Image

പത്രാധിപര്‍ക്കുള്ള ദണ്ഡനമസ്കാരം (ഡി. ബാബു പോള്‍)

Published on 29 April, 2016
പത്രാധിപര്‍ക്കുള്ള ദണ്ഡനമസ്കാരം (ഡി. ബാബു പോള്‍)
വിമോചന സമരകാലത്ത് കേരള കൗമുദി എതിര്‍ നിലപാടിയിരുന്നു സ്വീകരിച്ചിരുന്നത്. എന്നാല്‍ സമരം ചെയ്തവും സമരത്തെ എതിര്‍ത്തവരും യഥാര്‍ത്ഥ സ്ഥിതി തിരിച്ചറിയാന്‍ അന്ന് ആശ്രയിച്ചത് കേരള കൗമുദിയെ ആയിരുന്നു. വാര്‍ത്തയില്‍ വീക്ഷണം കലരരുതെന്ന് പത്രാധിപര്‍ കെ. സുകുമാരന്‍ നിര്‍ബന്ധം പുലര്‍ത്തിയിരുന്നു. അതോടൊപ്പം ഭരണ പോരായ്മകളെക്കുറിച്ചും നന്മകളെക്കുറിച്ചും വിമോചന സമരത്തിലെ ശരി -തെറ്റുകളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന കുറിപ്പുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. "ചീഫ് മിനിസ്റ്റേഴ്‌സ് ഡിബേറ്റ്' പംക്തി ശ്രദ്ധിച്ചു തുടങ്ങിയപ്പോള്‍ പാരമ്പര്യം നിലനിര്‍ത്താനുള്ള പരിശ്രമമാണെന്ന് മനസ്സില്‍ തോന്നി.

കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയ്ക്കുവരാന്‍ ഇടയുള്ള വിഷയങ്ങളെക്കുറിച്ച് "വേലിക്കകത്തും പുറത്തു'മുള്ള അഭിപ്രായങ്ങള്‍ വായനക്കാര്‍ക്ക് പ്രാപ്യമാക്കുക എന്നുള്ള പത്രധര്‍മ്മമാണ് ഇവിടെ നിറവേറ്റപ്പെട്ടത്.

കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഭരണം വിലയിരുത്തുമ്പോള്‍ നിഷ്പക്ഷമതികള്‍ അംഗീകരിക്കുന്ന കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും പറയുന്നതെങ്കില്‍, അങ്ങനെ പറയുന്നവര്‍ പോലും പറയാന്‍ ആഗ്രഹിക്കുന്ന ആക്ഷേപങ്ങളാണ് "മറുഭാഗത്ത്' ഉന്നയിക്കുന്നത്. ഇത് വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിലായാലും, ഇന്‍ഫോ പാര്‍ക്കിന്റെ കാര്യത്തിലായാലും, സ്മാര്‍ട്ട് സിറ്റിയുടെ കാര്യത്തിലായാലും ഒരുപോലെ സത്യമാണ്. വരികളില്‍ എഴുതപ്പെടുന്നതും വരികള്‍ക്കിടയില്‍ വായിക്കപ്പെടുന്നതും ചേര്‍ത്തുവെച്ചാല്‍ കൃത്യമായ ഒരു ചിത്രം ചീഫ് മിനിസ്റ്റേഴ്‌സ് ഡിബേറ്റ് മലയാളിക്ക് നല്‍കി.

വിവാദങ്ങളില്ലാത്ത ഇടങ്ങളില്‍ വിവാദം ഉണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് എവിടെയും ഒരു കഴിവുണ്ട്. വായന മലയാളത്തിലാകുമ്പോള്‍ 'മര്‍ക്കടസ്യ സുരപാനം' എന്നപോലെ ആകുന്നു സംഗതികള്‍ എന്നേയുള്ളൂ. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ഒടുവില്‍ അനുവദിച്ച പഞ്ചനക്ഷത്ര ബാറുകളുടെ കാര്യമാണ്. ഒരു വിവാദത്തിനും വകയില്ല എന്നു നിഷ്പക്ഷമതികള്‍ക്ക് ഉള്ളംകൈയിലെ നെല്ലിക്ക പോലെ വ്യക്തമാണ്. നമ്മുടെ നാട്ടില്‍ നാലുനക്ഷത്രപദവിയുള്ള ഹോട്ടലുകളില്‍ പകുതിയോളം അഞ്ചു നക്ഷത്ര പദവിക്കു നേരത്തെ ശ്രമിക്കാതിരുന്നത്, ആ അഞ്ചാം നക്ഷത്രത്തിന് കൊടുക്കേണ്ടിവരുന്ന വില പ്രയോജനത്തോളം വലുതല്ല എന്നതിനാലാണ്. ബാറുകള്‍ പഞ്ചനക്ഷത്രത്തില്‍ മാത്രം എത്തുന്നതോടെ നാലും അഞ്ചും നക്ഷത്രങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഒരു സ്വിമ്മിംഗ് പൂളിലോ 24/7 കോഫി ഷോപ്പിലോ ഒതുങ്ങുന്നു. അതിനാല്‍ സ്വാഭാവികമായും ആ ഹോട്ടലുകളുടെ ഉടമകള്‍ കൂടുതല്‍ പണം മുടക്കാന്‍ തീരുമാനിച്ചു. അങ്ങനെ പഞ്ചനക്ഷത്ര നിലവാരം എത്തിയപ്പോള്‍ കേന്ദ്ര ടൂറിസം വകുപ്പ് അംഗീകരിച്ചു. അവര്‍ക്ക് ബാര്‍ അനുവദിക്കാതിരുന്നാല്‍, ചില വക്കീലന്മാര്‍ക്ക് കുറച്ചുകൂടി വരുമാനം ഉണ്ടാകുമായിരുന്നു എന്നല്ലാതെ മറ്റൊന്നും സംഭവിക്കാനില്ല എന്നു ഊഹിക്കാന്‍ സാമാന്യബുദ്ധി മതി. ഒഴിവാക്കാവുന്ന സാഹചര്യങ്ങളില്‍ പൗരന്മാരുടെ കോടതികളിലേക്ക് തള്ളിവിടുന്നതല്ല ഉത്തമ ഭരണം. അതിനാല്‍ നിലവിലെ നയം അനുസരിച്ച് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം മാത്രമാണ് ഇപ്പോള്‍ ചെയ്തത്.

പക്ഷെ അതില്‍ ഒരു വിവാദ സാധ്യത ദൃശ്യമാധ്യമങ്ങള്‍ കണ്ടെത്തി. ഭരണകക്ഷിയില്‍ തന്നെപെട്ട ചിലര്‍ ആത്മഹത്യാപ്രവണത കാണിച്ചുകൊണ്ട് ഗവണ്‍മെന്റിനെ ഒളിയമ്പെയ്യാന്‍ തുടങ്ങി. സകലമാന ബാറും തുറക്കുമെന്നു പ്രത്യക്ഷമായോ പരോക്ഷമായോ പ്രഖ്യാപിക്കുന്ന പ്രതിപക്ഷവും വിവാദത്തില്‍ പങ്കുചേര്‍ന്നു. ഇതാണ് കേരളം. നിലവിലെ നയം മാറ്റാതെ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ നടത്താനുള്ള അനുമതി നിഷേധിക്കാനാവില്ല. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ നിര്‍ബന്ധമല്ലെങ്കിലും കേരളത്തില്‍ കൊടുക്കുന്നത് മദ്യനയത്തിന്റെ ഭാഗമായി തീരുമാനിച്ചതാണ് എന്നിരിക്കെ ഇപ്പോള്‍ തെരഞ്ഞെടുപ്പിനിടയില്‍ കൊടുംപിരികൊണ്ടിരിക്കുന്ന ബാര്‍ വിവാദത്തിലെ പുതിയ അര്‍ത്ഥമില്ലായ്മ വിവരമുള്ള മലയാളിയെ കൊഞ്ഞനംകുത്തുന്നതാണ്. ഈ ഉദാഹരണം ഇത്ര വിശദമായി പറഞ്ഞത് ചീഫ് മിനിസ്റ്റേഴ്‌സ് ഡിബേറ്റ് ഓരോ വിഷയത്തിലും പാലിച്ച നിലവാരം പുതിയ ഇത്തരം അര്‍ത്ഥശൂന്യമായ വിവാദങ്ങള്‍ക്ക് അതീതമാണ് എന്നു സൂചിപ്പിക്കാനാണ്.

ഇലക്ഷന്‍ അടുത്തുവരുമ്പോള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വിലയിരുത്താനും, അടുത്ത അഞ്ചുവര്‍ഷം എന്തു സംഭവിക്കുമെന്നതിന് രൂപരേഖ ചമയ്ക്കാനും ചീഫ് മിനിസ്റ്റേഴ്‌സ് ഡിബേറ്റിനു കഴിഞ്ഞു എന്നത് ചെറിയകാര്യമല്ല. പത്രാധിപരുടെ ഓര്‍മ്മയ്ക്കു മുന്നില്‍ പുതിയ തലമുറയുടെ ദണ്ഡനമസ്കാരമായി ഞാന്‍ ഇതിനെ കാണു­ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക