Image

സിയാച്ചിനേക്കാളും ഉയരത്തിലുള്ള ബഹുമതി..പക്ഷെ?

അനില്‍ പെണ്ണു­ക്കര Published on 12 February, 2016
സിയാച്ചിനേക്കാളും ഉയരത്തിലുള്ള ബഹുമതി..പക്ഷെ?
 മഞ്ഞുമലയ്ക്കടിയില്‍ ആറു നാള്‍ മരണത്തെ അതിജീവിച്ച ഹനുമന്തപ്പയോട് മരണം വന്നു പറഞ്ഞു.വരൂ പോകാം ..പോകാതെ തരമില്ലല്ലോ .പക്ഷെ  ലാന്‍സ് നായിക്ക് ഹനുമന്തപ്പയെന്ന വീര ജവാനു മുന്നില്‍ സിയാച്ചിനേക്കാളും ഉയരത്തിലുള്ള ബഹുമതി നല്‍കി നാടും രാജ്യവും വിടചൊല്ലി.ആയിരങ്ങള്‍ നിറഞ്ഞ കര്‍ണാടക ദര്‍വാഡിലെ ബെട്ടാദൂര്‍ ഗ്രാമത്തിലെ മൃതദേഹമടക്ക് ചടങ്ങ് ചരിത്രനിമിഷമായി . പൂര്‍ണ സൈനിക, സര്‍ക്കാര്‍ ബഹുമതികളോടെയാണ്. പഞ്ചായത്ത് അനുവദിച്ച പ്രത്യേക സ്ഥലത്താണ് മൃതദേഹം അടക്കിയത്.ഫെബ്രുവരി മൂന്നിനാണ് സമുദ്രനിരപ്പില്‍ നിന്ന് 20,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ ഹനുമന്തപ്പയടക്കമുള്ള പത്തു സൈനികര്‍ മഞ്ഞുമലയ്ക്കടിയില്‍പ്പെട്ടത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ ഹനുമന്തപ്പയെ ജീവനോടെ കണ്ടെത്തുകയായിരുന്നു. പിന്നീട് ഡല്‍ഹിയിലെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.പക്ഷെ നാം ഇപ്പോഴെങ്കിലും ചർച്ച ചെയ്യേണ്ട ഒരു വിഷയമുണ്ട്‌ . 19,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമിയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ അക്ഷരാര്‍ഥത്തില്‍ മരണത്തെ മുന്നില്‍ കാണുന്നവരാണ്. ശത്രു സൈന്യത്തേക്കാള്‍ മൂര്‍ച്ചയോടെയാണ് പ്രകൃതി സൈനികരെ ആക്രമിക്കുന്നത്.

2012 ഏപ്രിലില്‍ പാകിസ്ഥാന്റെ 140 സൈനികര്‍ സിയാച്ചിനിലുണ്ടായ കനത്ത ഹിമപാതത്തില്‍ കൊല്ലപ്പെട്ടിരുന്നു.2003നു ശേഷം സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ലോകത്തെ ഏറ്റവും ഉയര്‍ന്ന യുദ്ധഭൂമിയായ സിയാച്ചിനില്‍ പ്രതികൂല കാലാവസ്ഥ കാരണം ഇരുരാജ്യത്തിനും ആയിരത്തോളം സൈനികരുടെ ജീവന്‍ നഷ്ടമായത് . സൈനികര്‍ക്ക് ടിന്‍ ഭക്ഷണമാണ് എത്തിക്കുന്നത്. മൂന്നു മാസത്തേയ്ക്കുള്ള ഭക്ഷണം ഹെലികോപ്ടറില്‍ ക്യാപിനു മുകളിലെത്തി എറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. അഭയാര്‍ത്ഥികളെ പോലെ സൈനികര്‍ ഭക്ഷണത്തിനായി കാത്തിരിക്കും. സാധാരണ മൂന്നു മാസമാണ് ഒരു ബാച്ച് സൈനികര്‍ സേവനം അനുഷ്ടിക്കുന്നത്. ഒരു സൈനികന് ശമ്പളത്തെ കൂടാതെ അലവന്‍സായി നല്‍കുന്നത് 14000 രൂപയാണ്. കൂടാതെ വസ്ത്രങ്ങളും മറ്റു അനുബന്ധ സാധനങ്ങളും ലഭിയ്ക്കും. സിയാച്ചിനില്‍ എത്തുന്നതിനു മുമ്പ് സൈനികന് പ്രത്യക പരീശീലനം നല്‍കും. സിയാച്ചിന്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതി വര്‍ഷം കോടികളാണ് ചിലവാക്കുന്നത്. 2012-13ല്‍ 2280.54 കോടിയും, 2013-14ല്‍ 1919.31 കോടിയും, 2014-15ല്‍ 2366.60 കോടിയും കഴിഞ്ഞ വര്‍ഷം നവംബര്‍ വരെ 938.54 കോടിയുമാണ് ചിലവാക്കിയത്. പലപ്പോഴും ദരിദ്രരായ കുടുംബത്തില്‍ നിന്നു വന്ന സൈനികരും മേലുദ്യോഗസ്ഥരുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കാത്ത സൈനികരെയാണ് സിയാച്ചിനില്‍ അയക്കുന്നത്. സ്വയം ചോദച്ച് വാങ്ങുന്നവര്‍ വിരളവുമാണ്. എല്ലാ വര്‍ഷവും ധീരതയ്ക്കുള്ള അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ സിയാച്ചിനില്‍ സേവനം നടത്തിയവരെ മാറ്റി നിര്‍ത്തുന്നു.ഹനുമന്തപ്പയുടെ രക്തസാക്ഷിത്വം ഇതിനൊക്കെ മറുപടി പറഞ്ഞേക്കാം

ഇന്ത്യക്ക് മൂന്നുദശകംകൊണ്ട് നഷ്ടമായത് 860ലേറെ സൈനികരെയാണ്. ആരും വെടിവയ്പിലോ യുദ്ധത്തിലോ അല്ല മരിച്ചത്. പ്രതികൂല കാലാവസ്ഥയും ഹിമപാതങ്ങളുമാണ് മരണകാരണം.110 കിലോമീറ്റര്‍ നീളമുള്ള സിയാച്ചിന്‍ ഹിമാതി(മഞ്ഞുമല)യില്‍ പാക്കിസ്ഥാനും വലിയ ആള്‍നാശം ഉണ്ടായിട്ടുണ്ട്. 2012 ഏപ്രിലില്‍ സിയാച്ചിനിലെ ഗയാരിയില്‍ ഹിമപാതമുണ്ടായി 11 പൗരന്മാരും 129 സൈനികരും കൊല്ലപ്പെട്ടു. അന്നത്തെ പാക് കരസേനാധിപന്‍ ജനറല്‍ അഷ്ഫാക് കയാനി, സിയാച്ചിനെ സൈനീകൃതമേഖലയാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഈ ദുരന്തത്തെത്തുടര്‍ന്നാണ്. 2011ല്‍ 24ഉം 2012ല്‍ 12ഉം 2013ല്‍ 10ഉം 2014ല്‍ നാലും ഇന്ത്യന്‍ സൈനികരാണ് സിയാച്ചിനില്‍ മരണമടഞ്ഞത്. ശ്വാസ തടസവും ആന്തരാവയവങ്ങളുടെ മോശം പ്രവര്‍ത്തനവും ശീതാധിക്യത്താലുണ്ടാകുന്ന ശരീരവീക്കവും ഇവിടെ ജോലിയെടുക്കുന്ന ജവാന്മാരെ മരണത്തിലേക്ക് നയിക്കുന്നു. തണുപ്പ് കൂടുമ്പോള്‍ കാലുകള്‍ വിണ്ടുകീറുന്നു. അംഗവൈകല്യവും അകാലവാര്‍ധക്യവും സംഭവിക്കുന്നു . എപ്പോള്‍ വേണമെങ്കിലും സൈനിക പോസ്റ്റിലേക്ക് ഇടിഞ്ഞുവീണേക്കാവുന്ന കൂറ്റന്‍ മഞ്ഞുപാളികള്‍ നിരന്തരമായ ഭീഷണിയാണ്.ജീവന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളില്‍ സൈനികരെ സുരക്ഷാ ദൗത്യങ്ങള്‍ക്ക് നിയോഗിക്കുന്നതിന്റെ നൈതികതയാണ് പുതിയ സാഹചര്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നത്.
സിയാച്ചിനേക്കാളും ഉയരത്തിലുള്ള ബഹുമതി..പക്ഷെ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക