Image

ഇന്‍ഡ്യയുടെ ജനാധിപത്യദിവസം

മണ്ണിക്കരോട്ട്‌ Published on 26 January, 2012
ഇന്‍ഡ്യയുടെ ജനാധിപത്യദിവസം
ഒരിക്കല്‍കൂടി ഇന്‍ഡ്യയുടെ ജനാധിപത്യദിവസം സമാഗധമായിരിക്കുന്നു. ജനുവരി 26. ഇന്‍ഡ്യയുടെ 62-ാം റിപ്പബ്ലിക്ക്‌ ദിനം. ഈ ദിവസത്തിന്റെ പ്രധാന്യമെന്താണ്‌? ഈ ദിവസം എന്താണ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്‌? ഈ ദിവസംകൊണ്ട്‌ സാധാരണക്കാര്‍ക്ക്‌ എന്താണ്‌ പ്രയോജനമുള്ളത്‌? ഈ കാര്യങ്ങളെക്കുറിച്ചെല്ലാം ഓര്‍ക്കാനുള്ള ഒരു അവസരംകൂടിയാണിത്‌.

1947 ഓഗസ്റ്റുമാസം 15-ന്‌ ഇന്‍ഡ്യ സ്വതന്ത്രയായി. എന്നാല്‍ വീണ്ടും ഏതാണ്ട്‌ രണ്ടര വര്‍ഷത്തോളംകൂടി കാത്തിരിക്കേണ്ടിവന്നു ഇന്‍ഡ്യ ഒരു പൂര്‍ണ്ണ ജനാധിപത്യരാജ്യമാകാന്‍. അതാണ്‌ 1950 ജനുവരി 26. അതുവരെയും 1935-ല്‍ പാസാക്കിയ ബ്രിട്ടീഷ്‌കാരുടെ ഗവണ്മെന്റ്‌ ഓഫ്‌ ഇന്‍ഡ്യ ആക്ട്‌ ആയിരുന്നു നടപ്പായിരുന്നത്‌. ഇന്‍ഡ്യയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു 1900-ത്തിന്റെ പൂര്‍വ്വാര്‍ദ്ധം.

1900-ത്തിന്റെ തുടക്കം മുതല്‍ ഹോം റൂളിനുവേണ്ടി ഒരുകൂട്ടം നേതാക്കള്‍ (All India Home Rule League) ശ്രമിക്കുന്നുണ്ടായിരുന്നു. അതായത്‌ കാനഡ, ആസ്റ്റ്രേലിയ മുതലയാ രാജ്യങ്ങളിലെപ്പോലെ ബ്രിട്ടീഷ്‌ മേല്‍ക്കോയ്‌മ നിലനിര്‍ത്തിക്കൊണ്ടുള്ള ഭരണം. എന്നാല്‍ 1919-ല്‍ അമൃത്സറിലെ ജാലിയന്‍വാല ബാഗില്‍ നാടിനെ നടുക്കിക്കൊണ്ട്‌ ബ്രിട്ടീഷ്‌കാര്‍ നടത്തിയ നരനായട്ട്‌ ഇന്‍ഡ്യക്കാരെ മുഴുവന്‍ ഞെട്ടിച്ചു. അപ്പോഴും ഒരു കൂട്ടര്‍ ഹോം റൂളിനുവേണ്ടി പരിശ്രമിക്കുമ്പോള്‍ മഹാത്മഗാന്ധിയും ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസും നമുക്ക്‌ ഹോം റൂള്‍ അല്ല, പൂര്‍ണ്ണമായും ഒരു സ്വതന്ത്രരാജ്യമാണ്‌ വേണ്ടതെന്നു വാദിച്ചു. പിന്നീട്‌ ഈ ചിന്ത എല്ല ഇന്‍ഡ്യക്കാരിലും പ്രചരിപ്പിക്കുന്നതിനും ബ്രിട്ടീഷുകാരോട്‌ പ്രതികരിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളായി. ഓരോ ഇന്‍ഡ്യക്കാരന്റെയും അടിസ്ഥാന ആവശ്യം പൂര്‍ണ്ണ സ്വാതന്ത്യമാണെന്ന്‌ ഗാന്ധിജി പ്രഖ്യാപിച്ചു. 1920 മുതല്‍ ഗാന്ധിജി നിസഹകരണം, നിയമലംഘനം മുതലായ സമരമുറകള്‍ ആരംഭിക്കുകയും ചെയ്‌തു.

അങ്ങനെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരം തുടര്‍ന്നു. 1929 ഡിസംബര്‍ 31-ന്‌ അന്നത്തെ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ പണ്ഡിറ്റ്‌ നെഹറു ലാഹോറില്‍ രവി നദി (സിന്ധു നദിയുടെ ഒരു പോഷകനദി) യുടെ തീരത്ത്‌ ആദ്യമായി ഇന്‍ഡ്യന്‍ പതാക ഉയര്‍ത്തി. 1930 ജനുവരി 26-ന്‌ ഇന്‍ഡ്യയ്‌ക്ക്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം വേണമെന്ന്‌ ഔദ്യോഗികമായി വിളംബരപ്പെടുത്തുകയും ചെയ്‌തു. മാത്രമല്ല, ഇന്‍ഡ്യ മുഴുവന്‍ ജനുവരി 26 സ്വാതന്ത്ര്യത്തിന്റെ ദിവസമായി ആചരിക്കാന്‍ കോണ്‍ഗ്രസ്‌ അനുശാസിക്കുകയും ചെയ്‌തു. അതാണ്‌ ജനുവരി 26-എന്ന തീയതി റിപ്പബ്ലിക്ക്‌ ദിവസമായി തിരഞ്ഞെടുത്തുത്‌.

ഇന്‍ഡ്യ പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയശേഷം (1947 ഓഗസ്റ്റ്‌ 15) ഓഗസ്റ്റ്‌ 28-നുതന്നെ ഭരണഘടന എഴുതുന്നതിന്‌ ഡോ. ബി. ആര്‍. അംബേഡ്‌ക്കര്‍ ചെയര്‍മാനായി ഒരു കമ്മിറ്റിയെ ഏര്‍പ്പെടുത്തി. മൂന്നുമാസംകൊണ്ട്‌ ഇതിന്റെ കരടുരേഖ പൂര്‍ത്തിയായെങ്കിലും അതേപ്പറ്റി കൂടുതല്‍ പഠിക്കാനും പ്രായോഗികവശങ്ങള്‍ മനസ്സിലാക്കാനുമായി വീണ്ടും രണ്ടുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. അങ്ങനെ 1949 നവംബര്‍ 26 ന്‌ പാര്‍ലിമെന്റ്‌ ഭരണഘടന പാസ്സാക്കി. എങ്കിലും 1930 മുതല്‍ ആചരിച്ചുവരുന്ന ജനുവരി 26-നെ ബഹുമാനിച്ചു കൊണ്ട്‌ ആ ആദിവസമാണ്‌ ഭരണഘടന പൂര്‍ണ്ണമായും നടപ്പാക്കുന്നതിന്‌ ഏര്‍പ്പെടുത്തിയത്‌. ഈ ദിവസം രാജ്യമെങ്ങും പ്രത്യേകിച്ച്‌ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ആഘോഷങ്ങളെക്കുറിച്ചു പറയേണ്ടതില്ലെല്ലോ.

അങ്ങനെ ഇന്‍ഡ്യ പൂര്‍ണ്ണമായും സ്വതന്ത്രമാകുകയും ഒരു പൂര്‍ണ്ണജനാധിപത്യ രാഷ്ടമാകുകയും ചെയ്‌തു. ഇന്‍ഡ്യ സ്വതന്ത്രമായിട്ട്‌ ഇപ്പോള്‍ 65 വര്‍ഷമാകുന്നു. റിപ്പബ്ലിക്കായിട്ട്‌ 62 വര്‍ഷവും. ഇത്രയും കാലംകൊണ്ട്‌ ഇന്‍ഡ്യ എന്തുനേടി? ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത്രയുംകാലമെന്നു പറയുന്നത്‌ ഒരു നീണ്ടകാലമൊന്നുമല്ല. എന്നാല്‍ ഒരുവിധത്തില്‍ നോക്കിയാല്‍ ഒരു നീണ്ടകാലത്തെ നേട്ടമാണ്‌ ഇന്‍ഡ്യയില്‍ ഉണ്ടായിട്ടുള്ളതെന്നുള്ളതില്‍ നമുക്ക്‌ അഭിമാനിക്കാം. ഇന്‍ഡ്യ ഇന്ന്‌ ലോകത്തെ ഒന്‍പതാമത്തെ സാമ്പത്തിക ശക്തിയായി ഉയര്‍ന്നു കഴിഞ്ഞു. ലോകരാഷ്ട്രങ്ങള്‍ ഇന്‍ഡ്യയുടെ ഉയര്‍ച്ചയില്‍ ഉറ്റുനോക്കുകയും അസൂയപ്പെടുകയും ചെയ്യുന്നുണ്ട്‌. എന്നാല്‍ ഇന്‍ഡ്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാകിസ്‌താന്‍ സാമ്പത്തികമായി 47-ാം സ്ഥാനത്താണ്‌.

ഇതൊക്കെ എത്രയും നല്ല കണക്കുകളാണെങ്കിലും ഇന്‍ഡ്യയുടെ ജനസംഖ്യയുടെ ആനുപാതികത്തില്‍ നോക്കുമ്പോള്‍ പെര്‍ ക്യാപിറ്റ ഇന്‍കം വളരെ കുറവും. അപ്പോള്‍ സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ഒരു നല്ല സംഖ്യ ജനങ്ങള്‍ ഇപ്പോഴും ഇന്‍ഡ്യയില്‍ ഉണ്ടെന്നുള്ളതിന്‌ സംശയമില്ല. അവിടെയാണ്‌ നമ്മുടെ രാജ്യം പിന്നോക്കം പോകുന്നത്‌. 2010 ലെ ഒരു കണക്കനുസരിച്ച്‌ ഇന്‍ഡ്യയില്‍ 410 മില്യന്‍ പാവപ്പെട്ടവരുണ്ടെന്ന്‌ പറയുന്നു. അതായത്‌ വേണ്ടത്ര ആഹാരവും വസ്‌ത്രവും അതുപോലെ നിത്യജീവിതത്തിനു വകയില്ലാതെ കഷ്ടപ്പെടുന്നവര്‍. ഇന്‍ഡ്യയ്‌ക്ക്‌ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും അതുകൊണ്ട്‌ ഈ പാവപ്പെട്ടവര്‍ക്ക്‌ എന്തു ഫലമുണ്ടായി? ഇവരെക്കുറിച്ച്‌ നമ്മുടെ ഗവണ്മെന്റ്‌ ചിന്തിക്കുന്നുണ്ടോ? അല്ലെങ്കില്‍ അവരെക്കുറിച്ച്‌ അന്വേഷിക്കാനും പറയാനും ആരുണ്ട്‌? തിരഞ്ഞെടുപ്പുസമയത്ത്‌ കൈകൂപ്പി, നമസ്‌ക്കാരം പറഞ്ഞ്‌, ഏതോ വളിച്ച ചിരിയും പാസാക്കി നേതാക്കള്‍ അലയും. സ്‌നേഹം കാണിക്കും. ഇപ്പോള്‍ എല്ലാം ശരിയാക്കിത്തരാം എന്ന്‌ ആശ്വാസവാക്കുകള്‍ കൊടുക്കും. തെരഞ്ഞെടുപ്പു കഴിയുന്നതോടെ വാഗ്‌ദാനങ്ങളും വായുവില്‍ പൊലിയും.

ഇവിടെയാണ്‌ ഇന്‍ഡ്യ ഇനിയും സ്വാതന്ത്ര്യം നേടേണ്ടത്‌. ഇവിടെയാണ്‌ ജനാധിപത്യത്തിന്റെ ഫലമുണ്ടാകേണ്ടത്‌. എങ്കില്‍ മാത്രമെ ഇന്‍ഡ്യയില്‍ ഗാന്ധിജി വിഭാവനം ചെയ്‌ത പൂര്‍ണ്ണ സ്വാതന്ത്ര്യം, പൂര്‍ണ്ണ സ്വരാജ്‌, പൂര്‍ണ്ണ ജനാധിപത്യം ലഭ്യമാകുകയുള്ളു.

www.mannickarottu.net
ഇന്‍ഡ്യയുടെ ജനാധിപത്യദിവസം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക