Image

മീരയും നയന്‍സും... താരത്തിളക്കത്തില്‍ നിന്നും താഴേക്ക്‌ പോയവര്‍....

Published on 18 June, 2011
മീരയും നയന്‍സും... താരത്തിളക്കത്തില്‍ നിന്നും താഴേക്ക്‌ പോയവര്‍....
താരത്തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ കരിയറില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ വീഴ്‌ചകള്‍ സംഭവിക്കുന്നത്‌ സ്വാഭാവികമാണ്‌. ഒരു കയറ്റത്തിന്‌ ഒരു ഇറക്കമുണ്ട്‌ എന്നത്‌ പോലെ. സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ മുതലുള്ളവര്‍ ഇങ്ങനെ എത്രയോ ഉയര്‍ച്ച താഴ്‌ചകള്‍ കണ്ടതാണ്‌. എന്നാല്‍ സ്വന്തം കരിയര്‍ ഇടക്ക്‌ വെച്ച്‌ തകരുമ്പോള്‍ ചിലര്‍ താരത്തിളക്കത്തില്‍ നിന്നും തിരിച്ചുവരാന്‍ പറ്റാത്ത താഴ്‌ചകളിലേക്ക്‌ പോകുന്നതും സാധാരണം. മലയാളത്തില്‍ തുടങ്ങി പിന്നീട്‌ തെന്നിന്ത്യയില്‍ മുഴുവനും ശ്രദ്ധ നേടിയ മീരാ ജാസ്‌മിന്റെയും നയന്‍താരയുടെയുമൊക്കെ കാര്യവും ഇതുപോലെ തന്നെ.

മീരാജാസ്‌മിന്‌ എന്താണ്‌ പറ്റിയതെന്ന്‌ ഏവരും ചോദിക്കാന്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമായിരിക്കുന്നു. മികച്ച നടിക്കുള്ള ദേശിയ പുരസ്‌കാരം നേടിയ, മലയാളത്തിലും തമിഴിലുമൊക്കെ വമ്പന്‍ ബാനറുകളുടെയും മികച്ച സംവിധായകരുടെയും ചിത്രങ്ങളില്‍ അഭിനയിച്ച മീരാജാസ്‌മിന്‌ ഇപ്പോള്‍ പരാജയങ്ങളുടെ കാലമാണ്‌. 2009 മുതല്‍ മീരാജാസ്‌മിന്‍ എന്ന നായികയുടെ ക്രെഡിറ്റില്‍ ഒരു ഹിറ്റ്‌ ചിത്രമോ, ഒരു മികച്ച ചിത്രമോ ഇല്ല. മാത്രമല്ല മീര പലപ്പോഴും മുന്‍നിര സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. തമിഴിലെ രണ്ടാംനിര ചിത്രങ്ങളില്‍ അഭിനയിക്കാനാണ്‌ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മീരയുടെ വിധി. ഇടക്ക്‌ തിരിച്ചുവരവിനായി അഭിനയിക്കുന്ന മലയാള ചിത്രങ്ങളാവട്ടെ തീയേറ്ററുകളില്‍ പോലും എത്താതെ പരാജയമടയുകയും ചെയ്യുന്നു.

2009ല്‍ തമിഴിലും, തെലുങ്കിലും, കന്നഡയിലുമായി നാല്‌ ചിത്രങ്ങളില്‍ മീര നായികയായെങ്കിലും ഒന്നു പോലും ശ്രദ്ധിക്കപ്പെട്ടില്ല. ഈ സമയത്ത്‌ മാന്‍ഡിന്‍ വിദ്വാന്‍ രാജേഷുമായുള്ള മീരയുടെ പ്രണയം ശക്തമായിരുന്ന സമയവുമായിരുന്നു. മലയാള സിനിമകള്‍ കമിറ്റ്‌ ചെയ്യാന്‍ ഈ സമയത്ത്‌ മീര തയാറായിരുന്നതുമില്ല. അമ്മ നിര്‍മ്മിച്ച ട്വെന്റി ട്വെന്റി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിച്ചിട്ട്‌ മീരാ ജാസ്‌മിന്‍ വിസമ്മതിച്ചു എന്നത്‌ വലിയ വിവാദത്തിനും കാരണമായിരുന്നു. മീരക്ക്‌ സ്ഥാനം ലഭിക്കേണ്ടിയിരുന്ന പല മലയാള സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെടുന്നതിനും ഇത്‌ കാരണമായിരുന്നു.

പോയവര്‍ഷം കരുണാനിധി തിരക്കഥയൊരുക്കിയ പെണ്‍സിങ്കം, ഇളയ്‌ഞ്ചന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴില്‍ ഒരു തിരിച്ചുവരവ്‌ നടത്താമെന്ന്‌ മീര പ്രതീക്ഷിച്ചുവെങ്കിലും ചിത്രങ്ങള്‍ അമ്പേ പരാജയപ്പെട്ടു. ഇതോടെ തമിഴിലെ മുഖ്യധാര സിനിമ ഏതാണ്ട്‌ മീരാജാസ്‌മിനെ മറന്നു തുടങ്ങി. രണ്ടാംനിര ചിത്രങ്ങളിലെ നായികയായി മാത്രമാണ്‌ പലപ്പോഴും മീര കാസ്റ്റ്‌ ചെയ്യപ്പെട്ടത്‌. അങ്ങനെയാണ്‌ പാട്ടിന്റെ പാലാഴി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒരു തിരിച്ചുവരവിന്‌ മീര ശ്രമിച്ചത്‌. മീര കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രമായിരുന്നു ഇത്‌. എന്നാല്‍ ഈ ചിത്രവും തീര്‍ത്തും പരാജയം. ഒരു സമയത്ത്‌ സത്യന്‍ അന്തിക്കാടിന്റെ സ്ഥിരം നായികയായിരുന്ന മീര പിന്നീട്‌ സത്യന്‍ ചിത്രങ്ങളിലേക്ക്‌ പോലും പരിഗണിക്കപ്പെട്ടുമില്ല. പാട്ടിന്റെ പാലാഴി എന്ന ചിത്രവും പരാജയപ്പെട്ടതോടെ മീരയുടെ സാറ്റ്‌ലൈറ്റ്‌ വാല്യു തീരെ കുറഞ്ഞു എന്നതാണ്‌ സത്യം. പിന്നീട്‌ ഫോര്‍ഫ്രെണ്ടസ്‌ എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും ഈ ചിത്രവും വന്‍ പരാജയമായി.

സൂത്രധാരന്‍, കസ്‌തുരിമാന്‍, ഒരേകടല്‍ തുടങ്ങിയ ചിത്രങ്ങള്‍ തിളങ്ങിയ തന്റെ കഥാപാത്രങ്ങളുടെ തനിയാവര്‍ത്തനം മീര അറിഞ്ഞോ, അറിയാതെയോ പിന്നീടും അഭിനയത്തില്‍ ആവര്‍ത്തിച്ചതാണ്‌ മീരക്ക്‌ തിരിച്ചടിയായത്‌. പാട്ടിന്റെ പാലാഴി, ഫോര്‍ ഫ്രെണ്ട്‌സ്‌ തുടങ്ങിയ ചിത്രങ്ങളിലെ മീരയുടെ അഭിനയം കാണുമ്പോള്‍ മനസിലാകും സ്വയം അനുകരിക്കാനുള്ള ഒരു ശ്രമം മീരയില്‍ ശക്തമായിരിക്കുന്നത്‌. ~കരിയറില്‍ മീരക്ക്‌ തിരിച്ചടിയായത്‌ ഈ പ്രവണത തന്നെയാണെന്ന്‌ കരുതണം. ഇത്‌ തിരുത്തിയെടുക്കാന്‍ കഴിവുള്ള സംവിധായകരുടെ സാന്നിധ്യം മീരക്ക്‌ ലഭിച്ചതുമില്ല.

മീരയുടെ പരാജയം മലയാളത്തില്‍ പൂര്‍ത്തിയാക്കിയത്‌ മൊഹബത്ത്‌ എന്ന ചിത്രമാണ്‌. മീരാജാസ്‌മിന്‌ ഇനിയൊന്നും ചെയ്യാന്‍ കഴിയില്ല എന്ന്‌ തോന്നിപ്പിക്കുന്ന പ്രകടനമായിരുന്നു മൊഹബത്തിന്റേത്‌. പിന്നീട്‌ ഒരു മലയാള സിനിമയിലും മീര ഇതുവരെ കരാര്‍ ചെയ്യപ്പെട്ടിട്ടില്ല. തമിഴിലും തെലുങ്കിലും ഒരോ ചിത്രങ്ങളില്‍ മീര അഭിനയിച്ചുവെങ്കിലും ആ സിനിമകള്‍ എന്ന്‌ റിലീസ്‌ ചെയ്യുമെന്ന്‌ പോലും തീരുമാനമായിട്ടില്ല.

ഇതിനിടെ വ്യക്തി ജീവിതത്തിലും മീരക്ക്‌ തകര്‍ച്ച നേരിട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെടുന്നു. രാജേഷുമായുള്ള മീരയുടെ ബന്ധം തകര്‍ന്നുവെന്നാണ്‌ ഇപ്പോള്‍ തമിഴകത്തെ സംസാരം. പക്ഷെ ഇതില്‍ എത്രത്തോളം യാഥാര്‍ഥ്യമുണ്ടെന്ന്‌ ഇപ്പോഴും അറിവായിട്ടില്ല. മീര ഇപ്പോള്‍ എവിടെയാണെന്ന്‌ പോലും ചലച്ചിത്ര സുഹൃത്തുക്കള്‍ക്ക്‌ കൃത്യമായി അറിയാനും പാടില്ല.

പലപ്പോഴും ലൊക്കേഷനില്‍ സമയത്ത്‌ വരില്ലെന്ന മീരയെക്കുറിച്ചുള്ള വിമര്‍ശങ്ങള്‍ പലപ്പോഴും ഉയര്‍ന്നിരുന്നു. ഫോര്‍ ഫ്രെണ്ട്‌സിന്റെ ലൊക്കേഷനില്‍ വെച്ച്‌ മീര ഇതെല്ലാം നിഷേധിച്ചു. ``ഞാന്‍ ലൊക്കേഷനില്‍ സമയത്ത്‌ വരില്ല എന്ന്‌ ആരാണ്‌ പറയുന്നത്‌... നിങ്ങള്‍ ഈ ലൊക്കേഷനിലെ ആളുകളോട്‌ ചോദിച്ചു. അല്ലെങ്കില്‍ സംവിധായകനോട്‌ തന്നെ ചോദിക്കു''...ഇങ്ങനെയാണ്‌ മീര അന്ന്‌ പ്രതികരിച്ചത്‌. മീരയെ ഏറ്റവും നന്നായി സഹകരിക്കുന്ന ആര്‍ട്ടിസ്റ്റാണെന്നായിരുന്നു ലൊക്കേഷനില്‍ എല്ലാവരുടെയും അഭിപ്രായം. പക്ഷെ എന്നിട്ടും മീരക്ക്‌ എന്താണിപ്പോള്‍ സംഭവിച്ചത്‌.

സൂത്രധാരന്‍, കസ്‌തൂരിമാന്‍, ഗ്രാമഫോണ്‍, പാഠം ഒന്ന്‌ ഒരു വിലാപം, ആയുധ എഴുത്ത്‌, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ തുടങ്ങി എത്രയോ മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ്‌ മീരയില്‍ നിന്നും മലയാളത്തിലും തമിഴിനുമൊക്കെ ലഭിച്ചത്‌. കരിയറില്‍ ഏറ്റവും തിളങ്ങേണ്ട സമയമാണിപ്പോള്‍ മീരയുടേത്‌. എന്നിട്ടും സിനിമകളില്ലാതെ വരുന്ന ഈ നായികയുടെ സാഹചര്യം അവരുടെ കഥാപാത്രങ്ങളെ ഇഷ്‌ടപ്പെട്ട പ്രേക്ഷകര്‍ക്ക്‌ മനസിലായി എന്ന്‌ വരില്ല. തീര്‍ച്ചയായും സിനിമയിലേക്ക്‌ പ്രത്യേകിച്ചും മലയാള സിനിമയിലേക്ക്‌ ഒരു തിരിച്ചുവരവ്‌ മീരക്ക്‌ അത്യാവശ്യം തന്നെ. അതിന്‌ മീരക്ക്‌ കഴിയട്ടെ എന്ന്‌ ആശംസിക്കാം.

ക്കാദമിക്‌ തലത്തില്‍ മീരയോളം പ്രശ്‌സ്‌തി നേടിയിരുന്നില്ലെങ്കിലും തെന്നിന്ത്യയില്‍ തരംഗമാകാന്‍ കഴിഞ്ഞ നായികയാണ്‌ നയന്‍താര. ഒരു കോടിക്ക്‌ മുകളില്‍ പ്രതിഫലം വാങ്ങുന്ന താരമായി നയന്‍താര വളര്‍ന്നത്‌ പെട്ടന്നായിരുന്നു. എന്നാല്‍ വിവാദങ്ങള്‍ നിര്‍ത്താതെ പിന്‍തുടര്‍ന്നതാണ്‌ ഇപ്പോള്‍ നയന്‍താരയെയും പ്രശ്‌നത്തിലാക്കിയത്‌.

ഈ വര്‍ഷം നയന്‍താരയുടേതായി മലയാളത്തിലോ, തമിഴിലോ സിനിമകളില്ല. ഒരു തെലുങ്ക്‌ സിനിമയാണ്‌ ഈ വര്‍ഷം ആദ്യം ഷൂട്ടിംഗ്‌ നടന്നത്‌. രണ്ടാനിര സിനിമയായ ഈ തെലുങ്ക്‌ ചിത്രം ചിത്രീകരണം പൂര്‍ത്തിയാക്കിയോ എന്നു പോലും അറിവായിട്ടില്ല. നയന്‍സ്‌ സ്വയം സിനിമകള്‍ വേണ്ടെന്ന്‌ വെച്ചു എന്നാണ്‌ അവരോട്‌ അടുപ്പമുള്ളവര്‍ പറയുന്നത്‌. പക്ഷെ അങ്ങനെയല്ല കാര്യങ്ങളെന്നും ചലച്ചിത്ര ലോകത്ത്‌ അണിയറ സംസാരമുണ്ട്‌.

2003ല്‍ മനസിനക്കരെ എന്ന ചിത്രത്തിലൂടെ സത്യന്‍ അന്തിക്കാട്‌ അവതരിപ്പിച്ച നായികയാണ്‌ നയന്‍താര. മലയാളത്തില്‍ നല്ല തുടക്കം കിട്ടിയെങ്കിലും തമിഴ്‌ സിനിമയാണ്‌ നയന്‍താരയെ തുണച്ചത്‌. രജനികാന്തിന്റെ ചന്ദ്രമുഖി എന്ന സിനിമയില്‍ രജനിയുടെ നായികയായതോടെ നയന്‍താരയുടെ ഭാഗ്യം തെളിഞ്ഞു. പിന്നീട്‌ ഗജനിയും വല്ലവനുമൊക്കെ നയന്‍സിനെ തമിഴിലെ ഒന്നാം നിര താരമാക്കി. എന്നാല്‍ ഈ സമയത്താണ്‌ ചിലമ്പരശനുമായുള്ള പ്രണയം നയന്‍സിനെ കുടുക്കിയത്‌. നയന്‍സുമായുള്ള പ്രണയരംഗങ്ങളുടെ ചിത്രങ്ങള്‍ ചിമ്പു പറത്തുവിട്ടതും പിന്നീടുള്ള വിവാദങ്ങളും നയന്‍സിന്‌ മറ്റൊരു ഇമേജ്‌ നല്‍കി. പിന്നീട്‌ തെലുങ്കിലേക്ക്‌ ചേക്കേറുകയായിരുന്നു നയന്‍താര. തെലുങ്കിലും നയന്‍താരയുടെ എന്‍ട്രി മികച്ചതായി. വമ്പന്‍ ബാനറുകളുടെ ചിത്രത്തില്‍ നയന്‍സ്‌ തിളങ്ങി. ഒരു കോടിക്ക്‌ മുകളിലേക്ക്‌ പ്രതിഫലം കുതിച്ചു കയറി. പഴയ വിവാദങ്ങള്‍ നയന്‍സും പ്രേക്ഷകരും മറന്നു.

2007ല്‍ ബില്ല എന്ന അജിത്ത്‌ ചിത്രത്തിലൂടെ നയന്‍താര തമിഴില്‍ തിരിച്ചുവരവ്‌ നടത്തി. ബില്ലയിലെ നയന്‍സിന്റെ ടുപീസ്‌ വേഷം എറെ ചര്‍ച്ചയാകുകയും ചെയ്‌തു. പിന്നീടാണ്‌ പയ്യ എന്ന ചിത്രവുമായി ബന്ധപ്പെട്ട്‌ നയന്‍സ്‌ വീണ്ടും വിവാദത്തില്‍ പെടുന്നത്‌. പയ്യയില്‍ അഭിനയിക്കുന്നതിന്‌ ഒരു കോടിയില്‍ താഴേക്ക്‌ പ്രതിഫലം കുറക്കാന്‍ പറ്റില്ലെന്ന്‌ നയന്‍സ്‌ തീര്‍ത്തു പറഞ്ഞതായിരുന്നു വിവാദമായത്‌. പയ്യയില്‍ നിന്നും നയന്‍സ്‌ ഒഴിവാക്കപ്പെട്ടു.

വിജയ്‌ ചിത്രമായ വില്ലില്‍ അഭിനയിച്ചതോടെ സംവിധായകന്‍ പ്രഭുദേവയുമായി നയന്‍സ്‌ പ്രണയത്തിലായി. തുടര്‍ന്നങ്ങോട്ട്‌ ശക്തമായ ഒരു പ്രണയകഥയാണ്‌ എല്ലാവരും കേട്ടത്‌. നയന്‍സ്‌ അഭിനയിച്ച ബോഡിഗാര്‍ഡ്‌ മലയാള ചിത്രത്തിന്‌ കൊറിയോഗ്രാഫറായി തെന്നിന്ത്യയിലെ പൊന്നും വിലയുള്ള ഡാന്‍സ്‌മാസ്റ്റര്‍ പ്രഭുദേവയെത്തി. അത്‌ നയന്‍താരയുടെ ആവശ്യപ്രകാരമായിരുന്നു. പിന്നീട്‌ അങ്ങോട്ട്‌ ഇരുവരും തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞുകൊണ്ട്‌ ജീവിതം ആരംഭിച്ചു. പ്രഭുദേവ തന്റെ ഭാര്യ റംലത്തിനെ വിവാഹമോചനം ചെയ്യാന്‍ തീരുമാനിച്ചു.ആദ്യം വഴങ്ങിയില്ലെങ്കിലും അവസാനം റംലത്തിനും ഇത്‌ അംഗീകരിക്കേണ്ടി വന്നു.

എന്നാല്‍ നയന്‍സ്‌ പ്രഭുദേവ പ്രണയബന്ധം അവസാനിച്ചുവെന്നതാണ്‌ ഇപ്പോഴത്തെ വാര്‍ത്ത. പ്രഭുദേവ സമീപകാലത്ത്‌ സംവിധാനം ചെയ്‌ത എങ്കെയും കാതല്‍ എന്ന ചിത്രത്തിലെ നായിക ഹന്‍സിക മൊദ്‌വാനിയുമായി പ്രഭുദേവ പ്രണയത്തിലായി എന്നതാണ്‌ വാര്‍ത്തകള്‍. ഇത്‌ സത്യമാണെന്ന്‌ തമിഴകത്ത്‌ പ്രഭുദേവയോട്‌ അടുപ്പമുള്ളവര്‍ പറയുന്നു. നയന്‍സുമായി പ്രഭുദേവ ഇപ്പോള്‍ യാതൊരു കമ്മ്യൂണിക്കേഷനും ഇല്ലെന്നും പറയപ്പെടുന്നു. ഇത്‌ നയന്‍താരയെ മാനസികാമായി ഏറെ തകര്‍ത്തു. നയന്‍സും പ്രഭുദേവയും ഒരുമിച്ച്‌ വിദേശത്ത്‌ ആരംഭിക്കാനിരുന്ന ഡാന്‍സ്‌ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‌ നയന്‍സ്‌ ഇപ്പോള്‍ പിന്മാറുകയും ചെയ്‌തിരിക്കുന്നു.

ബോളിവുഡില്‍ നയന്‍താരക്ക്‌ എന്‍ട്രി നല്‍കാം എന്ന പ്രഭുദേവയുടെ വാക്കാണ്‌ തമിഴിലും തെലുങ്കിലും ഇടക്ക്‌ സിനിമകള്‍ വേണ്ടെന്ന്‌ വെക്കാന്‍ നയന്‍സ്‌ തീരുമാനിക്കാന്‍ കാരണം. പ്രഭുദേവ സംവിധാനം ചെയ്യുന്ന അക്ഷയ്‌കുമാര്‍ ചിത്രത്തില്‍ നയന്‍താരയെ നായികയാക്കാനായിരുന്നു പ്രഭുദേവ ശുപാര്‍ശ ചെയ്‌തത്‌. തുടക്കത്തില്‍ തന്നെ നിര്‍മ്മാതാവ്‌ ഇത്‌ സമ്മതിച്ചില്ല. ചിത്രം ചിത്രീകരണം ആരംഭിക്കാന്‍ ഏറെ വൈകുകയും ചെയ്‌തു. അതോടെ നയന്‍സിന്റെ ബോളിവുഡ്‌ പ്രവേശനം മുടങ്ങി.

ബോഡിഗാര്‍ഡിന്റെ തമിഴ്‌ റീമേക്ക്‌ വന്നപ്പോഴും ആ ചിത്രത്തില്‍ നിന്ന്‌ നയന്‍താരയെ ഒഴിവാക്കി. പകരം അസീനാണ്‌ ഈ ചിത്രത്തില്‍ അഭിനയിച്ചത്‌.

നയന്‍സ്‌ ഇടവേളയെടുത്തപ്പോള്‍ തമിഴിലും തെലുങ്കിലുമൊക്കെയായി തമന്നയും, അനുഷ്‌കയും മുതല്‍ അമലാപോളും ദീക്ഷാസേത്തും വരെയുള്ള യുവനായികമാര്‍ മുന്‍നിരയിലേക്ക്‌ വളര്‍ന്നു. ഇതോടെ നയന്‍സിന്റെ വാല്യു നഷ്‌ടപ്പെടുകയും ചെയ്‌തു. ഒരു ഇടവേളയെടുത്താന്‍ പിന്നെ തമിഴിന്റെയും തെലുങ്കിന്റെയും ഗ്ലാമര്‍ ലോകത്ത്‌ പുതിയവര്‍ ആധിപത്യം ഉറപ്പിക്കും. അതൊരു പതിവാണ്‌. നയന്‍താര ഇത്‌ തിരിച്ചറിയാതെ പോയി.

രു കോടി പ്രതിഫലം വാങ്ങിയിരുന്ന നയന്‍സ്‌ അടുത്തിടെ ഒരു പുതിയ തമിഴ്‌ സിനിമയില്‍ നാല്‌പ്പത്‌ ലക്ഷത്തിന്‌ അഭിനയിക്കാമെന്ന്‌ സമ്മതിച്ചു. എന്നിട്ടും ആ സിനിമ നയന്‍സിന്റെ കൈയ്യില്‍ നിന്നും വഴുതിപ്പോയി. ദീക്ഷാ സേത്താണ്‌ ഇപ്പോള്‍ ഈ വേഷത്തിലേക്ക്‌ കരാര്‍ ചെയ്യപ്പെട്ടിരിക്കുന്നത്‌. മലയാളത്തില്‍ നയന്‍താരക്ക്‌ ഗുണമാകുമായിരുന്ന ശ്യാമപ്രസാദിന്റെ ഇലക്‌ട്ര എന്ന ചിത്രം ഇതുവരെ റിലീസ്‌ ചെയ്‌തതുമില്ല. ഈ വര്‍ഷം ഇതുവരെ നയന്‍സിന്റേതായി ഒരു സിനിമയും പ്രേക്ഷകരിലേക്ക്‌ എത്തിയിട്ടില്ല. മീരയെപ്പോലെ നയന്‍സും ഇപ്പോള്‍ എവിടെയാണെന്ന ചോദ്യമാണ്‌ സിനിമാ ലോകത്തുള്ളത്‌.

ഒരുപക്ഷെ ഇലക്‌ട്ര റിലീസിനെത്തിയാല്‍ വീണ്ടും മലയാളത്തിലൂടെ ഒരു തുടക്കം നയന്‍താരക്ക്‌ ലഭിക്കുമെന്നാണ്‌ പ്രതീക്ഷ. അല്ലെങ്കില്‍ നയന്‍സ്‌ സിനിമ നിര്‍ത്തി എന്ന്‌ തന്നെ പ്രേക്ഷകര്‍ കരുതേണ്ടി വരും.
മീരയും നയന്‍സും... താരത്തിളക്കത്തില്‍ നിന്നും താഴേക്ക്‌ പോയവര്‍....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക