Image

തലമുറകളുടെ ശാപം പേറുന്നവര്‍ (ഡോ: മിനി പ്രസാദ്)

Published on 05 February, 2016
തലമുറകളുടെ ശാപം പേറുന്നവര്‍ (ഡോ: മിനി പ്രസാദ്)
'തേന്മാവിന്‍ കൊമ്പത്ത്' എന്ന മലയാളസിനിമയില്‍ നാട്ടു കൂട്ടത്തിനു മുന്നില്‍ വരുന്ന ഒരു പിതൃത്വ പ്രശ്‌നത്തിന് നെടുമുടി വേണു വളരെ വേഗം പരിഹാരം  കണ്ടെത്തുന്നുണ്ട്. വെളുത്ത ചുണ്ണാമ്പും പച്ചനിറമുള്ള വെറ്റിലയും ചേര്‍ത്തു ചവച്ചരച്ചെടുക്കുമ്പോള്‍ ചുവന്ന തുപ്പല്‍ ഉണ്ടാവുന്നതുപോലെ  കുട്ടികള്‍ വെളുത്തും കറുത്തും ഒക്കെ ഇരിക്കും എന്ന് പരാതിക്കാരനെ സമാധാനിപ്പിച്ചുകൊണ്ട് അപമാനിതയായ സ്ത്രീയെയും ഒന്നുമറിയാത്ത കുഞ്ഞിനെയും ആ നാട്ടുപ്രമാണി രക്ഷിക്കുന്നു. സിനിമയില്‍  അവസാനിച്ചതുപോലെ നേര്‍ ജീവിതത്തിലും സമൂഹത്തിലും അത്ര വേഗം ഇത്തരത്തിലുള്ള ഒരു പ്രശ്‌നം അവസാനിക്കാനിടയില്ല. എത്ര പരിഷ്‌കൃത സമൂഹമായാലും വിദ്യാസമ്പന്നരായ കൂട്ടരായാലും പരമ്പരാഗത ശാരീരിക പ്രത്യേകതകള്‍ വെടിഞ്ഞുകൊണ്ട് ഒരു കുഞ്ഞുണ്ടായാല്‍ ആ സ്ത്രീ തീര്‍ച്ചയായും ഭ്രഷ്ടയാക്കപ്പെടും. ഇത്തരമൊരു അനുഭവം ഏറ്റുവാങ്ങേണ്ടി വന്ന ഷീബയുടെ കഥയാണ് നീന പനയ്ക്കലിന്റെ 'നിറമിഴികള്‍ നീല മിഴികള്‍' എന്ന നോവല്‍.

അമേരിക്കയാണ് നോവലിന്റെ പശ്ചാത്തലം. ഷീബ ബെഞ്ചമിന്‍ ദമ്പതികള്‍ക്ക് ജനിക്കുന്ന മകന്റെ വെളുപ്പു നിറവും നീല മിഴികളും സര്‍വരേയും സംശയാലുക്കളാക്കുന്നു. എന്തു സംഭവിച്ചു എന്ന് കേള്‍ക്കാനോ ആലോചിക്കാനോ നില്‍ക്കാതെ ബെഞ്ചമിന്‍ മൂത്ത മകളെയും എടുത്ത് കേരളത്തിലേക്കു പോകുന്നു. അയാളുടെ സാഹചര്യത്തില്‍ ഏതു പുരുഷനും അങ്ങനെയേചെയ്യൂ എന്ന പൊതുബോധ്യം നമുക്കുണ്ട്. എന്നാല്‍ ഷീബയോ, ഒരു തെറ്റും ചെയ്യാതെ അവളും കുഞ്ഞും ശിക്ഷയനുഭവിച്ചു. അപമാനവും പരിഹാസവും മനോവേദനകളും മാത്രം. ജനിതകശാസ്ത്രത്തിന്റെ തിയറികളൊന്നും അവളുടെ രക്ഷയ്ക്ക് എത്തിയതേയില്ല. അമേരിക്കയില്‍ ജനിച്ചു വളര്‍ന്നു എന്നതല്ലാതെ കുടുംബത്തിന്റെ വില അറിയാത്തവളേയല്ലായിരുന്നു ഷീബ. അവള്‍ കുഞ്ഞിന്റെ ഓരോ പ്രായത്തിലെ ഫോട്ടോകള്‍ ബഞ്ചമിന് അയച്ചുകൊടുത്തും പ്രതീക്ഷയോടെ കാത്തിരുന്നും കാലം നീക്കുമ്പോള്‍ സഹതാപം തോന്നും. ആദ്യം താന്‍ ഏതെങ്കിലും തരത്തില്‍ വഞ്ചിക്കപ്പെട്ടോ എന്ന് അവളും സംശയിച്ചു പോകുന്നുണ്ട്. പിന്നെ ബേബിയുടെ പിറകിലെ മറുക് കാണുന്നതോടെ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നുതന്നെ അവള്‍ക്കുറപ്പാവുന്നു. അതോടെ അവള്‍ സ്വയം കരുത്തയാവുന്നു. അവസാനശ്രമം എന്ന നിലയിലാണ്  ആ മറുക്  ദൃശ്യമാകും വിധമുള്ള ഫോട്ടോ ബഞ്ചമിന് അയയ്ക്കുന്നത്. അലീഷാമോളെ തിരികെ കിട്ടാനും തന്റെ ബേബിക്ക് അവന്റെ അച്ഛനെ ലഭിക്കാനുമുള്ള ഒരു അവസാനശ്രമമും  ആയിരുന്നു അത്. അതും പാളിപ്പോകുന്നതോടെ ഷീബ സ്വന്തം കാലില്‍ നില്‍ക്കാന്‍ തീരുമാനിക്കുന്നു. വളരെ യാദൃശ്ചികമായി പരിചയപ്പെട്ടതാണെങ്കിലും പട്രീഷ എന്ന ഇംഗ്ലീഷുകാരി ഷീബയ്ക്ക് താങ്ങും തണലുമാവുന്നു. ആനിയാന്റി എന്ന മലയാളി വീട്ടമ്മ അവസരത്തിനൊത്ത് ഉയരുകയും അവളെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ആപത്തില്‍ ഏകയായിപ്പോയ, മാനസികമായും ശാരീരികമായും  തകര്‍ന്ന ഒരു സ്ത്രീ എങ്ങനെയാണ് കരുതേണ്ടത് എന്നതിന്റെ നല്ല മാതൃകയായി ആനി എന്ന കഥാപാത്രം നില്‍ക്കുന്നുണ്ട്.
പട്രീഷ എന്താണ് സ്വതന്ത്ര ജീവിതം എന്ന് ഷീബയെ പഠിപ്പിക്കുന്നു. വിവാഹിതയാവാതെ കുഞ്ഞിനെ ദത്തെടുത്ത് ജീവിക്കുന്നു എന്നതിനോടൊന്നും ആദ്യം ഷീബയുടെ യാഥാസ്ഥിതിക മലയാളി മനസ് യോജിക്കുന്നില്ല. പിന്നെ പട്രീഷയോട് കൂടുതല്‍ അടുക്കുമ്പോള്‍ അവള്‍ക്ക് ആ സ്വാതന്ത്ര്യത്തിന്റെ വില മനസിലാകുന്നു. കുഞ്ഞിനെ വളര്‍ത്താനും വീടുവാങ്ങാനും ഒക്കെ അവള്‍ക്ക് പട്രീഷ തുണയാവുന്നു. ഷീബ തന്നെ ഒരിക്കല്‍ വിലയിരുത്തുന്നതുപോലെ 'അനേകം വാതിലുകള്‍ അടയുമ്പോള്‍ ഒരു ജനാല തുറന്നുവരും.' അവരൊരുമിച്ച് യാത്ര ചെയ്യുന്നു, ഭക്ഷണം കഴിക്കാന്‍ പോവുന്നു, വാരാന്ത്യങ്ങള്‍ ചിലവിടുന്നു. എങ്കില്‍പ്പോലും പട്രീഷ അവളുടെ കസിന്‍ ജെറിയെ തന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നു തോന്നുന്നതോടെ ആ ബന്ധത്തെ അവള്‍ നിഷ്‌കരുണം നിരസിക്കുന്നു. ഒരു ചെറിയ അനുകൂലഭാവം കൊണ്ട് അവള്‍ക്ക്  ജെറിയെ സ്വന്തമാക്കാമായിരുന്നു. ഒരു പുരുഷന്‍ അവളെ സംബന്ധിച്ചിടത്തോളം ഏറ്റവും കയ്‌പേറിയ ഒരനുഭവമായി മാറിയിരുന്നു.

നോവലിന്റെ മറ്റൊരുവശത്ത് ബഞ്ചമിന്റെ കുടുംബത്തിന്റെ കഥയാണ് നോവലിസ്‌ററ് പറയുന്നത്. ഏറ്റവും ഭാഗ്യമേറിയ കുടുംബം. സമ്പല്‍സമൃദ്ധമായ അവസഥകള്‍, ഒന്നിനും കുറവില്ലാത്തവര്‍. ആഭിജാത്യവും അന്തസും വേണ്ടുവോളവും. അതുകൊണ്ടു തന്നെ മരുമകളോട് ക്ഷമിക്കാന്‍ എല്‍സാടീച്ചര്‍ക്ക്, ബഞ്ചമിന്റെ മമ്മിക്ക് കഴിയുന്നില്ല. മകന്‍ അമേരിക്കയ്ക്ക് പോകുന്നത് സാമുവല്‍ സാറിന് അത്ര ഇഷ്ടമല്ലാതെയിരുന്നിട്ടും മകനുവേണ്ടി ഭാര്യ കണ്ടുപിടിച്ച ബന്ധത്തോട് അയാള്‍ എതിര്‍പ്പൊന്നും കാണിച്ചിട്ടില്ല. ഷീബയെ ഇപ്പോള്‍ ഏറ്റവും വെറുക്കുന്നതും എല്‍സാടീച്ചറാണ്. തന്റെ സ്വപ്‌നങ്ങളെല്ലാം താന്‍ മകനുവേണ്ടി കണ്ടെത്തിയ പെണ്‍കുട്ടി തകര്‍ത്തുകളഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍ ടീച്ചറിനു മരുമകളോട് ഒടുങ്ങാത്ത പക തോന്നി. 'നശിച്ചു പോകട്ടെ അവള്‍. അവളുടെ വെളുത്തകൊച്ചും അവളുടെ തന്തയും തള്ളയും എല്ലാം നശിച്ചുപോകട്ടെ.' ഈ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ ചെന്നുമുട്ടുന്നത് അവര്‍ക്കുനേരെ തന്നെയാണ്. എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ചെയ്ത തെറ്റിന്റെ ഫലമായിരുന്നു ഈ പുകിലത്രയും എന്ന് നാം മനസിലാക്കുന്നു. അറിയാതെ സംഭവിച്ചതോ സാഹചര്യങ്ങളില്‍ അങ്ങനെ സംഭവിച്ചുപോയതോ  മാത്രമായിരുന്നില്ല ആ തെറ്റെന്ന് അവര്‍ മകനോട് അതിനെപ്പറ്റി സംസാരിക്കുന്നയിടത്ത് നിന്ന് വ്യക്തമാകുന്നുണ്ട്. പിന്നീട് അവര്‍ ബോധപൂര്‍വ്വം വില്യമിനെ മറന്നു. എല്ലാ ജനിതക ഘടകങ്ങളും അനുകൂലമായിരുന്നതിനാല്‍ തന്നെ ആരും സംശയിച്ചതേയില്ല. എന്നാല്‍ ഒരു കള്ളവും ശാശ്വതമായി മൂടിവെയ്ക്കാനാവില്ല എന്ന പറച്ചില്‍ വെറുതേയല്ല എന്ന് തെളിയിക്കും വിധത്തില്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം എല്ലാം വെളിപ്പെടുത്തുന്നു. ബഞ്ചമിന് എഡ്ഡി തന്റെ സഹോദരനായിരുന്നു എന്നറിയുമ്പോഴുണ്ടാവുന്ന ഞെട്ടല്‍. സാമുവല്‍ സാറിന് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവ്. ബെഞ്ചമിന്‍ ഏതു കാരണത്താലാണോ ഭാര്യയെ ഉപകേഷിച്ച് മകളെ ഏറ്റവും സ്വഭാവ ശുദ്ധിയുള്ളവളായി വളര്‍ത്തി എടുക്കാനായി പാടുപെട്ടോടിയത് ആ അമ്മമായിരുന്നു തെറ്റുകാരി  എന്ന അറിവിന്റെ  നടുക്കം. താന്‍ ഇത്രകാലവും സര്‍വാധികാര്യക്കാരന്‍ എന്നു കരുതി നോക്കി നടത്തിയ സ്വത്തുക്കളില്‍ തനിക്ക് യാതൊരു അവകാശവും ഇല്ലായിരുന്നു എന്ന അറിവിന്റെ നടുക്കം ഇവയെല്ലാം കൂടി നല്‍കുന്ന പശ്ചാത്താപമാണ് എത്രയും വേഗം ഷീബയെ കാണണം എന്ന തീരുമാനത്തില്‍ അയാളെ എത്തിക്കുന്നത്. അലീഷയുടെ അമ്മയെ കാണണം എന്ന ആവശ്യം അതിലേക്ക് ഒരു വഴിയായിത്തീരുന്നു എന്നു മാത്രം. അവിടെ എത്തുമ്പോഴാവട്ടെ അയാള്‍ പൂര്‍ണ്ണമായും നിരായുധനാവുന്നു. ബെഞ്ചമിനെ ഷീബയ്ക്ക് ഒരു തരത്തിലും ആവശ്യമില്ലാത്ത അത്ര സ്വാശ്രയത്വം അവള്‍ നേടിക്കഴിഞ്ഞിരുന്നു. ഇതില്‍ ഏറ്റവും നഷ്ടം സംഭവിക്കുന്നതും ബഞ്ചമിനാണ്. മറ്റുള്ളവരാലും സ്വയവും പരിഹാസ്യനായ ഒരാള്‍...

ഈ നോവലില്‍ ആവര്‍ത്തിച്ചുവരുന്ന രണ്ടു വാക്കുകളാണ് അന്തസും ആഭിജാത്യവും. കുടുംബത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയെപ്പററി വളരെയേറെ ബോധ്യങ്ങള്‍ കഥാപാത്രങ്ങള്‍ വഹിക്കുന്നുണ്ട്. അതില്‍ പ്രധാനി ഷീബയുടെ മമ്മിയാണ്. ഒരിക്കല്‍ വന്ന് മകളേയും കുഞ്ഞിനെയും കണ്ട് മകള്‍ കുടുംബത്തിന് വരുത്തിവെച്ച അപമാനത്തെക്കുറിച്ചോര്‍ത്ത് തലതല്ലിക്കീറി ബഹളം വെച്ച് പോകുന്നതില്‍ പിന്നെ ഒരിക്കല്‍പ്പോലും ഒരു സൗഹൃദത്തിനു വേണ്ടിപ്പോലും അവര്‍ മകളെ തിരയുന്നതേയില്ല. ഷീബ അവരോട് നമ്മുടെ തലമുറയില്‍ എവിടെയെങ്കിലും ഒരു സങ്കരരക്തത്തിന്റെ സാധ്യതകല്‍ ഉണ്ടായിരുന്നുവോ എന്ന് ചോദിക്കുന്നുണ്ട്. അതിന് അവര്‍ തിരിച്ചു ചോദിക്കുന്നത് ഇത് തന്നോട് ചോദിക്കാന്‍ അവള്‍ക്കെങ്ങനെ ധൈര്യം വന്നു എന്നാണ്. സ്വന്തം പൈതൃകങ്ങളെക്കുറിച്ചുള്ള അവരുടെ അതിരുകടന്ന ആത്മബോധമാണ് ഈ വരികളില്‍. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം ആത്മബോധങ്ങല്‍ക്കേല്‍ക്കുന്ന പ്രഹരങ്ങളാണ് ബേബി സാമുവലിന്റെ നീലമിഴികള്‍. ആഭിജാത്യം കാത്തുസൂക്ഷിക്കാനും കുടുംബത്തില്‍ നടന്നതൊന്നും പുറത്തറിയാതെയിരിക്കാനും ഏറ്റവും അധികം യത്‌നിക്കുന്ന മറ്റൊരു കഥാപാത്രം ബഞ്ചമിനാണ്. അമ്മയെ അപ്പനോട് നിരപ്പാക്കാനും അവരിരുവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പുറത്തറിയിക്കാതെ നോക്കാനും അയാള്‍ പാടുപെടുന്നുണ്ട്. അപ്പനോട് സ്‌നേഹത്തോടെ വര്‍ത്തിക്കാന്‍ അമ്മയുടെ കാലുപിടിക്കുന്നുണ്ട് ആ മകന്‍. താന്‍ ഭാര്യയോട് ചെയ്ത അപരാധത്തിന്റെ മാപ്പിരക്കലുകള്‍, സ്വന്തം പശ്ചാത്താപങ്ങള്‍ അങ്ങനെ പലതുമായി അയാള്‍ക്ക് ഇതെല്ലാം മാറുന്നു.

അമേരിക്കന്‍ മലയാളി സമൂഹം എത്രയായാലും കൈവിടാത്ത സ്വഭാവമാണ് അസൂയയും പരദൂഷണവും എന്ന് ഈ നോവല്‍ തെളിയിക്കുന്നുണ്ട്. പരദൂഷണം പറയുന്നത് പള്ളിയില്‍ പോവുന്നതുപോലെയുള്ള ഒരു പുണ്യപ്രവര്‍ത്തിയാണെന്നു സ്വയം കരുതുകയും തൊണ്ടയില്‍ ക്യാന്‍സര്‍ വന്നിട്ടുപോലും അതില്‍ നിന്ന് പിന്‍തിരിയാതിരിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രത്തെ നമുക്കിതില്‍ കാണാം. ഷീബ കുഞ്ഞിനെയും കൊണ്ട് പളളിയിലെത്തുന്ന രംഗം ഈ നോവലിലുണ്ട്. ചെറിയ കുട്ടികളല്ലാതെ ആരും അവള്‍ ഇരുന്ന ഭാഗത്തേക്ക് നോക്കുന്നില്ല. നിങ്ങളില്‍ പാപമില്ലാത്തവന്‍ ഇവളെ കല്ലെറിയട്ടെ എന്ന് കുറ്റം ചുമത്തിയവളെപ്പറ്റി പറഞ്ഞ കര്‍ത്താവിന്റെ ഇരിപ്പിടമായിരുന്നു പള്ളി. ഇനിയൊരിക്കലും പള്ളിയിലേക്കില്ല എന്ന തീരുമാനം എടുക്കാന്‍ മാത്രം ആ അവഗണന സഹായകരമായി. 

പരാമര്‍ശിക്കപ്പെടേണ്ട ഒരു കഥാപാത്രം കൂടി ഈ നോവലിലുണ്ട്. അത് ജയാചെറിയാനാണ്. എല്ലാവരെയും കൊണ്ട് തെറിച്ചവള്‍ എന്നു പറയിച്ചവള്‍. ചുറ്റിലും ഒരുപാട് നിഗൂഢതയുടെ പരിവേഷം ഉള്ളവള്‍. ജയയെ മോഹിച്ചിരുന്നു എങ്കിലും സ്വന്തം ഭൂതകാലത്തെപ്പറ്റി അവള്‍ പറഞ്ഞ കഥകള്‍ കേള്‍ക്കുന്നതോടെ ബഞ്ചമിനുപോലും അവളെ പേടിയാവുന്നു. പക്ഷേ ജയ വക്കച്ചന്‍ എന്ന പണക്കാരന്റെ കള്ളത്തരം മുഴുവനും വെളിച്ചത്ത് കൊണ്ടുവന്നു. അത് അവളില്‍ ഒരു ക്രിമിനല്‍ മൈന്‍ഡുണ്ടായിരുന്നതിനാലാണെന്ന് വാദിക്കാം. എങ്കിലും തന്നെ ചതിയില്‍പെടുത്തിയ വക്കച്ചനോടാണ് അവള്‍ പ്രതികാരം ചെയ്യുന്നത്.

പ്രവാസ നോവലുകള്‍ ആതിരാനിലാവും പാടവും പുഴയും നിറഞ്ഞ നൊസ്റ്റാള്‍ജിയയാണ് എന്ന പരാതിയില്‍ നിന്ന് ഈ നോവല്‍ മുക്തമാണ്. മാത്രമല്ല ജനിതക ശാസ്ത്രത്തിന്റെ സാങ്കേതിക മനുഷ്യജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇത്ര ഭംഗിയായി പറയുന്ന ഒരു നോവല്‍ മലയാള സാഹിത്യത്തില്‍ വേറെയില്ല. ഇതൊരു ശാസ്ത്ര നോവലല്ല എന്ന് എഴുത്തുകാരി ആദ്യമേ പറയുന്നുണ്ട്്. ഒരു ശാസ്ത്ര വിഷയത്തിന്റെ അകമ്പടിയോടെയാണ് വിഷയം അവതരിപ്പിച്ചതെങ്കിലും ആ ഭാരം ഒട്ടുംതന്നെ നോവലില്‍ അനുഭവപ്പെടുന്നില്ല. പിന്നെ നാടകീയത കൂടിപ്പോയി എന്ന പരാതി. എഡ്ഡി എന്ന കഥാപാത്രത്തിന്റെ രംഗപ്രവേശനമാവണം നാടകീയതയായി കണക്കാക്കാവുന്നത്. പക്ഷേ എഡ്ഡി കടന്നുവരാതെ എങ്ങനെയാണ് ആ നീലമിഴികളുടെ രഹസ്യം നാം തിരിച്ചറിയുക. ഇതേപോലെ സ്ത്രീകളും കുഞ്ഞുങ്ങളും എവിടെയെല്ലാം ജീവിക്കുന്നുണ്ടാവാം. അവര്‍ക്കെല്ലാം വേണ്ടിയാണ് സഹൃദയര്‍ ഈ നോവലിനെ ഏറ്റു വാങ്ങേണ്ടത്.
തലമുറകളുടെ ശാപം പേറുന്നവര്‍ (ഡോ: മിനി പ്രസാദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക