Image

ഫോമാ എന്നെ കേരളത്തോടടുപ്പിച്ചു: ശിങ്കാരി ക്ലാര കുര്യാക്കോസ്

Published on 17 April, 2016
ഫോമാ എന്നെ കേരളത്തോടടുപ്പിച്ചു: ശിങ്കാരി ക്ലാര കുര്യാക്കോസ്
ഫ്‌ളോറിഡ: കണ്ണഞ്ചിപ്പിക്കുന്ന നൃത്ത ചുവടുകളുമായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ടു പ്രശസ്തിയാര്‍ജ്ജിച്ച ശിങ്കാരി ഡാന്‍സ് ഗ്രൂപ്പിന്റെ എല്ലാമെല്ലാമായ ശിങ്കാരി (ക്ലാര കുറിയാക്കോസ് ), ഫോമാ ന്യൂസ് ടീമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു. ഹ്യൂസ്റ്റണില്‍ ചെറിയ രീതിയില്‍ ആരംഭിച്ച ശിങ്കാരി സ്ക്കൂള്‍ ഓഫ് ഡാന്‍സ്, ഇന്ന് ഹ്യൂസ്റ്റണ്‍ ഉള്‍പ്പടെ അമേരിക്കയിലെ 5 വന്‍ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ബിസ്സിനസ്സ് സംരംഭമാണ്. ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമാ) 2016 ജൂലൈ 7 മുതല്‍ 10 വരെ ഫ്‌ലോറിഡയിലെ മയാമിയിലെ ഡ്യൂവില്‍ ബീച്ച് റിസോര്‍ട്ടില്‍ വച്ചു നടത്തപ്പെടുന്ന അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ പൂര്‍ണ്ണമായി അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളി നര്‍ത്തകരുടെ സംഘമായ ശിങ്കാരി സ്ക്കൂള്‍ ഓഫ് ഡാന്‍സിലെ ഏകദേശം മുപ്പതില്‍പരം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്ത വിസ്മയം ഒരുക്കാന്‍ പോകുകയാണ്.

ചോദ്യം: ശിങ്കാരിയെന്നാണോ ശരിക്കുള്ള പേര്?
ഉത്തരം: അല്ല. ശരിക്കുള്ള പേര് ക്ലാര കുറിയാക്കോസ് എന്നാണ്. ശിങ്കാരി എന്നത് വിളി പേരാണ്. അതു തന്നെയാണ് ഡാന്‍സ് സ്ക്കൂളിനിട്ടിരിക്കുന്നതും.

ചോ: എങ്ങനെയാണ് നൃത്തത്തിലേക്ക് വന്നത് ?
ഉ: ഞങ്ങളുടെ കുടുബത്തിലെ എല്ലാവരും കലയോട് ആഭിമുഖ്യമുള്ളവരാണ്. സഹോദരിമാരാണ് ആദ്യം നൃത്തത്തിലേക്ക് വരുന്നത്. അതിനു ശേഷമാണ് ഞാന്‍ വരുന്നത്. ആദ്യ നൃത്ത ഗുരു എന്റെ അമ്മ തന്നെയാണ്.

ചോ: എത്ര കാലമായി നൃത്തം തുടങ്ങിയിട്ട്?
ഉ: ഏകദേശം 24 വര്‍ഷങ്ങളായി നൃത്തം ചെയ്യുന്നു.

ചോ: ശിങ്കാരി സ്ക്കൂള്‍ ഓഫ് ഡാന്‍സ് എങ്ങനെയാണ് ആരംഭിച്ചത്?
ഉ: ടീം ആയിട്ട് ഡാന്‍സ് ചെയ്യാറുണ്ടായിരുന്നു. 2008­ല്‍ ഹ്യൂസ്റ്റണിലാണ് ശിങ്കാരി സ്ക്കൂള്‍ ഓഫ് ഡാന്‍സ് ആരംഭിച്ചത്. ഇന്ന് ചിക്കാഗോ, ഡാളസ്സ്, ലോസ് ആഞ്ചലസ്, സാന്‍ ഫ്രാന്‍സിസ്‌കോ എന്നിവടങ്ങളിലായി 5 ബ്രാഞ്ചുകളുണ്ട്.

ചോ: ഫോമായെ കുറിച്ചുള്ള അഭിപ്രായം?
ഉ: ഫോമാ എന്ന നോര്‍ത്ത് അമേരിക്കയിലെ സംഘടനകളുടെ സംഘടന, കേരളത്തെ കൂടുതലറിയുവാന്‍ എന്നെ പ്രേരിപ്പിച്ചു. ഫോമാ ലോക്കല്‍ കലാകാരന്‍മാരെ ഇതു പോലെ പ്രോല്‍സാഹിപ്പിക്കുന്നത് വളരെ അഭിനന്ദനീയമാണ്.

ചോ: ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്?
ഉ: ഒരു പ്രമേയാധിഷ്ടിത ഡാന്‍സ് സെഗ്മെന്റാണ് ഫോമായില്‍ അവതരിപ്പിക്കുന്നത്. ഏകദ്ദേശം 30 കലാകാരന്‍മാരേയും കലാകാരികളേയുമാണ് അണിനിരത്തുന്നത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടി കേരളത്തിന്റെ പൈതൃകം അന്വേഷിച്ച് നാട്ടിലേക്ക് പോകുന്നതിനെ ആസ്പദമാക്കി "യാത്ര" എന്ന ഡാന്‍സ് സെഗ്മെന്റാണ് ഫോമാ കണ്‍വന്‍ഷനു അവതരിപ്പിക്കുന്നത്.

ചോ: വായനക്കാരോട് എന്താണ് പറയാനുള്ളത്?
ഉ: പെപ്‌സിയുടെ സി ഈ ഓ ഇന്ത്യന്‍ വംശജ ഇന്ദിരാ നൂയിയാണ്, ഗൂഗിളിന്റെ സി ഈ ഓ സുന്ദര്‍ പിച്ചൈയാണ്. ഇത് ഇന്ത്യന്‍ അമേരിക്കകാര്‍ക്ക് അഭിമാനിക്കാവുന്നതാണ്; അതോടൊപ്പം പുതുതലമുറക്ക് ഇന്ത്യയെ കുറിച്ച് കൂടുതല്‍ അറിയുവാനുള്ള ആഗ്രഹം ജനിപ്പിച്ചിട്ടുണ്ട്. ഇത് കുട്ടികളെ ഇന്ത്യന്‍ ഭാഷയും, സംസ്ക്കാരവും, നൃത്തവുമൊക്കെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളും, ഫോമാ കണ്‍വന്‍ഷനില്‍ ഞങ്ങള്‍ അവതരിപ്പിക്കുന്ന "യാത്ര" എന്ന പരിപാടി കണ്ട് അനുഗ്രഹിക്കണം.

ഇത്തരം ഒട്ടനവധി വിത്യസ്തങ്ങളായ പരിപാടികളുമായാണ് ഫോമാ 2016 അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ജൂലൈ 7 മുതല്‍ 10 വരെ മയാമിയില്‍ വച്ചു നടക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ എല്ലാ മലയാളികളേയും ഇതിലേക്ക് ക്ഷണിക്കുന്നു എന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറാര്‍ ജോയി ആന്തണി എന്നിവര്‍ പറഞ്ഞു.

ഫോമാ ന്യൂസ് ടീമിനു വേണ്ടി തയാറാക്കിയത്: വിനോദ് കൊണ്ടൂര്‍ ഡേവിഡ്.
ഫോമാ എന്നെ കേരളത്തോടടുപ്പിച്ചു: ശിങ്കാരി ക്ലാര കുര്യാക്കോസ്ഫോമാ എന്നെ കേരളത്തോടടുപ്പിച്ചു: ശിങ്കാരി ക്ലാര കുര്യാക്കോസ്ഫോമാ എന്നെ കേരളത്തോടടുപ്പിച്ചു: ശിങ്കാരി ക്ലാര കുര്യാക്കോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക