Image

കാന്‍സര്‍ പ്രൊജക്ടിനു വിജയസമാപ്തി; മയാമി കണ്‍വന്‍ഷനില്‍ അടുത്ത വിജയഗാഥ

പ്രിന്‍സ് മാര്‍ക്കോസ് -emalayalee Published on 04 April, 2016
കാന്‍സര്‍ പ്രൊജക്ടിനു വിജയസമാപ്തി; മയാമി കണ്‍വന്‍ഷനില്‍ അടുത്ത വിജയഗാഥ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ സംഘടനാചരിത്രത്തില്‍ നാഴികക്കല്ലായ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഈമാസം ശുഭാന്ത്യം കുറിക്കുമ്പോള്‍ ഫോമാ നേതൃത്വത്തിന്റെ പൂര്‍ണ്ണ ശ്രദ്ധ മയാമി കണ്‍വന്‍ഷനിലേക്ക്.

പ്രസിഡന്റ് ആനന്ദന്‍ നിരവേലിനും സെക്രട്ടറി ഷാജി എഡ്വേര്‍ഡിനും മറ്റു ഭാരവാഹികള്ക്കും ഒന്നര വര്‍ഷം മുമ്പ് സ്ഥാനമേല്‍ക്കുമ്പോള്‍ എന്തൊക്കെ വിഭാവനം ചെയ്‌തോ, അതൊക്കെ ഒന്നൊന്നായി സാക്ഷാത്കരിക്കുന്നതിന്റെ ചാരിതാര്‍ത്ഥ്യം. കേട്ടറിഞ്ഞ് സ്‌പോണ്‍സര്‍ഷിപ്പുമായി കൂടുതല്‍ സ്ഥാപനങ്ങള്‍ രംഗത്തു വന്നതോടെ മയാമി കണ്‍വന്‍ഷന്‍ പ്രതീക്ഷിച്ചതില്‍ കവിഞ്ഞ വിജയം നേടുമെന്നു പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ജോ. ട്രഷറര്‍ ജോഫ്രിന്‍ ജോസ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യാ പ്രസ്‌ക്ലബിന്റെ സഹകരണത്തില്‍ സിത്താര്‍ പാലസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഫോമയ്ക്ക് തിലകക്കുറിയായി മാറിയ കാന്‍സര്‍ പ്രൊജക്ടിനു ഇതിനകം 77000 ഡോളര്‍ സമാഹരിച്ചതായി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ പറഞ്ഞു. ബാക്കി തുക ഉടന്‍ സമാഹരിച്ച് ഈമാസം 25-നു അക്കൗണ്ട് ക്ലോസ് ചെയ്യും.

ജൂലൈ ഏഴിന് മയാമി ബീച്ചിന്റെ നടുവില്‍ സ്ഥിതിചെയ്യുന്ന ഡുവല്‍ റിസോര്‍ട്ടില്‍ ആരംഭിക്കുന്ന കണ്‍വന്‍ഷന്‍ പുതുമകളാല്‍ സമ്പന്നമായിരിക്കും. 102-ല്‍ കൂടുതല്‍ പേര്‍ ഇതിനോടകം ഹോട്ടല്‍ ബുക്ക് ചെയ്തു കഴിഞ്ഞു. 300 മുറികളാണ് നീക്കിവെച്ചിരിക്കുന്നത്. അതു കഴിഞ്ഞാല്‍ നിരക്കുകൂടും. എന്തായാലും ജൂണ്‍ ഒന്നിനു രജിസ്‌ട്രേഷന്‍ ക്ലോസ് ചെയ്യും.

നാലംഗ കുടുംബത്തിന് ദിന രാത്രം താമസം, ബ്രേക്ക് ഫാസ്റ്റ്, രണ്ട് ഡിന്നര്‍ ബാങ്ക്വറ്റ് എന്നിവയ്ക്ക് 1399 ഡോളര്‍ എന്നത് മുന്‍ കണ്‍വന്‍ഷനേക്കാള്‍ നൂറു ഡോളര്‍ കുറവാണ്. അതേസമയം, ഏറ്റവും മുന്തിയ റിസോര്‍ട്ടുകളിലൊന്നിലാണ് കണ്‍വന്‍ഷന്‍ എന്നതോര്‍ക്കണം.

കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരില്‍ 40 ശതമാനം യുവജനതയായിരിക്കും. അവരില്‍ പലര്‍ക്കും സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിലും നിരക്ക് കുറയ്ക്കുക എളുപ്പമല്ലെന്നു ആനന്ദന്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളെ അപേക്ഷിച്ച് യുവജന പരിപാടികള്‍ ഏറെയുണ്ടാകും. 36 യുവതീയുവാക്കള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഷിംഗാരി ഗ്രൂപ്പ് ഡാന്‍സ് പോലെ 'പവര്‍ പായ്ക്ഡ്' ആയ ഒരു ഷോ പലരും മുമ്പ് കണ്ടിട്ടുണ്ടാവില്ല. അതു കണ്ടില്ലെങ്കില്‍ നഷ്ടം തന്നെ. ബീച്ച് വോളി, ഐസ് ബ്രേക്കര്‍ പ്രോഗ്രാം, പ്രത്യേക ബാങ്ക്വറ്റ് എന്നിവയൊക്കെ യുവജനതയ്ക്കായുണ്ട്. ബാങ്ക്വറ്റില്‍ പക്ഷെ യൂണിഫോമിട്ട പോലീസ് ഓഫീസര്‍മാര്‍ ഉണ്ടായിരിക്കുമെന്നതാണ് യുവ നേതൃത്വവുമായുള്ള ഏക വ്യവസ്ഥ!

ജൂലൈ 9-ന് രാവിലെ 10 മുതല്‍ 2 വരെ നടക്കുന്ന വള്ളംകളി സംഘടിപ്പിച്ചിരിക്കുന്നത് മയാമി ബോട്ട് ക്ലബാണ്. എല്ലാം പ്രൊഫഷണലായി മാത്രമാണ് അരങ്ങേറുക.

കണ്‍വന്‍ഷന്റെ ആദ്യദിനം അംഗസംഘടനകളുടെ പരിപാടികളാണ്. രണ്ടാംദിനം ഷിംഗാരി ഗ്രൂപ്പ് ഡാന്‍സ്. രാഷ്ട്രീയ നേതാക്കളെ ഫോമ കൊണ്ടുവരില്ല. എന്നാല്‍ ചില നേതാക്കളെ തങ്ങളുടെ ചിലവില്‍ കൊണ്ടുവരാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ട്. അതില്‍ എതിര്‍പ്പില്ല. ചിരിയരങ്ങില്‍ നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ സാന്നിധ്യമുണ്ടാകും. മൂന്നു ദിവസവും സുരാജ് സമ്മേളനത്തില്‍ പങ്കെടുക്കും. ബാങ്ക്വറ്റില്‍ വിജയ് യേശുദാസിന്റെ ഗാനമേള നടത്തുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്.

ഫോമാ ഇലക്ഷനെപ്പറ്റി തങ്ങള്‍ക്ക് പ്രത്യേക അഭിപ്രായമൊന്നുമില്ലെന്നു ആനന്ദന്‍ പറഞ്ഞു. ഇലക്ഷനില്ലാതെ സമയാവത്തിലൂടെ തീരുമാനമുണ്ടാകണമെന്നതാണ് ആഗ്രഹം. എട്ടര മുതല്‍ പത്തര വരെ ആയിരിക്കും ജനറല്‍ബോഡി. തുടര്‍ന്ന് മൂന്നു മണിക്കൂര്‍ നേരം വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്. തീരുമാനങ്ങളെല്ലാം മൂന്നംഗ ഇലക്ഷന്‍ കമ്മീഷനാണ്.

സാഹിത്യ സമ്മേളനം ഉണ്ടാവില്ല. കാര്യമായ ജനപങ്കാളിത്തം ഉണ്ടാവുന്നില്ലെന്നതാണ് കാരണം. മീഡിയ സെമിനാറില്‍ മംഗളം എഡിറ്റര്‍ സാബു വര്‍ഗീസ്, ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും.

കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് ആകെ കിട്ടുന്നത് 20 മണിക്കൂറാണ്. അതിനാലാണ് ജനപ്രിയ പരിപാടികള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത്.

ഫോമാ കണ്‍വന്‍ഷനൊന്നും ഇതുവരെ ലാഭമായിട്ടില്ലെന്നു ആനന്ദന്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റായിരുന്ന ജോണ്‍ ടൈറ്റസിനു ഒന്നര ലക്ഷത്തോളം ഡോളര്‍ കയ്യില്‍ നിന്നെടുക്കേണ്ടിവന്നു. ഇത്തവണ എന്തായാലും ലാഭകരമായി നടത്തി ചരിത്രം കുറിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഫോമയുടെ മുഖമുദ്രയായ കാന്‍സര്‍ പ്രൊജക്ടിന്റെ ശില്‍പി പി.ആര്‍.ഒ ജോസ് ഏബ്രഹാമാണ്. അദ്ദേഹത്തിന് ആനന്ദന്‍ നന്ദി പറയുകയും ചെയ്തു. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ കുട്ടികളുടെ വിഭാഗത്തില്‍ 3000 ചതുരശ്ര അടിയുള്ള ഒരു എക്‌സ്‌ടെന്‍ഷനാണ് നിര്‍മ്മിക്കുന്നതെന്ന് ജോസ് ഏബ്രഹാം പറഞ്ഞു. ആദ്യ ഗഡു 25,000 ഡോളര്‍ കൊടുത്തുവെങ്കിലും, പണി തുടങ്ങുന്നതു ജനുവരിക്കു പകരം ഫെബ്രുവരിയിലേക്ക് മാറ്റിയതിനാല്‍ രണ്ടാം ഗഡു കൊടുത്തിട്ടില്ല. ഇപ്പോള്‍ പണി വേഗത്തില്‍ നടക്കുന്നു. ജൂണ്‍ 30-നകം പൂര്‍ത്തിയാകുമെന്നു ആര്‍.സി.സി അധികൃതര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഇലക്ഷന്‍ പണിയെ ബാധിച്ചിട്ടില്ല. ചികിത്സയ്ക്ക് നാലുമുറി, ലോബി, റെസ്റ്റ് റൂം എന്നിവയൊക്കെ അടങ്ങിയതാണ് കെട്ടിടം- ജോസ് ഏബ്രഹാം പറഞ്ഞു.

പ്രൊജക്ട് എടുത്തപ്പോള്‍ നടക്കാത്ത കാര്യമാണെന്നു പലരും പറഞ്ഞതായി ആനന്ദന്‍ നിരവേല്‍ ചൂണ്ടിക്കാട്ടി. എങ്കിലും ധൈര്യപൂര്‍വ്വം രംഗത്തിറങ്ങുകയായിരുന്നു. ന്യൂയോര്‍ക്ക് യോങ്കേഴ്‌സില്‍ നിന്നുള്ള സഞ്ജു കളത്തിലും ലിബിമോന്‍ ഏബ്രഹാമും 5000 ഡോളര്‍ തങ്ങളുടെ വിഹിതമായി തരാമെന്നു തുടക്കമായി പറഞ്ഞു മുന്നോട്ടു വന്നപ്പോള്‍ കണ്ണുനിറഞ്ഞു. അവര്‍ വന്നിട്ട് അധികകാലം പോലുമായില്ല. എങ്ങനെയാണ് അവരോട് നന്ദി പറയേണ്ടതെന്ന് അറിയില്ല.

മയാമി ഭാഗത്തുനിന്നു മാത്രം 40,000 ഡോളര്‍ സമാഹരിച്ചു. സ്റ്റാറ്റന്‍ഐലന്റില്‍ നിന്നു ജോസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ 10,000 ഡോളര്‍. ലാലി കളപ്പുരയ്ക്കലിന്റെ ഹെല്‍പിംഗ് ഹാന്‍ഡ്‌സ് 2,500 ഡോളര്‍ നല്‍കി. എമ്പയര്‍ റീജിയന്‍ വൈസ് പ്രസിഡന്റ് കുര്യന്‍ ഉമ്മന്‍ 5000 ഡോളര്‍ സമാഹരിച്ചത് നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. ന്യൂയോര്‍ക്കും ഫ്‌ളോറിഡയുമാണ് പദ്ധതിക്ക് കാര്യമായി സഹായിച്ചത്. ഹൂസ്റ്റന്‍, ചിക്കാഗോ, ന്യൂജേഴ്‌സി റീജിയനുകളില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല.

നാട്ടില്‍ പോയി പ്രഖ്യാപനങ്ങള്‍ നടത്തി വെറുതെ ഇരിക്കാന്‍ തങ്ങള്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അഞ്ചുപേരാണ് 25000 ഡോളര്‍ തുടക്കത്തില്‍ സമാഹരിച്ചത്. സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, സ്റ്റാന്‍ലി കളത്തില്‍, ജോഫ്രിന്‍ ജോസ്, ജോസ് ഏബ്രഹാം എന്നിവര്‍ക്കു പുറമെ താനും 5000 ഡോളര്‍ നല്‍കി. പതിനായിരം ഡോളര്‍ ഉടന്‍ നല്‍കാമെന്ന് ന്യൂയോര്‍ക്കില്‍ നിന്ന് ഓഫറുണ്ട്. ഡാളസില്‍ ഫിലിപ്പ് ചാമത്തില്‍ സംഘടിപ്പിക്കുന്ന വൈശാഖസന്ധ്യയില്‍ നിന്നുള്ള മിച്ചം തുക മുഴുവന്‍ പ്രൊജക്ടിനു നല്‍കുമെന്നറിയിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ വാഗ്ദാനം ചെയ്ത തുക കൂടിയാകുമ്പോള്‍ ഈമാസം പ്രൊജക്ട് ക്ലോസ് ചെയ്യാനാകും.

ഫോമയുടെ യംഗ് പ്രൊഫഷണല്‍ സമ്മിറ്റ് ഏറെ വിജയം നേടിയ പരിപാടിയാണ്. ജിബി തോമസ് ആണ് അതിന്റെ ഉപജ്ഞാതാവ്. ഈവര്‍ഷം ഡിട്രോയിറ്റില്‍ നടന്ന സമ്മിറ്റ് കനത്ത മഞ്ഞുവീഴ്ച മൂലം പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ല.

പ്രദീപ് നായര്‍, ലാലി കളപ്പുരയ്ക്കല്‍, കുര്യന്‍ ടി. ഉമ്മന്‍, റെജി ജോര്‍ജ്, ഫിലിപ്പ് ചെറിയാന്‍, ജോണ്‍ സി വര്‍ഗീസ് (സലിം), ജിബി തോമസ്, ബെഞ്ചമിന്‍ ജോര്‍ജ്, ജോണ്‍ വര്‍ഗീസ്, സഞ്ജു കുറുപ്പ്, ബൈജു, തോമസ് മാത്യു, മാത്യു സി. തോമസ്, റോഷിന്‍ മാമ്മന്‍, അനിയന്‍ മൂലയില്‍, വര്‍ഗീസ് ജോസഫ്, ചാക്കോ കോയിക്കലേത്ത്, നിഷാ പിള്ള, ഗോപിനാഥ കുറുപ്പ്, മിത്രാസ് രാജന്‍, ഷിറാസ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.

മാധ്യമങ്ങളെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. കൃഷ്ണകിഷോര്‍, സെക്രട്ടറി സണ്ണി പൗലോസ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ ടാജ് മാത്യു, സുനില്‍ ട്രൈസ്റ്റാര്‍, സജി ഏബ്രഹാം, പ്രിന്‍സ് മാര്‍ക്കോസ്, ജോര്‍ജ് ജോസഫ്, ജോസ് ഏബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.
കാന്‍സര്‍ പ്രൊജക്ടിനു വിജയസമാപ്തി; മയാമി കണ്‍വന്‍ഷനില്‍ അടുത്ത വിജയഗാഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക