Image

തോമായുടെ സുവിശേഷം (അപഗ്രഥനം-1)

ആന്‍ഡ്രൂസ് സി. Published on 31 January, 2012
തോമായുടെ സുവിശേഷം (അപഗ്രഥനം-1)
ആമുഖം

1945-ല്‍ ഈജിപ്റ്റിലെ നാഗ്ഹമാദി എന്ന നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മലഞ്ചെരിവിലെ ഗുഹകളില്‍നിന്ന് അനേകം മണ്‍ഭരണികള്‍ കണ്ടെടുക്കുകയുണ്ടായി. ഈ മണ്‍ഭരണികളില്‍ സൂക്ഷിച്ചു വെച്ചിരുന്ന അനേകം ചുരുളുകളില്‍ ഒന്നാണ് തോമായുടെ സുവിശേഷം. മഗ്ദലനമറിയത്തിന്റെ സുവിശേഷം ഇത്തരം ചുരുളുകളുടെ കൂട്ടത്തില്‍പെട്ടതാണ്.

യേശുപ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ തന്നെ തോമായുടെ സുവിശേഷം പൊതുവെ അറിയപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ പ്രതി ലഭ്യമല്ലാതിരുന്നതിനാല്‍ തോമായുടെ സുവിശേഷവും നഷ്ടപ്പെട്ട സുവിശേഷങ്ങളുടെ കൂട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. മേരി മഗ്ദലനയുടെ സുവിശേഷത്തിലും തോമായുടെ സുവിശേഷത്തിലും വളരെ വ്യത്യസ്ഥനായ യേശുവിനെയാണ് കാണുന്നത്. സ്ഥാപിത ക്രിസ്തുമതം കാനോനികം എന്ന പേരില്‍ സ്വീകരിച്ച മത്തായി, മാര്‍ക്കോസ്, ലൂക്കോസ്, യോഹന്നാന്‍ എന്നീ സുവിശേഷങ്ങളില്‍നിന്നും വളരെ വ്യത്യസ്തമായ രചനാരീതിയും തത്വചിന്തയും ഈ സുവിശേഷങ്ങള്‍ കാഴ്ചവയ്ക്കുന്നു.

മേരിയുടെയും തോമായുടെയും സുവിശേഷങ്ങളില്‍ അത്ഭുതജനനം, അതിശയപ്രവൃത്തികള്‍, പീഢ നിറഞ്ഞ മരണം, പുനരുദ്ധാനം എന്നിവ ഇല്ല. മെഡിറ്ററേനിയന്‍ പ്രദേശങ്ങളിലെ സഞ്ചാരഗുരുക്കന്മാരുടെ വചനങ്ങള്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ പ്രചരിപ്പിച്ച രീതിയില്‍ തോമായും മേരിയും യേശുവിന്റെ വചനങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

114 വചനങ്ങളില്‍ പലതും അതേ പടിയോ അല്പം വ്യത്യസസ്തമായോ കാനോനിക സുവിശേഷങ്ങളിലും കാണാം. മറ്റു വചനങ്ങള്‍ ആദിമ ക്രിസ്തീയ സാഹിത്യകൃതികളിലും കാണാം. തോമായുടെ മൂലകൃതി ഗ്രീക്ക് ഭാഷയില്‍ എഴുതിയതെന്നാണ് അനുമാനം. ഗ്രീക്കില്‍ എഴുതപ്പെട്ട മൂലകൃതി ഇന്നേവരെയും കണ്ടെത്തിയിട്ടില്ല. ഇന്ന് ലഭ്യമായ കോപ്പി, കോപ്റ്റിക് ഭാഷയില്‍ തര്‍ജ്ജമ ചെയ്യപ്പെട്ടതാണ്. അതിനാല്‍ കാനോനിക സുവിശേഷങ്ങള്‍ക്ക് സംഭവിച്ച ദുരന്തം തോമസിന്റെ സുവിശേഷത്തിനും ഉണ്ടായി. ഓരോ സുവിശേഷങ്ങളും പല പ്രദേശങ്ങളിലെ പ്രാദേശിക ചിന്താഗതികള്‍ അനുസരിച്ച് എഴുതിയവയാണ്. കാനോനിക സുവിശേഷങ്ങള്‍ തന്നെ പരസ്പര വ്യത്യസ്തതയും വിരുദ്ധതയും കാണിക്കുന്നതിന്റെ കാരണവും അതാണ്. പുതിയതായി വന്ന ചിന്താഗതികളെ അംഗീകരിക്കുവാനും ഉള്‍ക്കൊ ള്ളുവാനും എല്ലാ സുവിശേഷങ്ങളും പലതവണ മാറ്റി എഴുതുകയും വെട്ടിത്തിരുത്തുകയും കൂട്ടുകയും കുറയ്ക്കുകയും ചെയ്തു. മാത്രമല്ല മൂലകൃതികളുടെ പല പേജുകളും നഷ്ടപ്പെടുകയും ദ്രവിക്കുകയും ചെയ്തതിനാല്‍ വിവര്‍ത്തകര്‍ അവരുടെ ചിന്താഗതി അനുസരിച്ച് നഷ്ടപ്പെട്ട ഭാഗങ്ങള്‍ പൂരിപ്പിക്കുകയും ചെയ്തു. അതിനാല്‍ കാനോനിക സുവിശേഷങ്ങളില്‍ കടന്നുകൂടിയ തെറ്റുകളും തിരുത്തലുകളും ഊഹാപോഹങ്ങളും തോമായുടെ സുവിശേഷത്തിലും കടന്നുകൂടി എന്നനുമാനിക്കാം.
തോമായുടെ സുവിശേഷത്തിലെ 114 വചനങ്ങളുടെ സ്വതന്ത്രവിവര്‍ത്തനവും അവയുടെ വ്യാഖ്യാനവുമാണ് ഇതിലടങ്ങിയിരിക്കുന്നത്.
-----
വചനം 1 :- യേശു പറഞ്ഞു; ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാക്കുന്നവന്‍ മരണം രുചിക്കുകയില്ല. ജീവിക്കുന്ന യേശുവിന്റെ അജ്ഞാതമായ ഈ വാക്കുകള്‍ ദിദിമോസ് ജൂഡാസ് തോമസ് എഴുതി.
വചനം 2 :-യേശു പറഞ്ഞു; അന്വേഷിക്കുന്നത് കണ്ടെത്തുംവരെ അന്വേഷിക്കുന്നവന്‍ അന്വേഷണം തുടരണം. അവന്‍ കണ്ടെത്തുമ്പോള്‍ അതിശയപൂരിതനാകുന്നു. അതിശയം അവനെ അത്ഭുതപൂരിതനാക്കുന്നു. കണ്ടെത്തിയവയുടെ എല്ലാം രാജാവായി അവന്‍ മാറുന്നു.
വചനം 3 :- യേശു പറഞ്ഞു; നിങ്ങളെ നയിക്കുന്നവന്‍ നിങ്ങളോടു പറയുന്നു. ദൈവരാജ്യം മേലാകാശത്തില്‍ ആകുന്നു. എങ്കില്‍ ആകാശത്തിലെ പക്ഷികള്‍ നിങ്ങളെക്കാള്‍ ഉപരി ദൈവരാജ്യത്തോട് അടുത്തിരിക്കുന്നു. എന്നാല്‍ ദൈവരാജ്യം കടലില്‍ ആകുന്നു എന്നു പറഞ്ഞാല്‍ മത്സ്യങ്ങള്‍ നിങ്ങള്‍ക്ക് മുമ്പന്മാരാകുന്നു. എന്നാല്‍ സ്വര്‍ഗ്ഗരാജ്യം നിങ്ങള്‍ക്കുള്ളിലും നിങ്ങളുടെ ചുറ്റുപാടും ആകുന്നു. നിങ്ങള്‍ സ്വയം അറിയുമ്പോള്‍ നിങ്ങള്‍ അറിവുള്ളവരായി രൂപാന്തരം പ്രാപിക്കുന്നു. അപ്പോള്‍ നിങ്ങള്‍ നിത്യനായ പിതാവിന്റെ മക്കള്‍ എന്നറിയുന്നു. അപ്രകാരം അറിയപ്പെടുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ സ്വയം അറിയാതായാല്‍ നിങ്ങള്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നു. നിങ്ങള്‍ക്ക് ദാരിദ്ര്യം ആകുന്നു.
വചനം 4 :- യേശു പറഞ്ഞു; വൃദ്ധന്‍ വാര്‍ദ്ധക്യകാലത്ത് ഏഴുദിവസം മാത്രം പ്രായമുള്ള കുട്ടിയെപ്പോലെ ജീവന്റെ സ്ഥലം അന്വേഷിക്കുവാന്‍ വിമുഖത കാട്ടുന്നില്ല എങ്കില്‍ അവന്‍ ജീവിതം തുടരുന്നു. മുമ്പന്മാര്‍ പലരും പിമ്പന്മാരാകുന്നു. അവര്‍ ഇരുവരും ഒന്നായി മാറുന്നു.
വചനം 5 :- യേശു പറഞ്ഞു; നിന്റെ മുന്നിലെ വസ്തുത എന്താണെന്ന് മനസ്സിലാക്കിയാല്‍ അതിനപ്പുറം മറവായിരിക്കുന്നതിനെ മനസ്സിലാകും. എന്തെന്നാല്‍ വെളിവാകപ്പെടാത്ത രീതിയില്‍ ഒന്നും മറയ്ക്കപ്പെട്ടിട്ടില്ല.
വചനം 6 :- അവന്റെ ശിഷ്യന്മാര്‍ ചോദിച്ചു; ഞങ്ങള്‍ ഉപവസിക്കണമോ? ഞങ്ങള്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം? എങ്ങനെ ഭിക്ഷ കൊടുക്കണം? ഏതു രീതിയിലുള്ള ഭക്ഷണക്രമം പാലിക്കണം? യേശു പറഞ്ഞു; കള്ളം പറയരുത്. നിങ്ങള്‍ സ്വയം വെറുക്കുന്ന പ്രവൃത്തികള്‍ ചെയ്യരുത്. എന്തെന്നാല്‍ സത്യത്തിന്റെ മുമ്പില്‍ എല്ലാം വെളിവാകപ്പെടും. കാരണം വെളിവാകപ്പെടാത്ത രീതിയില്‍ ഒന്നും മറയ്ക്കപ്പെട്ടിട്ടില്ല.
വചനം 7 :- യേശു പറഞ്ഞു; മനുഷ്യന്‍ സിംഹത്തെ ഭക്ഷിച്ചാല്‍ സിംഹം മനുഷ്യന്റെ ഭാഗമായി മാറി അനുഗ്രഹിക്കപ്പെടുന്നു. എന്നാല്‍ സിംഹത്താല്‍ ഭക്ഷിക്കപ്പെടുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവനായി മാറുന്നു. (സിംഹം മനുഷ്യനായി മാറുന്നു)
വചനം 8 :- യേശു പറഞ്ഞു; മനുഷ്യന്‍ വിജ്ഞാനിയായ ഒരു മുക്കുവനു സദൃശം. അവന്‍ കടലിലേക്ക് വല എറിഞ്ഞു. വല വലിച്ചപ്പോള്‍ അനേകം ചെറുമത്സ്യങ്ങള്‍ വലയില്‍ നിറഞ്ഞിരിക്കുന്നതായി കണ്ടു. അവയ്ക്കിടയില്‍ ഒരു വലിയ മത്സ്യത്തെയും കണ്ടു. അവന്‍ ചെറിയ മത്സ്യങ്ങളെയെല്ലാം തിരികെ കടലിലെറിഞ്ഞിട്ട് വലിയ മത്സ്യത്തെ സ്വന്തമാക്കി.
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!
വചനം 9 :- യേശു പറഞ്ഞു; നോക്കൂ, വിതയ്ക്കുന്നവന്‍ കൈ നിറയെ ധാന്യം വാരി എറിയുന്നു. ചിലത് വഴിയില്‍ വീണു. അവ പക്ഷികള്‍ കൊത്തിപ്പെറുക്കി. ചിലത് പാറപ്പുറത്ത് വീണു. മുളയ്ക്കുവാന്‍ മണ്ണ് ഇല്ലാത്തതിനാല്‍ അവ മുളച്ചില്ല. ചിലത് മുള്ളുകള്‍ക്കിടയില്‍ വീണു. മുള്ളുകള്‍ അവയെ ഞെരുക്കി. അവയെ പുഴുക്കള്‍ തിന്നു. ചിലത് നല്ല നിലത്തു വീണു. നല്ല വിളവു നല്കി. അവ അറുപതും നൂറ്റിയിരുപതും മേനിയായി വിളഞ്ഞു.
വചനം 10 :- യേശു പറഞ്ഞു; ഞാന്‍ ഭൂമിയില്‍ അഗ്‌നി വിതച്ചിരിക്കുന്നു. അത് കത്തിയാളും വരെ ഞാന്‍ അതിനെ കാക്കും.
വചനം 11 :- യേശു പറഞ്ഞു; ഈ ആകാശവും അതിനു മുകളിലുള്ള ആകാശവും മാറിപ്പോകും. മരിച്ചവ ജീവനുള്ളവയല്ല. ജീവിക്കുന്നവര്‍ മരിക്കുകയില്ല. മരിച്ചവയെ നിങ്ങള്‍ ഭക്ഷിക്കുമ്പോള്‍ അവയെ ജീവനുള്ളവ ആക്കി മാറ്റുന്നു. നിങ്ങള്‍ പ്രകാശത്തില്‍ എന്തു ചെയ്യും? ഒന്നായിരുന്ന നിങ്ങള്‍ രണ്ടായി മാറും. നിങ്ങള്‍ രണ്ടാകുമ്പോള്‍ എന്തു ചെയ്യും?
വചനം 12 :- ശിഷ്യര്‍ യേശുവിനോട് പറഞ്ഞു; - നീ ഞങ്ങളെ വിട്ടുപോകും എന്ന് ഞങ്ങള്‍ക്ക് അറിയാം. അപ്പോള്‍ ഞങ്ങളെ ആരു നയിക്കും?
യേശു അവരോട് പറഞ്ഞു; നിങ്ങള്‍ എവിടെ നിന്നു വന്നവരെങ്കിലും നിങ്ങള്‍ നീതിമാനായ ജെയിംസിന്റെ പക്കല്‍ പോകണം. അവനാണ് ആകാശവും ഭൂമിയും ഉണ്ടായതിന്റെ കാരണം.
വചനം 13 :- യേശു ശിഷ്യരോട് പറഞ്ഞു; നിങ്ങള്‍ എന്നെ ആരോട് ഉപമിക്കുന്നു? ആരോട് താരതമ്യം ചെയ്യുന്നു?
ശീമോന്‍ പത്രോസ് പറഞ്ഞു, നീ ഒരു ഭൃത്യന്‍ ആകുന്നു. മത്തായി പറഞ്ഞു, നീ ജ്ഞാനിയായ തത്വചിന്തകന്‍. തോമസ് പറഞ്ഞു ഗുരോ! നീ ആരെപ്പോലെ എന്നു പറവാന്‍ എനിക്ക് വാക്കുകള്‍ ഇല്ല. യേശു പറഞ്ഞു; ഞാന്‍ നിങ്ങളുടെ ഗുരുവല്ല. ഞാന്‍ കോരിത്തന്ന ഉറവയിലെ ജലം കുടിച്ച് നിങ്ങള്‍ മത്തരായിരിക്കുന്നു.
അപ്പോള്‍ അവന്‍ തോമായെ കൂട്ടി ദൂരത്തു പോയി. അവനോട് മൂന്ന് വാക്കുകള്‍ പറഞ്ഞു. തോമ തിരികെ വന്നപ്പോള്‍ മറ്റു ശിഷ്യര്‍ ചോദിച്ചു. യേശു എന്താണ് നിന്നോട് പറഞ്ഞത്? തോമ അവരോട് പറഞ്ഞു. അവന്‍ പറഞ്ഞതില്‍ ഒരു വാക്കു നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ എന്നെ കല്ലെറിയും. അപ്പോള്‍ ആ കല്ലുകളില്‍ നിന്ന് അഗ്നി പ്രവഹിക്കും. അത് നിങ്ങളെ ദഹിപ്പിക്കും.
വചനം 14 :-യേശു അവരോട് പറഞ്ഞു; നിങ്ങള്‍ ഉപവസിച്ചാല്‍ നിങ്ങള്‍ സ്വയം പാപം നിങ്ങളിലേക്ക് കൊണ്ടു വരുന്നു. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വയം കുറ്റം സമ്മതിക്കുന്നു. ഭിക്ഷ കൊടുത്താല്‍ ആദാമിനെ നശിപ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഒരു ദേശത്തു നിന്നും മറ്റൊരു ദേശത്തേക്ക് അലയുമ്പോള്‍ അവര്‍ നിങ്ങളെ സ്വീകരിച്ചാല്‍ അവര്‍ തരുന്ന ആഹാരം ഭക്ഷിക്കുക, അവരുടെ രോഗികളെ സുഖപ്പെടുത്തുക.
കാരണം നിന്റെ വായിലേക്കു പോകുന്നതല്ല നിന്നെ ദുഷിപ്പിക്കുന്നത്. പിന്നെയോ നിന്റെ വായില്‍ നിന്നു വരുന്നവയാണ് നിന്നെ ദുഷിപ്പിക്കുന്നത്.
വചനം 15 :- യേശു പറഞ്ഞു; സ്ത്രീകളില്‍ നിന്ന് ജനിക്കാത്തവനെ നിങ്ങള്‍ കാണുമ്പോള്‍ അവന്റെ മുമ്പില്‍ സാഷ്ടാംഗം വീണ് അവനെ നമസ്ക്കരിക്കുക. കാരണം അവനാണ് നിങ്ങളുടെ പിതാവ്.
വചനം 16 :- യേശു പറഞ്ഞു; ഞാന്‍ ഭൂമിയില്‍ സമാധാനം വിതയ്ക്കുവാനാണ് വന്നതെന്ന് ഒരുപക്ഷെ മനുഷ്യര്‍ ചിന്തിക്കുന്നുണ്ടാവാം. എന്നാല്‍ അവര്‍ക്ക് അറിയില്ല ഞാന്‍ ഭൂമിയില്‍ വിരുദ്ധത ഉണ്ടാക്കുവാനാണ് വന്നതെന്ന്. ഭൂമിയില്‍ യുദ്ധവും വാളും തീയും വിതയ്ക്കുവാനാണ് ഞാന്‍ വന്നത്. ഒരു ഭവനത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരിക്കും. അവരില്‍ 3 പേര്‍ ഇരുവരോടും ഇരുവര്‍ മൂവരോടും പിതാവ് പുത്രനോടും പുത്രന്‍ പിതാവിനോടും ഇവര്‍ ഓരോരുവരും പരസ്പരവും വിരുദ്ധര്‍ ആകുന്നു.
വചനം 17 :- യേശു പറഞ്ഞു; ആരും ഒരിക്കലും കാണുകയോ കേള്‍ക്കുകയോ, തൊടുകയോ, മനസ്സില്‍ ചിന്തിക്കുകയോ, ഭാവിക്കുകയോ പോലും ചെയ്യാത്തവ ഞാന്‍ നിങ്ങള്‍ക്കു തരുന്നു.
വചനം 18 :- ശിഷ്യര്‍ യേശുവിനോട് ചോദിച്ചു; ഞങ്ങളുടെ അന്ത്യം എങ്ങനെ ആയിരിക്കും?
യേശു പറഞ്ഞു; നിങ്ങളുടെ ഉത്ഭവം എന്താണ് എന്നറിഞ്ഞുകൊണ്ടാണോ അന്ത്യം എങ്ങനെ എന്നു ചോദിക്കുന്നത്? കാരണം എവിടെയാണോ ഉത്ഭവവും അവിടെ അന്ത്യവും ആകുന്നു. ഉത്ഭവം അറിയുന്നവന്‍ അനുഗ്രഹീതന്‍. അവന്‍ മരണം രുചിക്കാതെ നിലനില്‍ക്കും.
വചനം 19 :- യേശു പറഞ്ഞു; ഉളവാകുന്നതിനു മുമ്പേ ഉളവായവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ ആകുന്നു. നിങ്ങള്‍ എന്റെ ശിഷ്യര്‍ ആകുകയും എന്റെ വാക്കുകളെ ഗ്രഹിക്കുകയും ചെയ്താല്‍ ആ കല്ലുകള്‍ നിങ്ങളെ സേവിക്കും.
പറുദീസയില്‍ 5 വൃക്ഷങ്ങള്‍ ഉണ്ട്. അവയ്ക്ക് ഉഷ്ണകാലത്തും ശീതകാലത്തും വ്യതിയാനം ഉണ്ടാകുന്നില്ല. അവ ഇല പൊഴിക്കുന്നില്ല. ഇവയെ അറിയുന്നവന്‍ മരണം അനുഭവിക്കുകയില്ല.

(തുടരും....)
Read article and comments at chintha-matham section
തോമയുടെയും മഗ്ദലന മറിയത്തിന്റെയും സുവിശേഷങ്ങള്‍ (പുസ്‌തക പരിചയം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക