Image

താരങ്ങള്‍ക്കെതിരെ അപ്രഖ്യാപിത വിലക്കുകള്‍

Published on 29 January, 2012
താരങ്ങള്‍ക്കെതിരെ അപ്രഖ്യാപിത വിലക്കുകള്‍
അവസാനം യുവതാരം പൃഥ്വിരാജില്ലാതെ മല്ലുസിംഗ്‌ ഷൂട്ടിംഗ്‌ ആരംഭിച്ചു. ഇതോടെ മലയാള സിനിമയിലെ അന്തര്‍നാടകങ്ങളുടെ മറ്റൊരു മുഖമാണ്‌ തെളിഞ്ഞു കാണുന്നത്‌. പൃഥ്വിരാജിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം അനൗണ്‍സ്‌ ചെയ്‌ത ചിത്രമായിരുന്നു മല്ലുസിംഗ്‌. ചിത്രത്തിന്റെ കഥകേട്ട്‌ പൃഥ്വി ഇഷ്‌ടപ്പെട്ടതിനു ശേഷം കരാര്‍ ഉറപ്പിച്ച ചിത്രം. പൃഥ്വിയെ നായകവേഷത്തില്‍ ഫോട്ടോഷൂട്ട്‌ വരെ ചെയ്‌ത്‌ പബ്ലിസിറ്റിയും ചിത്രത്തിന്റെ അണിയറക്കാര്‍ നടത്തിയിരുന്നു. വരുന്ന മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിംഗും ഉറപ്പിച്ചതുമാണ്‌. സച്ചി - സേതു ടീമിലെ സച്ചി തിരക്കഥയെഴുതി പോക്കിരിരാജ ഫെയിം വൈശാഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ മല്ലുസിംഗ്‌.

എന്നാലിപ്പോഴിതാ പുതുമുഖ നായകനായ ഉണ്ണിമുകുന്ദനെ നായകനാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒറ്റപ്പാലത്ത്‌ തുടങ്ങിയിരിക്കുന്നു. മല്ലുസിംങില്‍ നിന്നും പൃഥ്വിരാജിനെ മാറ്റിയെന്ന വാര്‍ത്തകള്‍ കുറച്ചുനാളായി സിനിമാ ലോകത്ത്‌ പ്രചരിച്ചിരുന്നു. ചിത്രത്തില്‍ നിന്നും പൃഥ്വി സ്വയം മാറിയതാണെന്നും അതല്ല അണിയറക്കാര്‍ പൃഥ്വിയെ മാറ്റിയതാണെന്നും രണ്ട്‌ അഭിപ്രായങ്ങള്‍ ചലച്ചിത്രലോകത്ത്‌ പ്രചരിച്ചിരുന്നു. എന്നാലും സംഭവത്തിന്റെ വാസ്‌തവങ്ങളിലേക്ക്‌ കടക്കുമ്പോള്‍ അറിയുന്ന കാര്യങ്ങള്‍ യുവതാരം പൃഥ്വിയെ സംബന്ധിച്ചിടത്തോളം ശുഭമല്ല.

മല്ലുസിംഗിന്‌ വേണ്ടി അമ്പത്‌ ദിവസത്തെ ഡേറ്റാണ്‌ പൃഥ്വിയോട്‌ അണിയറക്കാര്‍ ആദ്യം ആവിശ്യപ്പെട്ടതത്രേ. എന്നാല്‍ പിന്നീട്‌ ഇത്രയും ദിവസങ്ങള്‍ ഒരുമിച്ച്‌ നല്‍കാന്‍ കഴിയില്ലെന്ന്‌ പൃഥ്വി അറിയിക്കുകയും ഷൂട്ടിംഗ്‌ മാറ്റിവെക്കാന്‍ ആവിശ്യപ്പെടുകയും ചെയ്‌തു. ഒരു കോടിക്ക്‌ മുകളില്‍ സാറ്റ്‌ലൈറ്റ്‌ വാല്യു ഉള്ളപ്പോള്‍ തന്റെ വാക്കുകള്‍ അണിയറക്കാര്‍ നിരസിക്കില്ലെന്നായിരുന്നു പൃഥ്വിരാജ്‌ കരുതിയത്‌. എന്നാല്‍ തൊട്ടടുത്ത ദിവസം പൃഥ്വിരാജിനെ ചിത്രത്തില്‍ നിന്നും മാറ്റിയതായി വാര്‍ത്ത പ്രചരിച്ചു. ഇതിനെക്കുറിച്ച്‌ പൃഥ്വിരാജിന്റെ സുഹൃത്തുക്കള്‍ അണിയറക്കാരോട്‌ തിരക്കിയപ്പോള്‍ പൃഥ്വിയുടെ ഇഷ്‌ടത്തിന്‌ അനുസരിച്ച്‌ ഷൂട്ടിംഗ്‌ വെക്കാന്‍ കഴിയില്ലെന്ന്‌ തീര്‍ത്തു പറഞ്ഞുവത്രേ. പിന്നീട്‌ ഉണ്ണിമുകുന്ദന്‍ എന്ന നടനെ വെച്ച്‌ ഫോട്ടോഷൂട്ട്‌ നടത്തി ചിത്രങ്ങള്‍ പുറത്തുവിട്ടപ്പോഴാണ്‌ ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതായി പൃഥ്വിപോലും അറിയുന്നത്‌. കഥ കേട്ട്‌ ഇഷ്‌ടപ്പെട്ട ഒരു നല്ല ചിത്രം മിസായപ്പോഴാണ്‌ വീണ്ടും ഇതേ തിരിച്ചടി പൃഥ്വിക്ക്‌ ലഭിക്കുന്നത്‌.

ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യാന്‍ പോകുന്ന മുംബൈ പോലീസ്‌ എന്ന ചിത്രത്തില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയിരിക്കുന്നു. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും ഒരുമിപ്പിച്ച്‌ റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണ്‌ മുംബൈ പോലീസ്‌. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളും സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ ഈ ചിത്രം മമ്മൂട്ടിയെയും ജയസൂര്യയെയും നായകന്‍മാരാക്കി ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്‌ റോഷന്‍ ആന്‍ഡ്രൂസ്‌. റോഷന്‍ ആന്‍ഡ്രൂസ്‌ ചിത്രത്തില്‍ നിന്നും പൃഥ്വിരാജ്‌ പുറത്തുപോയതും ഡേറ്റ്‌ക്ലാഷ്‌ മൂലമാണെന്നാണ്‌ അണിയറക്കാരുടെ വിശദീകരണം. എന്നാല്‍ വെറും ഡേറ്റ്‌ക്ലാഷ്‌ മാത്രമല്ല സംവിധായനുമായി ഉണ്ടായ വാക്കു തര്‍ക്കമാണ്‌ തഴയപ്പെടലിനു പിന്നിലെന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തായാലും 2012ല്‍ നടക്കുന്ന രണ്ട്‌ ബിഗ്‌ പ്രോജക്‌ടുകളില്‍ നിന്നാണ്‌ പൃഥ്വിരാജ്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നത്‌.

പ്രേക്ഷക ലോകത്തു നിന്നും പൃഥ്വിരാജിനെതിരെയുള്ള ഒറ്റപ്പെടുത്തലുകള്‍ തുടങ്ങിയിട്ട്‌ ഏറെക്കാലമായിരുന്നു. തുടര്‍ച്ചയായി പൃഥ്വിചിത്രങ്ങള്‍ പരാജയപ്പെട്ടതും, ചാനലുകളില്‍ പൃഥ്വിരാജിന്റെ അഭിമുഖങ്ങള്‍ വരുത്തിവെക്കുന്ന വാചകക്കുഴപ്പങ്ങളും പൃഥ്വിയെ സ്ഥിരമായി പ്രശ്‌നത്തിലാക്കിയിരുന്നു. തുടര്‍ന്ന്‌ ഇന്റര്‍നെറ്റ്‌ വേദികളില്‍ പൃഥ്വിരാജിനെതിരെ വലിയ പ്രതിഷേധങ്ങളും കളിയാക്കലുകളും രൂപപ്പെട്ടിരുന്നു. എന്നാല്‍ രഞ്‌ജിത്ത്‌ സംവിധാനം ചെയ്‌ത ഇന്ത്യന്‍റുപ്പിയുടെ വിജയം ഇതിനൊക്കെ ഒരു അറുതി വരുത്തിയപ്പോഴാണ്‌ ചലച്ചിത്ര ലോകത്തു നിന്നും പൃഥ്വിരാജിന്‌ തിരിച്ചടികള്‍ നേരിടുന്നത്‌.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത്‌ താരങ്ങള്‍ക്കു നേരെയുള്ള അപ്രഖ്യാപിത വിലക്കുകളാണ്‌. ഒരു സംഘടനയുടെയും നേരിട്ട ഇടപെടലുകളില്ലെങ്കിലും സിനിമയില്‍ ചിലര്‍ വിചാരിച്ചാല്‍ ഒരു താരത്തെ വിലക്കാന്‍ കഴിയും. പക്ഷെ ഇത്തരം അപ്രഖ്യാപിക വിലക്കുകള്‍ താരങ്ങള്‍ സ്വയം ചോദിച്ചു വാങ്ങുന്നതാണ്‌. പൃഥ്വിരാജിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതു തന്നെ. താന്‍ അഭിനയിക്കുന്ന സിനിമകളിലെ അമിതമായി ഇടപെടുന്നതും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതുമാണ്‌ പൃഥ്വിയെ ഒരുപരിധി വരെ പല സംവിധായകരില്‍ നിന്നും അകറ്റിയത്‌. കഥയിലും തിരക്കഥയിലും തുടങ്ങി കാസ്റ്റിംഗില്‍ വരെ താരങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ സംവിധായകര്‍ക്ക്‌ ഇഷ്‌ടപ്പെടുന്നില്ല എന്ന്‌ വരുമ്പോഴാണ്‌ ഒഴിവാക്കലുകള്‍ ആരംഭിക്കുന്നത്‌. ഇത്‌ തുടര്‍ച്ചയായാല്‍ പിന്നെ തനിക്ക്‌ സ്വാധീനമുള്ള ഒരുകൂട്ടം സംവിധായകര്‍ക്കിടയിലേക്ക്‌ മാത്രം താരം ഒതുങ്ങുന്നു. വ്യത്യസ്‌തമായ സിനിമകള്‍ ലഭിക്കാതെയാവുകയും ചെയ്യുന്നു. പൃഥ്വിരാജിന്റെ കരിയറില്‍ സംഭവിച്ചിരിക്കുന്നതും ഇതു തന്നെ.

ആസിഫ്‌ അലിയാണ്‌ യുവതാരങ്ങളില്‍ ഇത്തരം ഒഴിവാക്കലുകളിലേക്ക്‌ സ്വയം ചെന്നുകയറിയ മറ്റൊരു താരം. ഋതു എന്ന സിനിമയിലൂടെ രംഗത്തെത്തിയ ആസിഫ്‌ അലി പിന്നീട്‌ സിബി മലയലിന്റെ അപൂര്‍വ്വരാഗം, വയലിന്‍ എന്നീചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന്‌ മലയാള സിനിമയിലെ തിരക്കുള്ള താരങ്ങളിലൊരാളായി വളര്‍ന്നു. എന്നാല്‍ പിന്നീട്‌ താരജാഡകളിലേക്ക്‌ ആസിഫും മാറിയെന്നാണ്‌ അണിയറ സംസാരം. സിനിമ സംബന്ധമായ കാര്യങ്ങള്‍ക്ക്‌ മുതിര്‍ന്ന സംവിധായകര്‍ വിളിച്ചാല്‍ പോലും ആസിഫ്‌ അലി ഫോണ്‍ എടുക്കാറില്ലത്രേ. അടുത്ത നാളുകളില്‍ മുതിര്‍ന്ന സംവിധായകനായ ടി.കെ രാജീവ്‌കുമാറിന്‌ പോലും ആസിഫ്‌ അലിയില്‍ നിന്നും മോശമായി അനുഭവം നേരിടേണ്ടി വന്നുവത്രേ. ടി.കെ രാജീവ്‌കുമാര്‍ ഒരു സിനിമയുടെ ആവിശ്യത്തിനായി പല തവണ ബന്ധപ്പെടാന്‍ വിളിച്ചിട്ടുപോലും ആസിഫ്‌ അലി മൈന്‍ഡ്‌ ചെയ്‌തില്ല. ഇത്‌ സംവിധായകന്‍ തന്നെ ചലച്ചിത്ര ലോകത്ത്‌ പലരെയും അറിയിക്കുകയും ചെയ്‌തു. ഇതോടെ സംവിധായകരില്‍ പലര്‍ക്കും ആസിഫ്‌ അലിയെ സിനിമയിലേക്ക്‌ കാസ്റ്റ്‌ ചെയ്യാനുള്ള താത്‌പര്യം കുറയുകയും ചെയ്‌തു. കഴിഞ്ഞ നാളുകളില്‍ നേരത്തെ പ്ലാന്‍ ചെയ്യപ്പെട്ട ചില സിനിമകളില്‍ നിന്നും ആസിഫ്‌ അലിയും പൃഥ്വിയെപ്പോലെ ഒഴിവാക്കപ്പെട്ടിരുന്നു.

എന്തായാലും താരങ്ങള്‍ സ്വയം വരുത്തിവെക്കുന്ന അപ്രഖ്യാപിത വിലക്കുകള്‍ താരങ്ങള്‍ക്ക്‌ തന്നെ ഏറ്റവുമധികം വിനയാകുകയാണ്‌ മലയാള സിനിമയില്‍. ഒരുപക്ഷെ ഇത്തരം താരജാഡകളില്‍ നിന്നൊക്കെ തന്നെയാവില്ലേ ശ്രീനിവാസന്‍ സരോജ്‌കുമാര്‍ എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ചതും.
താരങ്ങള്‍ക്കെതിരെ അപ്രഖ്യാപിത വിലക്കുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക