Image

യാത്രാനിരോധനം: മാനുഷിക നിലപാട്‌ സ്വീകരിക്കമെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍

Published on 28 January, 2012
യാത്രാനിരോധനം: മാനുഷിക നിലപാട്‌ സ്വീകരിക്കമെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍
മനാമ: പ്രവാസികളുടെ യാത്രാ നിരോധം മാനുഷിക പ്രശ്‌നമെന്ന നിലയില്‍ പരിഗണിക്കപ്പെടേണ്ടതുണ്ടെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍ മോഹന്‍കുമാര്‍ പറഞ്ഞു. എംബസിയില്‍ നടന്ന ഓപണ്‍ ഹൗസിന്‌ ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്‌ അധികം യാത്രാ നിരോധവും നിലവിലുള്ളത്‌. സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ കൂടുതലും. വലിയ തുക അടക്കാനുള്ളതിനാല്‍ നിരോധം നിലവിലുള്ളവരും ചെറിയ തുക അടക്കാനുള്ളവരും കൂട്ടത്തിലുണ്ട്‌.

ഓപണ്‍ ഹൗസില്‍ എത്തിയ ഗോവയിലെ റൊസാരിയൊ എന്ന വൃദ്ധന്‍ ഒരു സ്ഥാപനത്തിന്‌ 4500 ദിനാറാണ്‌ കൊടുക്കാനുള്ളതെന്ന്‌ പറയുന്നു. ഇയാളെ ജോലിയില്‍ തുടരാന്‍ അനുവദിക്കുകയും ശമ്പളത്തില്‍നിന്ന്‌ പണം ഈടാക്കുകയും ചെയ്‌താല്‍ പ്രശ്‌നം പരിഹരിക്കാനാകും. ജോലി ചെയ്യാനുള്ള സാഹചര്യം കൂടി ഇല്ലാതാക്കുന്നത്‌ ഇത്തരം വ്യക്തികളുടെ നാടണയാനുള്ള സ്വപ്‌നങ്ങള്‍ക്ക്‌ കരിനിഴല്‍ വീഴ്‌ത്തുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹമദ്‌ ടൗണില്‍ നാല്‌ മലയാളികള്‍ ശ്വാസം മുട്ടി മരിക്കാനിടയായത്‌ നിര്‍ഭാഗ്യകരമായ സംഭവമാണെന്ന്‌ എംബസി ഫസ്റ്റ്‌ സെക്രട്ടറി എ. അജയ്‌കുമാര്‍ പറഞ്ഞു. നല്ല താമസ സൗകര്യം ഒരുക്കാന്‍ കമ്പനികളെ നിര്‍ബന്ധിക്കേണ്ട ഉത്തരവാദിത്തം ബഹ്‌റൈന്‍ ഭരണകൂടത്തിനാണ്‌. അതേസമയം, ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ബോധവത്‌കരണം നടത്തുമെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്‌പോണ്‍സറില്‍നിന്ന്‌ പാസ്‌പോര്‍ട്ട്‌ ലഭിക്കാത്ത പ്രശ്‌നവും കമ്പനിയില്‍നിന്ന്‌ ശമ്പളം ലഭിക്കാത്ത പ്രശ്‌നവുമാണ്‌ ഇന്നലെ ഓപണ്‍ ഹൗസിന്‌ മുന്നിലെത്തിയ മറ്റു പ്രശ്‌നങ്ങള്‍. ഇവയില്‍ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും അംബാസഡര്‍ വ്യക്തമാക്കി. ലേബര്‍ ഓഫീസര്‍ സന്തോഷ്‌ പിള്ള, അഭിഭാഷക മഹാജബര്‍ എന്നിവരും പങ്കെടുത്തു.
യാത്രാനിരോധനം: മാനുഷിക നിലപാട്‌ സ്വീകരിക്കമെന്ന്‌ ഇന്ത്യന്‍ അംബാസഡര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക