Image

നിളയുടെ ആത്മഗതം (കവിത: അജിത് എന്‍. നായര്‍)

അജിത് എന്‍. നായര്‍ Published on 08 February, 2016
നിളയുടെ ആത്മഗതം (കവിത: അജിത് എന്‍. നായര്‍)
ഞാനാണ് നിള, ജീവിക്കുന്നിന്നും
നിങ്ങളില്‍ ചിലര്‍ തന്‍ ഉള്ളില്‍ മാത്രം
മൃത്യു പുല്‍കി ചിരകാലമായി
ആത്മഹത്യയല്ലെന്നതോര്‍ക്കണം

ഞാനാണ് നിള, സൗന്ദര്യധാമം
മാമാങ്കവേല നടക്കും നാളില്‍
വള്ളുവനാടിന്റെ ചാവേര്‍പട
നീന്തുത്തുടിച്ചിരുന്നതെന്നിലും

ഞാനല്ലേ ആ നിള ഓര്‍മ്മയില്ലേ
കാമുകഹൃദയങ്ങളില്‍ ഒഴുകി
രാസലീലകള്‍ പാടാതെ പാടി
താളമേളശ്രുതി ഭാവമോടെ

ഞാനാണ് നിള കവിമനസ്സില്‍
പ്രാണനായി കുടികൊണ്ടവളും
ദാഹമായി ഊര്‍ന്നിറങ്ങിയതും
മോഹമായി പ്രതിദ്ധ്വനിച്ചതും

ഞാന്‍ തന്നെയല്ലെ നിള പട്ടിണി-
ക്കോലങ്ങള്‍ക്കു മത്സ്യമെന്നും നല്‍കി
തൊണ്ടവരണ്ടപ്പോള്‍ ജലമേകി
ദാഹിക്കുന്നവര്‍ക്കാശ്വാസമായി

ഞാന്‍ തന്നെയാ നിള മണലിനാ
യെന്നെ പിച്ചിച്ചീന്തിയതു നിങ്ങള്‍
എന്‍ നാഭിയില്‍ കട്ടപ്പാരയാഴ്ത്തി
എന്‍ മാറില്‍ വണ്ടി കേറ്റിയിറക്കി

ഞാനൊരു പാവമാം നിളയല്ലേ
ഗംഗയോ ബ്രഹ്മപുത്രയോ അല്ല
യൗവ്വന സ്വപ്നങ്ങള്‍ നെഞ്ചിലേറ്റി
നിര്‍മ്മലയായൊഴുകിയെന്നുമേ

എന്തിനെന്നെ ബലാത്കാരം ചെയ്തു
എന്തിനെന്നെക്കൊല്ലാതെ കൊന്നതും
നിങ്ങള്‍ക്കു വേണ്ടതെല്ലാം നല്‍കി ഞാന്‍
എന്നിട്ടുമെന്നെ വെറുതെ വിട്ടോ?

പാലക്കാടിനു പൊള്ളുന്നതെന്തേ?
പാടശേഖരം വരളുന്നെന്തേ?
എന്നെയെന്നും ഓര്‍ക്കുക നിങ്ങളും
ഞാന്‍ നിള ഞാന്‍ തന്നെ രക്തസാക്ഷി!

സ്മാരകം വേണം ഉടനെ തന്നെ,
മന്ത്രിയാല്‍ വേണം അനാവരണം,
ആരവം വേണം മാമാങ്കം വേണ്ട
കണ്ണീര്‍ പോലുമില്ലെനിക്കു തരാന്‍
നിളയുടെ ആത്മഗതം (കവിത: അജിത് എന്‍. നായര്‍)
Join WhatsApp News
വിദ്യാധരൻ 2016-02-08 08:19:18
,മനസിലാക്കുന്നു നിൻ ഗദ്ഗതം 'നിളെ '
എകയല്ല നീ,  കൂട്ടിനുണ്ട് ഞങ്ങളും, 
പമ്പയും പെരിയാറും വേമ്പനാട്ടു കായലും 
വെമ്പികരയുന്നു ആര് കേൾക്കാൻ .
ഉണ്ടായിരുന്നൊരു കാലം ഞങ്ങൾക്കും 
നിന്നെപ്പോലെ ആടിപാടി ഒഴികിയ കാലം 
കവികൾ കാമുകർ കവിത രചിച്ചിരുന്നു 
കമിതാക്കൾ പുളിനങ്ങളിൽ പുണർന്നു നിന്ന് 
തെന്നലും ഞങ്ങളും ചേർന്നവർക്കായി 
കുളിർകാറ്റിൻ വെൺഞ്ചാമരം വീശി .
'പർവ്വത നിരയുടെ പനിനീരായ' പെരിയാറും 
'പുണ്യനദിയായ പമ്പയും' മണൽ മാന്തു -
കാരുടെ നഖക്ഷതമേറ്റ് പുണ്ണ് പിടിച്ചു, 
മലവിസർജ്ജനവും, മാലിന്യവും 
കൂട്ടികുഴച്ച , പ്ലാസ്റ്റിക് കൂട് കണ്ഠത്തിൽ കുടുങ്ങി 
രക്തം ശ്രവിച്ചു ഇഞ്ചിഞ്ചായി മരിക്കുന്നു ഞങ്ങൾ 
ഞങ്ങളുടെ നിത്യസഹചാരികളായ തരുക്കളും 
പച്ചിലചാർത്തുകളേയും വിടുന്നില്ല മർത്ത്യൻ വെറുതെ
കച്ചവടത്തിന്റെ കാക്കകണ്ണുകൾ അവരുടെ വീണുകഴിഞ്ഞു 
ഒരിക്കൽ ഞങ്ങളെ പാടി സ്തുതിച്ചിരുന്നവർ 
കറങ്ങുന്നു മഴുവുമായി, കഴുത്തറക്കാൻ,
ഞങ്ങൾക്ക് താങ്ങും തണലുമായ വനം കൊള്ള ചെയ്യാൻ 
ഞങ്ങളുടെ തീരങ്ങളെ വിമാന താവളമാക്കാൻ 
അവർക്ക് കൂട്ട് നില്ക്കുന്നു സാഹിത്യകാരന്മാരുടെ -
മൂട്പടമണിഞ്ഞ അമേരിക്കയിലെ മാഫിയാമാർ.
ഇന്ന് നീ ഞങ്ങൾക്കായി തീർത്തത് കവിതയല്ല 'കവേ '
അത് നിളയുടേയും പമ്പയുടേം, പെരിയാറിന്റെം 
സമയമാം രഥ ത്തിൽ യാത്ര ചെയ്യും
നദികൾക്കായി, കായിലാനായി നീ കുറിച്ച ചരമ ഗീതമാണ്‌
നന്ദി കാവേ . ഓർത്തല്ലോ ഞങ്ങളെ അന്ത്യശ്വാസം വലിച്ച് 
കാലിഴഞ്ഞു ഒലിച്ചൊലിച്ച് ഒഴുകും ഞങ്ങളെ 
 

John Philip 2016-02-08 13:54:36
ശ്രീ വിദ്യാധരന്റെ കമന്റ് കവിത 
അജിത്തിന്റെ കവിതയെ കടത്തി വെട്ടി.
ശ്രീ വിദ്യാധരൻ കവിയാണ്‌, നിരൂപകനാണ്,
ലേഖകനാണ്, കഥാകൃത്താണ്, ആക്ഷീപഹാസ്യം
കുറിക്കുകൊള്ളും വിധം തൊടുക്കാൻ വിരുദനാണു.
ആരാണു ഹേ താങ്കൾ? ആരും ആവട്ടെ 
താങ്കൾക്ക് നന്മകൾ.
Ravindran 2016-02-09 08:45:04
പ്രതികരണ ശേഷി നഷ്ടപ്പെട്ടവർക്ക് ഒരു വഴി കാട്ടിയാണ് വിദ്യാധരൻ.  മിക്കവരും സുഹൃത്തുക്കളായ എഴുത്തുകാരുടെ അനിഷ്ടം വെറുതെ നേടണ്ട എന്ന ചിന്തയിൽ മിണ്ടാതെ ഇരുന്നു എഴുതി വിടുന്ന ചവറുകൾ മുഴുവൻ വെട്ടി വിഴുങ്ങുമ്പോൾ, വിദ്യാധരൻ നല്ലതിനെയും ചീത്തെയെയും വേർതിരിച്ച് ഉചിതമായ മറുപടി കൊടുക്കുന്നു.  അമേരിക്കയിൽ അജ്ഞാതനായി ഇരുന്നു എറിഞ്ഞാലെ ചില ര്ക്ക് എല്ക്കുകയുള്ള്.  ഒരു പക്ഷെ വിദ്യാധരൻ ചെഗുവരെയുടെ നാട്ടിൽ നിന്നുല്ലവനായിരിക്കും?  വിദ്യാധരനെ പിടിക്കാൻ ഇറങ്ങി തിരിച്ചിട്ട് എന്തായി?   പൊന്നാടെം ഫലകോം കൊണ്ട് മലയാള സാഹിത്യം കുളമാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ.  എല്ലാം ഒന്ന് പൊളിച്ചു എഴുതു എന്റ വിദ്യാധരൻ സഖാവേ?  ജോൺ ഫിലിപ്പ് പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു .  വിദ്യാധരനെപ്പോലെ ഒരാളെ  ഇ-മലയാളിയിൽ ആവശ്യമാണ്‌.  ഞാനും എല്ലാ നന്മകളും നേരുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക