Image

വൈലോപ്പിള്ളിയുടെ ജന്മശതാബ്‌ദി ആഘോഷം വിചാരവേദിയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 June, 2011
വൈലോപ്പിള്ളിയുടെ ജന്മശതാബ്‌ദി ആഘോഷം വിചാരവേദിയില്‍
ന്യൂയോര്‍ക്ക്‌: വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ കേരള കള്‍ച്ചറല്‍ സെന്ററില്‍ ജൂണ്‍ 12-ന്‌ ഡോ.നന്ദകുമാര്‍ ചാണയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വെച്ച്‌ വൈലോപ്പിള്ളിയുടെ ജന്മശതാബ്‌ദി ആഘോഷിക്കുകയും അദ്ദേഹത്തിന്റെ കവിതകള്‍ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കുകയും ചെയ്‌തു.

വൈലോപ്പിള്ളിയുടെ `ശ്രീരേഖ'യെ പറ്റി സംസാരിച്ചു കൊണ്ട്‌ സാംസി കൊടുമണ്‍ സ്വാഗതപ്രസംഗം ചെയ്‌തു. `മാമ്പഴ'ത്തിന്റെ സവിശേഷതകള്‍ ചൂണ്ടിക്കാണിച്ച്‌ മനുഷ്യഗന്ധിയായ കവിതകള്‍ എഴുതി സഹൃദയരുടെ മനം കവര്‍ന്ന കവിയാണ്‌ വൈലോപ്പിള്ളി എന്ന്‌ ഡോ. നന്ദകുമാര്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട്‌ പ്രശംസിച്ചു.

കാല്‌പനികതയുടേയും യാഥാര്‍ത്ഥ്യത്തിന്റേയും സംഗമസ്‌ഥാനത്ത്‌ നില്‍ക്കുന്ന കവിയാണ്‌ വൈലോപ്പിള്ളി എന്ന്‌ സമര്‍ത്ഥിച്ചുകൊണ്ട്‌ വാസുദേവ്‌ പുളിക്കല്‍ പ്രബന്ധം അവതരിപ്പിച്ചു. പ്രകൃതിയെ സ്‌നേഹിക്കുന്ന കവിയാണ്‌ വൈലോപ്പിള്ളി എന്ന്‌ പറഞ്ഞ എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ അദ്ദേഹത്തെ വേര്‍ഡ്‌സവര്‍ത്തിനോട്‌ ചേര്‍ത്തു നിര്‍ത്തി, പ്രബന്ധം അവതരിപ്പിച്ചു. മരണത്തില്‍ പോലും ശുഭപ്രതീക്ഷ നിര്‍ത്തി അനുവാചകരെ ശുഭാപ്‌തി വിശ്വാസത്തിലേക്ക്‌ നയിക്കുന്ന കവിയാണ്‌ വൈലോപ്പിള്ളി എന്ന്‌ അദ്ദേഹത്തിന്റെ വിവിധ കവിതകളിലേക്കിറങ്ങി ചെന്നു കൊണ്ട്‌ ഡോ. എന്‍. പി. ഷീല വ്യക്‌തമാക്കി. ആശയത്തിലും ആവിഷ്‌ക്കരണത്തിലും മൗലികത പുലര്‍ത്തുന്ന ആത്മസംഘര്‍ഷത്തിന്റെ അടിക്കുറിപ്പുകളാണ്‌ വൈലോപ്പിള്ളിക്കവിതകള്‍ എന്ന്‌ ഡോ. ജോയ്‌ കുഞ്ഞപ്പു അഭിപ്രായപ്പെട്ടു. വൈലോപ്പിള്ളിക്ക്‌ വിശ്വസാഹിത്യത്തില്‍ സ്‌ഥാനമുണ്ടെന്ന്‌ `മാമ്പഴ''ത്തിന്റ തേന്‍മധുരം നുകര്‍ന്നു കൊണ്ട്‌ എന്‍.എസ്‌. തമ്പി ചൂണ്ടിക്കാണിച്ചു.

സാമൂഹ്യവ്യവസ്‌ഥിതി കവിതയുടെ കാതലാക്കിയ കാലഘട്ടത്തിന്റെ കവി, ഗൃഹാതുരത്വം ഉണര്‍ത്തുന്ന കവി,ശൃഗാരഭാവത്തില്‍ നിന്ന്‌ ഒഴിഞ്ഞു മാറി മനുഷ്യ മനസ്സിന്റെ വേദന കവിതയില്‍ പകര്‍ത്തിയ കവി, ജീവിത സ്‌പര്‍ശിയായ കവിതകളുടെ ഉടമയായ അനുകരണീയനായ കവി, ആസ്വാദ്യകരവും അര്‍ത്ഥസമ്പുഷടവുമായ കവിതകള്‍ സമ്മാനിച്ച കവി, എല്ലാത്തിലും നന്മ കാണുന്ന മഹാനായ കവി തുടങ്ങിയ ബഹുമതികള്‍ നല്‍കിക്കൊണ്ട്‌ ജോണ്‍ വേറ്റം, ബാബുക്കുട്ടി ഡാനിയല്‍, ജോസ്‌ ചെരിപുറം, ബാബു പാറക്കല്‍, വര്‍ഗ്ഗീസ്‌ ചുങ്കത്തില്‍,കുര്യാക്കോസ്‌ വര്‍ക്കി എന്നിവരും സംസാരിച്ചു. വൈലോപ്പിള്ളിയുടെ `മാമ്പഴം'' രാജഗോപാല്‍ കടന്നപ്പള്ളിയും `പന്തം' രാജു തോമസ്സും ചൊല്ലിയപ്പോള്‍ ചെറിയാന്‍ ചാരുവിള സ്വന്തം കവിത ചൊല്ലി ഒരു കാവ്യസന്ധ്യയുടെ പ്രതീതിയുളവാക്കി. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക്‌ സാംസി കൊടുമണ്‍ നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക