Image

കരുണയുള്ള മാലാഖമാരുടെ തൊഴില്‍ കാരുണ്യം കിട്ടാതലയുന്നോ?

ജോസ് കാടാപുറം Published on 24 January, 2012
കരുണയുള്ള മാലാഖമാരുടെ തൊഴില്‍ കാരുണ്യം കിട്ടാതലയുന്നോ?
മറ്റൊരു തൊഴിലും കിട്ടാതായപ്പോഴാണോ കേരളത്തിലെ കുട്ടികള്‍ നേഴ്‌സിംഗ് രംഗം തിരഞ്ഞെടുത്തത് എന്ന് തോന്നി ഈ അടുത്തനാളുകളിലായി ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന സ്റ്റാഫ് നേഴ്‌സുമാര്‍ അനുഭവിക്കുന്ന യാതനകള്‍ കേള്‍ക്കുമ്പോള്‍ ; സാക്ഷര കേരളത്തില്‍ ഈ ചൂഷണം വ്യാപകമായ തോതില്‍ നടക്കുകയാണ് എന്നിട്ടും ഈ രംഗത്ത് ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ സംഘടിച്ച് തുടങ്ങിയത് ആശ്വാസമേകി. മാത്രമല്ല നേഴ്‌സുമാരുടെ മാതാപിതാക്കളുടെ സംഘടന നിലവില്‍ വന്നതാണ് മറ്റൊരു വലിയ ശ്രദ്ധേയമായ കാര്യം. കേരളത്തിലെ മിക്ക സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന നേഴ്‌സുമാര്‍ക്ക്(12 മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ)ഒരു ദിവസം കിട്ടുന്നത് 50 രൂപ മുതല്‍ 100 വരെയാണ്. എന്നാല്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം തന്നെ കഷ്ടിയുള്ള കാര്‍പെന്റര്‍ക്കും, മരം കയറുന്നവര്‍ക്കും, മെക്കാട് പണിക്കാര്‍ക്കും കിട്ടുന്നത് 300 രൂപ മുതല്‍ 700 രൂപ വരെയാണ്!!! എന്നിട്ടും നമ്മള്‍ കുട്ടികളെ നേഴ്‌സിംഗ് രംഗത്തേയ്ക്ക് പറഞ്ഞു വിടുന്നത് വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാദ്ധ്യതയും വര്‍ദ്ധിച്ച വേതനവുമാകാം. എന്നാല്‍ ഇവിടെ 2005ന് ശേഷം പ്രത്യേകിച്ചു യു.എസ്സില്‍ നേഴ്‌സ് വിസാ ഇഷ്യൂ ചെയ്യാത്തതും, ഗള്‍ഫിലെ സാദ്ധ്യത കുറയുകയും ചെയ്തപ്പോള്‍ നേഴ്‌സ്മാര്‍ക്ക് ഇന്‍ഡ്യയില്‍ തന്നെ തൊഴില്‍ കണ്ടെത്തേണ്ടതായി വന്നു.

സ്വകാര്യ ആശുപത്രികള്‍ ബോണ്ട് സംമ്പ്രദായത്തിന്റെ പിന്‍ബലത്തില്‍ നടക്കുന്ന ചൂഷണം ചോദ്യം ചെയ്യപെടേണ്ടതാണ്. ആതുരാലയങ്ങള്‍ സേവനം കൈവിട്ടും കച്ചവടംമായപ്പോള്‍ സാമ്പത്തിക ചൂഷണവും തൊഴില്‍ ചൂഷണവും അതിന്റെ ഭാഗമായി…നിവര്‍ത്തിയില്ലാതെ നേഴ്‌സുമാര്‍ അവകാശ സമരങ്ങളുമായി തൃശ്ശൂര്‍ , കൊല്ലം, എറണാകുളം എന്നിവടങ്ങളിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ സമരങ്ങളുമായി രംഗത്ത് വന്നപ്പോഴാണ് ഈ രംഗത്തെ വമ്പിച്ച ചൂഷണം പൊതുജനം മനസ്സിലാക്കി തുടങ്ങിയത്. മൂന്ന് ഷിഫ്റ്റ് ഡ്യൂട്ടി രണ്ടാക്കിയതും ഒരു ഷിഫ്റ്റ് ചെയതവരെ അതേ ഷിഫ്റ്റിലെ ജോലിക്ക് നിര്‍ബന്ധിക്കുകയും ചെയ്തതിന്റെ കഥകള്‍ എല്ലാം പുറത്ത് വരുന്നു. കാരുണ്യത്തിന്റയും, സ്‌നേഹത്തിന്റെയും, ശാന്തിയുടെ പ്രഘോഷകരായ മത-സമുദായ സ്ഥാപനങ്ങളില്‍ നിന്നും, ആള്‍ ദൈവങ്ങളായ അമ്മമാരുടെ സ്ഥാപനങ്ങളിലുമാണ് ഇത്തരം കൊടിയ ചൂഷണങ്ങള്‍ കേരളത്തില്‍ കൂടുതലായി കാണുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ 2009-ഡിസംബര്‍ 16ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ സ്വകാര്യമേഖലയിലെ നേഴ്‌സുമാര്‍ക്ക് മിനിമം ശമ്പളം പറഞ്ഞതിന്റെ കാല്‍ ഭാഗം പോലും ശമ്പളം സ്വകാര്യ ആശുപത്രികളിലെ മാനേജ്‌മെന്റുകള്‍ നേഴ്‌സുമാര്‍ക്ക് കൊടുക്കുന്നില്ല…സര്‍ക്കാര്‍ പറയുന്ന കുറഞ്ഞ ഫീസ് മേടിച്ച് നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് പ്രവേശനം കൊടുക്കണമെന്നാണ് ഗവണ്‍മെന്റ് പറഞ്ഞിട്ട്, തോന്നിയ ഫീസ് വാങ്ങി പ്രവേശനം കൊടുത്തിട്ട്, കോടതിയില്‍ വലിയ വക്കീലിനെ വച്ച്, വാദിച്ച് വിധി വാങ്ങി സര്‍ക്കാരിനെ തോല്പിക്കുന്ന അതേ സമുദായ പ്രമാണിമാര്‍ തന്നെയാണ് ഈ സ്വകാര്യ ആശുപത്രികളില്‍ പാവപ്പെട്ട നേഴ്‌സുമാര്‍ക്ക് ഒരു കൂലി പണിക്കാരന്റെ ശമ്പളം പോലും നല്‍കാത്തത് എത്ര നിഷേധാത്മക നയമാണ്.

കേരളത്തിലെ പല ആശുപത്രികളിലും സെക്യൂരിറ്റി ജീവനക്കാര്‍ എന്ന പേരില്‍ നിര്‍ത്തിയിരിക്കുന്നത് ക്വട്ടേഷന്‍ ഗുണ്ടാസംഘങ്ങളെയാണ്. നേഴ്‌സുമാരെ വിരട്ടാനും നിശബ്ദരാക്കാനും ഉപയോഗിക്കുന്നത് ഈ ഗുണ്ടകളെ ഉപയോഗിച്ചാണ്. ഇവര്‍ പ്രതിഷേധിക്കുന്ന നേഴുമാരെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നു. തൊഴില്‍ മന്ത്രി നേഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പ് വരുത്തണമെന്ന് പ്രഖ്യാപിച്ചിട്ട് സ്വകാര്യ ആശുപത്രിക്കാര്‍ പുല്ലുവില കല്പിച്ചില്ല!!! ഈ ചുഷണത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്ന ചില മലയാളികള്‍ നമ്മുക്ക് ആത്മവിശ്വാസം പകരുന്നുണ്ട്…ഫിലാഡല്‍ഫിയയില്‍ നിന്നുള്ള വിന്‍സെന്റ് ഇമ്മാനുവലും കുടുംബവും ഇക്കൂട്ടത്തില്‍ ശ്രദ്ധേയരാണ്. വിവാഹം കഴിച്ചതിന്റെ പേരില്‍ നേഴ്‌സിംഗ് പഠനം നിഷേധിച്ചവര്‍ക്ക് പഠനം തുടരുന്നതിനുള്ള അനുമതി ഹൈക്കോടതിയെ സമീപിച്ച് വിധി സംമ്പാദിച്ച് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുക്കിയത് കൂടാതെ നഴ്‌സിംഗ് രംഗത്തെ ചൂഷണത്തിനെതിരെ വിന്‍സന്റ് ഇമ്മാനുവലും കുടുംബവും പോരാടുന്നത് അഭിനന്ദനീയമാണ്. കൂടാതെ ഫോമാ പ്രസിഡന്റ് ബേബി ഊരാളിന്‍, ഫൊക്കാന പ്രസിഡന്റ് കറുകപള്ളി ഇവര്‍ നിരന്തരം കേരള
ത്തിലെ നേഴ്‌സിംഗ് രംഗത്തുള്ള ചൂഷണത്തെ എതിര്‍ക്കുന്നവരാണ്.

സ്വകാര്യ ആഢംബര ആശുപത്രികള്‍ ഒന്നു മനസ്സിലാക്കണം മഹത്തായ നേഴ്‌സിംഗ് ജോലി അടിമപണിയല്ലെന്നോര്‍ക്കണം, മാത്രമല്ല നിര്‍ബന്ധിത കരാറായി മാറുന്ന ബോണ്ടിന്റെ പേരു പറഞ്ഞ് സര്‍ട്ടിഫിക്കറ്റുകള്‍ പിടിച്ചു വയ്ക്കുന്നത്, തൊഴില്‍ നിയമലംഘനവും, മനുഷ്യാവകാശ ലംഘനവുമാണെന്നോര്‍ക്കുക, യാതൊരു സുരക്ഷിതത്വവുമില്ലാത്ത സാക്രമിക രോഗികള്‍ക്കിടയില്‍ ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന സാഹചര്യത്തില്‍ , കുറഞ്ഞ വരുമാനത്തില്‍ , ആശുപത്രി ഉടമകളില്‍ നിന്നുള്ള നിര്‍ദയമായ പെരുമാറ്റത്തില്‍ ഇതിനൊക്കെ അറുതി വരുത്തി കരുണയുള്ള ഈ മാലാഖമാരുടെ തൊഴില്‍ കാരുണ്യ കൊടുത്ത് സംമ്പുഷ്ടമാക്കാന്‍ പൊതുസമൂഹം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
കരുണയുള്ള മാലാഖമാരുടെ തൊഴില്‍ കാരുണ്യം കിട്ടാതലയുന്നോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക