Image

എന്റെ മാനിഫെസ്‌റ്റോ (ഡി. ബാബുപോള്‍)

Published on 03 May, 2016
എന്റെ മാനിഫെസ്‌റ്റോ (ഡി. ബാബുപോള്‍)
വിദ്യാഭ്യാസമേഖലയില്‍ ഏതു മുന്നണിവന്നാലും പ്രധാന കക്ഷി ആ വകുപ്പ് ഏറ്റെടുക്കണം. യുഡിഎഫ് വന്നാല്‍ കോണ്‍ഗ്രസ്, എല്‍ഡിഎഫ് വന്നാല്‍ സിപിഎം. വിദ്യാഭ്യാസവകുപ്പെന്നത് ഏതു പ്രഗത്ഭന്റേയും പ്രശസ്തിയുടെ ശവകുടീരമാകാവുന്ന സ്ഥലമാണ്. മൂന്നു കൊല്ലം കഴിഞ്ഞാല്‍ സാധാരണ ഒരുദ്യോഗസ്ഥനെ സ്ഥലം മാറ്റും. വകുപ്പുവിഭജനങ്ങളുടെ കാര്യത്തില്‍ ഈ മാനദണ്ഡമൊന്നുമുണ്ടാകാറില്ല. ഉദ്യോഗസ്ഥരെ മാറ്റുന്ന അതേ തത്ത്വം വകുപ്പുകളുടെ തെരഞ്ഞെടുപ്പിലുമുണ്ടാകണം. "91ല്‍ വ്യവസായവകുപ്പു ചെയ്തിരുന്ന കക്ഷിതന്നെ 2011ല്‍ വ്യവസായം കൈകാര്യം ചെയ്യുന്ന രീതി മാറണം.

യുവതലമുറയെ കൂടുതല്‍ എം­പ്ലോയബ്­ള്‍ ആക്കണം

നമ്മുടെ യുവതലമുറയെ കൂടുതല്‍ എം­പ്ലോയബ്­ള്‍ ആക്കുകയാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം. വികസനത്തിന് അനുകൂലമായ കാലാവസ്ഥയാണു കേരളത്തിലുള്ളത്. നമുക്കു വികസനം വരാതിരുന്നതിനുള്ള പ്രധാന കാരണം അസംസ്കൃതവസ്തുക്കളുടെ ലഭ്യതയില്‍ നിന്നും വിപണിയില്‍ നിന്നും ഒരു പോലെ അകന്നതായിരുന്നു.

എവിടെയോ കിടക്കുന്ന അസംസ്കൃതവസ്തുക്കള്‍ ഇങ്ങോട്ടു കൊണ്ടുവന്ന് ഉല്പാദനം നടത്തി എവിടെയോ ഉള്ള വിപണിയില്‍ കൊണ്ടുപോയി വില്‍ക്കേണ്ട സ്ഥിതിയായിരുന്നു മുമ്പ്. എന്നാല്‍, ഐടി, ഓണ്‍ലൈന്‍ മേഖലകളില്‍ പുരോഗതി കൈവന്നതോടെ നമ്മുടെ സാധ്യതകള്‍ കൂടി. അതിനൊപ്പമുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും പ്രയോജനപ്പെടുത്താനും കഴിയണം. മാനുഷികവിഭവങ്ങള്‍ നമുക്കു ധാരാളമുണ്ട്. അതിന്റെ പ്രയോഗക്ഷമത വര്‍ധിപ്പിക്കണം. അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിക്കണം.

മദ്യനിരോധവും രാഷ്ട്രീയമാണ്

ബാറുകള്‍ പൂട്ടുന്നതുകൊണ്ടു ഗുണവും ദോഷവുമുണ്ട്. മദ്യനിരോധം ദോഷമല്ല. ആശയമെന്ന നിലയില്‍ നല്ലതുതന്നെ. അതിനു ചില പരിമിതികളുണ്ട്. മദ്യനിരോധത്തിലൂടെയുണ്ടാകുന്ന ലഭ്യതക്കുറവ് ഉപഭോഗം കുറയ്ക്കും. സമൂഹത്തില്‍ നന്മയുണ്ടാക്കും.

മദ്യം മിതമായ തോതില്‍ കുഴപ്പമില്ലാ എന്നു പറഞ്ഞാലും മിതമായ തോതില്‍ നിര്‍ത്താന്‍ കഴിയാത്തവരുണ്ടെന്നതു കണക്കുകൊണ്ടു വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അതുകൊണ്ട്, ലഭ്യത കുറയ്ക്കുന്നതു നല്ലതു തന്നെ. പക്ഷേ, ഇവിടെ നടന്നത് അങ്ങനെ താത്ത്വികമായ നടപടികളൊന്നുമല്ലല്ലോ. സുധീരന്‍ ഒരു രാഷ്ട്രീയം കളിച്ചു. ഉമ്മന്‍ ചാണ്ടി സുധീരനേക്കാള്‍ ബുദ്ധിമാനായതുകൊണ്ട് അതിനേക്കാള്‍ മികച്ച രാഷ്ട്രീയം കളിച്ചു. മദ്യനിരോധത്തിന്റെ ഗുണദോഷങ്ങള്‍ ധാര്‍മികതയുടെ നിലപാടുതറയില്‍ നിന്നു ചര്‍ച്ച ചെയ്യുന്നതു സമയം കളയലാണ്.

മദ്യത്തേക്കാള്‍ മാരകമാണു മയക്കുമരുന്ന്. സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല. അതുപോലെ, ലോട്ടറിയും. നഷ്ടം സഹിച്ചു സര്‍ക്കാരിനു ബാര്‍ നിര്‍ത്താമെങ്കില്‍ അതുപോലെ ലോട്ടറിയും അവസാനിപ്പിക്കേണ്ടതാണ്. അനേകം പാവപ്പെട്ടവരുടെ കണ്ണീരാണു ലോട്ടറിയടിച്ചുള്ള സമ്മാനത്തിലുള്ളത്.

അഴിമതിക്കു പരിഹാരം ജാഗ്രത

ജനായത്ത സമ്പ്രദായത്തില്‍ പോരായ്മയായി പറയാവുന്നതാണ് അഴിമതി. ലോകത്തെ എല്ലാ ജനാധിപത്യരാഷ്ട്രങ്ങളിലും അഴിമതിയുണ്ട്. ഏകാധിപത്യത്തിലും പട്ടാളഭരണത്തിലുമുള്ളതുപോലുള്ള അഴിമതി ജനാധിപത്യത്തിലില്ല. ജനാധിപത്യത്തില്‍ അഴിമതി പ്രശ്‌നം തന്നെയാണ്. അതിനു വലിയൊരളവോളം പരിഹാരമാണു മാധ്യമങ്ങള്‍, വിവരാവകാശനിയമം, ജനങ്ങളുടെ ജാഗ്രത എന്നിവ. അഴിമതിയെ നിതാന്തമായ ജാഗ്രതകൊണ്ടു മറികടക്കണം.

ജനാധിപത്യത്തില്‍ പറയാന്‍ കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലീംകള്‍ക്കും ഭീഷണിയുണ്ട് എന്നു പറയാനാവുന്നത് അങ്ങനെയുള്ള അഭിപ്രായപ്രകടനത്തിനു സ്വാതന്ത്ര്യമുള്ളതുകൊണ്ടാണ്. ഭീഷണിയുള്ള പലയിടങ്ങളിലും അതു പറയാനാകില്ല. ജനാധിപത്യം തൃപ്തികരമാണ്. അതേസമയം, അതു വേണ്ടത്ര തൃപ്തി നല്‍കുന്നില്ല എന്ന ചിന്തയും നല്ലതാണ്.

ന്യൂജനെക്കുറിച്ച് അനാവശ്യവേവലാതി വേണ്ട

പുതിയ തലമുറ അരാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നു പറയുന്നത് അര്‍ധസത്യമാണ്. കെജ്‌­രിവാളിന്റെ പ്രസ്ഥാനം തുടക്കത്തില്‍ അരാഷ്ട്രീയമാണ് എന്നു തോന്നിയിരുന്നു. എന്നാല്‍, ജനാധിപത്യത്തില്‍ ചലനം സൃഷ്ടിക്കണമെങ്കില്‍ നിലവിലെ രാഷ്ട്രീയവ്യവസ്ഥിതിയുടെ ഭാഗമായി മാത്രമേ കഴിയൂ എന്നു തിരിച്ചറിഞ്ഞ് കെജ്‌­രിവാള്‍ വഴിപിരിഞ്ഞു രാഷ്ട്രീയകക്ഷി രൂപവത്കരിക്കുകയായിരുന്നു.

അരാഷ്ട്രീയമായി തുടങ്ങുന്ന എന്തും ഇന്നത്തെ വ്യവസ്ഥിതിക്കകത്തു പ്രവര്‍ത്തനക്ഷമമാകണമെങ്കില്‍ അതിന് ഏതെങ്കിലും തരത്തിലെ രാഷ്ട്രീയഭാവം കൈവരണം. എന്നാല്‍, അരാഷ്ട്രീയവത്കരണത്തിന്റെ തുടര്‍ച്ചയായി വരാവുന്ന ഒരു പ്രധാന അപകടം അത് അരാജകത്വത്തിലേക്കു പോകും എന്നതാണ്. അതു രണ്ടു തരത്തിലാണ്. മാവോയിസം, നക്‌സലിസം. ആയുധം വെച്ചുള്ള ഇടപാടുകളാണ് ഒന്ന്. മതപരമായ കാരണങ്ങള്‍ കൊണ്ടു ചെയ്യുന്ന ചെറു ഗ്രൂപ്പുകളുമുണ്ട്. അവരാണു നിയമം കൈയിലെടുത്ത് സ്വന്തം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിന്റെ കുറച്ചുകൂടി ആധുനികവും അക്രമരഹിതവുമായ ഭാവമാണു സോഷ്യല്‍മീഡിയ. പത്രത്തില്‍ എന്തെഴുതിയാലും പത്രാധിപസമിതി അതു പരിശോധിച്ചിട്ടേ പ്രസിദ്ധീകരിക്കൂ. സോഷ്യല്‍മീഡിയയില്‍ അങ്ങനെയൊരു എഡിറ്റിങ് ഇല്ല. വാളെടുത്തവരൊക്കെ വെളിച്ചപ്പാടാണതില്‍. തട്ടുകടയില്‍ ഇരുന്നു വര്‍ത്തമാനം പറയും പോലെയാണു ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുന്നത്. ഇതൊക്കെ ചലനങ്ങള്‍ സൃഷ്ടിക്കുമെങ്കിലും രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പ്രസക്തിയുണ്ടാകണമെങ്കില്‍ ആ വ്യവസ്ഥിതിയുടെ ഭാഗമാകണം. അതുകൊണ്ടുതന്നെ, അരാഷ്ട്രീയവാദത്തെക്കുറിച്ച് അനാവശ്യമായ വേവലാതിയുടെ ആവശ്യമില്ല.

സ്ത്രീശാക്തീകരണം

"സ്ത്രീശാക്തീകരണം' അല്ല സ്ത്രീശക്തീകരണം എന്നതാണു ശരിയായ പ്രയോഗം. സ്ത്രീയ്ക്ക് ശക്തി കൊടുക്കുന്നതാണു ശക്തീകരണം. സ്ത്രീശക്തീകരണവും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും കൂട്ടിക്കുഴയ്ക്കാവുന്ന വിഷയങ്ങളല്ല. കുടുംബത്തില്‍ സ്ത്രീക്ക് ഭര്‍ത്താവിനൊപ്പം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവസരവുമാണു ശക്തീകരണം. സ്ത്രീകള്‍ അധികാരസ്ഥാനങ്ങളില്‍ വരുകയും രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്കു പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുകയെന്നതാണു പൊതുജീവിതത്തിലെ സ്ത്രീശക്തീകരണം. തദ്ദേശസ്ഥാപനങ്ങളില്‍ ആദ്യം ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. പക്ഷേ, ഇപ്പോള്‍ ഒരു കുഴപ്പവുമില്ലല്ലോ. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അധ്യാപകയൂനിയന്‍ തെരഞ്ഞെടുപ്പാണെന്നേ തോന്നുമായിരുന്നുള്ളൂ. എല്ലാ സ്ഥാനാര്‍ത്ഥികളുടേയും പേരിനൊപ്പം "ടീച്ചര്‍മാര്‍'. ഇപ്പോഴതു മാറിക്കിട്ടിയില്ലേ. പീഡനങ്ങള്‍ തടയുന്നതിനു സ്ത്രീയെ വ്യക്തിയായി കാണാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. 99 ശതമാനത്തിനും ഇപ്പോള്‍ത്തന്നെ ആ ബോധ്യമുണ്ട്. അതിസൂക്ഷ്മ ന്യൂനപക്ഷമാണു വികലമായ മനസ്സുമായി നടന്ന് ഇത്തരം കൃത്യങ്ങള്‍ക്കു മുതിരുന്നത്. ഇവരെ മാനസികമായി നന്നാക്കുകയോ മാതൃകാപരമായി ശിക്ഷിക്കുകയോ വേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക