Image

ഇഷറത്ത് ജഹാനിലൂടെ പാക്കിസ്ഥാനി-അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലി പൊട്ടിച്ച മനുഷ്യ ബോംബ് (ഡല്‍ഹി കത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 15 February, 2016
ഇഷറത്ത് ജഹാനിലൂടെ പാക്കിസ്ഥാനി-അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലി പൊട്ടിച്ച മനുഷ്യ ബോംബ് (ഡല്‍ഹി കത്ത്: പി.വി.തോമസ്)
ഇഷറത്ത് ജഹാനിലൂടെ പാക്കിസ്ഥാനി-അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലി പൊട്ടിച്ച മനുഷ്യ ബോംബ്
2004 ജൂണ്‍ 15-ാം തീയ്യതി രാവിലെ അഹമ്മദബാദ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു റോഡില്‍ നിന്നും ഇഷറത്ത് ജഹാന എന്ന 19 വയസുകാരിയായ ഒരു മുസ്ലീം യുവതിയുടെ ജഡം മറ്റ് മൂന്ന് യുവാക്കളുടെ ജഡങ്ങളോടൊപ്പം കണ്ടെടുക്കപ്പെടുന്നു. ബീഹാറിയായ ജഹാന മുബൈയിലെ താനയിലെ ഖാല്‍സ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനി ആയിരുന്നു. അവള്‍ തന്നെയായിരുന്നു കുടുംബത്തിലെ ഒരേയൊരു ഉപജീവനമാര്‍ഗ്ഗവും. അവള്‍ ഒപ്പം കൊല്ലപ്പെട്ട മലയാളിയായ പ്രാണേഷ് പിള്ള  എന്ന ജാവേദ് ഷെയിഖിന്റെ കണെക്കെഴുത്തുകാരിയായിരുന്നു. ശമ്പളം മാസം മൂവായിരം രൂപ. പ്രാണേഷ് പിള്ള ദുബായ് വാസത്തിനിടെ ലഷ്‌ക്കര്‍-ഇ-തൊയ്ബയുടെ അംഗമായെന്നും അങ്ങനെ ജാവേദ് ഷെയ്ഖ് ആയെന്നുമായിരുന്നു കേന്ദ്രഗവണ്‍മെന്റിന്റെ ഗൃഹമന്ത്രാലയത്തിന്റെ സത്യവാങ്ങ് മൂലം. മറ്റ് രണ്ട് യുവാക്കള്‍ പാക്കിസ്ഥാന്‍കാരായ ലഷ്‌ക്കര്‍-ഇ-തൊയ്ബയുടെ അംഗങ്ങളും ആയിരുന്നു കേന്ദ്രഗൃഹമന്ത്രാലയത്തിന്റെ ആദ്യ സത്യവാങ്ങ്മൂലം.

ഈ നാല്‍വര്‍ സംഘത്തിന്റെ മിഷന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കുകയെന്നതായിരുന്നുവെന്നാണ് ഗുജറാത്ത് പോലീസും കേന്ദ്രരഹസ്യാനേഷണ വിഭാഗം മുന്‍കൂര്‍ അറിയിപ്പ് നല്‍കിയിരുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ജഹാന ഒരു മുസ്ലീം യുവതി ആയിരുന്നു. മറ്റ് മൂന്നു യുവാക്കളും മുസ്ലീങ്ങള്‍ തന്നെ. മുസ്ലീം വിരുദ്ധ വംശീയ കലാപം(2002) ഗുജറാത്തില്‍ മോഡിയുടെ ഭരണത്തില്‍ അരങ്ങേറിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടേയുള്ളൂ. ബാബറി മസ്ജിദ് ഭേദനത്തിനു ശേഷമുള്ള (1992) മുംബൈ സ്‌ഫോടന പരമ്പര ആരും മറന്നിട്ടുമുണ്ടായിരുന്നില്ല. അപ്പോള്‍ ഈ  നാലാംഗസംഘം ഒരു പ്രതികാര വധത്തിനായി മോഡിയെ ലക്ഷ്യമിട്ട് അഹമ്മദാബാദിലേക്ക് പോവുകയായിരുന്നുവെന്നാണ് ഗുജറാത്ത് പോലീസിന്റെ അറിയിപ്പ്. അന്ന് ഗുജറാത്ത് ഗൃഹകാര്യമന്ത്രി മോഡിയുടെ മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരനും ഇപ്പോള്‍ ബി.ജെ.പി.യുടെ ദേശീയ അദ്ധ്യക്ഷനും ആയ അമിത് ഷാ ആയിരുന്നു. ഷാ ഇക്കാലത്ത് തന്നെ വേറെയും ചില വ്യാജഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണ വിധേയനാവുകയും- ഷൊരാബുദിന്‍ ഷേയ്ക്ക് വ്യാജ ഏററുമുട്ടല്‍-കുറ്റപത്രം ലഭിച്ചതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവരുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്ത വ്യക്തി ആണ്. ഏതായാലും മോഡിയുടെയും ഷായുടെയും പശ്ചാത്തലം അറിയാവുന്നവര്‍ ഇഷറാത്ത് ജഹാന വധവും ഒരു വ്യാജ ഏറ്റ്മുട്ടലായി ചിത്രീകരിച്ചു. മോഡിയും ഷായും ഗുജറാത്ത് വംശീയ കലാപത്തിന് ശേഷം ഏറ്റവും കൂടുതല്‍ താറടിക്കപ്പെട്ട ഒരു സംഭവം ആയിരുന്നു ഇഷറത്ത് ജഹാന വ്യാജഏറ്റുമുട്ടല്‍ കേസ്. ഇതില്‍ പിന്നീട് ഷാക്ക് സി.ബി.ഐ.യും സുപ്രീംകോടതിയും ക്ലീന്‍ ചിറ്റ് നല്‍കിചെന്നത് മറ്റൊരു കാര്യം. അതായത് മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം.

ഇവിടെ സംഭവം പുതിയ ഒരു വഴിത്തിരിവില്‍ എത്തിയത് ഫെബ്രുവരി പതിനൊന്നിനാണ്(2016). അമേരിക്കയിലെ ചിക്കാഗോ നഗരത്തിലെ വെളിപ്പെടുത്താത്ത ഒരു കേന്ദ്രത്തില്‍ ഇരുന്നുകൊണ്ട് അമേരിക്കന്‍- പാക്കിസ്ഥാന്‍ ഭീകരനും 35 വര്‍ഷത്തേക്ക് തടവ് ശിക്ഷയ്ക്ക് അമേരിക്കയില്‍ വിധിക്കപ്പെട്ടിട്ടുള്ളതുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഒരു വീഡിയോ തെളിവെടുപ്പിലൂടെ മുംബൈയിലെ ഒരു പ്രത്യേക കോടതിയോട് ചോദ്യം ചെയ്യല്‍ വേളയില്‍ പറഞ്ഞു. ഇഷറത്ത് ജഹാന്‍ ഒരു ലഷ്‌ക്കര്‍-ഇ-തൊയ്ബ അംഗം ആണെന്ന്. ഇത് മോഡിയുടെയും ഷായുടെയും ബി.ജെ.പി.യുടെയും ഗുജറാത്ത് പോലീസിന്റെയും നിലപാട് ന്യായീകരിക്കുകയും അവരുടെ മനോവീര്യം ഏറെ വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സംശയമില്ല. ഇത് ബി.ജെ.പി.യും കോണ്‍ഗ്രസ്സും തമ്മില്‍ ഒരു തുറന്ന യുദ്ധത്തിന് വഴിതെളിച്ചിരിക്കുകയും ആണ്. ഈ വെളിപ്പെടുത്തലിന് വളരെ പ്രാധാന്യം ഉണ്ട് വരും കാലത്തെ ദേശീയ രാഷ്ട്രീയത്തില്‍.

എങ്ങനെയാണ് ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ ഉണ്ടായത് എന്ന് നോക്കാം. കാരണം ഇത് വളരെ പ്രധാനം ആണ്. മുംബൈയില്‍ പ്രത്യേക കോടതി മാപ്പുസാകഷിയായി പ്രഖ്യാപിക്കപ്പെട്ട ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നത് 26/11 (2008) മുംബൈ ഭീകരാക്രമണം സംബന്ധിച്ചാണ്. അപ്പോഴാണ് ഇഷറത്ത് ജഹാന്‍ കഥയില്‍ വരുന്നത്. ജഹാന് മുംബൈ ഭീകരാക്രമണവുമായി ബന്ധം ഇല്ല. പക്ഷേ, തീര്‍ച്ചയായും ലഷ്‌ക്കര്‍-ഇ-തൊയ്ബക്ക് ഉണ്ട്. അഹമ്മദബാദ് വ്യാജഏറ്റുമുട്ടലും ജഹാനും ഈ വിസ്താരത്തില്‍ പരാമര്‍ശിക്കപ്പെടേണ്ട വിഷയം അല്ല. എങ്കിലും ഗവണ്‍മെന്റ് ഭാഗം അഭിഭാഷകന്‍ ഹെഡ്‌ലിയോട് ചോദിച്ചു: താങ്കള്‍ക്ക് ലഷ്‌ക്കര്‍-ഇ-തൊയ്ബ മനുഷ്യ ബോംബുകളെക്കുറിച്ച് അറിയാമോ? മറുപടി അങ്ങനെയൊന്ന് അറിയില്ല. പക്ഷേ പരാജയപ്പെട്ട ഒരു ഓപ്പറേഷനെക്കുറിച്ച് കേട്ടറിയാം. ആ വെടിവെയ്പ്പില്‍ ഒരു ലഷ്‌ക്കര്‍ വനിത അംഗം കൊല്ലപ്പെടുകയുണ്ടായി. കൂടെ മറ്റു ചിലരും. അപ്പോള്‍ സര്‍ക്കാര്‍ ഭാഗം വക്കീലിന്റെ മറുചോദ്യം: ആ സ്ത്രീയുടെ പേര് താങ്കള്‍ക്ക് അറിയാമോ? ഹെഡ്‌ലിയുടെ ഉത്തരം വ്യക്തം ആയിരുന്നു: ഇല്ല. അപ്പോള്‍ സര്‍ക്കാര്‍ ഭാഗം വക്കീല്‍ വീണ്ടും ചോദിക്കുന്നു: ഇവര്‍ നൂര്‍ജഹാന്‍ ബീഗം, ഇഷറത്ത് ജഹാന്‍, മുംമതാജ് ബീഗം എന്നിവരില്‍ ആരെങ്കിലും ആണോ? അപ്പോഴാണ് ഹെഡ്‌ലി പറയുന്നത് രണ്ടാമത് പറഞ്ഞ ആളാണെന്ന് തോന്നുന്നുവെന്ന്. ഇങ്ങനെയാണ് ഇര്‍ഷത്ത് ജഹാന ലഷ്‌ക്കറിന്റെ മനുഷ്യബോബായി മാറുന്നതും മോഡിക്കും ഷാക്കും ഗുജറാത്ത് പോലീസിനും വലിയ ആശ്വാസം ആകുന്നതും.

നമുക്ക് ഹെഡ്‌ലിയെ എത്രമാത്രം വിശ്വസിക്കാം. അയാള്‍ ഭീകരനാണ്. തടവുകാരന്‍ ആണ്. സി.ഐ.എ.യുടെയും എഫ്.ബി.ഐ.യുടെയും മള്‍ട്ടിപ്പിള്‍ ഏജന്റാണെന്ന് കുപ്രസിദ്ധനാണ്. അദ്ദേഹം ഇന്‍ഡ്യക്കെതിരായുള്ള ഭീകരാക്രമണത്തിലും മറ്റും, പ്രത്യേകിച്ചു മുംബൈ ഭീകരാക്രമണത്തില്‍, പാക്ക് പട്ടാളത്തിനും പാക്ക് ചാര സംഘടനയായ ഐ.എസ്.ഐ.ക്കും ലഷ്‌ക്കര്‍-ഇ-തൊയ്ബക്കും ഉള്ള പങ്കിനെ കുറിച്ച് സാക്ഷ്യപ്പെടുത്തിയത് ശരിതന്നെ. പക്ഷേ, ഇതറിയുവാന്‍ നമുക്ക് ഹെഡ്‌ലിയുടെ സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യം ഇല്ല. നമ്മുടെ അന്വേഷണ സംഘങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ളതാണ് ഇവ. ഇവിടെ ജഹാന നിര്‍ദ്ദോഷിയാണെന്നും അവരെ വധിച്ചത് വ്യാജഏറ്റുമുട്ടലില്‍ ആണെന്നും ജുഡീഷറിയും(അഹമ്മദാബാദ് മെട്രോപൊളിന്റെ കോടതി, ഗുജറാത്ത് ഹൈക്കോടതി) അന്വേഷണസംഘങ്ങളും(സി.ബി.ഐ., പ്രത്യേക അന്വേഷണ സംഘം) ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. നമ്മള്‍ ഇവരില്‍ ആരെ വിശ്വസിക്കണം? ഹെഡ്‌ലിയുടെ വിസ്താരവേളയിലെ പ്രസ്താവനകളില്‍ പലപ്പോഴും അസ്ഥിരതയുണ്ട്. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു അദ്ദേഹത്തിന്റെ ഇന്‍ഡ്യന്‍ യാത്രകള്‍ക്ക് - 26/11- ന്റെ തയ്യാറെടുപ്പിനായിട്ടുള്ളവ- ധനസഹായം ചെയ്തത് ഐ.എസ്.ഐ. അല്ലെന്ന്. എന്നാല്‍ ഒടുവിലത്തെ വിസ്താരത്തില്‍ അദ്ദേഹം പറഞ്ഞത് മേജര്‍ ജഫ്ബാല്‍ എന്ന ഐ.എസ്.ഐ. ഏജന്റാണ് പണം നല്‍കിക്കൊണ്ടിരുന്നതെന്നാണ്. ഏത് വിശ്വസിക്കണം? എങ്ങനെ വിശ്വസിക്കും ഹെഡ്‌ലിയെ?

ഇഷറത്ത് ജഹാനയുടെ 'വ്യാജ' ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ കേന്ദ്രം ഭരിക്കുന്നത് യു.പി.എ. ആയിരുന്നു. 2009 ഓഗസ്റ്റ് ആറിന് ഗുജറാത്ത് ഹൈക്കോടതിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമര്‍പ്പിച്ച ഒരു സത്യവാങ്ങ്മൂലം ഇഷറത്തും ജാവേദ് ഷെയ്ഖും ലഷ്‌ക്കര്‍-ഇ-തൊയ്ബ അംഗങ്ങള്‍ ആയിരുന്നു. എന്നാല്‍ 2009 സെപ്റ്റംബര്‍ 30ന് ഇതേ ആഭ്യന്തരമന്ത്രാലയം തന്നെ മറ്റൊരു സത്യവാങ്ങ്മൂലത്തില്‍ ഇതിനെ തള്ളിപറയുകയും ഗുജറാത്ത് പോലീസിന്റെ നടപടിയെ ന്യായീകരിക്കുന്നില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. എന്തുകൊണ്ട് ഈ പരസ്പര വിരുദ്ധ നിലപാട്? അതുപോലെ തന്നെ 2010-ല്‍ ദേശീയ അന്വേഷണ ഏജന്‍സി ഹെഡ്‌ലിയെ ചോദ്യം ചെയ്തപ്പോള്‍ ഹെഡ്‌ലി ഇഷറത്ത് ജഹാന്‍ ലഷ്‌ക്കര്‍-ഇ-തൊയ്ബയുടെ അംഗം ആണെന്ന് പറഞ്ഞതാണ്. പക്ഷേ, ആ ഖണ്ഡിക ആഭ്യന്തര മന്ത്രാലയം ഒളിപ്പിച്ചു. എന്തിന്? ബി.ജെ.പി.യും അതിന് മുമ്പ് കോണ്‍ഗ്രസും ഇഷറത്ത് ജഹാന വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ രാഷ്ട്രീയം കളിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. ഇപ്പോഴും കളിക്കുകയുമാണ്. ബി.ജെ.പി. അധികാരത്തില്‍ വന്നതിന് ശേഷം ഷാക്ക് ക്ലീന്‍ചിറ്റ് നല്‍കിയതും അറസ്റ്റ് ചെയ്യപ്പെട്ട പോലീസ് ഉദ്യോസ്ഥന്മാര്‍ക്ക്(സി.ജി.പന്‍സാര ഉള്‍പ്പെടെ) ജാമ്യം ലഭിച്ചതും ഇതിന് ഉദാഹരണം ആണ്. ഹെഡ്‌ലിയുടെ ഇപ്പോഴത്തെ ഈ പ്രസ്താവനയും അതിന് സര്‍ക്കാര്‍ ഭാഗം നല്‍കുന്ന പബ്ലിസിറ്റിയും മറ്റൊരുദാഹരണം ആണ്. ഇഷറത്ത് ജഹാന മനുഷ്യബോംബാണെന്ന് ഹെഡ്‌ലി അദ്ദേഹത്തിന്റെ ഉത്തരത്തില്‍ ഏങ്ങും പറഞ്ഞിട്ടില്ല. പക്ഷേ സര്‍ക്കാര്‍ ഭാഗം അങ്ങനെയാണ് കൊട്ടിഘോഷിക്കുന്നത്. ഇത് മോഡിയുടെയും ഷായുടെയും പ്രതിഛായ രക്ഷിക്കുവാനുള്ള കരുതിക്കൂട്ടിയുള്ള ശ്രമം ആണ്.

ഈ നാലംഗസംഘത്തെ മോഡിയെ വധിക്കുവാനുള്ള ഗൂഢാലോചനയുടെ പേരില്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ വച്ച് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്ത് ഭീകരമായി പീഡിപ്പിച്ച് വെടിവെച്ച് കൊന്ന് റോഡരുകില്‍ തള്ളിയെന്നാണാരോപണം. ഏറ്റുമുട്ടല്‍ ആണെങ്കില്‍ ഇവര്‍ തിരിച്ച് വെടിവെച്ചതായി ഒരു തെളിവും ഇല്ല. അഥവ ഇവര്‍ ഭീകരവാദികള്‍ ആണെങ്കില്‍ തന്നെയും ഇവരെ വ്യാജമോ അല്ലെങ്കില്‍ ശരിയായതോ ആയ ഏറ്റുമുട്ടലില്‍ കൊല്ലുവാന്‍ മോഡിക്കും ഷാക്കും ഗുജറാത്ത് പോലീസിനും ആരാണ് അധികാരം നല്‍കിയത്. മുന്‍ ഗുജറാത്ത് പോലീസ് മേധാവി ബി.ശ്രീകുമാര്‍ പറയുന്നത് പോലെ ഇത് കടുത്ത മനുഷ്യാവകാശ ലംഘനം ആണ്.

ഇസ്ലാമിക്ക് തീവ്രവാദത്തിന്റെ കൊടിയടയാളമായ ലഷ്‌ക്കര്‍-ഇ-തൊയ്ബയെ വെള്ളപൂശുവാനായി കോണ്‍ഗ്രസ് ഇഷറത്ത് ജഹാന വ്യാജ ഏറ്റുമുട്ടലിനെ കരുവാക്കരുത്. അതുപോലെ തന്നെ മോഡിയുടെയും ഷായുടെയും മുഖം മിനുക്കുവാനായും ബി.ജെ.പി. ഹെഡ്‌ലിയെ ഉപയോഗിക്കരുത്. സത്യം ജനങ്ങള്‍ക്കറിയണം. പക്ഷേ, അത് ആരും ഒരിക്കലും അറിയുകയില്ലെന്നതാണ് പരമ സത്യം.

ഇഷറത്ത് ജഹാനിലൂടെ പാക്കിസ്ഥാനി-അമേരിക്കന്‍ ഭീകരന്‍ ഹെഡ്‌ലി പൊട്ടിച്ച മനുഷ്യ ബോംബ് (ഡല്‍ഹി കത്ത്: പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക