Image

പുറംജോലിക്കരാര്‍ നിര്‍ത്തലാക്കരുതെന്ന് പ്രണാബ്; ഫ്‌ളോറിഡ പ്രൈമറി: റിക് സാന്റോറം പിന്‍മാറി; വാഹനങ്ങളുടെ കൂട്ടയിടി: 10 പേര്‍ മരിച്ചു

Published on 30 January, 2012
പുറംജോലിക്കരാര്‍ നിര്‍ത്തലാക്കരുതെന്ന് പ്രണാബ്;  ഫ്‌ളോറിഡ പ്രൈമറി: റിക് സാന്റോറം പിന്‍മാറി; വാഹനങ്ങളുടെ കൂട്ടയിടി: 10 പേര്‍ മരിച്ചു
ഷിക്കാഗോ: യുഎസ് കമ്പനികള്‍ നല്‍കുന്ന പുറംജോലിക്കരാര്‍ നിര്‍ത്തലാക്കരുതെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. പുറംജോലിക്കരാര്‍ നിര്‍ത്തലാക്കിയാല്‍ ഇന്ത്യയുടെ മാത്രമല്ല യുഎസിന്റെ സാമ്പത്തിക വ്യവസ്ഥയെയും അത് ദോഷകരമായി ബാധിക്കുമെന്നും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎസിലെത്തിയ പ്രണാബ് വ്യക്തമാക്കി.

ഓരോ രാജ്യത്തിനും അവരവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ അത് സ്വന്തം ജോലിക്കാരെ മാത്രം സംരക്ഷിക്കുന്ന രീതിയിലായിരിക്കരുതെന്നും പ്രണാബ് പറഞ്ഞു. പുറം ജോലിക്കരാര്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് നികുതിയിളവ് നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രണാബിന്റെ പ്രതികരണം.

ഫ്‌ളോറിഡ പ്രൈമറി: റിക് സാന്റോറം പിന്‍മാറി

ഫ്‌ളോറിഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി നാളെ നടക്കുന്ന ഫ്‌ളോറിഡ പ്രൈമറിയ വോട്ടെടുപ്പില്‍ നിന്ന് റിക് സാന്റോറം പിന്‍മാറി. ഫ്‌ളോറിഡയില്‍ വിജയസാധ്യത ഇല്ലാത്തതിനാലാണ് പിന്‍മാറ്റമെന്ന് സാന്റോറം പറഞ്ഞു. ഫ്‌ളോറിഡയില്‍ നിന്നുള്ള പിന്‍മാറ്റത്തിലൂടെ മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവുമെന്നാണ് സാന്റോറം കരുതുന്നത്. വരുന്ന ദിവസങ്ങളില്‍ പ്രൈമറി വോട്ടെടുപ്പ് നടക്കുന്ന മിനെസോട്ട, മിസൗറി, കൊളറോഡോ, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സാന്റോറത്തിന്റെ തീരുമാനം.

അയോവ കോക്കസില്‍ ആദ്യം പരാജയപ്പെട്ടുവെന്ന് വിധിയെഴുതിയിരുന്നെങ്കിലും പിന്നീട് മിറ്റ് റോംനിയെ പിന്തള്ളി വിജയിയായി പ്രഖ്യാപിക്കപ്പെട്ട സാന്റോറത്തിന് തുടര്‍ന്നുള്ള പ്രചാരണങ്ങളില്‍ ആ തിളക്കം നിലനിര്‍ത്താനായിരുന്നില്ല. അഭിപ്രായ സര്‍വെകളില്‍ ഫ്‌ളോറിഡയില്‍ സാന്റോറത്തിന്റെ പിന്തുണ ഒറ്റ അക്കത്തിലൊതുങ്ങുമെന്ന് വ്യക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫ്‌ളോറഡയില്‍ നിന്ന് പിന്‍വാങ്ങുന്നത്. തന്റെ മൂന്നുവയസുകാരി മകള്‍ ബെല്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രചാരണത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താനും സാന്റോറത്തിനായിരുന്നില്ല. മിറ്റ് റോംനിയ്ക്കാണ് ഫ്‌ളോറിഡയില്‍ എല്ലാ അഭിപ്രായ സര്‍വേകളും മുന്‍തൂക്കം കല്‍പ്പിക്കുന്നത്.

ഫ്‌ളോറിഡ ഹൈവേയില്‍ വാഹനങ്ങളുടെ കൂട്ടയിടി: 10 പേര്‍ മരിച്ചു

വാഷിംഗ്ടണ്‍: ഫ്‌ളോറിഡ ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. ഫ്‌ളോറിഡയിലെ ഗെയിനെസ്‌വില്ലെയിലാണ് അപകടം. കനത്ത മഞ്ഞിലും പുകയിലും കാഴ്ച മറഞ്ഞതാണ് അപകടത്തിനിടയാക്കിയത്. പന്ത്രണ്‌ടോളം യാത്രാകാറുകളും ഏഴോളം ചെറിയ ട്രക്കുകളുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ േപരിക്കേറ്റവരെ ഷാന്‍ഡ്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ആരുടെയും പരിക്ക് സാരമുള്ളതല്ല. തന്റെ 27 വര്‍ഷത്തെ കരിയറിലുണ്ടായ ഏറ്റവും വലിയ അപകടമാണിതെന്ന് ഫ്‌ളോറിഡ ഹൈവേ പട്രോള്‍ വക്താവ് പാട്രിക് റിയോര്‍ഡാന്‍ പറഞ്ഞു.

ഇന്ത്യാ-യുഎസ് ആണവകരാറിനായി ഇന്ത്യ ലോബീയിംഗ് നടത്തിയെന്ന്

വാഷിംഗ്ടണ്‍: ഇന്ത്യാ-യുഎസ് ആണവകരാര്‍ യാഥാര്‍ഥ്യമാകാന്‍ ഇന്ത്യ ലോബീയിംഗ് നടത്തിയെന്ന് വെളിപ്പെടുത്തല്‍. യുഎസിില്‍ പൊതുജനതാല്‍പര്യാര്‍ഥം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായ പ്രോപബ്ലിക്ക, സണ്‍ലൈറ്റ് ഫൗണേ്ടഷന്‍ എന്നിവയാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ആണവ കരാര്‍ യാഥാര്‍ഥ്യമാക്കുന്നതിനായി 'ലോബീയിംഗ്'് നടത്താന്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി ബാര്‍ബോര്‍ ഗ്രിഫിത് ആന്‍ഡ് റോജേഴ്‌സ്(ബി.ജി.ആര്‍) എന്ന കമ്പനിയെ പ്രതിഫലം നല്‍കി നിയമിച്ചിരുന്നുവെന്നാണ് വെളിപ്പെടുത്തലില്‍ പറയുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മാധ്യമങ്ങളുമായി ഇടപഴകാന്‍ അവസരമൊരുക്കിക്കൊടുക്കുക, യുഎസ് സന്ദര്‍ശനത്തിനുമുമ്പ് ഇന്ത്യയ്ക്ക് അനുകൂലമായി കോണ്‍ഗ്രസില്‍ പ്രമേയങ്ങള്‍ പാസാക്കിയെടുക്കുക തുടങ്ങി പല പ്രവൃത്തികളും ബി.ജി.ആര്‍. ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ അംബാസഡര്‍ക്ക് മാധ്യമസ്ഥാപനങ്ങളുമായി ബന്ധങ്ങള്‍ വളര്‍ത്താനും ബി.ജി.ആര്‍. സഹായമൊരുക്കിയതായി രേഖകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യയ്ക്കുവേണ്ടി ലോബീയിംഗിനായി 2005 മുതല്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് പ്രതിവര്‍ഷ ഫീസായി നല്‍കുന്നത് 3.4 കോടി രൂപയാണ്. ലോബീയിംഗ് കമ്പനികള്‍ യുഎസ്. സര്‍ക്കാറിന്റെ നീതിന്യായ വകുപ്പിന് കൈമാറുന്ന വിവരം വെളിപ്പെടുത്തല്‍ ഫോറങ്ങളില്‍ നിന്നാണ് ഇന്ത്യക്കുവേണ്ടുയുള്ള ബി.ജി.ആറിന്റെ പ്രവര്‍ത്തനങ്ങളും അതിന് നല്‍കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങളും ലഭിച്ചതെന്ന് 'പ്രോപബ്ലിക്ക' വെളിപ്പെടുത്തി. എന്നാല്‍, ഇതു സംബന്ധിച്ച് ബി.ജി.ആറോ ഇന്ത്യന്‍ എംബസിയോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജനങ്ങളിലും സര്‍ക്കാറിലും കാര്യങ്ങള്‍ എത്തിക്കാനായി നേരിട്ടും അല്ലാതെയുമുള്ള ബന്ധങ്ങള്‍ ഉപയോഗിക്കാറുണെ്ടന്ന് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പ്രതികരിച്ചു. ബി.ജി.ആര്‍. ഇന്ത്യയ്ക്കുവേണ്ടി 'ലോബീയിംഗ്്' നടത്തുന്നുണെ്ടന്ന് 2007 സെപ്റ്റംബര്‍ 30ന് 'വാഷിംഗ്ടണ്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫേസ്ബുക്ക് ഐപിഒക്കായി യുഎസ് നിക്ഷേപകരുടെ കാത്തിരിപ്പ്

ന്യൂയോര്‍ക്ക്: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് വെബ്‌സൈറ്റായ ഫേസ്ബുക്കിന്റെ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗിനായി യുഎസ് നിക്ഷേപകര്‍ ആകാംക്ഷപൂര്‍വം കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ മാസത്തിനും ജൂണ്‍ മാസത്തിനും ഇടയ്ക്കായിരിക്കും ഫേസ്ബുക്ക് ഐപിഒ എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ വിപണിയിലെ നാലാമത് വലിയ ഐപിഒ ആയിരിക്കും ഫേസ്ബുക്ക് നടത്തുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

പ്രമുഖ സാമ്പത്തിക സേവനക്കമ്പനിയായ മോര്‍ഗാന്‍ ആന്‍ഡ് സ്റ്റാന്‍ലിയായിരിക്കും ഫേസ്ബുക്കിന്റെ ഇനീഷ്യല്‍ പബ്ലിക്ക് ഓഫറിംഗിന് മേല്‍നോട്ടം വഹിക്കുക. ഐപിഒയ്ക്കു മുന്നോടിയായി സമര്‍പ്പിക്കേണ്ട രേഖകള്‍ അടുത്ത ആഴ്ച സമ്മര്‍പ്പിച്ചേക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഓഫറിംഗിലൂടെ 1000 കോടി ഡോളറെങ്കിലും സമാഹരിക്കാന്‍ കമ്പനിയ്ക്കാവുമെന്നാണ് കരുതുന്നത്. കമ്പനിയുടെ മൂല്യം 7500 കോടി ഡോളറിനും 10,000 കോടി ഡോളറിനും ഇടയിലേക്ക് ഉയരുമെന്നും കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക