Image

ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനം ന്യു യോര്‍ക്കില്‍ ശനിയാഴ്ച; ഏവര്‍ക്കും സ്വാഗതം

Published on 08 March, 2016
ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനം ന്യു യോര്‍ക്കില്‍  ശനിയാഴ്ച;  ഏവര്‍ക്കും സ്വാഗതം
ന്യൂയോര്‍ക്ക്: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഈ ശനിയാഴ്ച (മാര്‍ച്ച് 12) സംഘടിപ്പിക്കുന്ന സോഷ്യല്‍മീഡിയയെപ്പറ്റിയുള്ള സെമിനാറിനും, പ്രവര്‍ത്തനോദ്ഘാടനത്തിനും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നാഷണല്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണകിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ് എന്നിവര്‍ അറിയിച്ചു. 

നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം എന്ന വിഷയത്തെപ്പറ്റി ഇന്ത്യാ എബ്രോഡ് ഡപ്യൂട്ടി മാനേജിംഗ് എഡിറ്റര്‍ പി. രാജേന്ദ്രന്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുപേര്‍ പാനലിസ്റ്റുകളായി ചര്‍ച്ച നയിക്കും. 

നാം അഭിമുഖീകരിക്കുന്ന കാര്യങ്ങളാണ് നമ്മുടെ ചിന്താഗതിയേയും ലോകത്തേയും നിര്‍ണ്ണയിക്കുന്നത്. വിവരങ്ങള്‍ ലഭ്യമാക്കാന്‍ മുന്‍കാലങ്ങളില്‍ മാസങ്ങളും ആഴ്ചകളും എടുത്തുവെങ്കില്‍ ഇപ്പോള്‍ അനുനിമിഷം വാര്‍ത്തകളും വിവരങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിലെത്തുകയാണ്. കലാപങ്ങളുണ്ടാക്കാനും അത് ആളിക്കത്തിക്കാനും സോഷ്യല്‍മീഡിയ ആയുധമായി മാറുന്ന ദുരവസ്ഥയുമുണ്ട്. അതേസമയം, മുല്ലപ്പൂവിപ്ലവം പോലുള്ള സാമൂഹിക-രാഷ്ട്രീയ മാറ്റത്തിനും സോഷ്യല്‍മീഡിയ വഴിയൊരുക്കുന്നു. 

സോഷ്യല്‍ മീഡിയയുടെ ഏറ്റവും വലിയ ഇര 
പ്രിന്റ്  മീഡിയയാണ്. വിരല്‍ത്തുമ്പില്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ അച്ചടിച്ച് പത്രം വരാന്‍ കാത്തിരിക്കേണ്ടതില്ലല്ലോ. ഈ സ്ഥിതിവിശേഷത്തെ വന്‍കിട പത്രങ്ങള്‍ ഏതു രീതിയിലാണ് നേരിടുന്നതെന്നതും ചര്‍ച്ചാവിഷയമാണ്-ഡിബേറ്റ് കോര്‍ഡിനേറ്റര്‍ രാജു പള്ളത്ത്‌  പറഞ്ഞു 

ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ മൂന്നുമണിക്കാരംഭിക്കുന്ന സെമിനാറിലേക്കും, ആറുമണിക്ക് തുടങ്ങുന്ന സമ്മേളനത്തിലേക്കും മാധ്യമരംഗത്തോട് താത്പര്യമുള്ള എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി 
 നാഷണല്‍ ട്രഷറരും സമ്മേളനത്തിന്റെ കോാര്‍ഡിനേറ്ററുമായ ജോസ് കാടാപ്പുറം അറിയിച്ചു. 

പൊതുസമ്മേളനത്തില്‍ വിവിധ സംഘടനകളുടെ നേതാക്കള്‍ പങ്കെടുക്കും. പ്രസ്‌ക്ലബ് ദേശീയ സമിതികളുടേയും ന്യൂയോര്‍ക്ക് ചാപ്റ്ററിനേയും ഊന്നിയുള്ള പ്രവര്‍ത്തനങ്ങളുടെ രൂപരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും. 

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും, കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പും ആസന്നമായ കാലത്ത് മാധ്യമ പ്രവര്‍ത്തകരുടെ ഒത്തുകൂടലിനു പ്രധാന്യമുണ്ട്. ഇലക്ഷന്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പുതുമകള്‍ കണ്ടെത്തുന്നതിനും സഹായകമായ നിര്‍ദേശങ്ങളും ചര്‍ച്ചകളില്‍ അവതരിപ്പിക്കപ്പെടും.
ഇന്ത്യാ പ്രസ്‌ക്ലബ് സമ്മേളനം ന്യു യോര്‍ക്കില്‍  ശനിയാഴ്ച;  ഏവര്‍ക്കും സ്വാഗതം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക