Image

പാഴ്‌വാക്കാവരുത്‌ പിത്രോദയുടെ നിര്‍ദേശങ്ങള്‍

ജി.കെ. Published on 29 January, 2012
പാഴ്‌വാക്കാവരുത്‌ പിത്രോദയുടെ നിര്‍ദേശങ്ങള്‍
അടുത്ത 20 വര്‍ഷത്തെ സംസ്ഥാനത്തിന്റെ വികസനവേഗം നിശ്ചയിക്കുന്ന പത്തിന പദ്ധതികള്‍ പ്രധാനമന്ത്രിയുടെ സാങ്കേതിക ഉപദേഷ്‌ടാവ്‌ സാം പിത്രോദ സംസ്ഥാനത്തിന്‌ മുന്നില്‍ വെച്ചിരിക്കുന്നു. വികസനത്തിന്റെ അവസാന വണ്‌ടി എന്നേ വിട്ടുപോയ കേരളത്തിന്‌ ലഭിച്ച അവസാന പ്രതീക്ഷയാണ്‌ പിത്രോദയുടെ നിര്‍ദേശങ്ങള്‍ എന്നു വേണമെങ്കില്‍ ആലങ്കാരികമായി വിശേഷിപ്പിക്കാം. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാകുമെന്ന്‌ ഉറപ്പാക്കാന്‍ മാറിമാറിവരുന്ന നമ്‌നള്‍ തെരഞ്ഞെടുത്ത നമ്മുടെ സര്‍ക്കാരുകള്‍ എത്രമാത്രം പ്രതിജ്ഞാബദ്ധരാണെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. കാരണം കിലുക്കം സിനിമയില്‍ ഇന്നസെന്റ്‌ ലോട്ടറി അടിക്കുമ്പോള്‍ പറയുന്ന ഡോയലോഗ്‌ ഇത്തരം നിര്‍ദേശങ്ങളും വമ്പന്‍ പദ്ധതികളും കേരള ജനത ഒരുപാട്‌ കേട്ടിട്ടുണ്‌ട്‌. ഒടുവില്‍ അവയെല്ലാം വിവാദങ്ങളുടെ വേലിയേറ്റത്തില്‍ മുങ്ങിപ്പോകുകയണ്‌ പതിവ്‌. ആ പതിവ്‌ ഇനിയും ആവര്‍ത്തിക്കില്ലെന്ന്‌ ഉറപ്പാക്കാനുള്ള ബാധ്യത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിക്കുതന്നെയാണ്‌.

പിത്രോദ മുന്നോട്ടുവെച്ച പത്തുകല്‍പനകള്‍ ഇവയാണ്‌. 1-തീരക്കടല്‍ ചരക്കു ഗതാഗതം: ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിച്ച്‌ അവയിലൂടെ ചരക്കു ഗതാഗതം നടത്തുക.2: നോളജ്‌ സിറ്റി: സര്‍വകലാശാലകളും വിദേശ സര്‍വകലാശാലകളും ലാബുകളും പാര്‍പ്പിട, വാണിജ്യ, സാംസ്‌കാരിക സമുച്ചയങ്ങളും ഉണ്‌ടാവും. 3. ഐടി ഉപയോഗിച്ചു തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം: പഞ്ചായത്തുകളെ ബ്രോഡ്‌ബാന്‍ഡ്‌ വഴി ബന്ധിപ്പിച്ചു തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം നടത്തുക. 4. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌: ഓരോ മാസവും മൊബൈല്‍ ഫോണ്‍ ബില്ല്‌ കൊടുക്കുന്നതിനൊപ്പം ചെറിയൊരു തുക ആരോഗ്യ ഇന്‍ഷുറന്‍സിനു കൂടി കൊടുക്കുന്ന പദ്ധതിയാണിത്‌.

5. മാലിന്യ സംസ്‌കരണം: നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു മാലിന്യ സംസ്‌കരണവും അതില്‍ നിന്ന്‌ ഊര്‍ജ ഉല്‍പാദനവും. 6. വിരമിക്കുന്നവരെ ഉപയോഗിച്ചു വിവിധ പദ്ധതികള്‍: സ്‌കൂളുകളിലോ മറ്റു കേന്ദ്രങ്ങളിലോ ഇവരുടെ സേവനം പ്രയോജനപ്പെടുത്തും. 7. പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം: കയര്‍, കശുവണ്‌ടി, കൈത്തറി മേഖലകളില്‍ നവീകരണം. 8. ഇ-ഗവേണന്‍സ്‌: എല്ലാ മേഖലകളിലും ഐടി ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട സേവനം. 9. ആയുര്‍വേദം: കേരളത്തെ ഇന്ത്യന്‍ ആയുര്‍വേദ ചികില്‍സയുടെ തലസ്‌ഥാനമാക്കും. 10. അതിവേഗ റയില്‍ കോറിഡോര്‍ തുടങ്ങിയവയാണ്‌ വിഷന്‍ 2030ന്റെ ഭാഗമായി സാം പിത്രോദ സംസ്ഥാനത്തിന്റെ മുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്‌.

ഇതില്‍ ഏറ്റവും ആകര്‍ഷകവും എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതുമായ പദ്ധതിയാണ്‌ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പദ്ധതി നടപ്പാക്കാല്‍. ആരോഗ്യരംഗത്ത്‌ വികസിത രാജ്യങ്ങള്‍ക്കൊപ്പം മുന്നേറാന്‍ സംസ്ഥാനത്തിനായിട്ടുണ്‌ടെങ്കിലും ആരോഗ്യ ഇന്‍ഷൂറന്‍സ്‌ ഒരു സംസ്‌കാരമായി വളര്‍ത്തുന്നതില്‍ സംസ്ഥാനം ഏറെ പിന്നിലാണ്‌. ആരോഗ്യ ഇന്‍ഷൂറന്‍സ്‌ നിര്‍ബന്ധമാക്കുന്നതോടെ ചികിത്സാച്ചെലവുകൊണ്‌ട്‌ താങ്ങാനാവാതെ നടുവൊടിഞ്ഞ വലിയൊരു വിഭാഗത്തിന്‌ വലിയ ആശ്വാസം നല്‍കുന്ന പദ്ധതിയാണിത്‌. കൂലിപ്പണിയാണെങ്കില്‍ പോലും മാസംതോറും മുന്നോറോ നാനൂറോ രൂപ മൊബൈല്‍ ബില്ലായി നല്‍കുന്നവരാണ്‌ ഭൂരിഭാഗം മലയാളികളും. ഇതില്‍ ഒരു ചെറിയതുക ആരോഗ്യ ഇന്‍ഷൂറന്‍സ്‌ പ്രീമിയമായി മാറ്റിവെയ്‌ക്കുക എന്നത്‌ അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ ഭാരമല്ല താനും. രോഗികളെ പിഴിയുന്ന സ്വകാര്യ ആശുപത്രികളുടെ നടപടിക്ക്‌ ഒരുപരിധിവരെ അറുതിവരുത്താനും ഇതിലൂടെ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം.

സംസ്ഥാനത്ത്‌ അടിയന്തരമായി നടപ്പാക്കേണ്‌ട മറ്റൊരു നിര്‍ദേശമാണ്‌ നവീന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള മാലിന്യ സംസ്‌കരണവും അതില്‍ നിന്ന്‌ ഊര്‍ജ ഉല്‍പാദനവും. വിളപ്പില്‍ശാല മാലിന്യപ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ സാം പ്രിതോദ്‌ പറഞ്ഞില്ലെങ്കില്‍ പോലും ഇക്കാര്യം നടപ്പാക്കാന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്‌ട്‌. തലസ്ഥാനത്ത്‌ വൈജ്ഞാനിക നഗരം സ്ഥാപിക്കുന്നതിനും അതിവേഗ റെയില്‍ കോറിഡോര്‍ സ്ഥാപിക്കുന്നതിനുമെല്ലാം മുമ്പ്‌ മാലിന്യത്തിന്‌ അടിയന്തര പരിഹാരം കണ്‌ടേ മതിയാവൂ.

തലസ്‌ഥാനത്തു വൈജ്‌ഞാനിക നഗരം സ്ഥാപിക്കുമെന്നത്‌ ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്നതാണെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ലെന്നത്‌ ഈ പ്രഖ്യാപനത്തെക്കുറിച്ചും ജനമനസ്സില്‍ ആശങ്കയുടെ വിത്തിടുന്നുണ്‌ട്‌. അതുപോലെ തന്നെയാണ്‌ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിച്ച്‌ തീരക്കടല്‍ വഴിയുള്ള ചരക്കു ഗതാഗതം നടപ്പാക്കുമെന്ന പ്രഖ്യാപനവും. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയാവുമായിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി ഇപ്പോഴും ടെന്‍ഡറിന്റെ കുരുക്ക്‌ വിട്ട്‌ പുറത്തുവന്നിട്ടില്ല. ആസ്ഥിതിക്ക്‌ ചെറുകിട തുറമുഖങ്ങള്‍ വികസിപ്പിക്കുമെന്ന പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരയാകുമോ എന്ന്‌ ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

സര്‍വീസില്‍ നിന്ന്‌ 55-ാം വയസ്സില്‍ വിരമിക്കുന്നവരെ വിവിധ തലങ്ങളില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന നിര്‍ദേശമാണ്‌ ആകര്‍ഷകമായ മറ്റൊരു നിര്‍ദേശം. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയുള്ള അതിവേഗ റയില്‍ കോറിഡോറാണു മറ്റൊരു മുഖ്യ പദ്ധതി. ഇത്‌ ഇപ്പോള്‍ തന്നെ സംസ്ഥാനത്തിന്റെ പരിഗണനയിലുള്ളതാണ്‌. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഇതിന്റെ പ്രാഥമിക സാധ്യതാ പഠനവും നടത്തിയിരുന്നു. എന്നാല്‍ കൊച്ചി മെട്രോ റെയില്‍ വിവാദ ട്രാക്കില്‍ ഓടിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വന്‍മുതല്‍മുടക്കുള്ളതും കാലതാമസമേറെയുള്ളതുമായ ഇത്തരമൊരു പദ്ധതി പൂര്‍ത്തിയാക്കാനാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം ബാക്കിയാണ്‌.

സംസ്ഥാനത്തെ തൊഴില്‍ പ്രശ്‌നങ്ങളും പണിമുടക്കുകളും കഴിഞ്ഞകാല ചരിത്രമാണെന്ന്‌ മുഖ്യമന്ത്രി ഉറപ്പുപറയുന്നുവെങ്കിലും നമ്മുടെ സമീപകാല ചരിത്രംപോലും നമ്മെ നോക്കി പല്ലിളിക്കുന്നുണ്‌ട്‌. അതുകൊണ്‌ടു തന്നെയാണ്‌ വികസനവേഗത്തിന്‌ ഗതിവേഗം നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും ജനങ്ങള്‍ ഇതൊക്കെ നടക്കുമോ എന്ന സംശയത്തിന്റെ പുരികമുയര്‍ത്തുന്നത്‌. ഇച്ഛാശക്തിയുണ്‌ടെങ്കില്‍ അസാധ്യമായതൊന്നുമില്ലെന്ന്‌ തെളിയിക്കാനുള്ള ബാധ്യത ഇനി ഉമ്മന്‍ ചാണ്‌ടിക്കും കൂട്ടര്‍ക്കുമാണ്‌. അദ്ദഹവും സഹപ്രവര്‍ത്തകരും അതില്‍ പരാജയപ്പെടില്ലെന്ന്‌ പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക