Image

കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ 1931 കോടി രൂപയുടെ പുതിയ പദ്ധതികള്‍..ഇവയിലെത്ര നടപ്പായി?: ഡോ:ടി.എം.തോമസ്‌ ഐസക്

Published on 12 February, 2016
കഴിഞ്ഞ  ബജറ്റ് പ്രസംഗത്തില്‍ 1931 കോടി രൂപയുടെ പുതിയ പദ്ധതികള്‍..ഇവയിലെത്ര നടപ്പായി?: ഡോ:ടി.എം.തോമസ്‌ ഐസക്
കഴിഞ്ഞ വര്‍ഷം ബജറ്റ് പ്രസംഗത്തില്‍ 1931 കോടി രൂപയുടെ പുതിയ പദ്ധതികള്‍ കെ എം മാണി പ്രഖ്യാപിച്ചു. അംഗീകൃത പദ്ധതിയില്‍ ഉള്‍ക്കൊളളിച്ചിരുന്ന പരിപാടികള്‍ക്കു പുറമെയായിരുന്നു കൈയടി ലക്ഷ്യമിട്ടുളള ഇത്തരം പ്രഖ്യാപനങ്ങള്‍. ഇവയിലെത്ര നടപ്പായി? വട്ടപ്പൂജ്യം എന്നായിരിക്കും ഉത്തരം.

ഏറ്റവും വലിയ പ്രഖ്യാപനം കേരള ഇന്‍ഫ്രാ സ്ട്രക്ചര്‍ ഫണ്ടിന് 2000 കോടി രൂപ വകയിരുത്തിയതാണ്. ഈ തുക മൂലധനമായി ഉപയോഗപ്പെടുത്തി 25000 കോടി രൂപ ബോണ്ടിറക്കി സമാഹരിക്കും എന്നാണ് പറഞ്ഞിരുന്നത്. ഒരു പൈസ പോലും ഇതുവരെ ഈ ഫണ്ടിലേയ്ക്കു നല്‍കിയിട്ടില്ല. ഇന്‍ഫ്രാസ്ട്രക്ചര്‍ ബോണ്ടുമില്ല. (കൂട്ടത്തില്‍ ഒരു കാര്യവും കൂടി പറ‍യട്ടെ, 1931 കോടി രൂപയുടെ അധികച്ചെലവ് പ്രഖ്യാപിച്ചിട്ട് രണ്ടായിരം കോടി രൂപ ഒരിനത്തില്‍ മാത്രം നല്‍കുന്നത് എങ്ങനെയെന്ന് എനിക്കിതുവരെ പിടികിട്ടിയിട്ടില്ല).

കൃഷിയ്ക്കാണ് പിന്നെ വാരിക്കോരി പ്രഖ്യാപനങ്ങള്‍ നല്‍കിയത്. റബ്ബര്‍ സംഭരണത്തിന് 300 കോടി രൂപ. പിന്നീട് 200 കോടി കൂടി അനുവദിച്ചു. പക്ഷേ, ആകെ ചെലവാക്കിയത് 92 കോടി രൂപ.
നെല്ലു സംഭരണത്തിന് ഒരാഴ്ചയ്ക്കുളളില്‍ പണം നല്‍കാന്‍ 300 കോടി വകയിരുത്തി. സംഭരണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞാണ് കുറച്ചുപേര്‍ക്കെങ്കിലും പണം കിട്ടിയത്.
കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പയ്ക്കായി 125 കോടി വകയിരുത്തി. ഈ സ്കീമേ ആരംഭിച്ചിട്ടില്ല.

നീരയ്ക്ക് മൊത്തത്തില്‍ 30 കോടിയാണ് അധികമായി പ്രസംഗത്തില്‍ പ്രഖ്യാപിച്ചത്. പതിനാലില്‍ രണ്ടു കമ്പനികള്‍ക്കു മാത്രമാണ് എന്‍റെ അറിവില്‍ ധനസഹായം കിട്ടിയത്.

കാര്‍ഷിക സംസ്ക്കരണ വ്യവസായങ്ങള്‍ക്കുളള സബ്സിഡിയായി 20 കോടി രൂപ, സുഗന്ധ വ്യജ്ഞന കൃഷിയ്ക്ക് 20 കോടി രൂപ, ഇവയൊന്നും യാഥാര്‍ത്ഥ്യമായില്ല.
മറ്റൊരു തമാശ, എല്ലാവര്‍ക്കും വീടു നല്‍കാനുളള പരിപാടിയാണ്. ഐഎവൈ വഴി ഏതാണ്ട് 55000 വീട് ഒരു വര്‍ഷം നല്‍കുന്നുണ്ട്. ഇതിന് വീടൊന്നിന് അധികമായി പഞ്ചായത്തുകള്‍ക്ക് 50000 രൂപ വീതം നല്‍കുമെന്നു പറഞ്ഞത് നടപ്പാക്കാന്‍ പറ്റാത്തതുകൊണ്ട് ഈ പദ്ധതിയാകെ പൊളിഞ്ഞു കിടക്കുകയാണ്. അപ്പോഴാണ് ഹൗസിംഗ് ഫണ്ടിന് 162 കോടിയും സംയോജിത ഭവനപദ്ധതിയും 180 കോടി രൂപയും പഞ്ചായത്തില്‍ ഓരോ വാര്‍ഡിലും ഓരോ വീടു വീതം നല്‍കാന്‍ 110 കോടി രൂപയും ഗൃഹശ്രീ ഹൗസിംഗ് പദ്ധതിയ്ക്ക് 10 കോടി രൂപയും വകയിരുത്തിയത്. ഇതിന് പണം കണ്ടെത്താന്‍ ലിറ്ററിന് ഒരു രൂപ പെട്രോളിന് സെസും ഏര്‍പ്പെടുത്തി. 482 കോടി പിരിഞ്ഞത് വക മാറ്റി. മേല്‍പ്പറഞ്ഞ ഒരു സ്കീമും നടപ്പായില്ല.
കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ 50 കോടി രൂപ, കോംപ്രിഹെന്‍സീവ് മിഷന്‍ ഓണ്‍ എംപ്ലോയ്മെന്‍റ് ജെനറേഷന്‍ 25 കോടി രൂപ, സ്റ്റാര്‍ട്ട് അപ്പ് പെര്‍ഫോമന്‍സ് ലിങ്ക്ഡ് സപ്പോര്‍ട്ട് സ്കീം 22 കോടി രൂപ, യുവാക്കളുടെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അമ്പതു കോടി രൂപ, എല്‍ഡര്‍ സിറ്റിസണ്‍സ് കെയര്‍ പ്രോഗ്രാമിന് 50 കോടി രൂപ ഇങ്ങനെ നീളുന്നു, പ്രഖ്യാപനപ്പട്ടിക.
ഒന്നു കൂടി, സമ്പൂര്‍ണ ആരോഗ്യ കേരളം എന്നൊരു പദ്ധതിയ്ക്ക് 500 കോടി രൂപയാണ് വകയിരുത്തിയത്. ഇതിലെ ഗണ്യമായ പങ്ക് നിലവിലുളള സ്കീമുകള്‍ സംയോജിപ്പിച്ച് കണ്ടെത്തേണ്ടതാണ് എന്നു വേണമെങ്കില്‍ വാദിക്കാം. അങ്ങനെയെങ്കില്‍ പണത്തിന് ബുദ്ധിമുട്ടുണ്ടാകേണ്ടതില്ല. പക്ഷേ, കഴിഞ്ഞ ജനുവരി അവസാനം മാത്രമാണ് ഇതു സംബന്ധിച്ചുളള മാര്‍ഗനിര്‍ദ്ദേശം പോലും പുറത്തിറങ്ങിയത്.

ഇത് നടപ്പുവര്‍ഷത്തെ കാര്യം മാത്രം. 2014-15 എടുത്താലും ഇതു തന്നെയാണ് സ്ഥിതിവിശേഷം. ബജറ്റ് ഒരു പ്രഹസനമായി മാറിയിരിക്കുന്നു. ദിവസം മുഴുവന്‍ ബജറ്റ് സംബന്ധിച്ച ചാനല്‍ ചര്‍ച്ചകളായിരുന്നു . എനിക്ക് കാലത്ത് മുതല്‍ സംശയം തോന്നിയിരുന്നുവെങ്കിലും പറയാന്‍ ധൈര്യപ്പെടാതിരുന്ന ഒരു ബജറ്റ് തരികിടയ്ക്ക് വ്യക്തത റിപ്പോര്‍ട്ടര്‍ ചാനലിലെ അവസാന ചര്‍ച്ചയില്‍ നിന്നും ലഭിച്ചു. ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്ന വാര്‍ഷിക പദ്ധതി 24,000 കോടി രൂപയുടേതാണ്. പക്ഷേ, യഥാര്‍ത്ഥത്തില്‍ 22,000 കോടിക്കുള്ള വിഭവ സ്രോതസ്സുകളെയുള്ളൂ. 2,000 കോടി രൂപ വിഭവ സ്രോതസ്സിനെക്കുറിച്ച് ഒരു ഉറപ്പുമില്ലാതെ കൂട്ടി വച്ചിട്ടുള്ളതാണ്. 2015-16 ല്‍ പദ്ധതി അടങ്കല്‍ വര്‍ദ്ധിപ്പിക്കുകയുണ്ടായില്ല. 2016-17 ലും അടങ്കലില്‍ വര്‍ദ്ധന ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ നാണക്കേടായിരിക്കും. ഇതിന് കണ്ടെത്തിയ ഉപായമാണ് വിഭവ സാധ്യതയില്ലെങ്കിലും പദ്ധതി അടങ്കല്‍ 2,000 കോടി രൂപ കൂട്ടി വച്ചത്.

പ്ലാനിംഗ് ബോര്‍ഡംഗം സി.പി ജോണ്‍ ഇത് സമ്മതിച്ച് തരാന്‍ തയ്യാറായിരുന്നില്ല. പക്ഷേ, തെളിവുകള്‍ക്ക് മുന്നില്‍ അദ്ദേഹത്തിന് നിശബ്ദനാകേണ്ടി വന്നു . തെളിവിതാണ്, വാര്‍ഷിക പദ്ധതിയുടെ ഒന്നാമത് വാല്യത്തില്‍ മൂന്നാമത്തെ പേജില്‍ വാര്‍ഷിക പദ്ധതിയുടെ ധനസമാഹരണ രീതി സംബന്ധിച്ച പട്ടിക നല്‍കിയിട്ടുണ്ട് . സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയേതര റവന്യു ചെലവ് കഴിഞ്ഞ് റവന്യൂ അക്കൗണ്ടില്‍ മിച്ചം വരുന്ന പണവും കേന്ദ്ര ധനസഹായവും വായ്പയുമാണ് പദ്ധതിക്കുള്ള വിഭവം. ഇതിനനുസരിച്ചേ പദ്ധതിയുടെ അടങ്കല്‍ തീരുമാനിക്കാന്‍ കഴിയൂ. ഇവിടെ പദ്ധതിയേതര മിച്ചം അഥവാ റവന്യൂ അക്കൗണ്ടില്‍ പദ്ധതിക്ക് വേണ്ടിയുളള നീക്കിയിരിപ്പ് (-) 3,319 കോടി രൂപ എന്ന് വ്യക്തമാക്കിയിട്ടുണ്ട് . എന്നാല്‍ ബജറ്റ് കണക്കുകളുടെ സംക്ഷിപ്ത രൂപം നല്‍കുന്ന ബജറ്റ് ഇന്‍ ബ്രീഫ് എന്ന രേഖയിലെ പേജ് എ-3 ല്‍ റവന്യൂ അക്കൗണ്ടില്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള നീക്കിയിരിപ്പായി ചൂണ്ടിക്കാണിച്ചിരിക്കുന്നത് (-). 998 കോടി രൂപയാണ്. വ്യത്യാസം 2321 കോടി രൂപ.

ഇങ്ങനെ ബജറ്റ് രേഖയില്‍ കണക്ക് പദ്ധതി രേഖയിലെ കണക്കില്‍ നിന്ന് ഇത്രമാത്രം എങ്ങനെ വ്യത്യസ്തമാകും എത് വിശദീകരിക്കാന്‍ ഒരു യു.ഡി.എഫ് വക്താവിനും കഴിഞ്ഞില്ല. രണ്ടായിരത്തില്‍പ്പരം കോടി രൂപയുടെ പദ്ധതി വിഭവത്തിന് കുറവണ്ടെങ്കിലും ജി.എസ്.റ്റി നികുതി സമ്പ്രദായം നടപ്പാക്കുമ്പോള്‍ നികത്താനാകും എന്ന പ്രതീക്ഷയാണ് സി.പി ജോണ്‍ പ്രകടിപ്പിച്ചത്. എന്നാല്‍ ഫിനാന്‍സ് ഡിപ്പാര്‍റ്റ്മെന്റിന് ആസൂത്രണ ബോര്‍ഡിന്റെ ശുഭപ്രതീക്ഷയില്ല. വാര്‍ഷിക പദ്ധതി രേഖ തയ്യാറാക്കുത് ആസൂത്രണ ബോര്‍ഡാണ്. ബജറ്റ് ഇന്‍ ബ്രീഫ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റാണ്. ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിലപാടാണ് ശരി എതിന് സംശയം വേണ്ട ഇലക്ഷന്‍ പ്രമാണിച്ച് ഊതി വീര്‍പ്പിച്ചൊരു പദ്ധതിയാണ് നിയമസഭയില്‍ അവതരിപ്പിച്ചിട്ടുള്ള ത്.
കഴിഞ്ഞ  ബജറ്റ് പ്രസംഗത്തില്‍ 1931 കോടി രൂപയുടെ പുതിയ പദ്ധതികള്‍..ഇവയിലെത്ര നടപ്പായി?: ഡോ:ടി.എം.തോമസ്‌ ഐസക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക