Image

ഒരു അമേരിക്കന്‍ ലൈഫ്‌ബോട്ട് (part 1)

മീനു എലിസബത്ത് Published on 30 January, 2012
ഒരു അമേരിക്കന്‍ ലൈഫ്‌ബോട്ട് (part 1)
അടച്ചു പൂട്ടിയ ഒരു പെട്ടിയിലെന്ന പോലെ വീടിന്നുള്ളില്‍ ഇരുന്നു നീളന്‍ ഗ്ലാസില്‍ നുരഞ്ഞു പൊങ്ങിയ ബിയര്‍ മൊത്തിക്കുടിച്ചു കൊണ്ട് ശനിയാഴ്ചയുടെ പകലില്‍ മറ്റൊന്നും ചെയ്യാനില്ലായെന്ന ബോധത്തില്‍ സ്വയം കഴിയുമ്പോഴാണ് ഗാരേജു തുറക്കുന്ന ശബ്ദം ചെവിയിലേക്ക് കയറി വന്നത്.
‘''അയ്യോടാ, അന്നമ്മ ജോലി കഴിഞ്ഞു വന്നോ. സമയം എത്ര വേഗമാണു പോകുന്നത്'' - മലയാള ചാനലുകള്‍ വന്നതിനു ശേഷം മുഴുവന്‍ സമയവും അതിനുള്ളില്‍ മുങ്ങിത്താഴ്ന്നു പോകുകയാണ് പതിവ്. അന്നമ്മയ്ക്ക് ഒരു ചായ ഇട്ടു വെയ്ക്കാന്‍ മറന്നു പോയി! സാധാരണ അവള്‍ വരുമ്പോഴേക്കും വീടിനകത്തെ പണിയെല്ലാം തീര്‍ത്തു, ഇന്ത്യന്‍ കടയില്‍ കിട്ടുന്ന നല്ല ഒന്നാന്തരം ഏത്തക്കാപ്പമോ, കുമ്പിളപ്പമോ ചൂടാക്കിയെടുത്ത് കടുപ്പത്തില്‍ ഒരു ചായയും ഇട്ടുവെക്കല്‍ പതിവാണ്. സമയം കളയാതെ ചായയ്ക്കുള്ള വെള്ളം വെച്ചു. പാലു ചൂടാക്കി. ഫ്രീസറില്‍ പരതി നോക്കിയപ്പോള്‍ കണ്ടത് കുറച്ച് ഇലയടയാണ്. അതും ചൂടാവാന്‍ മൈക്രോവേവില്‍ വെച്ചു. അപ്പോഴേയ്ക്കും അന്നമ്മ പതിവ് പോലെ ഉറഞ്ഞു തുള്ളി അടുക്കളയിലേക്ക് വന്നു. അവളുടെ മുഖം വിങ്ങി ചുവന്നിരുന്നു. ജോലികഴിഞ്ഞുവരുമ്പോള്‍ അവളുടെ മുഖത്ത് ഒരു കടന്നല്‍ കൂടു തന്നെയുണ്ടാവും. എന്നെക്കാണുമ്പോള്‍ തന്നെ അവളില്‍ അരിശം ആളിക്കത്തും.
അവളെ പറഞ്ഞിട്ടും കാര്യമില്ല, വെളുപ്പിന് മുതല്‍ സായിപ്പിനെയും കറുമ്പനെയും ശുശ്രൂഷിച്ച് തളര്‍ന്ന് വരുമ്പോള്‍ ഞാനിവിടെ ചാനലുകള്‍ മാറ്റി, ഭക്ഷണം കഴിച്ച് ഒരു ജോലിയ്ക്കും പോകാതെ അലസതയില്‍ തൂങ്ങി ഇരിക്കുന്നത് കാണുമ്പോള്‍ ആര്‍ക്കായാലും കലി വരും.
''നിങ്ങള്‍ക്കീ മെയില്‍ബോക്‌സ് നോക്കാനെങ്കിലും വെളിയിലേക്കിറങ്ങരുതോ, സൂര്യനുദിക്കുന്നതിനു മുമ്പ് പോയതാണ് ഞാന്‍. ഒരു നേരം വെറുതെ ഇരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കാലുകണ്ടോ, നീര് കൂടിക്കൂടിവരുന്നു. നശിച്ച നോട്ടെഴുതി കയ്യൊടിയാറായി '' - സങ്കടത്തിനുമേല്‍ അന്നമ്മയുടെ ദേഷ്യം പുകഞ്ഞുകൊണ്ടിരുന്നു. എന്റെ കണ്ണുകള്‍ അവളുടെ കാലുകളിലേക്ക് വഴുതി വീണു. പത്തു പന്ത്രണ്ട് മണിക്കൂറുകള്‍ ഷൂവിനകത്ത് കിടന്നു, അവളുടെ കാല്‍പ്പത്തി രണ്ടും ഒരു കുട്ടിത്തലയിണയുടെ വലുപ്പത്തിലായിരിക്കുന്നു. ഞാന്‍ തിടുക്കത്തില്‍ ചായ കൂട്ടി, ഇലയട ചൂടോടെ ഒരു പാത്രത്തില്‍ വെച്ച് അന്നമ്മയെ വിളിച്ചു. ''വാ, നീ ഒന്നിരിക്ക്, ഇത് കഴിച്ചേ...'' അന്നമ്മ പിന്നെയും എന്തൊക്കെയോ പതം പറഞ്ഞു.. അവള്‍ ഇരുന്നപ്പോള്‍ സോഫയുടെ ഒരു വശം ചെരിഞ്ഞു. അവളുടെ സൗകര്യത്തിനു ഒരു കുഷ്യന്‍ പുറകില്‍ വെച്ച് കൊടുത്തു. കാലു കയറ്റി വെയ്ക്കാന്‍ പരുവത്തില്‍ കോഫി ടേബിള്‍ അടുപ്പിച്ചിട്ട് കൊടുത്തു. പാവം അന്നമ്മ അവളീ തടി കുറക്കാന്‍ പെടുന്ന പാട്. തടി കൂടുന്നതിനനുസരിച്ച് അവള്‍ക്കു അസുഖങ്ങളും കൂടി വരുന്നു. ഒരു കുടുവന്‍ പിഞ്ഞാണത്തില്‍ കൊള്ളുന്നത്ര മരുന്നാണ് രണ്ടു നേരവും കഴിക്കുന്നത്.!! ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു നിയന്ത്രണവും ഇല്ല. ഈ കഴിക്കുന്ന മരുന്നുകള്‍ എല്ലാം തന്നെ അവളുടെ വിശപ്പ് കൂട്ടുകയും അത് വഴി തൂക്കം കൂട്ടുകയും ചെയ്യുന്നു. ഞാന്‍ അന്നമ്മയുടെ നീര് വെച്ച കാലില്‍ പതുക്കെ ഒന്ന് തടവി. ചൂടോടെ അവള്‍ അട വായിലിട്ടു. കയ്യിലിരുന്ന കവറുകളില്‍ ഒന്ന് എന്റെ നേരെ നിട്ടി. ഞാന്‍ അത് വാങ്ങി മേശപ്പുറത്തു വെച്ചു. ഞാന്‍ ചായക്കപ്പു അവളുടെ കയ്യില്‍ കൊടുത്തു. ഇല പൊളിച്ചു അടയിലൊരെണ്ണം ചൂടാറാന്‍ വെച്ചു. തേങ്ങയുടേയും ശര്‍ക്കരയുടേയും ഏലക്കയുടേയും കൊതിപ്പിക്കുന്ന മണം. നാടിന്റെ തനതു രുചി അതേ പടി കടലിനക്കരെ എത്തിക്കുന്ന ഡിലൈറ്റ് ഫുഡ്കാരനോട് ഞാന്‍ മനസാ നന്ദി പറഞ്ഞു. രുചിയോടെ ഇലയട വായിലിട്ടു നുണഞ്ഞു.
''തേ നിങ്ങളാ കവറൊന്നു തുറന്നു നോക്കിക്കെ...'' അന്നാമ്മ കവര്‍ എടുത്തു വീണ്ടും എനിക്കു തന്നു.
''എന്നതാ വല്ല ബില്ലുമാണോ? എന്നാ നീ തന്നെ അങ്ങ് നോക്കിയേച്ചാല്‍ മതി.'' ഞാന്‍ വലിയ താല്‍പ്പര്യം കാണിക്കാതെ പറഞ്ഞു.
വല്ല പുതിയ ബില്ലും ആയിരിക്കും. ഈ വീട്ടില്‍ വരുന്ന മുക്കാല്‍ ഭാഗം ബില്ലുകളുടെയും കാരണക്കാരി അന്നമ്മയാണ്. പകുതിയും അവള്‍ ഓര്‍ഡര്‍ ചെയ്യുന്ന പല തരം, തടി കുറയ്ക്കും ഉല്‍പ്പന്നങ്ങളുടെ ബില്ലുകള്‍. മാസാ മാസം വരുന്ന ഓര്‍മപ്പെടുത്തല്‍ കടലാസുകളും. പുതിയ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങളും.. അവള്‍ ഓര്‍ഡര്‍ ചെയ്യാത്ത വെയിറ്റ് ലൂസിംഗ് സാമഗ്രികള്‍ ഇല്ലാന്ന് തന്നെ പറയാം. അകത്തോട്ടു കഴിക്കുന്ന പൊടികള്‍, ദേഹം മുഴുവന്‍ തേച്ചു പിടിപ്പിക്കുന്ന ജെല്ലുകള്‍, പശകള്‍, ക്രീമുകള്‍,
വിശപ്പ് കുറക്കാനുള്ള ഗുളികകള്‍, പാനീയങ്ങള്‍, അതങ്ങനെ ഒരു വശം.!! ഇയ്യിടെയായി ചൈനയില്‍ നിന്ന് ഇന്ത്യയില്‍ നിന്നും ഉട്ടോപ്പിയയില്‍ നിന്നും വരെ അന്നമ്മ ഇറക്കുമതി തുടങ്ങിയിരിക്കുന്നു. ആയുര്‍വേദവും ചൈനീസ് മരുന്നുകളില്ലാത്ത ഒരിടംപോലുമില്ല ഈ വീട്ടില്‍. പിന്നെ, ഓടിയും ചാടിയും, ചാഞ്ഞും, ചെരിഞ്ഞും. ഞാന്നും, തൂങ്ങിയും കിടന്നും തടി കുറയ്ക്കുന്ന കുറെ യന്ത്രങ്ങള്‍! പടികള്‍ ചവിട്ടി കയറുന്നതും, കറങ്ങി മറിയുന്നതും, കുത്തിച്ചാരി നിര്‍ത്തുന്നതുമായ ചിലതു വേറെയും.!! ആരുടെയെല്ലാം പുസ്തകങ്ങള്‍, സിഡികള്‍, ഏതേലും കോന്തപ്പന്‍ ആഴ്ചയിലൊന്നു വെച്ച് എവിടേലും ഒരു പുസ്തകം ഇറക്കും. ''നിങ്ങള്‍ക്കും തടി കുറയ്ക്കാം... പൊണ്ണത്തടിക്കിതാ ഒരു ഒറ്റ മൂലി''. ഈ പേരുള്ള എല്ലാ പുസ്തകങ്ങളും അന്നമ്മയുടെ ശേഖരത്തില്‍ ഉണ്ട്. ഇവിടെ വന്നു ഒരു പത്രം പോലും വായിക്കാത്ത അന്നമ്മ ഇപ്പോള്‍ വായിച്ചു കൂട്ടുന്നത് മുഴുവന്‍ തടി കുറയ്ക്കും പുസ്തകങ്ങളാണ്. ഗരജിലാണേല്‍ കാര്‍ ഇടാന്‍ ഇടയില്ല. വര്‍ഷങ്ങളായുള്ള അന്നമ്മയുടെ തടി കുറക്കല്‍ ഉദ്യമത്തിന്റെ ഒരു ശവ കുടീരം ആണ് ഗരാജു. പൊട്ടിയതും കേടായതും ഉപയോഗശൂന്യമായതും തരാതരം ഗാജറ്റുകള്‍ കൊണ്ട് ഗരാജു ഒരു ജങ്ക് യാര്‍ഡ് പോലെ കിടക്കുന്നു. വേണ്ടാത്തവ പെറുക്കി കളയാനും അവള്‍ സമ്മതിക്കില്ല,. ഇന്നിപ്പോള്‍ എന്നതാണോ അവള്‍ വാങ്ങിച്ചു കൂട്ടിയിരിക്കുന്നത്.!!?
ഞാന്‍ മനസ്സില്ലാമനസ്സോടെ ആ കവര്‍ ഒന്ന് നോക്കി. ''ഇതതൊന്നും അല്ല മനുഷ്യാ.. ഇത് എന്റെ ജോലിയില്‍ നിന്നും അയച്ചിരിക്കുന്നതാണു. ഞങ്ങള്‍ക്ക് ഈയിടെ ഒരു ഹെല്‍ത്ത് ചെക്ക്അപ്പ് ഉണ്ടായിരുന്നു. അതിന്റെ റിസല്‍ട്ട് ആണ്.'' ഞാന്‍ ആ കവര്‍ വാങ്ങി തുറന്നു നോക്കി. ഡിയര്‍ മിസ്സ് ആന! ഞാന്‍ ഒന്ന് ചിരിച്ചു. ആന!! പാവം എന്റെ അന്നമ്മയെ ജോലിയില്‍ എല്ലാവരും വിളിക്കുന്ന പേരാണ് ആന!!. സായിപ്പിന് അന്നമ്മ എന്ന് വിളിക്കാന്‍ പ്രയാസം ആയതിനാല്‍ അവര്‍ അത് ആന എന്നാക്കി. ഒരിക്കല്‍ കുസൃതിക്കാരന്‍ ഒരു കറമ്പന്‍, മറ്റു മലയാളികളില്‍ നിന്നും ആനയുടെ അര്‍ഥം മനസ്സിലാക്കി അന്നമ്മയോട് ചോദിച്ചു പോലും. 'നിങ്ങളുടെ നാട്ടില്‍ ആളുടെ രൂപം കണ്ടാണോ പേരിടുന്നത്?!!' എന്ന്, അയ്യോ അന്നമ്മ അവനെ തല്ലിയില്ലന്നേ ഉള്ളൂ.! അത് കറമ്പന് പറഞ്ഞു കൊടുത്ത മലയാളി ചെറുക്കന്റെ തള്ളക്കും തന്തക്കും അവള്‍ ചീത്ത വിളിച്ചു.. ഞാന്‍ ആളെ വെച്ച് അവനു ഇരുട്ടടി കൊടുക്കണം എന്നും, അവനെ ഫോണ്‍ ചെയ്തു ഭീഷണിപ്പെടുത്തണം എന്നും അവള്‍ എന്നോട് സങ്കടം പറഞ്ഞു. എന്റെ ആരോഗ്യ സ്ഥിതി പഴയപോലെ അല്ലാത്തതിനാലും ഇത് അമേരിക്ക ആയതിനാലും ഞാന്‍ അനങ്ങാന്‍ പോയില്ല. അയ്യോ അന്നമ്മക്കു ഒരു നിവര്‍ത്തി ഒണ്ടാരുന്നേല്‍ അവള് നാട്ടിന്നു കൊട്ടേഷന്‍ സംഘത്തെ കൊണ്ടുവന്നേനെ! ഞങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ആരോടെങ്കിലും കടുത്ത പകയുണ്ടെങ്കില്‍ ചെയ്യുന്ന ഒരു പകവീട്ടല്‍ ആണ് നമ്പര്‍ ബ്ലോക്ക് ചെയ്തു തെറി വിളിക്കുക എന്നത്. പക്ഷെ, കൊട്ടേഷന്‍ ബിസിനസ് ഇവിടെ ഒന്ന് ഇറക്കി നോക്കാവുന്നതേയുള്ളു. ഞാന്‍ ആണേ പണിയില്ലാതെ ഇരിക്കുകയും. പോക്കാനയുടെയും കോമായുടെയും ഇലക്ഷന്‍ അടുക്കുന്നു. പള്ളികളിലും തെരഞ്ഞെടുപ്പ് വരുന്നു. കൊട്ടേഷന്‍ എപ്പം കിട്ടിയെന്ന് ചോദിച്ചാല്‍ മതി. അതേക്കുറിച്ച് ഒന്ന് ആലോചിച്ചാലോ? തല്ക്കാലം ഞാന്‍ അവളെ ആശ്വസിപ്പിച്ചു. സായിപ്പിങ്ങനെ തോന്നിയ പേരിടുന്ന ആദ്യത്തെ ഇന്ത്യാക്കാരി ഒന്നുമല്ല അന്നമ്മ! സായിപ്പിന് ചെക്കസ്ലോവാക്യക്കാരന്റെയും റഷ്യക്കാരന്റെയും കടിച്ചാല്‍ പൊട്ടാത്ത പേരുകള്‍ ഒരു പ്രയാസവും കൂടാതെ പറയാം. പാവപ്പെട്ട ഇന്ത്യക്കാരന്റെ പേരിനോടെ ഈ പ്രശ്‌നം ഉള്ളു. പിന്നെ, ചില മലയാളികള്‍ സായിപ്പിന്റെ സൗകര്യത്തിനു പേര് അങ്ങോട്ട് ചെന്ന് മാറ്റിക്കൊടുക്കുന്നതും കണ്ടിട്ടുണ്ട്. അങ്ങനെ അമ്മിണി, മിനി ആകുന്നു. തങ്കമ്മ ടാങ്കിയും ചിന്നമ്മ ഷീനയും ഏലിയാമ്മ എലീനയും ആകും. വന്ന ഇടക്ക് ഞാന്‍ ചിക്കന്‍ ഫ്രൈ ചെയ്യുന്നിടത്ത് ജോലി ചെയ്യുമ്പോള്‍ എന്റെ കൂടെ ജോലി ചെയ്തിരുന്ന കോന്നിക്കാരന്‍ അനിയനു സായിപ്പിട്ടു കൊടുത്തതാണ് ഒണിയന്‍. സാക്ഷാല്‍ കുഞ്ഞുള്ളി. അനിയന്‍ എന്ന് പറയാന്‍ സായിപ്പിന് അറിയില്ല പക്ഷെ ഒണിയന്‍ എളുപ്പമാണ് പോലും! പാവം എന്റെ അന്നമ്മയോട് സായിപ്പ് ഈ അന്തക്കരണം ചെയ്തല്ലോ. എഴുത്ത് ഞാന്‍ ഒന്ന് കണ്ണോടിച്ചു നോക്കി.
പിന്നെ ഉള്ള നാല് പേജുകള്‍ മുഴുവന്‍ എന്റെ ഭാര്യയുടെ രോഗങ്ങളും, അതിന്റെ വിവരണങ്ങളും അതിനവള്‍ എടുക്കുന്ന മരുന്നുകളുടെ പേരും കൊടുത്തിരിക്കുന്നു. ഒരു പേജില്‍ നിറയെ, അവളുടെ ബ്ലഡ് പരിശോധിച്ചതിന്റെ വിശദ വിവരങ്ങള്‍.!! നോര്‍മല്‍ ആയി ഒരു സംഗതി പോലും ഇല്ല.!! ഷുഗര്‍ , പ്രഷര്‍, കൊളസ്‌ട്രോള്‍, തയ്‌റോയിട്, എല്ലാം റോക്കറ്റ് പോലെ കയറി നില്‍ക്കുന്നു. എ വണ്‍ സിയും, ട്രൈ ഗ്ലിസറൈടും എല്ലാം അതിര്‍ത്തി ലങ്കനം നടത്തി മുന്നോട്ടു തന്നെ. പിന്നെയും ഉണ്ട് കുനു കുനാ വലുപ്പത്തില്‍ എന്തൊക്കെയോ. ഞാന്‍ കണ്ണാടിയെടുത്തു വെച്ച് നോക്കി.
അയ്യട അന്നമ്മയുടെ ഫീമെയില്‍ ഹോര്‍മോണുകള്‍ക്ക് മാത്രം ഒരു കുഴപ്പവും ഇല്ലാന്ന് കണ്ടു ഞാന്‍ വളരെ സന്തോഷിച്ചു. ഒന്നു തുള്ളിച്ചാടാന്‍ പോലും തോന്നി. എന്തായാലും ഉള്ളതാകട്ടെ. വളരെ നല്ല കാര്യം. ഫീമെയില്‍ ഹോര്‍മോണുകള്‍ക്ക് കുഴപ്പമില്ല എന്ന് വെച്ചാല്‍ അവള്‍ക്ക് ഇപ്പോളും സംഗതികള്‍ എല്ലാം നല്ല ഉഷാര്‍ എന്ന് അര്‍ഥം. മെനപോസല്‍ ലക്ഷണങ്ങളും ഒന്നും വന്നു തുടങ്ങിയിട്ടില്ല, എന്നാണ്
കടലാസ് പറയുന്നത് കാര്യങ്ങള്‍ എല്ലാം ഓക്കേ..പക്ഷെ എന്ത് ഗുണം. എല്ലാറ്റിനും ഇവളുടെ ഈ മുടിഞ്ഞ തടി ഒരു തടസം തന്നെ. എന്നും കയ്കാല്‍ കഴപ്പ്, അല്ലങ്കില്‍ കഴുത്തു വേദന അല്ലങ്കില്‍ പുറം വേദന, ഇതൊന്നും ഇല്ലാത്തപ്പോള്‍ രക്ത സാക്ഷികള്‍ സിന്ദാബാദ് വിളിച്ചു അങ്ങനെ ഒരു ആറേഴു ദിവസം വെറുതെ പോകും. കട്ടിലേല്‍ വന്നു അവള് ഗൗണ്‍ മുട്ടറ്റം പോക്കി വെച്ച് അങ്ങനെ കിടക്കുന്നത് കാണുമ്പോള്‍ ഞാന്‍ മീന്‍ കാരന്റെ ബെല്ലടി കേട്ട പൂച്ചയെപ്പോലെ ഓടിച്ചെല്ലും. അവളെന്റെ കൈ രണ്ടും എടുത്തു അവളുടെ കയ്യില്‍ വെയ്ക്കും. ഓ എന്നാ നല്ല കയ്യാ നല്ല മംഗോ പുടിങ്ങ് പോലെ മയം. ഞാന്‍ അവളെ ഒന്ന് കെട്ടിപ്പിടിക്കണ്ട താമസം അവള് ഇട്ടിരിക്കുന്ന തലയണക്കവിയന്‍ പോലത്തെ ഗൗണ്‍ മുകളിലോട്ടു പൊക്കും. ഹോ എന്റെ കര്‍ത്താവേ നീ നല്ലവനുക്ക് നല്ലവന്‍!! എന്റെ നെഞ്ചില്‍ പൂത്തിരിം മത്താപ്പും ഒരുമിച്ചു പൊട്ടും. അന്നേരം തേണ്ട് .. അവള്‍ കയ്യിലുള്ള വേദന സംഹാരി എന്നെ ഏല്‍പ്പിക്കുന്നു.. എന്നിട്ട് എന്റെ ചെവിയിലോട്ടു അവളുടെ ചുണ്ട് അടുപ്പിച്ചു വെച്ചോണ്ട് മെല്ലെ പറയും.
''തമ്പിച്ചാ പ്ലീസ്!! എനിക്ക് പൊറം കഴച്ചിട്ടു വയ്യ. എന്റെ പൊന്നല്ലേ ആദ്യം എന്നെ ഒന്ന് തിരുമ്മു... നല്ല കുട്ടനല്ലെ!!...'' പാവം ഞാന്‍! തിരുമ്മാതിരിക്കാന്‍ പറ്റുമോ? നമ്മള്‍ ആവശ്യക്കാരന്‍ ആയി പോയില്ലേ? പിന്നെ ഞാന്‍ അവളെ തിരിച്ചിട്ടും മറിച്ചിട്ടും തിരുമ്മോട് തിരുമ്മും..!! എന്റെ ഒരു ഗതി!! ഏക്കറുകള്‍ അങ്ങനെ കിടക്കുവല്ലേ, ഇത് തിരുമ്മിയാല്‍ എങ്ങാണ്ട് തീരുമോ? സര്‍ക്കാറിന്റെ മിച്ച ഭൂമി പോലെന്നു പറയാം. ഇതൊക്കെയാണേലും എനിക്ക് അവളുടെ തടി ഒന്നും ഒരു വിഷയമേ അല്ല. എനിക്ക് ഒരൊറ്റ വിഷയമേ ഒള്ളൂ. അന്നും ഇന്നും അവളോട് എനിക്ക് സ്‌നേഹം തന്നെ. കൂടെ പണ്ട് ജോലി ചെയ്തിരുന്ന ഒരു സായിപ്പ് ഭാര്യയുടെ തടി കൂടിയ കാരണത്താല്‍ ഉപേക്ഷിച്ചത് ഞാന്‍ വെറുതേ ഓര്‍ത്തു പോയി. ഈ സായിപ്പന്മാരുടെ ഒരു കാര്യം!
ഒരു വശം തിരുമ്മി മറുവശം വരുമ്പോളേക്കും അവള് ഡിമാണ്ട് കൂട്ടും. ''ഇനി ഈ കാലും കൂടെ ഒന്ന് തിരുമ്മിയാ മതി. ഇന്ന് പകല് മുഴുവന്‍ ഓട്ടമായിരുന്നു തമ്പിച്ചാ, ഒന്നിരിക്കാന്‍ നേരം കിട്ടിയിട്ടില്ല ഞാന്‍ നമുക്ക് വേണ്ടിയല്ലെ ഇങ്ങനെ കഷ്ടപ്പെടുന്നത്!'' അതൊക്കെ കേട്ടാല്‍ പിന്നെ എനിക്ക് വല്ലോം പറയാന്‍ പറ്റുമോ? പറയാന്‍ ഒണ്ടോ? എന്നാ പറയാനാ, ഞാന്‍ അവളുടെ കാലു രണ്ടും തിരുമ്മി, ബാമിന്റെ കുപ്പി അടക്കുമ്പോളേക്കും കേള്‍ക്കാം അന്നമ്മയുടെ കൂര്‍ക്കം വലി. ''അമ്പഡി നീ ഇന്നും എന്നെ പറ്റിച്ചല്ലെന്നു'' പറഞ്ഞു ഞാന്‍ അവളെ കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചാലും രക്ഷയില്ല. അന്നത്തെ രാത്രിയും ഗോപിയും വട്ടപ്പൊട്ടും. എനിക്ക് ടിവിയും ഇന്റര്‍നെറ്റും തന്നെ ശരണം ഈശോയെ എന്ന് പറഞ്ഞോണ്ട് ഞാന്‍ ലിവിംഗ് റൂമിലോട്ടു പോകും. അവിടെ എം. ടിവിയില്‍ ജെന്നിഫര്‍ ലോപ്പെസ്സോ, റിയാനയോ കാണും. ബിക്കിനി ഇട്ടു അതുങ്ങടെ തുള്ളല്‍ കണ്ടു മടുക്കുമ്പോള്‍ ഏഷ്യാനെറ്റ് വെച്ച്, ഐഡിയ സ്റ്റാര്‍സിങ്ങറിന്റെ ഗള്‍ഫ് എഡിഷന്‍ കാണും. വളകാലി പെണ്ണിന്റെ വളളിം പുള്ളിം ഇല്ലാത്ത കൊച്ചുടുപ്പെങ്ങാനും ഊരിപ്പോയാലോ എന്നാണ് എന്റെ നോട്ടം. അവളുടെ പെറ്റ തള്ളക്കു പോലും മനസ്സിലാകാത്ത മലയാളവും കേട്ട് സോഫയില്‍ കിടന്നു ഞാന്‍ നേരം വെളുപ്പിക്കും. ഒരുറക്കം ഉണരുമ്പോള്‍ പോയി അന്നമ്മയുടെ കൂടെ കിടക്കും. അങ്ങനെ ഒരു രാത്രി, ഞാന്‍ സോഫയില്‍ കിടക്കുമ്പോള്‍ ആണ്ടടാ അന്നമ്മ ഉറക്കത്തില്‍ കിടന്നു വലിയ വായില്‍ നിലവിളിക്കുന്നു. എന്റെ കര്‍ത്താവേ വല്ല കള്ളനും കയറി തോക്ക് ചൂണ്ടുവാണോ എന്നോര്‍ത്ത് ഞാന്‍ ഓടിച്ചെല്ലുമ്പോള്‍ അവള് ലൈറ്റ് ഇട് മനുഷ്യ എന്നും പറഞ്ഞു നിലിവിളിയുടെ സൗണ്ട് കുറച്ചു കൂടെ കൂട്ടി. ലൈറ്റ് ഇട്ടു നോക്കുമ്പോള്‍ അവള് കാലും പോത്തി പിടിച്ചു കരയുന്നു. ''തെ ഇവിടായിട്ടാ അവളെന്നെ തൊട്ടു കാണിച്ചു. എന്നാ ഒരു മസിലേകറ്റമാണോ ഈശോയേ, പ്രസവിച്ചപ്പോള്‍ പോലും അവളിങ്ങനെ നെലവിളിച്ചിട്ടുണ്ടാവില്ല.. അന്നമ്മയുടെ തൊടേല് മസില് ഭീകരനെ ഒരു വിധത്തില്‍ ഞാന്‍ തിരുമ്മി ഇറക്കി. അങ്ങിനെയെലും എനിക്കൊന്നു തൊടാന്‍ പറ്റിയല്ലോ.! ഞാന്‍ എന്റെ സര്‍വ്വ ശക്തിയും എടുത്തു ആഞ്ഞു തിരുമ്മി. എന്റെ മസ്സിലെ.. നീ എന്നും ഇങ്ങു വന്നു കേറിയേക്കണേ എന്ന് മനസ്സില്‍ പറയുകയും ചെയ്തു. അവള്‍ കരച്ചില്‍ നിര്‍ത്തി, എന്നെ കെട്ടിപ്പിടിച്ചു. ഒരു ഉമ്മയും തന്നു. അതെനിക്കൊരു പ്രോല്‍സാഹനവും ക്ഷണവും ആയിരുന്നു. ഞാന്‍ കിട്ടിയ അവസരം പാഴാക്കാതെ ഇന്നാ പിടിച്ചോന്നു പറഞ്ഞു അവള്‍ക്കും കൊടുത്തു മൂന്നാല് കുഞ്ഞുമ്മകള്‍, പിന്നെ ഒന്ന് രണ്ട് വലുതും... അവള്‍ക്കു നാണവും ചിരിയും വന്നു. ഉറക്കത്തില്‍ അവള്‍ക്കു മസില് കയറിയതിനു കര്‍ത്താവിനു നന്ദി പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോടെ ഞാന്‍ ടേബിള്‍ ലാമ്പ് അണക്കുമ്പോഴേക്കും അവള്‍ വലിയ വായില്‍ പിന്നെയും ഒരു നിലവിളി. ''എന്താഡീ പിന്നെയും കേറിയോ?'' ഞാന്‍ ലൈറ്റ് ഇട്ടു. അവള് കരച്ചില് തുടരുകയാണ്. ''ഹും.. വേണ്ട വേണ്ട. നിങ്ങളെ എനിക്കറിയാം.. ഞാന്‍ വേദനയെടുത്തു ചാകാന്‍ പോകുമ്പോളും നിങ്ങള്‍ക്കീ ഒരു ചിന്തയെ ഒള്ളല്ലോ കര്‍ത്താവേ... നിങ്ങള്‍ക്ക് നാണമുണ്ടോ മനുഷ്യാ?''
''അതിന് കാലിലല്ലേടി പിശാചെ നിനക്ക് വേദന?'' ഞാനൊന്നു ചോദിച്ചുപോയി.
അവള് എന്നെ തള്ളി മാറ്റി വെട്ടിയിട്ട കുഴച്ചക്ക പോലെ തിരിഞ്ഞൊരു കെടപ്പ്.
ഞാന്‍ തിരിഞ്ഞു കിടന്നെന്റെ തലയിണ കെട്ടിപ്പിടിച്ചു. ഞാന്‍ അതിനു വല്ലേം നാണക്കേടും കാണിച്ചോ
ദൈവമേ. എന്റെ ഭാര്യയെ ഒന്ന് കെട്ടിപ്പിടിച്ചു. രണ്ടുമ്മയും കൊടുത്തു. എന്റെ പൊന്നീശോയേ നീ എനിക്കായി തന്ന ഈ കുരിശ്! ഗാഗുല്താ മലയില്‍ നിന്നും വിലാപത്തില്‍ മാറ്റൊലി കേള്‍പ്പൂ എന്നാ പാട്ട് എന്റെ ഉള്ളിലിരുന്നാരോ മൂളി! എന്റെ ഒരു ഗതികേട്! ഓ എന്നാ പറയാനാ. ആരോട് പറയാനാ? എല്ലാ വേദനക്കും ഒള്ള ഒറ്റ മൂലിയുമായി ഇരിക്കുന്ന ഞാന്‍ എന്നാ വൈദ്യനെ കാണുന്നില്ലല്ലോ അന്നമ്മേ!!
കല്യാണം കഴിക്കുന്ന സമയത്ത് അന്നമ്മ എങ്ങനെ ഇരുന്നതാ? കെട്ടാനായി നാട്ടില്‍ പോകുമ്പോള്‍ മൂത്ത അളിയന്‍ പറഞ്ഞു വിട്ട ഒരു വാചകം ഓര്‍മ വരുന്നു. ''എടാ നേഴ്‌സിനെ കേട്ടുന്നതൊക്കെ കൊള്ളാം. പക്ഷെ, നിന്റെ കൂടെ കൊണ്ട് നടക്കാന്‍ കൊള്ളാവുന്നവള്‍ ആയിരിക്കണം.'' അളിയന്‍ പറഞ്ഞില്ലാരുന്നേലും അതങ്ങനെ തന്നെ ഞാന്‍ ചെയ്യുമായിരുന്നുള്ളു. മൂന്നു നാല് പെണ്ണുങ്ങളെ കണ്ടതില്‍ പിന്നെയാണ് അന്നമ്മയെ കണ്ടതും ഇഷ്ടപ്പെട്ടതും. വലിയ ഭൂലോക സുന്ദരി ഒന്നുമല്ലെങ്കിലും ആരും കുറ്റം പറയില്ലാത്ത മുഖവും, മെലിഞ്ഞ ശരീരവും ആയിരുന്ന അന്നമ്മയുടെ പ്ലസ് പെയിന്റുകള്‍ പക്ഷെ, മൂന്നു പ്രസവോം നൈറ്റ് ജോലിയും അമേരിക്കയിലെ ഇരുപത്തി അഞ്ചു വര്‍ഷത്തെ ജീവിതോം കൂടെ ആയപ്പോള്‍ അന്നമ്മ കേറിയങ്ങ് ഉരുണ്ടു. തടിച്ചു. വര്‍ഷങ്ങളോളം അവള്‍ക്കു രാത്രിയില്‍ ആയിരുന്നു ജോലി. പകല് വന്നു ഉറക്കവും. ഇതിനിടെ കയ്യില്‍ കിട്ടുന്നതെന്തെല്ലാം എടുത്തു കഴിച്ചു അവളീ പരുവം ആയി. കൊച്ചുങ്ങള്‍ കുഞ്ഞായിരുന്നപ്പോള്‍ എപ്പോളും പുറത്തു നിന്നായിരുന്നു ഭക്ഷണം. അള്‍ക്കെവിടെ ഭക്ഷണം ഉണ്ടാക്കാനുള്ള സമയം? എനിക്കാണേല്‍ കമ്പനിപ്പണി. ശമ്പളോം കൊറവ്. യു.പി. എസ്സില്‍ പാക്കിങ്ങും ലോഡിങ്ങും കഴിഞ്ഞു വരുന്ന എന്നെ പിന്നെ വല്ലേതിനും കൊള്ളുമോ! ഞാന്‍ ഒരു ഉള്‍ക്കിടലത്തോടെ തുടര്‍ന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ട് തുടര്‍ന്ന് വായിച്ചു. അന്നമ്മക്കു തടി വല്ലാതെ കൂടിയിരിക്കുന്നതിനാല്‍ എത്രയും വേഗം അടിയന്തിരമായ നടപടികള്‍ എടുത്തു. തടി കുറക്കണം എന്നും അവള്‍ ജോലി ചെയ്യുന്ന ഹോസ്പിറ്റല്‍ അതിനു വേണ്ടി മൂന്നു മാസം ഫ്രീ ആയി ഒരു ജിം മെമ്പര്‍ഷിപ്പും പ്രൈവറ്റ് പരിശീലകനെയും കൂടാതെ ഒരു ഡയാട്ടീഷനും കൂടി അന്നമ്മക്കു പ്രദാനം ചെയ്യും എന്നും ആയിരുന്നു അതിന്റെ അവസാന പേജില്‍ പറഞ്ഞിരിക്കുന്നത്. നല്ല കാര്യം!! ്യൂഞാന്‍ മനസ്സില്‍ വിചാരിച്ചു. ഇതെല്ലാം വേണമെന്ന് കുറെ നാളായി അവള്‍ ആഗ്രഹിക്കുന്നതാണ്. കാശ് ചിലവേര്‍ത്തു ഞാന്‍ അനങ്ങാതെ ഇരിക്കുവാരുന്നു. കാര്യം കാശുണ്ടാക്കി കൊണ്ട് വരുന്നത് അവളാണെങ്കിലും അവള് ചിലവാക്കാന്‍ പോകുമ്പോള്‍ ഞാന്‍ അതും ഇതും പറയും. അവളുടെ വായിലിരിക്കുന്നത് കേള്‍ക്കുകയും ചെയ്യും. അത് വേറെ കാര്യം. ശോ, അവളെ അങ്ങനെ ചെക്കുബുക്കും ക്രെഡിറ്റ് കാര്‍ഡും കൊടുത്തു വിട്ടാല്‍, ഞാന്‍ പിന്നെ ആരാ? ഞാന്‍ അല്ലെ, അവളുടെ ഫൈനാന്‍ഷ്യല്‍ കൗണ്‍സിലര്‍!!
എന്തായാലും ആശുപത്രിക്കാര്‍ക്ക് അങ്ങനെ ഒരു നല്ല മനസു തോന്നിയത് തന്നെ വലിയ കാര്യം. സംഗതി ഫ്രീയും ആണ്. ഒബാമയുടെ പുതിയ പ്ലാനുകള്‍ കൊള്ളാം. പെണ്‍പിള്ളരെല്ലാം അങ്ങേരുടെ ഭാര്യെ പോലെ മെലിഞ്ഞിരിക്കണം എന്നായിരിക്കും പുള്ളിക്കാരന്റെ ആഗ്രഹം. വണ്ടന്‍മേട്ടിന്നു അമേരിക്കന്‍ സന്ദര്‍ശനത്തിനു വന്ന എന്റെ വകേലൊരു അപ്പാപ്പന്‍. കഴിഞ്ഞ ദിവസം ടിവിയില്‍ മിഷേല്‍ ഒബാമയെ കണ്ടു എന്നോട് ചോദിക്കുവാ ''എടാ... തമ്പി ഇത് നമ്മടെ പാടത്തു കൊയ്യാന്‍ വന്നോണ്ടിരുന്ന ചിരുതെടെ അനിയത്തി അല്ലെ. അവളെങ്ങനെ അമേരിക്കേല്‍ വന്നെന്നു. അന്നേ അവളിങ്ങനെ ഒണങ്ങിയാ ഇരുന്നെ!!??'' ''അയ്യോ, എന്റെ അപ്പാപ്പ, ഒന്ന് മിണ്ടാതെ ഇരി, അത്, ഞങ്ങടെ പുതിയ പ്രസിഡന്റിന്റെ ഭാര്യയാ.'' ഞാന്‍ പോയി അങ്ങേരുടെ വാ പൊത്തി. എണ്‍പത്തി രണ്ട് വയസ്സുള്ള അപ്പാപ്പന് വിവരം ഇല്ലാഞ്ഞിട്ടെന്നു പറയാം. പക്ഷെ, വിവരവും വിദ്യാഭ്യാസവും ഒള്ള.. മിക്ക മലയാളികളുടെയും മനസിലിരിപ്പും ഇത് തന്നെയാണല്ലോ എന്ന് ഞാന്‍ അപ്പോള്‍ ഓര്‍ത്തു!! ഒബാമയുടെ നിറവും നിറമില്ലായ്മയും ആണ് അവരു കാണുന്ന ഏക കുറ്റം.
ഓ, ഇത് എത്ര പേജാ, തീരുന്നുമില്ല. ഞാന്‍ കത്തിന്റെ ഏറ്റവും അവസാനത്തെ വാചകം ശ്രദ്ധിച്ചു. ഇത് അമേരിക്കക്ക് ആരോഗ്യം ഉണ്ടാകാന്‍ മിഷേല്‍ ഒബാമയും കൂട്ടരും കൂടെ നേരിട്ട് ഇറക്കിയിരിക്കുന്ന പദ്ധതി ആണ്. ഫെഡറല്‍ എയ്ഡ് ഉള്ളതാണ്. ഇവരുടെ ഈ ഓഫര്‍ സ്വീകരിക്കാതെ ഇനിയും തടിയും കൊണ്ട് നടക്കാനാണ് ഉദ്ദേശ്യമെങ്കില്‍ അന്നമ്മയുടെ ജോലി മിക്കവാറും പോയേക്കും എന്നായിരുന്നു അതിന്റെ ഉള്ളടക്കം!! അയ്യോ വേണ്ട, എന്റെ മാതാവേ, അവളുടെ ജോലി പോയാല്‍ പിന്നെ,... അത് ചിന്തിക്കാനെ മേല. എങ്ങനേലും തടി കുറക്കട്ടെ. പ്രൈവറ്റോ പബ്ലിക്കോ ട്രെയിനര്‍ വരട്ടെ, ഇതിനവളെ വിട്ടിട്ടു തന്നെ കാര്യം. ഇത് എന്റെ കഞ്ഞികുടീടെ കൂടെ കാര്യമാണെ.. അവളുള്ളത് കൊണ്ടല്ലെ ഞാന്‍ ഇങ്ങനെ നടക്കുന്നെ... അല്ലാരുന്നേല്‍ പത്തുവര്‍ഷം മുന്‍പേ ജോലീന്ന് വര്‍ക്ക് മാന്‍സ് കോമ്പും വാങ്ങി ഈ മലയാളം ചാനലുകളും കണ്ടു, ഇങ്ങനെ ഇരിക്കാന്‍ എനിക്ക് പറ്റുമാരുന്നോ? പള്ളിയിലെ ഏതു കാര്യത്തിനും പോയി വഴക്കുണ്ടാക്കാനും ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും സംഭാവന കൊടുക്കാന്‍ കഴിയുമായിരുന്നോ? ആണ്ടില്‍ ആണ്ടില്‍ നാട്ടില്‍ പോയി അടിച്ചുപൊളിച്ചു ശരീരം തിരുമ്മിക്കാനും കായകല്‍പ്പ ചികിത്സ നടത്താനും, ഹൗസ് ബോട്ടുകളില്‍ കൂട്ടു
കാരുടെ കൂടെ കറങ്ങാനും എങ്ങനെ കഴിഞ്ഞേനെ? ഞായറാഴ്ചകളില്‍ കാശ് വെച്ച് ചീട്ടു കളിയ്ക്കാന്‍ പിന്നെ ആര് പോയേനെ? തരാതരം കള്ള് കുടിക്കാന്‍ പറ്റുമാരുന്നോ? പുതിയ ബെന്‍സ് എങ്ങനെ വാങ്ങിയേനെ? അയ്യായിരം സ്‌കൊയര്‍ഫീറ്റുള്ള ഈ മാളികയില്‍ താമസിക്കാന്‍ പറ്റുമായിരുന്നോ? ഓര്‍ത്തപ്പോള്‍ ഞാന്‍ ഒന്ന് നടുങ്ങി. അയ്യോ. അന്നമ്മേടെ തടി എത്രയും വേഗം കുറയട്ടെ. അവള് പണി മുടക്കിയാല്‍ എന്റെ ആപ്പീസ് പൂട്ടും. ഒന്നാമത് ഇവിടെ പണിക്കൊക്കെ ഇപ്പം വലിയ പാടാ. ഞാന്‍ അവള്‍ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. എന്റെ എല്ലാ പിന്തുണയും മുന്തുണയും കൂടെ ആണ്‍തുണയും പ്രഖ്യാപിച്ചു. അവളുടെ തടി കുറഞ്ഞു വരുമ്പോള്‍ എനിക്ക് കിട്ടാന്‍ പോകുന്ന സ്വര്‍ഗീയ രാത്രികള്‍ ഓര്‍ത്തു!! എനിക്ക് നാണം വന്നു!! തടി എന്ന വില്ലന്‍ മരിക്കട്ടെ. അന്നമ്മ സ്ലിം ആകട്ടെ. സ്ലിം ആയി അവള്‍ സ്വിം സൂട്ടുമിട്ടു നീന്തുന്നത് ഞാന്‍ ഭാവനയില്‍ ഓര്‍ത്ത് കോരിത്തരിച്ചു.
പിറ്റെ ദിവസം തന്നെ അന്നമ്മ ജിമ്മില്‍ പോകാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. അതിനായി ഒരു ദിവസം മുഴുവന്‍ ഷോപ്പിങ്ങിനു പോയി. എന്നെയും നിര്‍ബന്ധിച്ചു കൊണ്ടുപോയി. അവള്‍ ഓരോ ജിം പാന്റുകളും ടി ഷര്‍ട്ടുകളും ഇട്ടുനോക്കി അഭിപ്രായം ചോദിച്ചു. ചിലതിന്റെ സിബ്ബിടാന്‍ എന്റെ സഹായം തേടി. ഒന്ന് രണ്ട് പാന്റുകള്‍ വലിച്ചു പൊട്ടാറായ ബലൂണ്‍ പോലെ നില്‍ക്കുന്ന അവളെ കണ്ടു എന്റെ ശ്വാസം നിലക്കുമെന്ന് തോന്നി. അവസാനം ഡബിള്‍ തത ആണ് അവളുടെ സൈസ് എന്ന് സഹായിക്കാന്‍ വന്ന പെണ്ണില്‍ നിന്നും ഞാന്‍ മനസിലാക്കി. അയ്യോ, കെട്ടിക്കൊണ്ടു വന്നപ്പോള്‍ അവള്‍ക്കു പാകമായ ജീന്‍സ് വാങ്ങിക്കാന്‍ പിള്ളേരുടെ സെക്ഷനില്‍ ഓടിനടന്നത് ഞാന്‍ ഓര്‍ത്തു. അന്നവളുടെ സൈസ് നാലോ ആറോ?!!! അന്നത്തെ അന്നമ്മയും ഇന്നത്തെ അന്നമ്മയും ലോറിയും ലോറിക്കുഞ്ഞും പോലെ വ്യത്യാസം. (ഓര്‍മയില്ലേ നമ്മുടെ നാട്ടിലെ ലോറിക്കുഞ്ഞിനെ) അണ്ണാനും ആനയും പോലെ എന്നും ഞാന്‍ പറയില്ല. കാരണം ആന എന്ന മൃഗം എന്റെ നിഘണ്ടുവില്‍ ഇല്ലല്ലോ. അയ്യോ അറിയാതെപോലും ആനെന്നു നാക്കേല്‍ വന്നാല്‍ എന്റെ കാര്യം തീരും. അവള്‍ക്കെപ്പോഴാണ് മദം ഇളകുക എന്ന് പറയാന്‍ പറ്റുകേല...
ആ തടി കുറയ്ക്കാനുള്ള അവളുടെ ആഗ്രഹം നല്ലതുതന്നെ പക്ഷേ കടേന്നു അവളേം ഒരു വിധത്തില്‍ ഇറക്കിക്കൊണ്ടുവരുമ്പോള്‍ പൊടിഞ്ഞുകിട്ടിയത് ഡോളര്‍ മുന്നൂറോളം..!! ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു ഞാന്‍ ഒരു സ്‌പോര്‍ട്‌സ് ഗൂടിസ് കടയില്‍ കയറുന്നത്. ജിമ്മും ബാക്കി കാര്യങ്ങളും എല്ലാം ഫ്രീ ആണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് ഒരു ചെറിയ ആശ്വാസം തോന്നി.
ഒന്നാം ക്ലാസ്സില്‍ ആദ്യമായി പോകുന്ന ആറുവയസ്സുകാരിയെപ്പോലെ ആയിരുന്നു പിന്നീട് അന്നമ്മ. ഷൂസ് പോളിഷ് ചെയ്യുന്നു. വെള്ളക്കുപ്പി നിറച്ചുവെക്കുന്നു. പുതിയതായി വാങ്ങിയ ജിം പാന്റും നയ്ക്കിയുടെ ടി ഷര്‍ട്ടും ഒന്ന് കൂടെ തേച്ചു ചുളുവു നിവര്‍ത്തുന്നു. എന്ന് വേണ്ട ആകെ പിരളി. സന്ധ്യയായി ഉഷസുമായി ഒന്നാം ദിവസം തീരാന്‍ പോകുന്നു. അന്നമ്മക്കു ജിമ്മില്‍ പോകാന്‍ രാവിലെ എഴുന്നേല്‍ക്കേണ്ടത്‌കൊണ്ട് അന്ന് ഞങ്ങള്‍ നേരത്തെ കിടന്നു. അവള്‍ക്കാകെപ്പാടെ വെപ്രാളമാണ്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു ദീര്‍ഘനിശ്വാസം വിടുന്ന അന്നമ്മയെ ഞാന്‍ ചേര്‍ത്തു കിടത്താന്‍ ഒരു ശ്രമം നടത്തി. അവള്‍ എന്റെ കയ്ക്കിട്ട് ഒരു തട്ട്. എന്നിട്ട് ഒരു വിരട്ടും. ''തെ, ഞാന്‍ ഒരു കാര്യം പറഞ്ഞേക്കാം. ഈ തടിയൊന്നു കൊറക്കാതെ നിങ്ങളിനി ഇതും പറഞ്ഞിങ്ങോട്ടു വന്നേക്കരുത് കേട്ടോ. ഞാന്‍ ആകെ ടെന്‍ഷനില്‍ ആണ് തമ്പിക്കുഞ്ഞേ, കുഞ്ഞ് കിടന്നുറങ്ങാന്‍നോക്ക്... ''അന്നമ്മ മരുത്വമല പോലെ തിരിഞ്ഞു കിടന്നപ്പോള്‍ കട്ടില്‍ ഒന്നനങ്ങി, ഇളകി.
''എടീ, ഇത് ടെന്‍ഷന്‍ പോകാനുള്ള ഏറ്റവും നല്ല മരുന്നല്ലെ... നീ ഒന്നിങ്ങോട്ടു നീങ്ങികിടന്നെ..'' ഞാന്‍ വീണുകിട്ടിയ അവസരം പോകാതിരിക്കാന്‍ നമ്പരുകള്‍ ഇറക്കി. ഒത്താല്‍ ഒക്കട്ടെ. പോയാല്‍ ഒരു വാക്ക്.. കിട്ടിയാല്‍ ഒരു... (തെ പിന്നേം ആന കേറിവരുന്നു.. എന്നെ തല്ലു കൊള്ളിക്കാന്‍!!)
''വേണ്ട വേണ്ട... എനിക്ക് മസില് കേറുമെ പറഞ്ഞെക്കാമെ...!!'' അവള്‍ എന്നെ ഭീഷണിപ്പെടുത്തി. ശരീരം ഇളകിയാല്‍ വെറുതെ പ്രശ്‌നം ആകും. നാളെ രാവിലെ എഴുന്നേറ്റു ജിമ്മില്‍ പോകാനുള്ളതാ. ലേറ്റ് അവരുത് എന്നാണ് അങ്ങേരു പറഞ്ഞത്, ഒരു ക്ലാസ് മിസ്സ് ചെയ്താല്‍ അയാള്‍ അത് ജോലിക്കാരോട് റിപ്പോര്‍ട്ട് ചെയ്യും. പിന്നെ കുഴപ്പമാകും കേട്ടോ. കുഞ്ഞു കിടന്നുറങ്ങാന്‍ നോക്ക്!! മുതുകൂത്ത് കാണിക്കാതെ, അവളൊരു വലിയ തലയിണ എടുത്തു നടുക്ക് വെച്ചു. ഒരു വേലിപോലെ.
''വെയ്ക്കടി വെക്ക്, നീ വേലി കെട്ടി വെയ്ക്ക്. നിന്റെ ഒരു മസില് കയറ്റം. എനിക്കും ഒരു മസില്‍ ഉണ്ടെന്നു നീ മറന്നു പോകുന്നു. ഇതാടി നിങ്ങള് പെണ്ണുങ്ങടെ കുഴപ്പം. നിന്റെ തടി ഒന്നും ഇങ്ങനെ കൂടുവേലാരുന്നു. ഞാന്‍ പറേന്നപോലെ കേട്ടിരുന്നെ, എടി നല്ല ഒന്നാന്തരം പരിശീലകന്‍ വീട്ടിലുള്ളപ്പോള്‍ അവള് പോവ്വാ നാളെ കണ്ണിക്കണ്ട എലുമ്പന്‍ സായിപ്പിന്റെ കൂടെ കസര്‍ത്ത് പഠിക്കാന്‍!! എടി എന്റെ ഒരു ക്ലാസ്സ് കൊണ്ട് നിനക്ക് കുറഞ്ഞതൊരു നാനൂറ് കലോറി എങ്കിലും കുറഞ്ഞുകിട്ടും.
ഇത് ഞാന്‍ ചുമ്മാ പറയുന്നതൊന്നും അല്ല. വിവരമുള്ളവര്‍ റിസേര്‍ച്ച് നടത്തിയിട്ട് പറയുന്നതാ''
ഇങ്ങനെ എല്ലാം പറയണം എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. യ്യോ, വേണ്ട അന്നവളെന്റെ നെഞ്ഞും കൂട് നോക്കി ഒന്ന് താങ്ങിയ വേദന ഇപ്പോഴും ഉണ്ട്. ഞാന്‍ വാ രണ്ടും സിമ്പിട്ടു പൂട്ടി മിണ്ടാതെ കിടന്നു ചിന്തിച്ചു. എന്റെ തലയിണയില്‍ കെട്ടിപ്പിടിച്ചു. ദീര്‍ഘനിശ്വാസം വിട്ടു. അന്നമ്മ എപ്പം കൂര്‍ക്കം വലിച്ചെന്ന് ചോദിച്ചാല്‍ മതി. കത്രിനയും റീത്തയും ഒരുമിച്ചു ആഞ്ഞടിക്കുന്ന പോലെയുള്ള അവളുടെ ശ്വാസം വലി കേട്ടു ഞാന്‍ കട്ടിലിന്റെ ഒരു കോണില്‍ ഒരു ബലത്തിന് പിടിച്ചു. എന്റെ ഈശോയെ, ഇവളെന്നേം കൊണ്ടേ പോകൂ... ഹോ ഇങ്ങനെ ഒരു കൂര്‍ക്കം വലി. ഞാന്‍ കണ്ണും മിഴിച്ചു എത്ര നേരം കിടന്നോ? എല്ലാ ആണുങ്ങളുടെയും ഗതി ഇത് തന്നെയാണോ എന്റെ പരുമല തിരുമേനി?
അതിനൊക്കെ സായിപ്പന്മാരെയും മദാമ്മമാരെയും കണ്ടു പഠിക്കണം. സായിപ്പന്മാര് മിനിറ്റ് വെച്ചു ഡിവോര്‍സു ചെയ്യുന്നതും വീണ്ടും കെട്ടുന്നതും എല്ലാം ഇത്‌കൊണ്ടൊക്കെ ആയിരിക്കും. ഞാന്‍ ഡിവോര്‍സ് ചെയ്തു നിക്കുന്ന അയല്‍ക്കാരി കാതറിനെ ഓര്‍ത്തു. മദാമ്മക്ക് അന്നമ്മയെക്കാള്‍ പ്രായം ഉണ്ട്. പക്ഷെ എന്നാ ഒരു പ്രസരിപ്പാ, എന്നാ ഒരു എനെര്‍ജിയാ. എന്നാ ഒരു പരിഷ്‌ക്കാരോം ചുറുചുറുക്കുമാ!!! കുഞ്ഞു കാച്ചട്ടയും സ്പഗെട്ടി സ്രാപ്പും ഇട്ടു മദാമ്മ എന്നും ഓടാന്‍ പോകുന്നു, ചാടാന്‍ പോകുന്നു. പുല്ലു വെട്ടുന്നു. ചെടി നടുന്നു. ജോലിക്ക് മാത്രം പോയിക്കണ്ടിട്ടില്ല.!! അത് പിന്നെ പുള്ളിക്കാരിക്ക് അതിന്റെ ആവശ്യവും ഇല്ല. കാമുകന്മാര്‍ അനവധി. എന്നും കാണാം ഓരോ സായിപ്പന്മാര്!! ചിലപ്പോള്‍ മൂന്നുമാസത്തേക്ക്, അല്ലങ്കില്‍ രണ്ട്, ഇടക്കൊക്കെ ആരോ വന്നു പിക്ക് ചെയ്തു കൊണ്ടുപോകുന്നു. ഒരിക്കല്‍ പുല്ലുവെട്ടിക്കൊണ്ടുനിന്ന എന്നെ കണ്ടു കാതറിന്‍ ഒരു ചിരി!! ''ജോണ്‍ യൂ ആര്‍ സൊ ഹാന്‍ഡ്‌സം മാന്‍'' എന്ന് അവള് മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ എനിക്ക് നാണം വന്നു. മതാമ്മയുടെ സ്വര്‍ണത്തലമുടിയും നാട്ടിലെ ചക്കിപ്പൂച്ചേടെ പോലുള്ള പച്ചക്കണ്ണുകളും ഞാന്‍ ഓര്‍ത്തു!! എനിക്ക് കുളിര് കോരി. ഞാന്‍ പുതപ്പെടുത്തു തല വഴി പുതച്ചു.
കാതറിന്‍ മദാമ്മ ഇപ്പോള്‍ ഉറങ്ങിയോ ആവോ? നാളെ തന്നെ രാവിലെ നടക്കാന്‍ പോണം. മദാമ്മ പോകുന്ന സമയത്ത് തന്നെ പോണം. പറ്റുവാണേല്‍ പുല്ലുവെട്ടാന്‍ ഇറങ്ങണം. കടേന്ന് രണ്ടുകൊച്ചു കാച്ചട്ട ഞാനും കൂടെ വാങ്ങിക്കേണ്ടതായിരുന്നു. തല്‍ക്കാലം പഴയത് ഇടാം. ഞാന്‍ ഇങ്ങനെ ഒരുത്തന്‍ അയല്‍പക്കത്തുള്ളപ്പോള്‍ മദാമ്മ എന്തിനു ഔട്ട്‌സോഴ്‌സിംഗ് നടത്തി കഷ്ടപ്പെടണം!! ഇതൊക്കെ അല്ലെ നമുക്ക് ചെയ്യാന്‍ പറ്റൂ!! ഇനി ഇങ്ങനെ അന്നമ്മയെ നോക്കി ഇരുന്നിട്ട് കാര്യമില്ല. ഓ മണി പന്ത്രണ്ടാവുന്നു ഉറക്കം വരാന്‍ തുടങ്ങി. ആശ്വാസം. ഞാന്‍ മെല്ലെ കണ്ണുകള്‍ അടച്ചു!! അന്നമ്മയുടെ കൂര്‍ക്കം വലി നേര്‍ത്തുവരുന്നു. ഞാനും എപ്പോളോ മയങ്ങി.

ഒരു അമേരിക്കന്‍ ലൈഫ്‌ബോട്ട് (part 1)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക