Image

ഡോ. അംബേദ്­ക്കറിന്റെ ദര്‍ശനവും ദളിതപ്രക്ഷോഭങ്ങളും (ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം­4- ജോസഫ് പടന്നമാക്കല്‍)

Published on 17 March, 2016
ഡോ. അംബേദ്­ക്കറിന്റെ ദര്‍ശനവും ദളിതപ്രക്ഷോഭങ്ങളും (ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം­4- ജോസഫ് പടന്നമാക്കല്‍)
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയെന്ന നിലയില്‍ ഡോക്ടര്‍ .ബി,ആര്‍ അംബേദ്­ക്കറിനെ ഭാരതമൊന്നാകെ ആദരിക്കുന്നു. അധകൃത സമുദായത്തില്‍ ദളിതനായി ജനിച്ച അദ്ദേഹം സ്വതന്ത്ര ഇന്ത്യയ്ക്ക് നല്കിയ സേവനങ്ങള്‍ അമൂല്യങ്ങളാണ്. അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ്, പേരുകേട്ട നിയമജ്ഞന്‍, തൊട്ടു കൂടാ വ്യവസ്ഥകളെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച നവോദ്ധാന നേതാവ്, ഇന്ത്യന്‍ ഭരണഘടനാ ശില്‍പ്പി, ബുദ്ധമത പ്രചാരകന്‍ എന്നീ നിലകളില്‍ അദ്ദേഹത്തിന്‍റെ പേര് ചരിത്രത്തില്‍ ലിഖിതം ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവനും ദളിതര്‍ക്കും മറ്റു പിന്നോക്കം നില്‍ക്കുന്നവര്‍ക്കും വേണ്ടി പോരാടിയ യുഗപുരുഷനും നേതാവും ഇന്ത്യയുടെ ആദ്യത്തെ നെഹ്‌­റു മന്ത്രിസഭയില്‍ നിയമമന്ത്രിയുമായിരുന്നു. കൂടാതെ ഇന്ത്യയുടെ സാമൂഹിക ശാസ്ത്രത്തെപ്പറ്റി ഗഹനമായി പഠിച്ച പണ്ഡിതനുമായിരുന്നു. അംബേദ്­ക്കറിന്റെ ജീവിതം ഉയര്‍ന്ന ജാതികളുടെ പീഡനം മൂലം കയ്പ്പ് നിറഞ്ഞതും അവഹേളനയുടെതുമായിരുന്നു. അവര്‍ണ്ണ ജാതികള്‍ക്കെതിരായുള്ള ഹിന്ദു സാമൂഹിക വ്യവസ്ഥിതിയുടെ തൊട്ടുകൂടാ ചിന്താഗതികള്‍ അദ്ദേഹത്തിന്റെ ബാല്യകാല ജീവിതത്തെ വേദനിപ്പിച്ചിരുന്നു.

അംബേദ്­ക്കര്‍ 1891­ ഏപ്രില്‍ പതിനാലാം തിയതി ഭിമ്ബായി സക്പാലിന്റെയും രംജിയുടെയും മകനായി മദ്ധ്യപ്രദേശില്‍ ജനിച്ചു. അവരുടെ മക്കളില്‍ പതിനാലാമത്തെതും ഇളയ മകനുമായിരുന്നു. പിതാവ് ഇന്ത്യന്‍ പട്ടാളത്തില്‍ ഒരു സുബേദാരായി ജോലി ചെയ്തു. പട്ടാളത്തില്‍ നിന്ന് പിരിഞ്ഞശേഷം സത്താരയെന്ന സ്ഥലത്തു മാറി താമസിച്ചു. അംബേദ്­ക്കറിന്റെ അമ്മ ചെറുപ്പത്തിലേ മരിച്ചുപോയി. അദ്ദേഹത്തിന്‍റെ പിതാവ് വീണ്ടും വിവാഹിതനായ ശേഷം ബോംബെയില്‍ താമസമാക്കി. 1908­ല്‍ ബോംബെയില്‍ നിന്ന് അംബേദ്­ക്കര്‍ മെട്രിക്കുലേഷന്‍ പാസായി. 1912­ല്‍ അദ്ദേഹത്തിന്റെ പിതാവ് ഭിമ്ബായി സക്പാല്‍ ബോംബെയില്‍ വെച്ച് മരിച്ചു.

അധകൃത ജാതിയായ 'മഹാര്‍' ജാതിയില്‍ ജനിച്ചതുകൊണ്ട് അദ്ദേഹത്തിന്­ ഉന്നത ജാതികളില്‍ നിന്നുള്ള പീഡനങ്ങള്‍ എല്ലാ കാലങ്ങളിലും സഹിക്കേണ്ടി വന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തും അംബേദ്­ക്കര്‍ വര്‍ണ്ണ വിവേചനത്തിന്റെ തീക്ത ഫലങ്ങള്‍ അനുഭവിച്ചാണ് വളര്‍ന്നത്­. വര്‍ണ്ണ ജാതിയിലുള്ള ഉയര്‍ന്നവര്‍ അദ്ദേഹത്തെ ഐത്യം കല്പ്പിച്ച് അകത്തി നിര്‍ത്തിയിരുന്നു. പൊതുവായി ഉപയോഗിച്ചിരുന്ന പാത്രത്തില്‍നിന്നും വെള്ളം കോരി കുടിക്കാന്‍ അനുവദിച്ചിരുന്നില്ല. ഉയരമുള്ള ഒരു പ്യൂണ്‍ ഐത്യം വരാതിരിക്കാന്‍ നിത്യം ഒരു പാത്രം ഉയരത്തില്‍ പിടിച്ചുകൊണ്ട് അദ്ദേഹത്തിന് വായിലേയ്ക്ക് വെള്ളമൊഴിച്ച് കൊടുക്കണമായിരുന്നു. പലപ്പോഴും മനപൂര്‍വം പ്യൂണ്‍ വരാതിരിക്കുന്നതിനാല്‍ സ്കൂള്‍ ജീവിതത്തില്‍ വെള്ളം കുടിക്കാത്ത ദിനങ്ങളുമുണ്ടായിരുന്നു. ഇന്നും മാറ്റങ്ങളില്ലാതെ ഭാരതത്തിലെ വിവിധ ഭാഗങ്ങളില്‍ സ്കൂളിലെ ഉച്ചഭക്ഷണ സമയം ദളിതര്‍ പ്രത്യേക സ്ഥലങ്ങളില്‍ ഇരിക്കണം. അവര്‍ണ്ണ ജാതികള്‍ ഭക്ഷണം പാകം ചെയ്യുന്നത് വര്‍ണ്ണ ജാതികള്‍ കഴിക്കാത്ത സ്ഥലങ്ങളുമുണ്ട്. മദ്ധ്യ പ്രദേശിലെ ചില ജില്ലകളില്‍ ദളിത കുട്ടികള്‍ സവര്‍ണ്ണ ജാതികളില്‍ നിന്നും വളരെ അകന്നിരുന്നേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. ഇത്തരം തിരിച്ചു വിത്യാസങ്ങള്‍മൂലം അവര്‍ണ്ണരായവരുടെ വിദ്യാഭ്യാസത്തിനു തടസം വരുന്നതുകൂടാതെ ചെറു പ്രായത്തില്‍ തന്നെ അവരുടെ മനസിനെ നൊമ്പരപ്പെടുത്തുകയും ചെയ്യും. അവരെ നൈരാശ്യത്തിലേയ്ക്ക് നയിക്കുകയും ചെയ്യും. 'സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കുന്നതിനു മുമ്പ് ദളിതരായ ഓരോരുത്തരും തങ്ങളുടെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന്' അംബേദ്­ക്കര്‍ ദളിതരെ ഉപദേശിക്കുമായിരുന്നു.

സാമൂഹികമായ ഒച്ചപ്പാടിനെ ഭയന്ന് അദ്ധ്യാപകരും ദളിത കുട്ടികളെ പ്രത്യേക ബഞ്ചില്‍ ഇരുത്തിയിരുന്നു. ജാതിയ്ക്കു പുറത്തുള്ള തീണ്ടാജാതികളായ കുട്ടികള്‍ പലപ്പോഴും ക്ലാസിന്റെ പുറത്തു നില്‍ക്കണമായിരുന്നു. സ്കൂളുകള്‍ പലതും മാറിയിട്ടും എല്ലായിടത്തും കുട്ടികളോട് വിവേചനമുണ്ടായിരുന്നു. 1908­ല്‍ ബറോഡ രാജാവില്‍ നിന്നും സ്‌കോളര്‍ഷിപ്പു നേടി അംബേദ്­ക്കര്‍ കോളേജ് വിദ്യാഭ്യാസം തുടര്‍ന്നു. 1912­ല്‍ രാഷ്ട്രീയ സാമ്പത്തിക ശാസ്ത്രത്തില്‍ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. ഉന്നത വിദ്യാഭ്യാസം അമേരിക്കയില്‍ പൂര്‍ത്തിയാക്കി. മടങ്ങി വന്ന ശേഷം അദ്ദേഹം ബറോഡാ രാജാവിന്റെ പ്രതിരോധ സെക്രട്ടറിയായി നിയമിതനായി. അവിടെയും തൊട്ടുകൂടാ ചിന്താഗതിയോടെ മറ്റുള്ളവര്‍ അദ്ദേഹത്തെ അപമാനപ്പെടുത്തിയിരുന്നു. ബോംബെയില്‍ അംബേദ്­ക്കര്‍ സിടെന്‍ ഹാം കോളേജ് ഓഫ് കോമെഴ്‌സില്‍ പ്രൊഫസറായി നിയമിതനായി. അവിടെനിന്നും ഉന്നത വിദ്യാഭ്യാസത്തിന് ഇംഗ്ലണ്ടില്‍ പഠിക്കാന്‍ പോയി. ലണ്ടന്‍ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിനു ഡി എസ് സി ബിരുദം നല്കി. ജര്‍മ്മനിയിലും ഏതാനും മാസങ്ങള്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഉപരിപഠനം നടത്തിയിരുന്നു. 1927 ജൂണ്‍ എട്ടാംതിയതി അമേരിക്കയിലെ കൊളംബിയാ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് ഡോക്ടറെറ്റ് ബിരുദം നല്കി.

വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മടങ്ങി വന്ന അദ്ദേഹം ജാതി വ്യവസ്തയ്‌ക്കെതിരെ പോരാടുവാന്‍ തീരുമാനിച്ചു. 'നിശബ്ദതയുടെ നായകന്‍' എന്നുള്ള അര്‍ത്ഥത്തില്‍ 'മൂകനായക' യെന്ന പേരില്‍ ഒരു പത്രം ആരംഭിച്ചു. ദളിതര്‍ക്ക് എല്ലാ മേഖലകളിലും പ്രത്യേക പ്രാതിനിധ്യത്തിനായി പ്രവര്‍ത്തിച്ചു. ദളിതര്‍ക്കെതിരെയുള്ള സാമൂഹിക തിന്മകളെപ്പറ്റി ജനത്തിനെ ബോധവാന്മാരാക്കാനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി. ഒരിയ്ക്കല്‍ അംബേദ്­ക്കറിന്റെ പ്രസംഗം കേട്ടു കഴിഞ്ഞ ശേഷം കോലാംപൂരിലെ ഭരണാധികാരിയായ 'ശാഹൂ നാലാമന്‍' അംബേദ്ക്കറുമായി ഒന്നിച്ചു ഭക്ഷണം കഴിച്ചു. സാമൂഹിക രാഷ്ട്രീയ തലങ്ങളില്‍ ആ സംഭവം വലിയൊരു ഒച്ചപ്പാടിനു കാരണമാവുകയും ചെയ്തു.

1927­ല്‍ പൊതു സ്ഥലത്തുനിന്ന് അവര്‍ണ്ണരെ വെള്ളം കോരിയ്ക്കാന്‍ സവര്‍ണ്ണര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പതിനായിരം അവര്‍ണ്ണരുമായി അദ്ദേഹം തന്റെ നാടായ 'മെഹദില്‍' ഒരു പ്രതിഷേധ ജാഥാ നടത്തി. വെള്ളം ശേഖരിച്ചിരുന്ന 'ചൊവക്ദര്‍ ടാങ്കിന്റെ' (Chowkdar Tank) സമീപമായിരുന്നു പ്രതിഷേധ യോഗം അവസാനിച്ചത്­. അംബേദ്­ക്കറിന്റെ നേതൃത്വത്തില്‍ അന്നു നടന്ന പ്രകടന ജാഥാ സവര്‍ണ്ണ മേധാവിത്വത്തിനെതിരെ അവര്‍ണ്ണരായവരുടെ ശക്തി തെളിയിക്കാന്‍ സാധിച്ചു.സവര്‍ണ്ണരായ യാഥാസ്ഥിതികര്‍ ചാണകവും പശു മൂത്രവും നെയ്യും ഉപയൊഗിച്ച് ആ പ്രദേശങ്ങള്‍ ഹൈന്ദവാചാര പ്രകാരം പരിശുദ്ധമാക്കുകയും ചെയ്തു. അതിനു ശേഷം അനേക പ്രതിഷേധ സമരങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുണ്ടായി. മനുഷ്യാവകാശങ്ങളെപ്പറ്റിയും ലജ്ജാകരമായ ജാതിവ്യവസ്ഥയെപ്പറ്റിയും വിവരവും വിദ്യാഭ്യാസവുമുള്ള ഉന്നത ജാതികളും ചിന്തിക്കാന്‍ തുടങ്ങി.

അംബേദ്­ക്കര്‍ തന്റെ അനുയായികളുമായി നീണ്ട മൂന്നു മാസത്തോളം തയ്യാറെടുപ്പിനു ശേഷം 1930 ല്‍ 'കലാരം അമ്പല' പ്രവേശനത്തിനായി നീക്കം തുടങ്ങി. കലാരം അമ്പലത്തിന്റെ മുമ്പില്‍ സത്യാഗ്രഹത്തിനായി പതിനയ്യാരത്തില്‍പ്പരം വോളന്റീയര്‍മാരുണ്ടായിരുന്നു. അംബേദ്ക്കറിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദളിത്­ മുന്നേറ്റം അക്കാലത്തെ നാസിക്ക് പട്ടണം കണ്ടതില്‍ വെച്ചു ഏറ്റവും വലിയ പ്രകടനമായിരുന്നു. മിലിട്ടറി വേഷത്തില്‍ വാദ്യ മേളകളും സ്‌കൌട്ടും ചെണ്ടകളും, സ്ത്രീ പുരുഷാരങ്ങളുടെ പാട്ടുകളും കൂത്തുകളും പ്രകടനത്തെ മോഡിയാക്കിയിരുന്നു. അമ്പലത്തിലെ ദൈവത്തെ ആദ്യമായി കാണാനുള്ള ആവേശം ജനങ്ങളില്‍ പ്രകടമായിരുന്നു. പ്രകടനക്കാര്‍ അമ്പലത്തിലെത്തിയ സമയം അവരെ അകത്തുകയറാന്‍ അനുവദിക്കാതെ ബ്രാഹ്മണര്‍ അമ്പലത്തിന്റെ ഗേറ്റുകള്‍ അടച്ചിട്ടിരുന്നു. തന്മൂലം വിപ്ലവം ആ പ്രദേശങ്ങളാകെ പൊട്ടി പുറപ്പെട്ടു. അമ്പലത്തില്‍ കയറുകയെന്ന അവരുടെ ശ്രമം പരാജയപ്പെട്ടെങ്കിലും ഇന്ത്യാ മൊത്തവും ഇന്ത്യയ്ക്ക് വെളിയിലും അതിന്റെ പ്രതികരണങ്ങളുണ്ടായി. ലോകശ്രദ്ധയെ തന്നെ ആകര്‍ഷിക്കത്തക്കവിധം ആ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

1935­ല്‍ ബോംബെയിലുള്ള ഗവണ്‍മെന്റ് ലോ കോളേജില്‍ രണ്ടു വര്‍ഷത്തോളം അംബേദ്­ക്കര്‍ പ്രിന്‍സിപ്പാളായി ജോലി ചെയ്തു. ഡല്‍ഹിയിലെ രാം ജാസ് കോളേജില്‍ ചെയര്‍മാനായും സേവനം ചെയ്തു. 50000 പുസ്തക ശേഖരങ്ങളോടെ ഒരു ലൈബ്രറിയും സ്ഥാപിച്ചു. ആ വര്‍ഷം തന്നെ അംബേദ്­ക്കറിന്റെ ഭാര്യ രമാബായി നീണ്ട കാലം രോഗബാധിതയായി കിടന്നശേഷം മരിച്ചു. പന്തപുരില്‍ ഒരു പുണ്യയാത്ര നടത്തണമെന്ന് അവര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അംബേദ്­ക്കര്‍ അവരുടെ ആഗ്രഹങ്ങള്‍ കൈക്കൊള്ളാതെ എതിര്‍ക്കുകയാണുണ്ടായത്. അവിടെ അവര്‍ണ്ണ ജാതികളെ നിന്ദ്യമായി കരുതുന്ന സ്ഥലമായിരുന്നതിനാലാണ് അംബേദ്­ക്കര്‍ എതിര്‍ത്തത്. പകരം മറ്റെവിടെയെങ്കിലും ദളിതരെ അവഗണിക്കാത്ത പുണ്യസ്ഥലത്തു കൊണ്ടുപോകാമെന്നും സമ്മതിച്ചിരുന്നു. ഹിന്ദു മതം ദളിതര്‍ ഒന്നായി ഉപേക്ഷിക്കണമെന്നും അംബേദ്­ക്കര്‍ ആഹ്വാനം ചെയ്യുമായിരുന്നു.

അംബേദ്­ക്കര്‍ അവര്‍ണ്ണരായവരുടെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത വിധം നേതാവായി തീര്‍ന്നു. പൊതുവായ സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അവര്‍ണ്ണ ജാതികളുടെ ഒത്തൊരുമയുടെ ആവശ്യവും അനുഭവപ്പെട്ടു. ദളിതരുടെ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളില്‍ അംബേദ്­ക്കറിന്റെ ശക്തിയായ ഇടപെടലുമുണ്ടായിരുന്നു. 1942­ല്‍ അവര്‍ണ്ണരായ ജനതയുടെ 'ഷെഡ്യൂള്‍ കാസ്റ്റ് ഫെഡറേഷന്‍' എന്ന പേരില്‍ ഒരു രാഷ്ട്രീയ സംഘടന തന്നെ അദ്ദേഹം രൂപീകരിച്ചു. ബ്രിട്ടീഷ് ഭരണവ്യവസ്ഥയില്‍ 1945ല്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സംഘടനയ്ക്ക് ഒരു സീറ്റുപോലും നേടാന്‍ സാധിച്ചില്ല. ക്യാബിനറ്റില്‍ ദളിതര്‍ക്കുള്ള അര്‍ഹമായ സ്ഥാനത്തിനു വേണ്ടിയും ഷെഡ്യൂള്‍ കാസ്റ്റ് ഫെഡറേഷന്‍ പൊരുതി. അതിന്റെ ഫലമായി അവര്‍ണ്ണ ജാതികളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിച്ചു. 1947­ല്‍ 'തൊട്ടുകൂടാ നയം' തിരഞ്ഞെടുത്ത അസംബ്ലി വോട്ടെടുപ്പുകളോടെ നിയമവിരുദ്ധമാക്കി. ഈ നിയമം പ്രായോഗികമായി ഫലപ്രദമായിരുന്നില്ല. നിയമത്തെ ലംഘിച്ചും ദളിതര്‍ക്കെതിരായ തൊട്ടുകൂടാ ഐത്യാചാരങ്ങള്‍ ഉന്നത ജാതികള്‍ മാറ്റങ്ങളില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. 1947­ല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ മന്ത്രിസഭയില്‍ അംബേദ്­ക്കര്‍ നിയമ മന്ത്രിയായിരുന്ന കാലത്ത് കോണ്‍ഗ്രസുമായി അദ്ദേഹം എല്ലാ വിധത്തിലും സഹകരിച്ചിരുന്നു. ദളിതര്‍ക്കു വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനാല്‍ നിയമ മന്ത്രി സ്ഥാനം രാജി വെച്ചു. പിന്നീട് ശേഷിച്ച കാലം ദളിതരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. അംബേദ്­ക്കര്‍ ഭാരതത്തിന്റെ ഭരണഘടനാ ശില്‍പ്പിയെങ്കിലും ദളിതര്‍ക്ക് അനേക രാഷ്ട്രീയവകാശങ്ങള്‍ നേടി കൊടുത്തെങ്കിലും ഇന്നും ദളിതര്‍ ഭാരതമൊട്ടാകെ വര്‍ണ്ണ വിവേചനത്തില്‍ തന്നെയാണ് ജീവിക്കുന്നത്.

മനുഷ്യ മലമൂത്രങ്ങള്‍ തെരുവുകളില്‍ നിന്നും വാരുക ദളിതരുടെ ജോലിയായിരുന്നു. അംബേദ്­ക്കര്‍ പറയുമായിരുന്നു, "ഒരു തോട്ടിയെന്നുള്ളത് ഒരുവന്റെ ജന്മാവകാശമല്ല. തോട്ടിയായി ജനിച്ചതുകൊണ്ട് അവന്‍ തോട്ടിപ്പണി മാത്രമേ ചെയ്യാവൂയെന്ന വ്യവസ്ഥ അധര്‍മ്മമാണ്. അത് ഒരു സമൂഹത്തിനു മാത്രമായ അവകാശമായി കരുതുന്നതും മനുഷ്യാവകാശ അതിക്രമവുമാണ്. ഇന്ത്യയില്‍ ഒരുവന്‍ തോട്ടി ജോലി ചെയ്താലും ഇല്ലെങ്കിലും സമൂഹം എന്നും അവനെ തോട്ടിയായി കരുതുന്നു." ജാതി ഭേദമില്ലാതെ എല്ലാ ജോലികളും തുല്യമായും നീതിപൂര്‍വവും ചെയ്യണമെന്നുള്ള തത്ത്വ സംഹിതയായിരുന്നു അംബേദ്­ക്കറിനുണ്ടായിരുന്നത്.

1935­ല്‍ ലക്ഷക്കണക്കിനു ദളിത ജനം സമ്മേളിച്ച നാസിക്കിലുള്ള യോളാ മഹാ സമ്മേളനത്തില്‍ അംബേദ്­ക്കര്‍ അദ്ധ്യക്ഷം വഹിച്ചിരുന്നു. അനീതി നിറഞ്ഞ ഹിന്ദുമതത്തില്‍ താന്‍ മരിക്കില്ലെന്ന് അംബേദ്­ക്കര്‍ അന്ന് ആ മഹാസമ്മേളന മദ്ധ്യേ പ്രഖ്യാപിച്ചു, ലക്‌നോവില്‍ 1936 മെയ് ഇരുപത്തിരണ്ടാം തിയതി ഒരു സര്‍വ്വ മത സമ്മേളനം കൂടിയിരുന്നു. അന്നത്തെ പ്രസിദ്ധരായ ദളിത നേതാക്കളും ജഗജീവന്‍ റാമും സമ്മേളനത്തില്‍ പങ്കു ചേര്‍ന്നിരുന്നു. സിക്കുകാരും ബുദ്ധ മതക്കാരും ദളിതരുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നായിരുന്നു ചര്‍ച്ചകള്‍ നടത്തിയത്. 1936 ജൂണ്‍ പത്താം തിയതി ബുദ്ധ മത സന്യാസിയായ 'ലോകനാഥ' അംബേദ്­ക്കറിന്റെ ഡല്‍ഹിയിലുള്ള ഭവനം സന്ദര്‍ശിച്ചു. ബുദ്ധമതത്തില്‍ ചേരുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ ദളിതരെല്ലാം ബുദ്ധ മതത്തില്‍ ചേരണമെന്നാണ് 'തന്റെ ആഗ്രഹമെന്നും അംബേദ്­ക്കര്‍ ലോകനാഥനെ അറിയിച്ചു. 'ബുദ്ധ മതം നിന്നെ സ്വതന്ത്രമാക്കും, 'ഭാരതത്തിലെ അവശരായ അവര്‍ണ്ണ ജാതികള്‍ക്കു വേണ്ടി ' എന്നുള്ള ചെറുപുസ്തകങ്ങളും ആചാര്യ ലോകനാഥ ശ്രീ ലങ്കയില്‍ നിന്ന് രചിച്ചിട്ടുണ്ടായിരുന്നു. 1940­ല്‍ അംബേദ്­ക്കര്‍ ബുദ്ധമത ആചാര്യ ഇശ്വര്‍ ദത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന കാണ്‍പൂരിലുള്ള ബുദ്ധാപുരി സ്കൂള്‍ സന്ദര്‍ശിച്ചു. അവിടെ നിന്നും കുറച്ചു നാളുകള്‍ പാളി ഭാഷ പഠിച്ചു.

1950­ല്‍ ബുദ്ധ പണ്ഡിതരുടെയും സന്യാസികളുടെയും ഒരു സമ്മേളനത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അദ്ദേഹം ബുദ്ധ മതത്തെപ്പറ്റി ഒരു പുസ്തകം എഴുതി. 1955­ല്‍ 'ഭാരതീയ ബൗദ്ധ മഹാസഭ' സ്ഥാപിച്ചു. 'ബുദ്ധനും ധമ്മവും' എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. മതത്തെപ്പറ്റി തീവ്രമായി പഠിച്ച ശേഷം ആവേശഭരിതനായ അദ്ദേഹം അധികം താമസിയാതെ ബുദ്ധമതത്തില്‍ ചേരുകയും ചെയ്തു. ബുദ്ധമതത്തെപ്പറ്റി ആധികാരികമായി അംബേദ്­ക്കര്‍ അനേക പുസ്തകങ്ങള്‍ പ്രസിദ്ധികരിച്ച ശേഷം അവര്‍ണ്ണജാതികള്‍ക്ക് സമത്വം കൈവരിക്കാനുതകുന്ന ഏകമതം ബുദ്ധ മതമെന്നു പ്രഖ്യാപിച്ചു. 1956 ഒക്ടോബര്‍ പതിനാലാം തിയതി നാഗ്പൂരിലുള്ള ദീക്ഷഭൂമിയില്‍ വെച്ച് അദ്ദേഹം ബുദ്ധമതത്തിലേയ്ക്ക് മതപരിവര്‍ത്തനം ചെയ്തു. അദ്ദേഹത്തോടൊപ്പം മതം മാറിയ ആറുലക്ഷം അനുയായികള്‍ അന്നവിടെ സന്നിഹിതരായിരുന്നു. 'ഹൈന്ദവ തത്ത്വങ്ങള്‍ പുലര്‍ത്തുന്ന ബുദ്ധമത ശാഖയില്‍ ദളിതര്‍ കുടുങ്ങരുതെന്നും ബുദ്ധമതം 'നവയാനാ' അല്ലെങ്കില്‍ 'നിയോ ബുദ്ധ മതം' എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നുവെന്നും' അംബേദ്­ക്കര്‍ പറഞ്ഞു. നവീകരിച്ച ആശയങ്ങളുമായി തുടക്കം കുറിച്ച ബുദ്ധമതത്തെ 'അംബേദ്­ക്കറിന്റെ ബുദ്ധ മതം' എന്നും ദളിതരായവര്‍ പറയാറുണ്ട്­. 1956 ഡിസംബര്‍ രണ്ടാംതിയതി 'കാറല്‍ മാര്ക്‌സും ബുദ്ധനും' എന്ന ഒരു പുസ്തകവും പ്രസിദ്ധീകരിച്ചു.

അംബേദ്­ക്കറിന്റെ ബുദ്ധമതത്തില്‍ അനുഷ്ടിക്കേണ്ട പ്രമാണങ്ങളായ 22 പ്രതിജ്ഞകള്‍ നാഗപൂരിലുള്ള ദീക്ഷഭൂമിയില്‍ ഒരു സ്തൂപത്തിനു താഴെയായി ലിഖിതം ചെയ്തിട്ടുണ്ട്. പുതിയതായി മതം മാറുന്നവര്‍ അംബേദ്­ക്കര്‍ വിഭാവന ചെയ്ത പ്രതിജ്ഞകള്‍ ഏറ്റു പറയണം. പ്രതിജ്ഞകള്‍ ചുരുക്കമായി താഴെ വിവരിക്കുന്നു.

"ബ്രഹ്മാവിലോ വിഷ്ണുവിലോ മഹേശ്വരനിലോ രാമനിലോ കൃഷ്ണനിലോ അവതാര ദൈവങ്ങളിലോ വിശ്വസിക്കുകയോ ആരാധിക്കുകയോ ചെയ്യില്ല. ഗൌരി ­ഗണപതി ദൈവങ്ങളെയും ദേവതകളെയും വണങ്ങില്ല. ശ്രീ ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമെന്നും വിശ്വസിക്കുന്നില്ല. അത് വെറും തെറ്റായ ഭ്രാന്തന്‍ കുപ്രചരണങ്ങളാണ്. മരിച്ചവര്‍ക്കായി ശ്രാദ്ധങ്ങളും നടത്തില്ല. ബുദ്ധന്റെ അനുശാസനങ്ങളെയോ തത്ത്വങ്ങളെയോ ഒരിക്കലും ലംഘിക്കില്ല. ബ്രാഹ്മണ പുരോഹിതരെ മതപരമായ ആചാരങ്ങളില്‍ പങ്കുകൊള്ളിപ്പിക്കില്ല. മനുഷ്യന്റെ നീതിയിലും സമത്വത്തിലും വിശ്വസിക്കുന്നു. സമത്വം സ്ഥാപിക്കാന്‍ തന്നാല്‍ കഴിയുംവിധം ശ്രമിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യും.. ബുദ്ധന്റെ ചിന്താധാരയിലുള്ള പരിശുദ്ധമായ വഴിയേ സഞ്ചരിക്കുകയും ബുദ്ധന്‍ അനുശാസിച്ച എട്ടു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യും. (ശരിയായ മനസിലാക്കല്‍, നല്ല ഉദ്ദേശ്യം, നല്ല സംഭാഷണം, നല്ല പ്രവര്‍ത്തികള്‍, നല്ല ജീവിതം, ഉറച്ച പരിശ്രമം, സുസ്ഥിരമായ മനസ്, ഏകാഗ്രത എന്നിവകള്‍ എട്ടു മാര്‍ഗങ്ങള്‍). സമസ്ത ജീവജാലങ്ങളെയും സ്‌നേഹിക്കുകയും സംരഷിക്കുകയും ചെയ്യും. കക്കില്ല, കള്ളം പറയില്ല. കാമ വികാരപരമായ പാപം ചെയ്യില്ല. മദ്യം കഴിക്കില്ല. ഹിന്ദു മതത്തെയും അതിന്റെ ചട്ടക്കൂടിലുള്ള ജാതിവ്യവസ്ഥയേയും സമൂലമായും നിഷേധിക്കുന്നു. കാരണം അത് അസമത്വം നിറഞ്ഞതാണ്­. ബുദ്ധന്റെ ധമ്മായാണ് സത്യമായ മതമെന്ന് വിശ്വസിക്കുന്നു. പുത്തനായ നൈര്‍മല്യം നേടിയ മനസോടുകൂടിയ താന്‍ ഒരു പുനര്‍ ജന്മം നേടിയെന്നും വിശ്വസിക്കുന്നു. ഇന്നുമുതല്‍ ബുദ്ധന്റെ തത്ത്വങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടു സത്യമതമായ ബുദ്ധ മതാനുയായി ജീവിക്കും. ബുദ്ധമതം എന്റെ മതമായി തെരഞ്ഞെടുക്കുന്നു."

അംബേദ്­ക്കര്‍ ആ വര്‍ഷം തന്നെ അന്നിഹിലേഷന്‍ ഓഫ് കാസ്റ്റ് (Annihilation of Caste) എന്ന പേരില്‍ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യുകയെന്നുള്ള ലക്ഷ്യ ബോധത്തില്‍ എഴുതിയ ആ പുസ്തകത്തില്‍ ഗാന്ധിജിയെ കുറ്റപ്പെടുത്തുന്നുണ്ട്. വൈസറോയുടെ പ്രതിരോധ ഉപദേശ കൌണ്‍സിലിലും തൊഴില്‍ മന്ത്രാലയത്തിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1952­ല്‍ നടത്തിയ ആദ്യ ഇന്ത്യാ തെരഞ്ഞെടുപ്പില്‍ വടക്കേ ബൊംബയില്‍നിന്നു അംബേദ്­ക്കര്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയാണുണ്ടായത്.1952 ­ല്‍ അദ്ദേഹത്തെ രാജ്യസഭയില്‍ തെരഞ്ഞെടുത്തു.1954­ല്‍ ലോക സഭയിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ ബദ്രായില്‍ നിന്നും കോണ്‍ഗ്രസിനെതിരായി മത്സരിച്ചു തോറ്റു പോയി. ഇന്ത്യന്‍ ഭരണഘടനയുടെ ശില്പ്പിയെന്ന നിലയില്‍ 1952­ജൂണില്‍ കൊളംബിയാ യൂണിവേഴ്‌സിറ്റി അദ്ദേഹത്തിന് നിയമത്തില്‍ ഡോക്ടര്‍ ഡിഗ്രി നല്കിയാദരിച്ചു. 1957 രണ്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പേ അദ്ദേഹം മരിച്ചുപോയിരുന്നു. തെക്കേ ഏഷ്യയിലെ ഇസ്ലാമിക രീതികളെയും അംബേദ്­ക്കര്‍ വിമര്‍ശിച്ചിരുന്നു . ഇന്ത്യാ പാക്കിസ്ഥാന്‍ വിഭജനത്തെ അനുകൂലിച്ചെങ്കിലും മുസ്ലിം സമുദായത്തിലെ സ്ത്രീകളോടുള്ള മോശമായ പെരുമാറ്റവും ബാലികാ വിവാഹവും അദ്ദേഹം എതിര്‍ത്തിരുന്നു.

ഫ്രഞ്ച് വിപ്ലവവും ബുദ്ധ മതവും മാര്ക്‌സിസവും അംബേദ്­ക്കറിന് ദളിതരെ വര്‍ണ്ണ വ്യവസ്ഥയുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാനായി ഉത്തേജനം ലഭിച്ചിരുന്നു. അദ്ദേഹം സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനെങ്കിലും ആക്രമ മാര്‍ഗങ്ങള്‍ക്കെതിരായിരുന്നു. സമാധാനപരമായ സഹവര്‍ത്തിത്വത്തില്‍ക്കൂടി ഭരണഘടനയ്ക്ക് വിധേയമായി ഇന്ത്യയെ നയിക്കാന്‍ ആഗ്രഹിച്ചു. അതുകൊണ്ടാണ് ബുദ്ധ മതം അദ്ദേഹത്തെ ആകര്‍ഷിച്ചത്. അമിതമായ മതചിന്തകള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അംബേദ്­ക്കറിന്റെ ബുദ്ധമതം മതത്തിനും ദൈവത്തിനും പ്രാധാന്യം കല്പ്പിക്കാതെ കൂടുതലും യുക്തിചിന്തകളില്‍ അധിഷ്ടിതമായിരുന്നു. അദ്ദേഹത്തിന്‍റെ മനുഷ്യത്വവും കരുണാദ്രവുമായ തത്ത്വചിന്തകള്‍ കാലത്തിനെയും അതിജീവിക്കുന്നതാണ്. പണ്ഡിതോചിതമായി അദ്ദേഹം രചിച്ച കൃതികള്‍ ഏഷ്യന്‍ പഠന വിദ്യാര്‍ത്ഥികള്‍ക്കു എക്കാലവും ഉപകാരപ്രദമായിരിക്കു

ഡോക്ടര്‍ അംബേദ്­ക്കറിന്റെ ആദ്യ ഭാര്യ മരിച്ചു കഴിഞ്ഞു പതിമൂന്നു വര്‍ഷത്തിനു ശേഷം അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. അദ്ദേഹത്തെക്കാള്‍ പതിനഞ്ചു വയസില്‍ താഴെ പ്രായമുള്ള ബ്രാഹ്മണ സ്ത്രീയായ ഡോക്ടര്‍ ഷാര്‍ദര്‍ കബിറായിരുന്നു രണ്ടാം ഭാര്യ. വിവാഹ ശേഷം ഡോക്ടര്‍ സവിത അംബേദ്­ക്കറെന്നും അവരെ അറിയപ്പെട്ടു. അംബേദ്­ക്കറിന്റെ രണ്ടാം വിവാഹത്തില്‍ വധു ഒരു ബ്രാഹ്മണ സ്ത്രീയായതില്‍ ബുദ്ധ മതത്തിലുള്ള ചിലര്‍ എതിര്‍ത്തിരുന്നു. 1954­മുതല്‍ അദ്ദേഹത്തിനു ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഡയബറ്റീസും കണ്ണിന്റെ കാഴ്ചക്കുറവും അനുഭവപ്പെട്ടിരുന്നു. അംബേദ്­ക്കറിന്റെ അന്ത്യനാളുകളില്‍ ഒരു നല്ല ഭാര്യയുടെ കടമയെന്നോണം അദ്ദേഹത്തെ 'സവിത' ശുഷ്രൂഷിക്കുകയും സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. 1956 ഡിസംബര്‍ ആറാം തിയതി ഡല്‍ഹിയിലുള്ള ഭവനത്തില്‍ വെച്ച് അംബേദ്­ക്കര്‍ നിര്യാതനായി. ബുദ്ധമതാചാരാപ്രകാരം അദ്ദേഹത്തിന്റെ ഭൌതിക ശരീരം അടക്കം ചെയ്തു. ലക്ഷക്കണക്കിനു ജനം മഹാനായ അംബേദ്­ക്കറിന്റെ ഭൌതിക വിലാപയാത്രയില്‍ പങ്കുചേരുകയും അദ്ദേഹത്തിന് അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുകയുമുണ്ടായി. അംബേദ്ക്കറിന്റെ രണ്ടാം ഭാര്യ സവിത 2003­ല്‍ മരിച്ചു. ഭയ്യാസാഹെബ് അംബേദ്­ക്കര്‍ എന്നറിയപ്പെടുന്ന 'യശ്വന്ത' ഈ ദമ്പതികളുടെ ഏക മകനായിരുന്നു. അംബേദ്­ക്കറിന്റെ കൊച്ചുമകന്‍ അംബേദ്­ക്കര്‍ പ്രകാശ് യശ്വന്ത് ബുദ്ധമതങ്ങളുടെ പ്രധാന ഉപദേശകനാണ്. ഇന്ത്യന്‍ പാര്‍ലമെന്റിലും രാജ്യസഭയിലും അംഗമായിരുന്നു. ബി.ആര്‍. അംബേദ്­ക്കര്‍ പൂര്‍ത്തിയാക്കാത്ത അദ്ദേഹത്തിന്‍റെ പുസ്തകങ്ങളുടെ കയ്യെഴുത്തു പ്രതികളും റ്റൈപ്പ് ചെയ്ത ലേഖനങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവകളെല്ലാം പ്രസിദ്ധീകരണ ശാലകള്‍ പുസ്തകങ്ങളാക്കാന്‍ സ്വരൂപിച്ചു കൊണ്ടിരിക്കുന്നു. 1935- ­1936 കാലഘട്ടത്തില്‍ എഴുതിയ 'വിസായ്ക്കുള്ള കാത്തിരുപ്പ്' , തൊട്ടു തീണ്ടാ ജാതികള്‍, 1951­ലെ സെന്‍സസ് ആധാരമാക്കിയെഴുതിയ 'ഭാരതത്തിലെ തെരുവു കുട്ടികള്‍', എന്നീ കൃതികളും അംബേദ്­ക്കര്‍ ശേഖരണത്തിലുണ്ട്. അദ്ദേഹത്തിന്‍റെ ജന്മദിനം 'അംബേദ്­ക്കര്‍ ജയന്തി' അഥവാ 'ഭീം ജയന്തി' എന്ന പേരില്‍ ഇന്ത്യയില്‍ കൊണ്ടാടുന്നു. അന്നേ ദിവസം ഇന്ത്യയുടെ പൊതുവൊഴിവുദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. 1990­ല്‍ ഭാരത സര്‍ക്കാര്‍ ഭാരത രത്‌നം നല്കി അദ്ദേഹത്തെ ബഹുമാനിച്ചു.

വര്‍ണ്ണ വ്യവസ്ഥകളും മതവര്‍ഗീയതയും ജാതികളുടെ പേരിലുള്ള അസമത്വങ്ങളും ഈ ഭൂമുഖമാകെ വ്യാപിച്ചു കിടക്കുന്നു. സമൂഹത്തില്‍ നീതിയും സത്യവും സമത്വവും സ്വാതന്ത്ര്യവും കൈവരിക്കാന്‍ മനുഷ്യനെ മനുഷ്യനായി കാണാന്‍ പരിവര്‍ത്തന വിധേയമായ നല്ല നാളെയുടെ ലോകത്തെ വാഗ്ദാനം ചെയ്യാന്‍ അംബേദ്­ക്കറിനെപ്പോലുള്ള ഉദ്‌­ബോധനം നേടിയ വ്യക്തികള്‍ ഇനിയും ലോകത്തില്‍ വരേണ്ടതായുണ്ട്. ദളിതരോടായി മഹാത്മാവായ അംബേദ്­ക്കര്‍ പറയുമായിരുന്നു, "നീ പുറപ്പെടുന്നത് ഏതു ദിക്കിലെങ്കിലും എവിടെ തിരിഞ്ഞാലും അവിടെയെല്ലാം നിന്ദ്യമായ ജാതി വ്യവസ്ഥയെന്ന ഭീകര ജന്തു നിന്റെ വഴിയെ തടസമായുണ്ട്. അതിക്രൂരത നിറഞ്ഞ ആ രാക്ഷസ ജീവിയെ കൊന്നില്ലെങ്കില്‍ രാഷ്ട്രീയ സ്വാതന്ത്ര്യവും സാമ്പത്തിക പുരോഗതിയും നീ നേടില്ല. അപരിഷ്കൃത ചിന്താഗതിയുള്ള സവര്‍ണ്ണ ജനതയുടെ മനോഭാവത്തിനും മാറ്റം വരില്ല." (തുട­രും)
ഡോ. അംബേദ്­ക്കറിന്റെ ദര്‍ശനവും ദളിതപ്രക്ഷോഭങ്ങളും (ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം­4- ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക