Image

സെബാസ്റ്റ്യന്‍ ഇടാത്തി എംപി പാര്‍ലമെന്റ്‌ അന്വേഷണ കമ്മറ്റി ചെയര്‍മാന്‍

ജോസ്‌ കുമ്പിളുവേലില്‍ Published on 28 January, 2012
സെബാസ്റ്റ്യന്‍ ഇടാത്തി എംപി പാര്‍ലമെന്റ്‌ അന്വേഷണ കമ്മറ്റി ചെയര്‍മാന്‍
ബര്‍ലിന്‍: മലയാളി വംശജനും ജര്‍മന്‍ പാര്‍ലമെന്റ്‌ അംഗവുമായ സെബാസ്റ്റ്യന്‍ ഇടാത്തിയെ ജര്‍മന്‍ പാര്‍ലമെന്റിന്റെ അന്വേഷണകമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്‌ടിലേറെയായി ജര്‍മനിയില്‍ നിയോ നാസികളുടെ ആക്രമണത്തില്‍പ്പെട്ടവരെയും അതില്‍ ജീവഹാനി സംഭവിച്ചവരെയും കുറിച്ചുള്ള അന്വേഷണത്തിന്‌ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ്‌ കമ്മറ്റിയുടെ ചെയര്‍മാനായാണ്‌ സെബാസ്റ്റ്യന്‍ ഇടാത്തിയെ ബുണ്‌ടസ്‌ടാഗ്‌(പാര്‍ലമെന്റിന്റെ അധോസഭ) നിയോഗിച്ചിരിയ്‌ക്കുന്നത്‌. കമ്മറ്റിയില്‍ പതിനൊന്ന്‌ അംഗങ്ങള്‍ ഉണ്‌ട്‌. ജര്‍മനിയിലെ പ്രതിപക്ഷമായ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിക്കാരനാണ്‌ 43 കാരനായ ഇടാത്തി.

ഇന്നു നടന്ന പാലമെന്റ്‌ സമ്മേളനത്തില്‍ ഐക്യകണ്‌ഠേനയാണ്‌ ഇടാത്തി തെരഞ്ഞെടുക്കപ്പെട്ടത്‌. നിയോ നാസികള്‍ നടത്തുന്ന വംശീയ ആക്രമണത്തില്‍ നിരവധിയാളുകള്‍, പ്രത്യേകിച്ച്‌ വിദേശികള്‍ കൊല്ലപ്പെടുന്നുണ്‌ട്‌. ഇതിനെ ചുറ്റിപ്പറ്റി നിരവധി കേസുകളും നിലവിലുണ്‌ട്‌. എന്നാല്‍ ഈ സംഭവങ്ങളെ മുന്‍നിര്‍ത്തി ചുരുക്കം ചില സംഭവങ്ങളില്‍ മാത്രമാണ്‌ കോടതി ശിക്ഷ ഉണ്‌ടായിരിയ്‌ക്കുന്നത്‌. ഇത്തരം സംഭവങ്ങളുടെ മുഴുവന്‍ സത്യാവസ്ഥയും പുറത്തു കൊണ്‌ടുവരുന്നതിനു വേണ്‌ടിയാണ്‌ കഴിഞ്ഞ കുറെക്കാലത്തെ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു ശേഷം പാര്‍ലമെന്റ്‌ അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്‌്‌. ഇത്തരം അന്വേഷണങ്ങളില്‍ ജര്‍മനിയിലെ ഇന്റലിജന്‍സ്‌ വിഭാഗവും, കുറ്റാന്വേഷണവിഭാഗവും പരാജയപ്പെട്ടതിന്റെ വെളിച്ചത്തിലാണ്‌ പാര്‍ലമെന്റിന്റെ കമ്മിറ്റി രൂപീകരിച്ചത്‌. 2000 നും 2007 നും ഇടയില്‍ ഒന്‍പത്‌ തുര്‍ക്കി വംശജരും ഒരു ഗ്രീക്ക്‌ ബിസിനസുകാരും ഒരു വനിതാ പോലിസ്‌ മേധാവിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ കൊലപാതകത്തിന്റെ ഒരു തെളിവുപോലും ഇതുരെ ജര്‍മന്‍ കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക്‌ കണ്‌ടുപിടിക്കാനായില്ല. പിന്നോക്ക മേഖലയായ തൂറിംഗന്‍ സംസ്ഥാനത്താണ്‌ ഇത്തരം വംശീയ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്‌.

നിയോ നാസി സെല്ലിന്റെ വലതുപക്ഷ തീവ്രവാദി വിഭാഗമായ നാഷണല്‍ സോഷ്യലിസ്റ്റ്‌ അണ്‌ടര്‍ഗ്രൗണ്‌ട്‌(എന്‍എസ്‌യു) മനുയായികളാണ്‌ ഈ സംഭവങ്ങള്‍ക്കു പിന്നിലെന്ന്‌ സര്‍ക്കാര്‍ സംശയിക്കുന്നു. കൂടാതെ ഇന്റലിജന്റ്‌സിലെ ആരെങ്കിലും ഇത്തരക്കാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്‌ടോ എന്നു പോലും ജര്‍മനിയിലെ ആഭ്യന്തരവകുപ്പ്‌ സംശയിക്കുന്നു.

ഭരണഘടന അനുശാസിയ്‌ക്കുന്ന രീതിയിലുള്ള ഒരു രാജ്യത്ത്‌ പൊതുനീതിയില്‍ ജനങ്ങക്ക്‌ ആത്‌മവിശ്വാസം ഊട്ടി ഉറപ്പിയ്‌ക്കാന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം തീര്‍ച്ചയായും ഉപകരിയ്‌ക്കും എന്ന്‌ സെബാസ്റ്റ്യന്‍ ഇടാത്തി പാര്‍ലമെന്റില്‍ ഇതിന്മേലുള്ള ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു തുടര്‍ന്നാണ്‌ വോട്ടെടുപ്പു നടന്നതും ഇടാത്തിയെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തതും. ജര്‍മനിയുടെ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ മേലില്‍ ഉണ്‌ടാകാന്‍ പാടില്ലയെന്നും ഇടാത്തി അസന്നിഗ്‌ധമായി പ്രസ്‌താവിച്ചു. പാര്‍ലമെന്റിന്റെ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയില്‍ അനൗദ്യോഗികമായി ഇദ്ദേഹം തന്നെയാണ്‌ ചര്‍ച്ച തുടങ്ങി വെച്ചത്‌. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ ജര്‍മന്‍ ഇന്റലിജന്റ്‌സ്‌ വിഭാഗവും ഫെഡറല്‍ പോലീസ്‌ സംവിധാനവും നവീകരിയ്‌ക്കണമെന്ന ആവശ്യവും മിക്ക അംഗങ്ങളും ചൂണ്‌ടിക്കാട്ടി.

ഇടാത്തിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ ഏറ്റവും പരമോന്നതമായ അംഗീകാരമാണ്‌ അന്വേഷണകമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തിലൂടെ ലഭിച്ചിരിയ്‌ക്കുന്നത്‌. 1998 മുതല്‍ സോഷ്യല്‍ ഡമോക്രാറ്റിക്‌ പാര്‍ട്ടിയുടെ പാര്‍ലമെന്റ്‌ അംഗമാണ്‌ ഇടാത്തി. ഒരോതവണയും ഭൂരിപക്ഷത്തില്‍ വന്‍വര്‍ധനയാണ്‌ ഉണ്‌ടായത്‌. 1969 സെപ്‌റ്റംബര്‍ അഞ്ചിന്‌ ഹാന്നോവറിലാണ്‌ ജനനം. പിതാവ്‌ ആലപ്പുഴ സ്വദേശിയും അമ്മ ജര്‍മന്‍കാരിയുമാണ്‌. ഇടത്തിപറമ്പില്‍ എന്ന വീട്ടു പേര്‌ ചുരുങ്ങിയാണ്‌ ഇപ്പോള്‍ ഇടാത്തിയായത്‌.

യുവജന നേതാവായി പ്രവര്‍ത്തിച്ച സെബാസ്റ്റ്യന്‍ ഇടാത്തി പിന്നീട്‌ ആഭ്യന്തരകമ്മറ്റിയംഗവും തുടര്‍ന്ന്‌ ജര്‍മനിയിലെ വിദേശികളുമായുള്ള കമ്മറ്റിയധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2003 മുതല്‍ 2007 വരെയും തുടര്‍ന്ന്‌ 2010 മുതല്‍ ഇന്തോ -ജര്‍മന്‍ പാര്‍ലമെന്ററി ഗ്രൂപ്പ്‌ ചെയര്‍മാനായും, 2007 മുതല്‍ 2009 വരെ ജര്‍മന്‍ സൗത്ത്‌ ഏഷ്യന്‍ പാര്‍ലമെന്ററി ഗ്രൂപ്പ്‌ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ഗേര്‍ഹാര്‍ഡ്‌ ഷ്രൊയ്‌ഡറുടെ വിശ്വസ്‌തനായിരുന്നു ഇദ്ദേഹം. ജര്‍മന്‍ പൗരത്വം നേടാനുള്ള സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ഇടാത്തിയുടെ ഇടപെടല്‍ വളരെ ശ്രദ്ധേയമായിരുന്നു.
സെബാസ്റ്റ്യന്‍ ഇടാത്തി എംപി പാര്‍ലമെന്റ്‌ അന്വേഷണ കമ്മറ്റി ചെയര്‍മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക