Image

വീട്ടുജോലിക്കാരുടെ വേതനം ഏകീകരിക്കാന്‍ ജി.സി.സി തല നടപടി

Published on 25 January, 2012
വീട്ടുജോലിക്കാരുടെ വേതനം ഏകീകരിക്കാന്‍ ജി.സി.സി തല നടപടി
ദോഹ: വീട്ടുജോലിക്കാരുടെ ശമ്പളവും റിക്രൂട്ട്‌മെന്‍റ്‌ നടപടികളും ജി.സി.സി തലത്തില്‍ ഏകീകരിക്കാന്‍ ആലോചന. വീട്ടുജോലിക്കാരെ റിക്രൂട്ട്‌ ചെയ്യാവുന്ന രാജ്യങ്ങളുടെ പൊതു പട്ടികക്ക്‌ രൂപം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്‌. അബൂദബിയില്‍ ചേരാനിരിക്കുന്ന ജി.സി.സി രാജ്യങ്ങളിലെ ആഭ്യന്തരമ, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്യും.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്‌മെന്‍റ്‌ ചെലവ്‌ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ്‌ അധികൃതര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്‌. ഉയര്‍ന്ന റിക്രൂട്ടിംഗ്‌ ചെലവ്‌ കുറഞ്ഞവരുമാനക്കാരായ കുടുംബങ്ങള്‍ക്ക്‌ വീട്ടുജോലിക്കാരെ നിയമിക്കാന്‍ തടസ്സമാകുന്നുണ്ട്‌. ഇതിന്‌ പുറമെ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ വീട്ടുജോലിക്കാരെ അയക്കുന്ന രാജ്യങ്ങള്‍ അവരുടെ സേവന, വേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തണമെന്ന്‌ നിരന്തരം ആവശ്യപ്പെട്ടുവരുന്നുമുണ്ട്‌. വീട്ടുജോലിക്ക്‌ റിക്രൂട്ട്‌ ചെയ്യപ്പെടുന്ന തങ്ങളുടെ പൗരന്‍മാര്‍ക്ക്‌ കൂടുതല്‍ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും നല്‍കണമെന്നതാണ്‌ ഈ രാജ്യങ്ങളുടെ ആവശ്യം. മാത്രമല്ല, ഇത്തരം രാജ്യങ്ങളിലെ ഏജന്‍സികളും റിക്രൂട്ട്‌മെന്‍റിന്‌ ഉയര്‍ന്ന ഫീസ്‌ ആണ്‌ ഈടാക്കുന്നത്‌. അബൂദബിയില്‍ നടക്കുന്ന യോഗത്തിന്‍െറ ശിപാര്‍ശകള്‍ എല്ലാ ജി.സി.സി രാജ്യങ്ങളും പാലിക്കാന്‍ നിര്‍ബന്ധമാക്കുന്ന വിധത്തിലുള്ള കരാര്‍ കൊണ്ടുവരാനാണ്‌ ആലോചന എന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമാണ്‌ ഖത്തറടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങള്‍ പ്രധാനമായും വീട്ടുജോലിക്കാരെ റിക്രൂട്ട്‌ ചെയ്യുന്നത്‌. ഏറ്റവും കൂടുതല്‍ ഫിലിപ്പൈന്‍സുകാര്‍ വീട്ടുജോലിക്കാരായുള്ള ഗള്‍ഫ്‌ രാജ്യമാണ്‌ സൗദി അറേബ്യ.

ഇവിടെ വീട്ടുജോലിക്കാരായ തങ്ങളുടെ പൗരന്‍മാരുടെ അവസ്ഥ പരിതാപകരമാണെന്ന്‌ ഫിലിപ്പെന്‍സ്‌ നിരന്തരം പരാതിപ്പെടുന്നുമുണ്ട്‌. കെനിയ, കമ്പോഡിയ, ബോസ്‌നിയ, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുകൂടി വീട്ടുജോലിക്കാരെ റിക്രൂട്ട്‌ ചെയ്യാന്‍ ഖത്തര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക