Image

എട്ടു മണിക്കൂര്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നത് ആശാസ്യമല്ല: ഐഎംഎ

Published on 29 January, 2012
എട്ടു മണിക്കൂര്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നത് ആശാസ്യമല്ല: ഐഎംഎ
കോഴിക്കോട്: നഴ്‌സുമാരുടെ സമരത്തിന്റെ വെളിച്ചത്തില്‍ ആശുപത്രികളെ അവശ്യസേവന നിയമത്തിന്റെ (എസ്മ) പരിധിയില്‍ കൊണ്ടുവരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ആശുപത്രികളെ പ്രത്യേക സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുകയും രാഷ്ട്രീയ സംഘടനകളെ ആശുപത്രിയില്‍നിന്നു ബഹിഷ്‌കരിക്കുകയും ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അത്യാഹിത വിഭാഗത്തിലുള്ള രോഗികളെപ്പോലും നിരാലംബരാക്കി സമരം നടത്താന്‍ തയാറായത് ഉത്കണ്ഠ വര്‍ധിപ്പിക്കുന്നതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാജഗോപാലന്‍ നായര്‍, ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ഡോ. ആര്‍.വി. അശോകന്‍ എന്നിവര്‍ പറഞ്ഞു.

നിസ്വാര്‍ഥമായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാരാണ് രോഗികളുടെ രക്ഷയ്ക്ക് ഉണ്ടായിരുന്നത്. വൈദ്യരംഗത്തെ നൈതികത അതില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ബാധകമായിരിക്കണം. സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം ശമ്പളം കൊടുക്കുന്നതിനു ഭൂരിപക്ഷം ആശുപത്രികളും അംഗീകരിച്ചിട്ടുണ്ട്. ഒരു ചെറു ന്യൂനപക്ഷം മാത്രമാണ് ഇതു നല്‍കാതിരിക്കുന്നത്. നഴ്‌സുമാരുടെ സേവന-വേതന വ്യവസ്ഥകളെക്കുറിച്ചു പഠിക്കുന്നതിനു രൂപീകരിച്ച ഉന്നതാധികാര സമിതി നീതിനിഷേധമാണ്.

ആക്രമണോത്മുഖതയും രാഷ്ട്രീയ ചായ്‌വുള്ളതുമായ തൊഴിലാളിപ്രവര്‍ത്തനം ആരോഗ്യരംഗത്തു വലിയ ചെലവു വരുത്തിവയ്ക്കും. നിരാശാവഹമായ രീതിയിലാണ് നഴ്‌സിങ് കൗണ്‍സില്‍ നഴ്‌സുമാരുടെ സമരത്തോടു പ്രതികരിച്ചത്. ഒരു വര്‍ഷത്തെ ആശുപത്രിപരിചയം നഴ്‌സിങ് കോഴ്‌സില്‍നിന്ന് എടുത്തുകളഞ്ഞത് രോഗീപരിചരണത്തെ പ്രതികൂലമായി ബാധിക്കും. ഇതു പുനഃസ്ഥാപിക്കണം. യാഥാര്‍ഥ്യബോധം ഇല്ലാത്ത ശമ്പളവര്‍ധനവ് അസ്വീകാര്യമാണ്. എട്ടു മണിക്കൂര്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നത് ആശാസ്യമല്ല. ഇക്കാര്യങ്ങള്‍ ഇന്നു നടക്കുന്ന ഐഎംഎ ഹോസ്പിറ്റല്‍ ബോര്‍ഡ് സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക