Image

ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു

Jose Abraham Published on 17 June, 2011
ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു
ന്യൂയോര്‍ക്ക്‌: ആതുര സേവന രംഗത്തും, മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും മൂന്നര പതിറ്റാണ്ടുകള്‍ പിന്നിടുന്ന പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ മെഡിക്കല്‍ മിഷന്‍ ഹോസ്‌പിറ്റലിന്റെ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ റവ.ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു. ഇത്‌ മൂന്നാംതവണയാണ്‌ അച്ചന്‍ അമേരിക്കയിലെത്തുന്നത്‌.

പരുമല ഹോസ്‌പിറ്റലിന്റെ പുതിയ സംരംഭമായ സെന്റ്‌ ഗ്രിഗോറിയോസ്‌ ഇന്റര്‍നാഷണല്‍ കാന്‍സര്‍ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രമോഷനുവേണ്ടിയും, ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചനകള്‍ നടത്തുന്നതിനുംവേണ്ടിയാണ്‌ അദ്ദേഹം അമേരിക്കയിലെത്തുന്നത്‌. ജൂണ്‍ 17 മുതല്‍ ജൂലൈ 14 വരെ അദ്ദേഹം ന്യൂയോര്‍ക്ക്‌, ഫിലാഡല്‍ഫിയ, വാഷിംഗ്‌ടണ്‍, അരിസോണ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.

പരുമല തിരുമേനിയുടെ പാദസ്‌പര്‍ശത്താല്‍ അനുഗ്രഹീതമായ പരുമലയില്‍ രോഗികള്‍ക്കും, അശരണര്‍ക്കും ആശ്വാസകേന്ദ്രമായി ഈ ആശുപത്രി പ്രവര്‍ത്തിച്ചുവരുന്നു. ആശുപത്രിയുടെ പുതിയ സംരംഭത്തില്‍ എല്ലാ അമേരിക്കന്‍ മലയാളികളും സഹായസഹകരണങ്ങള്‍ നല്‍കണമെന്ന്‌ ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു.

25 ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പ്രവര്‍ത്തിക്കുന്ന ഹോസ്‌പിറ്റലില്‍ ലോകപ്രശസ്‌ത കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ. കെ.എം. ചെറിയാന്‍ നേതൃത്വം നല്‍കുന്ന കാര്‍ഡിയോളജി, ലഹരി ചികിത്സാ കേന്ദ്രം, ഗ്യാസ്‌ട്രേ എന്ററോളജി, സ്‌പൈന്‍ സര്‍ജറി, പ്ലാസ്റ്റിക്‌ സര്‍ജറി, നെഫ്‌റോളജി ആന്‍ഡ്‌ ഡയാലിസിസ്‌, ന്യൂറോളജി എന്നിവയും പ്രവര്‍ത്തിച്ചുവരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത്‌ ബി.എസ്‌.സി നഴ്‌സിംഗ്‌, ജനറല്‍ നഴ്‌സിംഗ്‌, എം.എസ്‌. ഡബ്ല്യു, ബി.എസി.എം.എല്‍.ടി എന്നീ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു.

നൂറുകോടി രൂപ മുതല്‍മുടക്കി ഏഷ്യയിലെ അഞ്ചാമത്തെ വലിയ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌ പരുമലയില്‍ ആരംഭിക്കുന്നത്‌. 500 കിടക്കകളോടുകൂടി 10 നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ്‌ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്‌. സാധാരണക്കാര്‍ക്ക്‌ പ്രാപ്യമായ ഇന്‍ഷ്വറന്‍സ്‌ പദ്ധതിയും ഈ പ്രൊജക്‌ടില്‍ ഉണ്ട്‌. യു.എസ്‌.എ, ചൈന എന്നീ രാജ്യങ്ങളിലെ പ്രധാനപ്പെട്ട കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളുമായി ചികിത്സാ രംഗത്തും, റിസേര്‍ച്ച്‌ രംഗത്തും ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ഇതിന്റെ ഭാഗമായി കാന്‍സര്‍ ചികിത്സാ വിഭാഗത്തില്‍ ഒ.പി, ഐ.പി എന്നിവയ്‌ക്കുപുറമെ ഹോംകെയര്‍, പാലിയേറ്റീവ്‌ കെയര്‍, കാന്‍സര്‍ സര്‍ജറികള്‍, കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പുകള്‍, കാന്‍സര്‍ ബോധവത്‌കരണ ക്ലാസുകള്‍ എന്നിവയും നടത്തിവരുന്നു. ഈ സെന്ററിന്റെ നേതൃത്വത്തില്‍ നൂറോളം ക്യാമ്പുകളിലൂടെ രണ്ടായിരത്തോളം രോഗികളെ സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: വെരി റവ. ഡോ. യൂഹാനോന്‍ ശങ്കരത്തില്‍ കോര്‍എപ്പിസ്‌കോപ്പ (001 516 746 5086 revyohannan@gmail.com), ജോസ്‌ ഏബ്രഹാം (718 619 7759, josabraham74@gmail.com).
ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ അമേരിക്ക സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക