Image

മേക്കാട്ടുകുളം തോമുണ്ണി മകന്‍ അന്തോണി [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]

Published on 30 January, 2016
മേക്കാട്ടുകുളം തോമുണ്ണി മകന്‍ അന്തോണി [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
മരണവും നികുതിയും പോലെ സുസ്ഥിരമായി ഒന്നുംതന്നെ ഭൂമിയിലില്ല. മനുഷ്യന്റെ 'ഇഹലോക'വാസത്തിലെ മൂന്നു നാഴികക്കല്ലുകളായ ജനനം, ജീവിതം, മരണം എന്നീ പടവുകളുടെ അന്ത്യം കുറിക്കുന്ന മണിനാദം ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെ എല്ലാവരും കേള്‍ക്കുന്നു. 'ഉണ്ടാക്കുന്നവന്‍ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവന്‍ ഉണ്ടാക്കുന്നില്ല' എന്ന കടങ്കഥയിലെ പഴമജ്ഞാനം തരുന്ന 'ശവപ്പെട്ടി' എന്ന ഉത്തരം നമ്മെ തുറിച്ചു നോക്കുന്നു. മരണത്തിന്റെ മുമ്പില്‍ ആരും തത്ത്വജ്ഞാനിയായി മാറുന്നു.

ശബ്ദത്തിലൂടെയോ കാഴ്ച്ചയിലൂടെയോ നാം ധാരാളം ഇടപഴുകുന്ന ഒരു വ്യക്തി വിട്ടുപോകുമ്പോള്‍ നമുക്ക് ശൂന്യതാബോധം ഉണ്ടാകുന്നു. ആ വിടവ് നാം നികത്തുക, ആത്മജ്ഞാനത്തിലും ബ്രഹ്മജ്ഞാനത്തിലും അഭിരമിച്ച് അന്തരിച്ച വ്യക്തിയുമായുള്ള ഇടപെടലുകള്‍, അറിഞ്ഞോ അറിയാതെയോ എണ്ണിയെണ്ണി ഓര്‍ക്കുമ്പോഴാണ്. മതസ്ഥാപനം ആധുനികതകള്‍ക്കിടയിലും നിലനില്‍ക്കുവാനുള്ള പ്രധാന കാരണവും, മരണമെന്ന, തിരിഞ്ഞു നടക്കാന്‍ കൂട്ടാക്കാത്ത കുട്ടിക്കുറുമ്പനോടുള്ള ഭയപ്പാടുതന്നെ!

ആന്റണിച്ചേട്ടനെ ഞാന്‍ കണ്ടുമുട്ടുന്നത് കേരളാ സെന്ററിലെ സര്‍ഗ്ഗവേദിയില്‍ വെച്ചാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒരു സാഹിത്യകാരനായാണ് മനസ്സിന്റെ കമ്പ്യൂട്ടര്‍ ഡയറക്ടറിയില്‍ ഞാന്‍ കുറിച്ചിട്ടുള്ളത്. മലയാളത്തിലും മേനേജുമെന്റിലും ബിരുദാനന്തരബിരുദങ്ങള്‍ നേടിയിട്ടുള്ള അദ്ദേഹം എഴുതിയ ലേഖനങ്ങളും കവിതകളും കഥകളും ആര്‍ക്കും കണക്കെടുക്കാന്‍ കഴിയാത്തതാണ്.

ചുരുക്കം സമയങ്ങളില്‍ മാത്രമാണ് ആന്റണിച്ചേട്ടന്‍ തൂലികാനാമം ഉപയോഗിക്കാതിരുന്നിട്ടുള്ളത്. ജയകേരളം മുതല്‍ ജനനി വരെ അദ്ദേഹത്തിന്റെ കൃതികള്‍ ചിതറിയൊളിച്ചിരിക്കുന്നു: നിര്‍മ്മല്‍ കുമാറും, ഡോ. ഘോഷും, അമ്മിണിയും, പ്രിയദര്‍ശിനിയും, രാജഗോപാലനും എല്ലാം ഒരാളുതന്നെ എന്നറിഞ്ഞാല്‍ ആര്‍ക്കും അമ്പരപ്പുണ്ടാകും. ഇംഗ്ലീഷും വിദഗ്ദമായി കൈകാര്യം ചെയ്തിരുന്നു അദ്ദേഹം. കൃതികളൊന്നും പുസ്തകരൂപത്തില്‍ ആക്കാന്‍ ആന്റണിച്ചേട്ടന്‍ മിനക്കെട്ടില്ലായെന്നത് നിര്‍ഭാഗ്യകരമായിപ്പോയി.

തന്റെ വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ അവസാന നിമിഷം വരെ ഉറച്ചുനിന്ന വ്യക്തിയായിരുന്നു ആന്റണിച്ചേട്ടന്‍. ചെറുപ്പക്കാലത്തെ സ്വാധീനമായ കുമാരനാശാന്‍ എന്ന കവി മലയാളത്തിലെ എക്കാലത്തെയും വലിയ കവിയെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു; പറഞ്ഞു; എഴുതി.
തനിക്കിഷ്ടമില്ലാത്ത കാര്യങ്ങളെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും, അതിശയോക്തിയും നര്‍മ്മം തിരുകിയ പുച്ഛരസവും അദ്ദേഹം ഇടകലര്‍ത്തി; നഖശിഖാന്തം എതിര്‍ക്കുമ്പോള്‍ സഹിഷ്ണുതാ സിദ്ധാന്തമൊന്നും അദ്ദേഹം ഏറ്റെടുത്തില്ല.

മലയാള സാഹിത്യത്തിലെ ഇതിഹാസങ്ങളായ പലരേയും കണ്ടും തൊട്ടുമറിഞ്ഞ ചുരുക്കം വ്യക്തികളിലൊരാളാണ് അദ്ദേഹം. മുണ്ടശ്ശേരിയും, എം.പി.പോളും, ബഷീറും, എം.ടി.യും, ടി.ജെ.എസ്. ജോര്‍ജും, ഒ.വി. വിജയനും പല കാലഘട്ടങ്ങളിലായി അദ്ദേഹത്തിന്റെ സൌഹൃദ വൃത്തത്തില്‍ ഉള്‍പ്പെട്ടിരുന്നു. പഴയ സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുള്ള അമേരിക്കയിലുണ്ടായിരുന്ന ചുരുക്കം പേരിലൊരാളായിരുന്നു ആന്റണിച്ചേട്ടന്‍. മുണ്ടശ്ശേരിയുടെ ചൈനാ സന്ദര്‍ശനം സംബന്ധിച്ചുള്ള, കത്തിന്റെ രൂപത്തിലുള്ള പുസ്തകത്തിലെ അദ്ധ്യായങ്ങള്‍ ആരംഭിക്കുന്നത് 'പ്രിയ ആന്റണി' എന്ന അഭിസംബോധനയിലൂടെയാണ്.

ആന്റണിച്ചേട്ടന്‍ അത്യാസന്നനിലയിലാണെന്ന് അദ്ദേഹത്തിന്റെ രോഗവിവരം ഉള്‍ക്കൊള്ളുന്ന മെഡിക്കല്‍ ബുള്ളെറ്റിന്‍ അയച്ചു തന്നിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അമ്മിണിച്ചേച്ചിയില്‍ (ഡോ. തെരേസാ ആന്റണി) നിന്നും അറിഞ്ഞിരുന്നു. ആകാംക്ഷ ഏറുമ്പോള്‍ ഞാന്‍ വിളിച്ചും അന്വേഷിച്ചിരുന്നു.

അബോധാവസ്ഥയില്‍ ചേതന മറയുന്ന വരെ ആന്റണിച്ചേട്ടന്‍ കര്‍മ്മ നിരതനായിരുന്നു. ധിഷണാപരമായ മരണം അവസാന നിമിഷം വരെ സംഭവിക്കാത്ത ജീവിതം, ആരെയും കൂസാത്ത അദ്ദേഹത്തിന്റെ പ്രകൃതിക്ക് അനുസൃതം തന്നെ. സാഹിത്യം, സംഗീതം, സിനിമ, രാഷ്ട്രീയം, തൃശ്ശൂരിന്റെ മഹിമ/പാരമ്പര്യം എന്നിങ്ങനെ ഞങ്ങള്‍ സംസാരിക്കാത്ത വിഷയങ്ങള്‍ വിരളം. അവ ഞങ്ങളുടെ ടെലിഫോണ്‍ സംഭാഷണങ്ങളെ ഇടതൂര്‍ത്തു.

ഞങ്ങളുടെ ടെലിഫോണ്‍ വിളികള്‍ക്കിടയില്‍ പല കാരണങ്ങള്‍ക്കൊണ്ടും കാലദൈര്‍ഘ്യം വന്നാല്‍ അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു. ബന്ധപ്പെടുന്ന പല അവസരങ്ങളിലും അദ്ദേഹം നാടകീയമായി ഇങ്ങനെ തുടങ്ങും: 'ഞാന്‍ മേക്കാട്ടുകുളം തോമുണ്ണി മകന്‍ അന്തോണി. ഇന്ന് 2016 ജനുവരി 1. ഇപ്പോള്‍ ടെന്നീസ് മേച്ച് കാണുന്നു. ... ... ...'
*********************************************************************************************************
ചിത്രം:
പ്രൊ. എം.ടി. ആന്റണിയും പ്രിയതമ ഡോ. തെരേസാ ആന്റണിയും ഇഷ്ട പുത്രനായ സിംബയുമൊന്നിച്ച്.        
മേക്കാട്ടുകുളം തോമുണ്ണി മകന്‍ അന്തോണി [പ്രൊഫസ്സര്‍ (ഡോ:) ജോയ് ടി. കുഞ്ഞാപ്പു, D.Sc., Ph.D.]
Join WhatsApp News
വിദ്യാധരൻ 2016-01-30 09:40:16
"ചാരുത്വം തികയും സുമങ്ങളെയുടൻ 
           വീഴ്ത്തുന്നു പൂവല്ലികൾ 
ചോരും മാതുരിയാർന്ന പക്വനിരയെ 
           തള്ളുന്നു വൃക്ഷങ്ങളും 
പാരും കൈവെടിയുന്നു പുത്രരെയഹോ !
          പാകാപ്തിയിൽ -ദോഷമായ് -
ത്തീരുന്നൊ ഗുണമിങ്ങവറ്റ കഠിന -
          ത്യാഗം പഠിപ്പിക്കയോ ?"  (പ്രരോദനം -കുമാരനാശാൻ )
josecheripuram 2016-01-30 13:59:30
Dear AnihonyChettan And family,A loss is a loss,I use to see him in Sargavedi.The vigor and vitality he had no youngsters had.When he talked and to emphasis he use to bang on the table.We were scared not because AnthonyChettan going to get hurt,but we were afraid the table may break.
വായനക്കാരൻ 2016-01-30 21:20:53
The malayali community lost a heavy weight; not heavy from his wealth or association leadership roles or proclivity for the public eye, but because of the breadth and depth of his scholarship, and the relentless and energetic pursuit of his vision of what was right. May his soul rest in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക