Image

ആതിര (23) യാത്രയായി; അമ്മ ഗിരിജ (48) ആശുപത്രിയില്‍ തനിച്ചായി.

Published on 30 January, 2012
ആതിര (23) യാത്രയായി; അമ്മ ഗിരിജ (48) ആശുപത്രിയില്‍ തനിച്ചായി.
ആലുവ: നീറിയ നാടിന്റെ പ്രാര്‍ഥനകള്‍ക്കും സഹായങ്ങള്‍ക്കും കാത്തുനില്‍ക്കാതെ ആതിര (23) യാത്രയായി. മകള്‍ക്ക് കരള്‍ പകുത്തു നല്‍കിയ അമ്മ ഗിരിജ (48) ആശുപത്രിയില്‍ തനിച്ചായി.

ഇടപ്പള്ളി അമൃത ആശുപത്രിയിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ആതിര ഇന്ന് പുലര്‍ച്ചെ 3.30-നാണ് മരിച്ചത്. മാറ്റിവച്ച കരള്‍ മരുന്നുമായി പ്രതികരിക്കാതിരുന്നതിനേത്തുടര്‍ന്നാണ് ആരോഗ്യനില കൂടുതല്‍ വഷളായതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആലുവ തുരുത്ത് പുത്തന്‍പുരയില്‍ ബാലചന്ദ്രന്റെ ഏക മകളാണ് തൃക്കാക്കര മോഡല്‍ എന്‍ജിനീയറിംഗ് കോളജിലെ ഗസ്റ്റ് ലക്ചറര്‍ കൂടിയായ ആതിര. മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ പ്രവര്‍ത്തനരഹിതമായതിനേത്തുടര്‍ന്ന് നാലുനാള്‍ മുമ്പാണ് ആതിരയെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്.

അമ്മ ഗിരിജ തന്റെ കരളിന്റെ ഭാഗം മകള്‍ക്ക് നല്‍കാന്‍ തയാറായി. കരളിന്റെ എഴുപതു ശതമാനവും മകള്‍ക്കായി നല്‍കിയ ഗിരിജയ്ക്ക് ഹൃദയാഘാതമുണ്ടായതും ഇരു ജീവനുകളും രക്ഷിക്കാനായി കരള്‍ നീറി പ്രാര്‍ഥിച്ച നാടിനെ ആശങ്കയിലാഴ്ത്തിയിരുന്നു.

ഇരുവരുടെയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവ് വന്നിരുന്നു. പെയിന്റിംഗ് തൊഴിലാളിയായ ബാലചന്ദ്രന് തുക താങ്ങാനാവാത്തതിനാല്‍ മകളുടെയും അമ്മയുടെയും ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായനിധിയും രൂപീകരിച്ചിരുന്നു.

കുടുംബത്തിന്റെ ദയനീയസ്ഥിതി വാര്‍ത്തയായതിനേത്തുടര്‍ന്ന് ഇരുവരുടെ ചികിത്സയ്ക്ക് വിവിധ പ്രദേശങ്ങളില്‍ സഹായ പ്രവാഹമായിരുന്നുവെന്ന് സഹായസമിതി കണ്‍വീനര്‍ കെ.പി.അശോകന്‍ പറഞ്ഞു. ആതിരയുടെ മരണവിവരമറിയാതെ ഇന്നു രാവിലെയും സഹായവാഗ്ദാനവുമായി കോളുകള്‍ എത്തിയതായി സഹായസമിതി ഭാരവാഹികള്‍ പറയുന്നു.

വിദ്യാഭ്യാസ വായ്പയെടുത്താണ് ബാലചന്ദ്രന്‍ മകള്‍ ആതിരയെ ബിടെക്കിന് പഠിപ്പിച്ചത്. മകള്‍ നല്ല നിലയില്‍ പാസായപ്പോള്‍ വിവാഹം മുന്നില്‍കണ്ട് വീടൊന്നു പുതുക്കി. ഇതിനുള്ള വായ്പ ബാധ്യത വര്‍ധിപ്പിച്ചു. ഇതിനിടയിലാണ് ആതിര രോഗശയ്യയിലായത്. മകള്‍ക്കുവേണ്ടി തന്റെ കരളും പകുത്തു നല്‍കിയ അമ്മ ഗിരിജ അമൃത ആശുപത്രിയിലെ കാര്‍ഡിയാക് കെയര്‍ യൂണിറ്റിലാണ്. മകളുടെ വിയോഗ വിവരം ഗിരിജയെ അറിയിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
deepika
ആതിര (23) യാത്രയായി; അമ്മ ഗിരിജ (48) ആശുപത്രിയില്‍ തനിച്ചായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക