Image

ഒരു നല്ല മാധ്യ­മ­പ്ര­വര്‍ത്ത­കനും ഒരു നല്ല സുഹൃ­ത്തിനും ­വിട (ദല്‍ഹി കത്ത് - പി.­വി.­തോ­മ­സ്)

Published on 06 February, 2016
ഒരു നല്ല മാധ്യ­മ­പ്ര­വര്‍ത്ത­കനും ഒരു നല്ല സുഹൃ­ത്തിനും ­വിട (ദല്‍ഹി കത്ത് - പി.­വി.­തോ­മ­സ്)
ഘന­ഗം­ഭീ­രവും പ്രചു­ര­പ്ര­ചാ­ര­വു­മായ ഒരു മാധ്യ­മ­പേ­രോ(­മാ­സ്റ്റ്‌ഹെ­ഡ്) വലിയ ഒരു ഉദ്യോ­ഗ­ചി­ഹ്നമോ (ഡെ­സി­ഗ്നേ­ഷന്‍) മാത്രം നിങ്ങളെ ഒരു നല്ല മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ ആക്കു­ക­യി­ല്ല. അല്ലെ­ങ്കില്‍ ബിരു­ദമോ ബിരു­ദാ­ന­ന്തര ബിരു­ദമോ ഗവേ­ഷക തസ്തി­ക­യോ, കുല­പ­ര­മ്പ­രയോ (പെ­ഡി­ഗ്രി) ഒന്നും നിങ്ങളെ ഒരു നല്ല മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ ആക്കു­ക­യി­ല്ല.

ഒരു വ്യക്തിയെ ഒരു നല്ല മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ ആക്കു­ന്നത് അദ്ദേ­ഹ­ത്തിന്റെ സാമൂ­ഹ്യ­ബോ­ധവും സാമൂ­ഹ്യ­പ്ര­തി­ബ­ദ്ധ­തയും ആണെന്ന് ഞാന്‍ പറ­യും. ഇവ­യില്‍ അടി­യു­റ­ച്ചുള്ള നില­പാടും ആണ്. ഇത് പത്തു­മു­തല്‍ വൈകു­ന്നേരം ആറ് മണി­വരെ ക്ലോക്കില്‍ നോക്കി ഫയല്‍ അഴിച്ചും മട­ക്കിയും സമയം കള­യുന്ന സര്‍ക്കാര്‍ ജോലി അല്ല. ഈ ജോലി ചെയ്യുവാന്‍ ഒരുതരം ക്രോധാ­വേശം ആവശ്യം ആണ്. ഇംഗ്ലീ­ഷിലെ ഒരു ചൊല്ല് കട­മെ­ടു­ത്താല്‍ അടി­വ­യ­റ്റില്‍ അഗ്നി­ഇ­ല്ലാ­ത്ത­വര്‍ ഈ പണിക്ക് വര­രു­ത്.

അതി­ല്ലാ­ത്ത­വര്‍ നല്ല­നല്ല കമ്പ­നി­ക­ളില്‍ ഉദ്യോ­ഗസ്ഥ ശ്രേഷ്ഠ­ന്മാര്‍ ആയി പോക­ണം. നല്ല ശമ്പ­ളവും നല്ല ജീവി­ത­സൗ­ക­ര്യ­ങ്ങളും കര­സ്ഥ­മാ­ക്ക­ണം. മാധ്യ­മ­പ്ര­വര്‍ത്തനം പണ്ടി­ക­ശാ­ല­യിലെ ഗുമ­സ്ഥ­പണി അല്ല. മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ മഹ­ത്വ­വല്‍ക്ക­രി­ക്ക­പ്പെട്ട ചുരു­ക്കെ­ഴുത്തു­കാ­രനോ ഗുമ­സ്തനോ അല്ല. ഭാഷാ സ്വാധീനം മാത്രം ഒരു വ്യക്തിയെ ഒരു നല്ല മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ ആക്കു­ന്നി­ല്ല.

ഈ ജാനു­വരി മുപ്പ­തിന് വെളു­പ്പിന് 3.50 ന് തിരു­വ­ന­ന്ത­പു­രത്തെ ഒരു സ്വകാര്യ ആശു­പ­ത്രി­യില്‍ മൂന്നു വര്‍ഷ­ത്തി­ലേറെ രോഗ­വു­മായി മല്ലിട്ട് രമിച്ച എന്റെ സുഹൃത്ത് റ്റി.­എന്‍.­ഗോ­പ­കു­മാര്‍ എന്ന ഗാപന്‍(­ഏ­ഷ്യാ­നെ­റ്റിലെ സഹ­പ്ര­വര്‍ത്ത­കര്‍ക്ക് റ്റി.­എന്‍.­ജി) തികച്ചും വ്യത്യ­സ്ത­നായ ആ മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ ആയി­രു­ന്നു. അദ്ദേ­ഹത്തെക്കുറിച്ച് പരാ­മര്‍ശി­ക്കാതെ ഈ പംക്തി­യു­മായി മുന്നോട്ട് പോവുക വയ്യ. ദൃശ്യ­-­അ­ച്ചടി മാധ്യ­മ­ങ്ങ­ളിലെ അദ്ദേ­ഹ­ത്തിന്റെ സംഭാ­വ­ന, മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ എന്ന രീതി­യി­ലുള്ള സാമൂ­ഹ്യ­പ്ര­തി­ബ­ദ്ധത പിന്നെ വ്യക്തി­ബ­ന്ധ­ത്തി­ലൂ­ടെ­യുള്ള മാധ്യമ ഉള്‍ക്കാഴ്ച ഇവ വളരെ പ്രധാ­നവും പരാ­മര്‍ശി­ക്ക­പ്പെ­ടേ­ണ്ടതും ആണ്. കാരണം ജന­കീ­യ­നായ ഒരു മാധ്യ­മ­പ്ര­വര്‍ത്ത­കന്‍ ആയി­രുന്നു ഗോപന്‍. ഏഷ്യാ­നെറ്റ് ന്യൂസിലെ അദ്ദേ­ഹത്തിന്റെ ഭകണ്ണാടി’ എന്ന ദൃശ്യ­വാര്‍ത്താ­പ­ര­മ്പര (ആയി­ര­ത്തോളം എപ്പി­സോ­ഡു­കള്‍) ഇതിന് ഉദാ­ഹ­രണം ആണ്.

ഗോപന്‍ എന്റെ സഹ­പ്ര­വര്‍ത്ത­കന്‍ ആയി­രു­ന്നു, ഈനാട്- ന്യൂസ് ടൈം ഗ്രൂപ്പില്‍. അതിന് മുന്‍പെ ഞങ്ങള്‍ തമ്മില്‍ അറിയു­മാ­യി­രു­ന്നു. പ്രധാ­ന­മാ­യിട്ടും ബൈലൈ­നി­ലൂ­ടെയും പിന്നെ ഇട­യ്‌ക്കൊക്കെ ദല്‍ഹി മാതൃ­ഭൂമി ബ്യൂറോ­യില്‍ നേരിട്ട് കണ്ടു. ഞങ്ങള്‍ കലാ­കൗ­മുദി എന്ന ആഴ്ച­പ്പ­തി­പ്പില്‍ 1980-കളുടെ അവ­സാ­ന­ത്തിലും 1990- കളുടെ ആരം­ഭ­ത്തിലും തുടര്‍ച്ച­യായി എഴു­തു­മാ­യി­രു­ന്നു. ഗോപന്‍ അന്ന് മാതൃ­ഭൂമിയുടെ ദല്‍ഹി ബ്യൂറോ­യില്‍ ലേഖ­കന്‍ ആയി­രു­ന്നു. ഞാന്‍ ഡെറാ­ഡൂ­ണിലും സില­യിലും ഇംഗ്ലീഷ് ദിന­പ­ത്ര­ങ്ങ­ളുടെ ലേഖ­ക­നും. ഈ ബൈലൈന്‍ സൗഹൃദം ആണ് 1986-ല്‍ ഇരു­വരും ഈനാ­ട്­-­ന്യൂസ് ടൈമില്‍ ചേര്‍ന്ന­പ്പോള്‍ പടര്‍ന്ന് പന്ത­ലി­ച്ച­ത്. ഞങ്ങള്‍ ഒരു­മി­ച്ചാണ് ഈ മാധ്യ­മ­സ്ഥാ­പ­ന­ത്തില്‍ ചേരു­ന്ന­ത്. അദ്ദേഹം ദല്‍ഹി­യിലും ഞാന്‍ ഹൈദ്രാബാ­ദി­ലും. അങ്ങ­നെയും ബൈലൈന്‍ സൗഹൃദം തുടര്‍ന്ന് 1989 ആയ­പ്പോ­ഴേയ്ക്കും എനിക്ക് ഹൈദ്രാ­ബാദും ആന്ധ്ര­പ്ര­ദേശും മടു­ത്തു. പത്ര­ത്തിന്റെ ദല്‍ഹി ബ്യൂറോ­യില്‍ ഒരു ഒഴിവ് വന്ന­പ്പോള്‍ ചോദിച്ച് വാങ്ങിയ ഒരു സ്ഥലം മാറ്റ­വു­മായി ഞാന്‍ ദല്‍ഹിക്ക് വണ്ടി കയ­റി. കൃഷ്ണ­ഗോ­ദാ­വ­രി­യു­ടെയും ഡക്കാണ്‍ സമ­ത­ല­ത്തി­ന്റെയും സ്ഥല­കാ­ല­ങ്ങ­ളില്‍ ഒട്ടേറെ ഓര്‍മ്മ­കള്‍ക്ക് വിട­പ­റ­ഞ്ഞി­ട്ട്. ദല്‍ഹി­യില്‍ എനിക്ക് പറ­യു­വാ­നായി അധികം സുഹൃ­ത്തു­ക്കള്‍ അന്ന് ഉണ്ടാ­യി­രു­ന്നി­ല്ല. ഉള്ള­വ­രില്‍ പ്രമു­ഖന്‍ സഹ­പ്ര­വര്‍ത്ത­ക­നായ ഗോപന്‍ തന്നെ ആയി­രു­ന്നു. അതി­നാല്‍ ഗോപന് എഴുതി: ഞാന്‍ വരു­ന്നു. താമ­സി­ക്കു­വാന്‍ സഥലം വേണം.

അതു­പോലെ തന്നെ ഗോപന്‍ എനിക്ക് താമ­സ­സ്ഥലവും പറഞ്ഞ് വെച്ചു. ഒരു ഞായ­റാഴ്ച ദല്‍ഹി­യി­ലെ­ത്തി. തല്‍ക്കാ­ല­താ­മസം ആന്ധ്ര­ഭ­വ­നില്‍. ഉച്ച­ക­ഴിഞ്ഞ് റഫി­മാര്‍ക്ഷി­ലുള്ള ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈ­റ്റി­യിലെ അഞ്ഞൂറ്റിഅഞ്ചാം നമ്പര്‍ മുറി­യിലെ ഈനാട്­-­ന്യൂസ് ടൈം പത്രാ­പ്പി­സി­ലെ­ത്തി. ഞായ­റാഴ്ച ഗോപന്‍ ഡ്യൂട്ടി­യി­ലാ­ണെന്ന് പറ­ഞ്ഞി­രു­ന്നെ­ങ്കിലും ആള്‍ ഓഫീ­സില്‍ ഉണ്ടാ­യി­രു­ന്നി­ല്ല. ടെലി­പ്രിന്റര്‍ ഓപ്പ­റേ­റ്റര്‍ (അന്ന് കമ്പ്യൂ­ട്ടര്‍ ഒന്നും ഇല്ല. ടെലി­പ്രിന്ററും ടൈപ്പ് റൈറ്ററും മാത്രമേ ഉള്ളൂ) പറഞ്ഞു ഗോപന്‍ ഒരു പ്രസ് കോണ്‍ഫ്രന്‍സിന് പോയി­രി­ക്കു­ക­യാ­ണ്. ഉടന്‍ വരും. കാത്തി­രി­ക്കു­വാന്‍ പറ­ഞ്ഞെന്ന് പറ­ഞ്ഞു. ഗോപന്‍ ഉടന്‍ തന്നെ വന്നു. എതിര്‍വ­ശ­ത്തുള്ള മാവ­ല­ങ്കാര്‍ ഹാളില്‍ മുസ്ലീം പേഴ്‌സ­ണല്‍ ലോബോ­ഡിന്റെ നേതാവും മുന്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് അംശവും ആയ ഷാഹ്ബു­ദ്ദീന്റെ പത്ര­സ­മ്മേ­ള­ന­മാ­യി­രു­ന്നു. ബാബ­റി­മ­സ്ജിദ് സംബ­ന്ധിച്ച്. ഗോപന്‍ പറ­ഞ്ഞു, ചെറിയ സ്റ്റോറി­യാണ് ഇത് കഴിഞ്ഞ് ഉടന്‍ ഇറ­ങ്ങാം. ഇറങ്ങാമെന്ന് പറ­ഞ്ഞാല്‍ പ്രസ്ക്ല­ബി­ലേക്ക് എന്നാ­ണര്‍ത്ഥം. ന്യൂസ് പേപ്പര്‍ സൊസൈ­റ്റി­യുടെ അടുത്തു തന്നെ­യാണ് റെയ്‌സി­ന­മാര്‍ക്ഷി­ലുള്ള പ്രസ് ക്ലബ് ഓഫ് ഇന്ത്യ. അവി­ടെ­നിന്നും അധികം ദൂരെ­യല്ല അശോ­ക­റോ­ഡി­ലുള്ള ആന്ധ്ര­ഭ­വ­നം. പക്ഷെ, രണ്ടി­ടത്തും ഗോപന്‍ എന്നെ അദ്ദേ­ഹ­ത്തിന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കി­ളില്‍ കൊണ്ടാ­ക്കി. ഒരു ചിര­കാല സൗഹൃദം ഇവിടെ നിന്നും ആരം­ഭി­ക്കു­ക­യാ­യി­രു­ന്നു.

ന്യൂസ് പേപ്പര്‍ സൊസൈറ്റി ഓഫീ­സിലെ ഈനാ­ട്­-­ന്യൂസ് ടൈം ഓഫീസും പ്രസ് ക്ലബും ഞങ്ങ­ളുടെ പ്രധാന സഹ­വര്‍ത്ത കേന്ദ്ര­ങ്ങള്‍ ആയി­രു­ന്നു. എത്ര­യെത്ര സ്റ്റോറി­കള്‍! ആശ­യ­വി­നി­മ­യ­ങ്ങള്‍! ഞാന്‍ കോണ്‍ഗ്രസും ഗോപന്‍ ഇട­തു­പ­ക്ഷ­പാര്‍ട്ടി­കളും ആണ് കവര്‍ ചെയ്തി­രു­ന്ന­ത്. ഗോപന് ഇട­തു­പ­ക്ഷ­രാ­ഷ്ട്രീയം നന്നായിട്ടറി­യാ­മാ­യി­രു­ന്നു. അദ്ദേ­ഹ­ത്തിന് ഒരു ഇട­തു­പക്ഷ പശ്ചാ­ത്തലം ഉണ്ടാ­യി­രു­ന്നു. അദ്ദേ­ഹ­ത്തിന്റെ അമ്മ­യുടെ ആദ്യ­ഭര്‍ത്താവ് പി.­കൃ­ഷ്ണ­പിള്ള കേര­ള­ത്തിലെ കമ്മ്യൂ­ണിസ്റ്റ് പ്രസ്ഥാ­ത്തിന്റെ തല­തൊ­ട്ട­പ്പന്‍ ആയി­രു­ന്നു. ഗോപന്റെ അച്ഛന്‍ ശുചീന്ദ്രം ക്ഷേത്ര­ത്തിലെ പ്രധാന പൂജാരി ആയി­രു­ന്നു. കൃഷ്ണ­പിള്ള കണ­ക്ഷ­നിലൂടെ ഇട­തു­പ­ക്ഷ­പാര്‍ട്ടി­ക­ളില്‍ പ്രത്യേ­കിച്ചും ഗോപന് സി.പി.­എമ്മില്‍ നല്ല സോഷ്‌സസ് ഉണ്ടാ­യി­രു­ന്നു. കൃഷ്ണ­പിള്ള ബന്ധ­ത്തെ­ക്കു­റിച്ച് അദ്ദേഹം വിശ­ദ­മായി കേര­ള­സാ­ഹിത്യ അക്കാ­ദമി, അവാര്‍ഡ് ലഭിച്ച ശുചീന്ദ്രം രേഖ­ക­ളില്‍ എഴു­തി­യി­ട്ടു­ണ്ട്.

പ്രസ്ക്ലബ് ജോലി കഴി­ഞ്ഞാല്‍ ഞങ്ങളുടെ ഒരു സൗഹൃ­ദ­കേന്ദ്രം ആയി­രു­ന്നു. ഒട്ടേറെ കൂട്ടു­കാരെ കാണാ­നാ­വും. സക്ക­റി­യയും ശശി­കു­മാറും (പ­ഴയ ഏഷ്യാ­നെ­റ്റ്) ഒക്കെ ഇവിടെ ഉണ്ടാ­കും. ഒരു കാലത്ത് വിജ­യനും ഗോപനും സക്ക­റി­യയും സ്ഥിര­മായി സമ്മേ­ളിച്ച് മധു­പാനം നട­ത്തി­യി­രു­ന്നതും ഇവി­ടെ­യാ­ണ്. അങ്ങ­നെയാണ് ഗോപന്‍ വിജ­യന്റെ ധര്‍മ്മ­പു­രാ­ണ­ത്തില്‍ ഇട­പെ­ടു­ന്നതും പ്രധാ­ന­ക­ഥാ­പാ­ത്ര­ത്തിന്റെ പേര് പ്രജാ­പതി എന്ന് നാമ­ക­രണം ചെയ്ത­തും. ഇത് വിജ­യന്‍ ധര്‍മ്മ­പു­രാ­ണ­ത്തിന്റെ ആമു­ഖ­ത്തില്‍ രേഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ട്. അങ്ങനെ തന്നെയാണ് ഗോപന്‍ സക്ക­റി­യ­യുടെ ആര്‍ക്ക­റിയാം എന്ന കഥ­യില്‍ ഇട­പെ­ട്ട­തും.

പ്രസ്ക്ലബ് ഞങ്ങ­ളുടെ ഒരു വിഹാ­ര­കേന്ദ്രം ആയി­രു­ന്നു. ആ നാളു­ക­ളില്‍ അതാ­യത് 1990-ന്റെ ആരം­ഭ­ത്തില്‍ ഗോപനും സക്ക­റി­യയും ശശി­കു­മാറും ഒരു ടെലി­വി­ഷന്‍ ചാന­ലിനെക്കുറിച്ച് സംസാ­രി­ക്കു­ന്നത് എനി­ക്ക് ക്ലബിലെ ബാറില്‍ വെച്ച് കേള്‍ക്കാ­മാ­യി­രു­ന്നു. എന്തോ ഒരു പുതിയ പദ്ധ­തി­യാ­ണെന്ന് പിന്നീട് എനിക്ക് മന­സ്സി­ലാ­യി. പിന്നീട് ഗോപന്‍ എന്നോട് ഇത് പറ­ഞ്ഞു. മല­യാ­ള­ത്തില്‍ ഒരു പുതിയ ടെലി­വി­ഷന്‍ ചാനല്‍ വരു­വാന്‍ പോവു­ക­യാ­ണ്. ശശി­കു­മാറും സക്ക­റി­യ­യു­മാണ് ഇതിന്റെ പിറ­കില്‍ പ്രധാ­ന­മാ­യും. ഗോപനും ഉണ്ട്. ആ ദിവസം ന്യൂസ് പേപ്പര്‍ സൊസൈ­റ്റി­യുടെ ഓഫീ­സില്‍ നിന്നും ക്ലബ്ബി­ലേക്ക് ഗോപന്റെ ബുള്ളറ്റില്‍ പോകു­മ്പോള്‍ ക്ലബ്ബ് അടു­ക്കാ­റാ­യ­പ്പോള്‍ ആ തിരി­വില്‍ വെച്ച് ഗോപന്‍ എന്നോട് ചോദി­ച്ചു. ആം ഐ കട്ട് ഔട്ട് ഫോര്‍ ദിസ് ന്യൂ മീഡിയ? ഞാന്‍ പറഞ്ഞു: ഒരു കൈ നോക്കു­ന്ന­തില്‍ ഒരു തെറ്റു­മി­ല്ല.

ഏഷ്യാ­നെ­റ്റിന്റെ ആരം­ഭവും അതെ­ത്തു­ടര്‍ന്ന് ശശി­കു­മാറും സക്ക­റി­യയും ഗോപനും മെല്ലെ ദല്‍ഹി­യില്‍ നിന്നും തിരു­വ­ന­ന്ത­പു­ര­ത്തേയ്ക്ക് മാറു­ന്ന­തി­ന്റെയും ദൃക്‌സാ­ക്ഷി­യാണ് ഞാന്‍. ശശി­കു­മാറും സക്ക­റി­യയും പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യ­യുടെ ഒരു പ്രസിദ്ധീക­ര­ണ­ത്തില്‍ ജോലി­യില്‍ ആയി­രു­ന്നു. അപ്പോ­ഴാണ് അവ­രുടെ ഒരു സുഹൃത്ത് സിങ്ക­പ്പൂര്‍ ഗോപ­കു­മാര്‍ കേബിള്‍ ടെലി­വി­ഷന്‍ എന്ന ആശ­യ­വു­മായി അവ­ത­രി­ക്കു­ന്ന­ത്. സിങ്ക­പ്പൂര്‍ ഗോപ­കു­മാര്‍ ഫാര്‍ ഈസ്റ്റേണ്‍ ഇക്ക­ണോ­മിക് റിവ്യൂ എന്ന പ്രസി­ദ്ധ­മായ വാരി­ക­യുടെ ലേഖ­കന്‍ ആയിരു­ന്നു. അദ്ദേഹം കൂടെ­ക്കൂടെ ഹോങ്കോ­ങിലും മറ്റും പോകു­മാ­യി­രു­ന്നു. അദ്ദേഹം ശശി­കു­മാ­റി­നോടും സക്ക­റി­യ­യോടും ഹോങ്കോങിലെ ഏറ്റവും പുതിയ സെന്‍സേ­ഷ­നായ കേബിള്‍ ടെലി­വി­ഷ­നെ­ക്കു­റിച്ച് ഒരു വിവരണം നല്‍കി. ശശി­കു­മാ­റിനും സക്ക­റി­യക്കും ഗോപനും ഒന്നും ഒരു­പി­ടിയും കിട്ടി­യി­ല്ല. അന്ന് അത് ഇന്ത്യില്‍ പ്രചാ­ര­മുള്ള ഒരു കാര്യം ആയി­രു­ന്നി­ല്ല. എന്നാല്‍ ടാജ്മാന്‍സിങ് ഹോട്ട­ലില്‍ കേബിള്‍ ടെലി­വി­ഷന്‍ കാണി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. അവര്‍ അവിടെ പോയി അത് കണ്ടു. അപ്പോള്‍ സിങ്ക­പ്പൂര്‍ ഗോപ­കു­മാ­റിന്റെ സംശയം ആയി­രുന്നു ഇത്. നമുക്കു എന്തു­കൊണ്ട് കേബിള്‍ ടെലി­വി­ഷന്‍ കേര­ള­ത്തില്‍ തുട­ങ്ങി­ക്കൂടാ? കശി­കു­മാര്‍ അദ്ദേ­ഹ­ത്തോട് ഒരു പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാ­റാ­ക്കു­വാന്‍ പറ­ഞ്ഞു. അദ്ദേഹം റിപ്പോര്‍ട്ട് തയ്യാ­റാ­ക്കി. ശശി­കു­മാര്‍ അത് പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യയും ചീഫ് എഡി­റ്ററും ജന­റല്‍ മാനേ­ജറും മല­യാ­ളി­യു­മായ ഉണ്ണി­ക്കൃ­ഷ്ണന് സമര്‍പ്പി­ച്ചു. ഉണ്ണി­കൃ­ഷ്ണന്‍ പുതി പ്രോജ­ക്ടില്‍ തല്പ­ര­നാ­യി­രു­ന്നെ­ങ്കിലും ട്രസ്റ്റിന്റെ ബോര്‍ഡ് ഇതില്‍ അത്ര ആത്മ­വി­ശ്വാസം പ്രക­ടി­പ്പി­ച്ചി­ല്ല. കാരണം, വന്‍ പണം മുടക്ക് ആവ­ശ്യ­മാ­ണ്. പാളി­പ്പോ­യാല്‍ പ്രസ് ട്രസ്റ്റ് ഉത്തരം പറ­യേ­ണ്ട­തായി വരും. പക്ഷെ, വിട്ടു­കൊ­ടു­ക്കു­വാന്‍ ശശി­കു­മാറും സക്ക­റി­യയും തയ്യാ­റാ­യി­ല്ല. ശശി­കു­മാര്‍ മോസ്‌കോ­യില്‍ ബിസി­നസ് നട­ത്തുന്ന റെജി­മേ­നോന്റെ സാമ്പ­ത്തിക സഹാ­യ­ത്തോടെ അങ്ങനെ ഏഷ്യാ­നെറ്റ് ഒരു യാഥാര്‍ത്ഥ്യം ആക്കു­ക­യാ­യി­രു­ന്നു. അങ്ങ­നെ­യാണ് ശശികുമാറും സക്ക­റി­യയും ഗോപ­കു­മാറും പതിയെ തിരു­വ­ന­ന്ത­പു­ര­ത്തേ­യ്ക്ക് യാത്ര­യാ­കു­ന്ന­ത്. ഗോപന് ഇന്ത്യ റ്റുഡെ­യുടെ തിരു­വ­ന­ന്ത­പുരം ലേഖ­ക­നായി ജോലി അപ്പോള്‍ ലഭി­ച്ചി­രു­ന്നു. സിങ്ക­പ്പൂര്‍ ഗോപ­കു­മാ­റി­നെ­ക്കു­റിച്ച് പിന്നീട് അധി­ക­മൊന്നും ഏഷ്യാ­നെറ്റ് ബന്ധ­പ്പെട്ട് കേട്ടി­ട്ടി­ല്ല. ആള്‍ തിരു­വ­ന­ന്ത­പു­ര­ത്തു­ണ്ട്.

ഗോപന്റെ കണ്ണാടി ഏഷ്യാ­നെ­റ്റിന്റെ ആരം­ഭ­ത്തിലേ തന്നെ ഉണ്ടാ­യി­രു­ന്നു. പ്രണയ് റോയി­യുടെ ഇന്ത്യ ദിസ് വീക്ക് (ന്യൂ­ഡെല്‍ഹി റ്റി.­വി- ഇപ്പോ­ഴത്തെ എന്‍ഡി.­റ്റിവി ദൂര­ദര്‍ശന്‍ സംരം­ഭം), ശശി­കു­മാ­റിന്റെ മണി­മാ­റ്റേഴ്‌സ് (പി.­റ്റി.­ഐ.­-­ദൂര്‍ദര്‍ശന്‍ സംരംഭം) പോലെ കണ്ണാ­ടിയും ഇന്ത്യന്‍ ടെലിവിഷന്‍ ചരി­ത്ര­ത്തിലെ അഗ്ര­ഗാ­മി­യാ­യി­രു­ന്നു. ഗോപന്റെ കണ്ണാടി അവ­സാനം വരെ ശബ്ദം ഇല്ലാ­ത്ത­വന്റെ ശബ്ദ­മായി നില­കൊ­ണ്ടു. ആ ഒറ്റ കാര­ണ­ത്താല്‍ അദ്ദേഹം കേര­ള­ത്തി­ലെയും ഇന്ത്യ­യിലെ തന്നെയും ദൃശ്യ­മാ­ധ്യ­മ­ച­രി­ത്ര­ത്തില്‍ അന­ശ്വ­ര­നായി നില­കൊ­ള്ളും.

ഭപത്രാ­ധി­പര്‍’ എന്ന സ്ഥാപ­ന­ത്തെയും സ്ഥാപ­ന­ത്തെയും പത്ര­വ്യ­വസായി­കള്‍ ഇല്ലാ­താ­ക്കി­ക്കൊ­ണ്ടി­രി­ക്കുന്ന ഈ കാലത്ത് ഗോപന്‍ ആ വംശ­ത്തിലെ അവ­സാന കണ്ണി­ക­ളില്‍ ഒന്നായിരുന്നു. ഒരു മാധ്യ­മ­സ്ഥാ­പ­ന­ത്തിന്റെ മാധ്യ­മ­ധര്‍മ്മം നട­ത്തേ­ണ്ടതും നിശ്ച­യി­ക്കേ­ണ്ടതും പത്രാ­ധി­പ­സ­മിതി ആണെന്നും മറിച്ച് മാധ്യ­മ­വ്യ­വ­സായിയുടെ കച്ച­വ­ട­-­രാ­ഷ്ട്രീയ താല്‍പ­ര്യ­ങ്ങള്‍ അല്ലെന്നും അറി­യാ­വുന്ന ഒരു പത്രാ­ധി­പര്‍ ആയി­രുന്നു ഗോപന്‍. ഏഷ്യാ­നെറ്റ് നട­ത്തി­പ്പോ­ന്നതും ഈ ആദര്‍ശ­ത്തില്‍ അടി­യു­റ­ച്ചു­കൊണ്ട് തന്നെ­യാ­യി­രു­ന്നു.

ഞാന്‍ അവ­സാ­ന­മായി ഗോപ­നെ­കാ­ണു­ന്നത് കഴിഞ്ഞ വര്‍ഷം ഒക്‌ടോ­ബര്‍ ആദ്യവാരത്തില്‍ ആണ്. അദ്ദേഹം രോഗി­യാ­യി­രു­ന്നു. ചികി­ത്സ­യില്‍ ആയി­രു­ന്നു. ക്ഷീണി­തനും ആയി­രു­ന്നു. കണ്ണാടി വീണ്ടും തുട­ങ്ങി­യി­രു­ന്നു. കലാ­കൗ­മു­ദി­യിലെ ഭശംഖു­മുഖം’ എന്ന ആഴ്ചാ­പം­ക്തിയും വീണ്ടും തുട­ങ്ങി­യി­രു­ന്നു. സംസാരം കഴിഞ്ഞ് യാത്ര പറഞ്ഞ് ഇറ­ങ്ങു­വാന്‍ നേരത്ത് ഗോപന്‍ സീറ്റില്‍ നിന്നും എഴു­ന്നേ­റ്റു. എന്റെ കൂടെ ക്യാബിന്റെ വാതില്‍ വരെ അനു­ഗ­മി­ച്ചു. അദ്ദേഹം പറഞ്ഞു: ഹെദര്‍(­ഭാ­ര്യ) വീട്ടില്‍ ഇല്ല. അല്ലെ­ങ്കില്‍ ഉച്ച­ഭ­ക്ഷണം വീട്ടില്‍ ആകാ­മാ­യി­രു­ന്നു. ഞാന്‍ പറഞ്ഞു: ഞാന്‍ സക്ക­റി­യാ­യുടെ കൂടെയാണ് താമ­സി­ക്കു­ന്ന­ത്. ഭക്ഷണം അവി­ടെ­യു­ണ്ട്. പിരി­യു­വാന്‍ നേരത്ത് കൈകൊ­ടു­ക്കു­മ്പോള്‍ ഞങ്ങള്‍ കണ്ണില്‍ കണ്ണില്‍ നോക്കി. എന്റെ മന­സ്സി­ലൂടെ അപ്പോള്‍ മിന്നി­മ­റഞ്ഞ ചോദ്യം ഇതാ­യി­രു­ന്നു. നമ്മള്‍ ഇനിയും കാണുമോ? ഗോപന്റെ മുഖവും ഗൗരവം നിറ­ഞ്ഞ­താ­യി­രു­ന്നു. ഞങ്ങള്‍ അവി­ടെ­വെച്ച് പിരി­ഞ്ഞു. ഇല്ല, ഇനി ഒരി­ക്കലും കാണു­ക­യില്ല ഗോപന്‍ നമ്മള്‍.

ഗോപന്‍ മരിച്ച ദിവസം സിനി­മാ­താരം മമ്മൂട്ടി ഏഷ്യാ­നെ­റ്റില്‍ പറ­യു­ക­യു­ണ്ടായി ഗോപന്‍ മല­യാള ദൃശ്യ­-­മാ­ധ്യ­മ­ത്തിലെ ആദ്യത്തെ താരം ആയി­രു­ന്നു­വെ­ന്ന്. ശരി­യാ­ണ­ത്. ആ നക്ഷത്രം ഇന്ന് താരാ­പ­ഥ­ത്തില്‍ ചേര്‍ന്നി­രി­ക്കു­ന്നു. അന്തി­മാ­ഭി­വാ­ദ്യ­ങ്ങള്‍ ഗോപന്‍.
ഒരു നല്ല മാധ്യ­മ­പ്ര­വര്‍ത്ത­കനും ഒരു നല്ല സുഹൃ­ത്തിനും ­വിട (ദല്‍ഹി കത്ത് - പി.­വി.­തോ­മ­സ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക