനാല്‍ ഉദ്ഘാടനമൊന്നും ഉണ്ടായില്ല. എങ്കിലും കോണ്‍ഫറന്‍സ് കൃത്യസമയത്തു തന്നെ തുടങ്ങാനായി. പ്രതിഷേധക്കാരോട് ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ, ഒരു പുതിയ നയത്തിന്റെ ഭാഗമായോ, വിദ്യാഭ്യാസക്കച്ചവടത്തിനു വേണ്ടിയോ ഒന്നുമല്ല ഈ സമ്മേളനം നടത്തുന്നത്. നിലവിലെ നിയമങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു വിദേശ സര്‍വകലാശാലകളുമായി ഏതൊക്കെ മേഖലകളില്‍ സഹകരിക്കാം എന്ന് ആലോചിക്കാന്‍ വേണ്ടിയുള്ളതാണു സമ്മേളനം. ഇതു സര്‍ക്കാരിന്റെ നയമാണ്. അതു തടയാന്‍ വൈസ് ചെയര്‍മാനെ തല്ലിയിട്ട് എന്തു കാര്യം?

പ്രത്യേക വ്യവസായ മേഖലകളുടെ മാതൃകയില്‍ പ്രത്യേക വിദ്യാഭ്യാസ മേഖലകളും അക്കാദമിക് സിറ്റിയും സ്ഥാപിക്കുന്നതിന്റെ പ്രാഥമിക ചര്‍ച്ചകളാണു സമ്മേളനത്തില്‍ നടക്കുന്നത്. വിദേശത്തു നിന്നും ഇന്ത്യയില്‍ നിന്നും ഒട്ടേറെ പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. അവര്‍ക്കുള്ള അഭിപ്രായങ്ങള്‍ ഈ വേദിയില്‍ പറയാനുള്ള അവസരവുമുണ്ട്. അതു ചെയ്യാതെ തെരുവില്‍ മറുപടി പറയുന്നതിന്റെ ന്യായമെന്താണെന്നു മനസ്സിലാവുന്നില്ല.

അക്കാദമിക് സിറ്റി അനുവദിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡം രാജ്യാന്തര സഹകരണം ഉണ്ടാകണം എന്നതാണ്. അതിന്റെ കരട് നയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യാനാണു സമ്മേളനം ഉദ്ദേശിക്കുന്നത്. നിലവിലുള്ള നിയമങ്ങളില്‍ ഒരു മാറ്റവും ഉദ്ദേശിക്കുന്നില്ല. വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്ത ശേഷമേ കരടു നയങ്ങളെക്കുറിച്ചു പോലും സര്‍ക്കാര്‍ തീരുമാനിക്കുകയുള്ളൂ. അവിടെയെല്ലാം ഓരോരുത്തരുടെയും അഭിപ്രായം പറയാന്‍ വേദികളുണ്ട്. കേള്‍ക്കാന്‍ സര്‍ക്കാര്‍ സന്നദ്ധവുമാണ്. ഇതൊന്നും മനസ്സിലാക്കാതെയോ മനസ്സിലായില്ലെന്നു നടിച്ചുകൊണ്ടോ ആയിരുന്നു എന്നെ ആക്രമിച്ചത്. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളായിരുന്നു കോവളത്ത് നടപ്പിലാക്കിയത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. 
http://www.manoramaonline.com/news/nri-news/us/nottam-jan-30.html

Manorama editorial
സാക്ഷരകേരളത്തിന്റെ കവിളത്തേറ്റ അടി

ദേശ, വിദേശങ്ങളില്‍ കേരളത്തിന്റെയും രാജ്യത്തിന്റെയും പേര് ഉയര്‍ത്തിക്കാട്ടി, നമുക്കേറെ അഭിമാനം നേടിത്തന്ന ടി.പി. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തതു സംസ്‌കാരത്തിലും സാക്ഷരതയിലും ഊറ്റം കൊള്ളുന്ന കേരളത്തിന്റെ കരണത്തേറ്റ അടിതന്നെയാവുന്നു.

പല രാജ്യങ്ങളിലും അംബാസഡര്‍ പദവി വഹിച്ചിരുന്ന, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെ തിരുവനന്തപുരം കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ വേദിക്കരികിലാണ് എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചത്.

കരണത്ത് അടിയേറ്റ അദ്ദേഹം നിലത്തുവീണുപോയി. ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യന്‍ പ്രതിനിധിയായും യുഎസിലെ ഇന്ത്യന്‍ ഡപ്യൂട്ടി അംബാസഡറായും പല രാജ്യങ്ങളിലും ഇന്ത്യന്‍ അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുള്ള ഈ മഹനീയ വ്യക്തിത്വത്തിന്റെ മാറ്ററിയാതെ, നിന്ദ്യമായി ആക്രമിച്ചവര്‍ കേരളത്തിലെ രാഷ്ട്രീയ സംഘടനകളെക്കൂടി നാണംകെടുത്തുകയായിരുന്നു.
http://www.manoramaonline.com/news/nri-news/us/leader-on-tp-sreenivasan.html
Join WhatsApp News
Tom Mathews 2016-01-30 06:00:16

Dear Sri T.P.

I am horrified at the news that certain anti-social characters assaulted you on your way to a conference.It is a shame that these brutes still roam around freely attacking honorable people.The Police force of Kerala and the reigning ruling party , it seems, lost their control of these hooligans.

I pray to God for your safety and that of your loving family. Please accept my heart-felt pain for your sufferings and that of Lekha. Tom Mathews, New Jersey

Observer 2016-01-30 09:27:34
നിങ്ങൾക്ക് അടികൊണ്ടതിൽ വല്ലാത്ത ഖേദമുണ്ട്. നിങ്ങൾ ഒരു നല്ല മനുഷ്യനാണ്.  കേരള മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അടി കിട്ടാതെ രക്ഷപ്പെട്ടപോലെ (അവര് മീറ്റിങ്ങിനു പോലും വന്നില്ല) അമരിക്കയിൽ കിടന്നു അക്രമകിളെ  അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറഞ്ഞു ബഹളം വ്യ്യുക്കുന്ന കുട്ടി നേതാക്കൾ ഓടിയേനെ. ഇവരുമായുള്ള ബന്ധം വിട്ടേക്ക്. അവരുടെ കൂടെ നിന്ന് പടംപോലും എടുക്കരുത്. ഇവന്മാരെല്ലാം അമേരിക്കൻ മലയാളികളുടെ നോട്ടപുള്ളികളാ. എന്തിനാ വീണ്ടും അറിഞ്ഞൊണ്ട് പ്രശ്നം ഉണ്ടാക്കുന്നത്.   
എസ്കെ 2016-01-30 12:07:14
താങ്കളെ തല്ലിയ ഏഭ്യന് ശോഭനമായ ഒരു രാഷ്ട്രീയവഴി തുറന്നു കിട്ടി.
കാര്യസ്ഥന്‍ 2016-01-30 13:17:18

ആരെയും കയ്യേറ്റം ചെയ്യാൻ ആർക്കും അധികാരമില്ല.തെറ്റ് തിരുത്തി മുന്നോട്ടു പോകുകയാണ് ധാർമ്മികത. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികളായിരുന്നു കോവളത്ത് നടപ്പിലാക്കിയത് എന്നു  സംശയിക്കുന്ന ശ്രീനിവാസന്‍ സാര്‍ ഇതിനോന്നിനും തല വച്ച് കൊടുക്കരുതായിരുന്നു. വിദേശ നിര്‍മ്മിത ഫോണ്‍/ ലാപ്ടോപ്പ് ഉപയോഗിക്കാം; വിദേശ നിര്‍മ്മിത ആഡംബര കാറില്‍ "യാത്രകള്‍" നടത്താം. കള്ളുചെത്ത് തൊഴിലാളികളുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ വരെ ആഡംബര കാറില്‍ പോകാം. വിദേശ വിദഗ്ദരെ പാര്‍ട്ടി സംഘടിപ്പിക്കുന്ന സെമിനാറുകള്‍ ഉള്‍പ്പടെയുള്ള പരിപാടികളില്‍ ക്ഷണിച്ചുവരുത്താം. സ്വന്തം മക്കളെ "ശ്രീനിവാസന്മാരെ തല്ലാന്‍ നിയോഗിക്കാതെ" വിദേശ സര്‍വ്വകലാശാലകളില്‍ വിട്ടു പഠിപ്പിക്കാം. പിന്നെന്തിനാണീ "വിദേശ വിദ്യാഭ്യാസ ബഹിഷ്ക്കരണം? മകളെ സ്വാശ്ര്വയ കൊളെജിലും മോനെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റിയിലും പഠിക്കാൻ അയച്ച പിണറായി വിജയനെയും, മകളേ ബൂർഷ്വ കുത്തക അമെരിക്കയിൽ പഠിക്കാൻ അയച്ച തൊമസ്‌ ഐസക്‌നെയും,മൊളെ സ്കോട്ട്ലൻഡിൽ പഠിക്കാൻ അയച്ച സീതാറാം യച്ചൂരിയെയും അല്ലേടാ എസ്എഫ്ഐക്കാരാ ആദ്യം അടിക്കേണ്ടതു? അതോ, അതെ നിലവാരത്തിലുള്ള വിദേശ വിദ്യാഭ്യാസം ഇന്ത്യയിലെ പാവപ്പെട്ടവന്റെ മക്കൾക്കും കൊടുക്കാൻ ശ്രമിക്കുന്ന ടിപി ശ്രീനിവാസനെയോ? ? വിദേശം, കുത്തക, കോര്‍പ്പറേറ്റ് എന്നൊക്കെ ഓമനപ്പേരിട്ട് സകലതിനെയും എതിര്‍ക്കുന്ന നിലപാടൊക്കെ ഇനിയും കേരളത്തില്‍ നടക്കുമോ..?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക