Image

ഓസ്‌ട്രേലിയയില്‍ അക്കൗണ്ടന്മാര്‍ക്ക് സുവര്‍ണാവസരം

Published on 27 January, 2012
ഓസ്‌ട്രേലിയയില്‍ അക്കൗണ്ടന്മാര്‍ക്ക് സുവര്‍ണാവസരം
സിഡ്‌നി: എമിഗ്രേഷന്‍ ചട്ടങ്ങളില്‍ മാറ്റം വരുന്നതിനുമുമ്പേ ഓസ്‌ട്രേലിയയില്‍ അക്കൗണ്ടന്റുമാരാകാനുള്ള അവസാന സുവര്‍ണാവസരം. ജൂലൈ ഒന്നുമുതല്‍ രാജ്യത്ത് പുതിയ എമിഗ്രേഷന്‍ ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ സ്‌കില്‍ഡ് മൈഗ്രേഷന്‍ പ്രോഗ്രാമിലും വന്‍മാറ്റങ്ങളുണ്ടാകും. ഇതുപ്രകാരം വളരെക്കുറച്ചുപേര്‍ക്ക് മാത്രമെ എമിഗ്രേഷന്‍ ലഭിക്കാന്‍ യോഗ്യതയുണ്ടാകൂ. മാത്രമല്ല നടപടിക്രമങ്ങള്‍ക്ക് അധികനാളുകള്‍ എടുക്കുകയും ചെയ്യും.

ഇതില്‍നിന്നൊഴിവായി അക്കൗണ്ടന്റുമാരാകാന്‍ താത്പര്യമുള്ളവര്‍ക്ക് നിലവിലുള്ള ജനറല്‍ സ്‌കില്‍ മൈഗ്രേഷന്‍ (ജിഎസ്എം) പ്രോഗ്രാം പ്രകാരം ഇപ്പോള്‍ അപേക്ഷിക്കാം.

ജിഎസ്എമ്മിനുള്ള അടിസ്ഥാന യോഗ്യതകള്‍ ഓസ്‌ട്രേലിയന്‍ എമിഗ്രേഷന്‍ പോയിന്റ്‌സ് ടെസ്റ്റിലെ വിജയം, ഓസ്‌ട്രേലിയന്‍ വീസയ്ക്ക് അപേക്ഷിക്കുന്ന ജോലിയുടെ സ്‌കില്‍ ടെസ്റ്റ് വിജയം എന്നിവ മാത്രമെ ഇപ്പോള്‍ അപേക്ഷ അയയ്ക്കുന്നതിന് ആവശ്യമുള്ളൂ.

നിലവിലുള്ള ചട്ടപ്രകാരം എമിഗ്രേഷന്‍ നേടുന്നതിന് എത്രയുംവേഗം സ്‌കില്‍സ് അസസ്‌മെന്റിന് അപേക്ഷിക്കണം. തുടര്‍ന്ന് എമിഗ്രേഷനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് ഇംഗ്ലീഷ് ഭാഷ ടെസ്റ്റ് പാസാകുകയും വേണം.

ഓസ്‌ട്രേലിയയ്ക്ക് ആവശ്യമായ വിവിധ തൊഴിലുകളില്‍ മികച്ച കഴിവുകളുള്ള കുടിയേറ്റക്കാര്‍ക്കും പ്രൊഫഷണലുകള്‍ക്കുമുള്ളതാണ് ജിഎസ്എം. ഇവര്‍ക്ക് തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഉണ്ടാകില്ല. എമിഗ്രേഷനുള്ള പോയിന്റ് സിസ്റ്റത്തിനായി സ്‌കില്‍ഡ് ഒക്കുപ്പേഷന്‍ ലിസ്റ്റാണ് (എസ്ഒഎല്‍) ഓസ്‌ട്രേലിയ ഉപയോഗിക്കുന്നത്. മൈഗ്രേഷനുള്ള യോഗ്യത നേടുന്നതിന് എസ്ഒഎല്‍ ലിസ്റ്റില്‍ നിന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു വിഭാഗം തെരഞ്ഞെടുക്കണം.

ജനറല്‍ അക്കൗണ്ടന്റ്, മാനേജ്‌മെന്റ് അക്കൗണ്ടന്റ്, ടാക്‌സേഷന്‍ അക്കൗണ്ടന്റ്, എക്‌സ്‌റ്റേണല്‍ ഓഡിറ്റര്‍ എന്നിവയാണ് എസ് ഒ എല്ലിലുള്ളത്. ഈ വിഭാഗങ്ങളിലെ ബിരുദമോ അതിലും ഉയര്‍ന്ന യോഗ്യതയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. ചില സാഹചര്യങ്ങളില്‍ പരിചയമോ ജോബ് ട്രെയിനിംഗോ വേണ്ടിവന്നേക്കാം.

അക്കൗണ്ടന്റുമാരായി അപേക്ഷിക്കുന്നവരുടെ പാടവം വിലയിരുത്തന്നത് സിപിഎ ഓസ്‌ട്രേലിയ, ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്‍ ഓസ്‌ട്രേലിയ, ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പബ്ലിക് അക്കൗണ്ടന്റ്‌സ് എന്നീ സംഘടനകളാണ്. വിദ്യാഭ്യാസ യോഗ്യതയും പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ഈ സംഘടനകളില്‍ ഏതെങ്കിലുമൊന്നിനാണ് അപേക്ഷ അയക്കേണ്ടത്. അടിസ്ഥാനപരമായ അക്കൗണ്ടിംഗ്്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് കോര്‍പ്പറേറ്റ് അക്കൗണ്ടിംഗ്, ബിസിനസ് ഫൈനാന്‍സ്, ടാക്‌സേഷന്‍ നിയമങ്ങള്‍, കംപ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങള്‍ തുടങ്ങിയ പന്ത്രണ്ട് വിഭാഗങ്ങളില്‍നിന്ന് വിലയിരുത്തല്‍ പ്രതീക്ഷിക്കാം.

ജോലി ലഭിക്കാനിടയുള്ള സ്‌റ്റേറ്റിലോ പ്രവിശ്യയിലോ ഉള്ള ടാക്‌സ് പ്രാക്ടീഷണര്‍മാരുടെ ബോര്‍ഡില്‍നിന്ന് രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ ലൈസന്‍സ് വാങ്ങിയിരിക്കണം. അനുകൂലമായ അസസ്‌മെന്റ് ലെറ്റര്‍ ലഭിച്ചാല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍ വീസയ്ക്കായി നിങ്ങള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഇവിടെ അനുയോജ്യമായ പോയിന്റുകള്‍ കൂടി നേടിയാല്‍ നിങ്ങള്‍ക്ക് ഓസ്‌ട്രേലിയയിലേക്ക് പറക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക