Image

ഗള്‍ഫില്‍ 50 കിടക്കകളില്‍ കുറവായ ആശുപത്രികള്‍ അടച്ചുപൂട്ടും

Published on 30 January, 2012
ഗള്‍ഫില്‍ 50 കിടക്കകളില്‍ കുറവായ ആശുപത്രികള്‍ അടച്ചുപൂട്ടും
റിയാദ്‌: രോഗികളുടെ കുറവ്‌ മൂലം സാമ്പത്തിക നഷ്ടം സഹിക്കുന്ന ആശുപത്രികള്‍ നിര്‍ത്തലാക്കുന്നതിനോ വലിയ ഹോസ്‌പിറ്റലുകളുമായി ലയിപ്പിക്കുന്നതിനോ ആരോഗ്യ മന്ത്രാലയം ആലോചിക്കുന്നു. മന്ത്രാലയത്തിന്‍െറ നിയന്ത്രണത്തില്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം ഹോസ്‌പിറ്റലുകളുടെ എണ്ണത്തില്‍ 43 ശതമാനം വരുന്ന 50 കിടക്കകളുള്ള ഹോസ്‌പിറ്റലുകളാണ്‌ ഇങ്ങനെ അടച്ചുപൂട്ടലിന്‍െറ വക്കത്ത്‌ എത്തിനില്‍ക്കുന്നത്‌.

പത്താം പദ്ധതിയുടെ ഭാഗമായി മന്ത്രാലയത്തിനു കീഴിലുള്ള ഹോസ്‌പിറ്റലുകളെ സംബന്ധിച്ച നടത്തിയ പഠന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ്‌ പുതിയ നീക്കം. വിദഗ്‌ധ ഡോക്ടര്‍മാരുടെ അഭാവവും ചികില്‍സാ സൗകര്യങ്ങളുടെ അപര്യാപ്‌തതയും കാരണം മെച്ചപ്പെട്ട സേവനം ലഭ്യമാകാത്തതിനാല്‍ സ്വദേശികള്‍ ഇത്തരം ഹോസ്‌പിറ്റലുകളില്‍ ചികില്‍സ തേടാന്‍ മടി കാണിക്കുന്നതിനാല്‍ ഇവയില്‍ ഭൂരിഭാഗം സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന ചെലവ്‌ മന്ത്രാലയത്തിന്‌ ഭാരമാകുന്നുവെന്നാണ്‌ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അടുത്ത മാസങ്ങളില്‍ ഇതുസംബന്ധമായ നടപടികള്‍ക്ക്‌ തുടക്കം കുറിക്കുമെന്ന്‌ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

അല്‍ജൗഫ്‌, അബ്‌ഹ എന്നിവിടങ്ങളില്‍ ഓരോ മെഡിക്കല്‍ സിറ്റി പുതിയതായി നിര്‍മിക്കാനും മന്ത്രാലയം പദ്ധതി തയാറാക്കി വരികയാണ്‌. 50 കിടക്കകളുള്ള ഹോസ്‌പിറ്റലുകളില്‍ ചിലത്‌ വലിയ ഹോസ്‌പിറ്റലുകളുമായി ലയിപ്പിക്കാനും മറ്റ്‌ ചിലത്‌ പ്രാഥമികാരോഗ്യ കേന്ദ്രമായി മാറ്റാനുമാണ്‌ ഉദ്ദേശിക്കുന്നത്‌. നിലവില്‍ നഗരങ്ങളിലുള്ള വലിയ ഹോസ്‌പിറ്റലുകളില്‍ അടിയന്തര കേസുകള്‍ പോലും സ്വീകരിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന അവസ്ഥയാണുള്ളത്‌. ഇത്‌ പരിഹരിക്കുന്നതിന്‌ സഹായകമാവുമെന്ന നിലക്കാണ്‌്‌ പുതിയ തീരുമാനം.

പുതിയ പദ്ധതിയനുസരിച്ച്‌ രാജ്യത്ത്‌ 62 സെന്‍ട്രല്‍ ഹോസ്‌പിറ്റലുകള്‍, 120 ജനറല്‍ ഹോസ്‌പിറ്റലുകള്‍, എ കാറ്റഗറിയില്‍ 14 എണ്ണം, ബി കാറ്റഗറിയില്‍ 104 എണ്ണം, അഞ്ച്‌ മെഡിക്കല്‍ സിറ്റികള്‍ എന്നിവയുടെ പൂര്‍ത്തീകരണമാണ്‌ മന്ത്രാലയം ലക്ഷ്യമിടുന്നത്‌. പുതുതായി എ കാറ്റഗറിയില്‍പ്പെട്ട ഹോസ്‌പിറ്റലുകള്‍ സ്ഥാപിക്കുന്നതിന്‌ പ്രദേശത്ത്‌ ചുരുങ്ങിയത്‌ കാല്‍ ലക്ഷമെങ്കിലും ജനവാസമുണ്ടായിരിക്കണമെന്നും അടുത്ത ഹോസ്‌പിറ്റലുമായി ചുരുങ്ങിയത്‌ 150 കിലേമീറ്റര്‍
അകലമുണ്ടായിരിക്കണമെന്നും മന്ത്രാലയം നിബന്ധന വെച്ചിട്ടുണ്ട്‌. കിടത്തി ചികില്‍സക്കുള്ള സൗകര്യം കൂടാതെ ഇന്‍േറണല്‍, സര്‍ജറി, പീഡിയാട്രീക്‌, ഗൈനക്കോളജി, ഇ.എന്‍.ടി, ഐ, യൂറോളജി, ഡെന്‍റല്‍, ഇന്‍റന്‍സീവ്‌ കെയര്‍ യൂനിറ്റ്‌, ലാബ്‌, എക്‌സ്‌റേ തുടങ്ങിയ വിഭാഗങ്ങളാണ്‌ എ കാറ്റഗറിയിലുള്ള ഹോസ്‌പിറ്റലിലുണ്ടാവേണ്ടത്‌.

ബി കാറ്റഗറിയില്‍പ്പെടുന്ന ഹോസ്‌പിറ്റലുകളില്‍ ഇന്‍േറണല്‍, സര്‍ജറി, പീഡിയാട്രിക്‌, ഗൈനക്കോളജി തുടങ്ങിയ സ്‌പെഷിലിസ്റ്റുകളും അടിയന്തര ചികില്‍സ, ആംബുലന്‍സ്‌ സേവനം, ഡയാലിസിസ്‌ സെന്‍റര്‍, ഫാമിലി കെയര്‍ തുടങ്ങിയ വിഭാഗങ്ങളുമുണ്ടായിരിക്കണമെന്നും നിബന്ധന വെക്കുന്നുണ്ട്‌.
ഗള്‍ഫില്‍ 50 കിടക്കകളില്‍ കുറവായ ആശുപത്രികള്‍ അടച്ചുപൂട്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക