Image

'മഴയോര്‍മ്മ പുസ്തകം' - (വലന്റയിന്‍ ദിനം: കവിത: ബിന്ദു ടിജി)

ബിന്ദു ടിജി Published on 12 February, 2016
'മഴയോര്‍മ്മ പുസ്തകം' - (വലന്റയിന്‍ ദിനം: കവിത: ബിന്ദു ടിജി)
എഴുതുക നീയെന്നോര്‍മ്മ
പുസ്തകത്തിലിരുവരി 
ഒട്ടും വൈകാതെയിന്ന്
നമ്മുടെ കരളിലെ കനവും
മിഴിയിലെയൊരേ മോഹവും
ചെറു കിളിയുടെ കനിവുള്ള പാട്ടും
മൗനമായെന്നോട് മൂളുന്നോരീരടി
 
ഇരു കയ്യാലെ കനല്‍ കോരി  ഭുജിച്ചും
തീമുള്ളിന്റെ മീതെയും
കൊടും കാട്ടിലും കരിമേഘത്തിന്‍ കീഴിലും
ദൂരമേറെ നടന്നു കാല്‍ കുഴഞ്ഞു  
ഞാനിത്തിരി തണല്‍ തേടി
വഴിവക്കിലെ മാമരച്ചോട്ടിലിരിക്കേ
മഴ മറന്നു വെച്ച മോഹമുത്തുകള്‍
പതിയെയിലകളിളകിയെന്‍ നെറുകയില്‍ ചാര്‍ത്തും
അന്നു നിന്‍ മുഖാംബുജ  സ്മിതമെന്റെ
ചിന്തയിയിലാനന്ദ ദീപം കൊളുത്തും
പാഴ്ക്കരിങ്കല്ലായി മാറാന്‍ തുടങ്ങുമെന്‍
ഹൃത്തില്‍ പിന്നെയും പൂത്തു
വിരിയുമപൂര്‍വ്വ  സുന്ദരത്താരക പൂക്കള്‍
തൂ മധു കിനിഞ്ഞൂറും കളിപ്പൊയ്ക
യായ് മാറുമെന്‍ മാനസം വീണ്ടും
  
ഈ ലഘു ജീവിത വീഥിയെ തെളിനീര്‍
നനച്ചു കുളിര്‍പ്പിച്ചു നിത്യവും
തളിര്‍പ്പട്ടുടുപിച്ചു മോഹിനിയാക്കി
യൊരുക്കി കയ്യില്‍ മംഗള ദീപവുമേകി
യിരുളകറ്റും നിറ സൗഹൃദത്തിങ്കളേ
നാം തമ്മില്‍ പിരിയുവാനില്ല നിമിഷങ്ങളേറെ
യതാകയാല്‍ നീയോര്‍ത്തു കുറിയ്ക്കുകയിരുവരി
യെന്നോര്‍മ്മ പുസ്തകത്താളില്‍ 
നമ്മുടെ കരളിലെ കനവും
മിഴിയിലെ സമ മോഹവും
ചെറു കിളിയുടെ കനിവുള്ള പാട്ടും
മൗനമായെന്നോട് മൂളുന്നോരീരടി

'മഴയോര്‍മ്മ പുസ്തകം' - (വലന്റയിന്‍ ദിനം: കവിത: ബിന്ദു ടിജി)
Join WhatsApp News
Anthappan 2016-02-12 08:08:03
കാവ്യകലയുടെ അതിസൂക്ഷ്മ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടികൊണ്ടുപോകുന്ന ഒരു കവയിത്രിയാണ് ശ്രീമതി ബിന്ദു.  ജീവിതയാത്രയിൽ ,
              " കനൽക്കോരി  ഭുജിച്ചും 
              തീമുള്ളിന്റെ മീതെയും 
              കൊടും കാട്ടിലും കരിമേഘത്തിൻ കീഴിലും 
               ദൂരെമേറെ നടന്നു കാൽക്കുഴഞ്ഞു "  

മരത്തണലിൽ ഇരിക്കുമ്പോൾ ശിരസ്സിൽ വീണു മുഖത്തിലൂടെ ഊർന്നു താഴേക്ക് പോകുന്ന ' മഴ മറന്നുവച്ച മോഹമുത്തുകൾക്ക്'  ജീവിതപ്രയാണത്തിലെ തിക്താനുഭവങ്ങൾക്ക്  സ്മൃതിഭ്രംശം ഉണ്ടാക്കി ആനന്ദം പകരാൻ കഴിയുമെങ്കിൽ, ശ്രീകുമാരാൻതമ്പിയുടെ മനോഹര കവിതയിലെപ്പോലെ , " ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാൻ ഒരാവണി തെന്നലായി മാറിയേനെ "

നല്ലൊരു കവിതയ്ക്ക് അഭിനന്ദനം !

വായനക്കാരൻ 2016-02-12 21:34:48
അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതിഃ
യഥാസ്മൈ രോചതേ വിശ്വം
തഥേദം പരിവര്‍ത്തതേ
അനന്തമായ ഈ കാവ്യസംസാരത്തില്‍ ഒരേയൊരു സ്രഷ്ടാവേയുള്ളു- കവി. അദ്ദേഹം ആഗ്രഹിക്കുംപോലെ ഈ ലോകം ചുറ്റിത്തിരിയുന്നു. 
ഒരു പരകായപ്രവേശത്തിലൂടെന്നപോലെ ബിന്ദു വായനക്കാരനെ കവിതയുടെ അകത്താരിലൂടെ കൈപിടിച്ച് നടത്തിക്കുന്നതിൽ വിജയിക്കുന്നു. വായിൽ തോന്നുന്നത് കവിതയെന്ന പേരിൽ എഴുതി അവാർഡു വാങ്ങുന്നവർ  ശ്രദ്ധിക്കുക.
ആരാണാവോ  anthappan-ലൂടെ പരകായപ്രവേശം നടത്തി കമന്റെഴുതിയത്!
Anthappan 2016-02-13 08:33:15
Some of the theologians are unleashing there power against me. But what they intended for bad turned out to be for good. I like the commend and the poetess deserves it.  But at the same time a holistic warfare is in the horizon 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക