Image

പാസ്‌പോര്‍ട്ട് സെല്ല് നിര്‍ത്തലാക്കുന്നതില്‍ പ്രവാസികളുടെ പ്രതിഷേധം

മനു നായര്‍ Published on 31 January, 2012
 പാസ്‌പോര്‍ട്ട് സെല്ല് നിര്‍ത്തലാക്കുന്നതില്‍ പ്രവാസികളുടെ പ്രതിഷേധം
അരിസോണ: പത്തനംതിട്ട ജില്ലയില്‍ 2003 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പാസ്‌പോര്‍ട്ട് സെല്ലിന്റെ പ്രവര്‍ത്തനം 31 മുതല്‍ അവസാനിപ്പിക്കാന്‍ നല്‍കിയ നിര്‍ദ്ദേശം എത്രയും വേഗം പിന്‍വലിക്കണമെന്ന് അരിസോണ കേരള സമാജ് പത്തനംതിട്ട റീജിയന്‍ പ്രസിഡന്റ് ബാബു തിരുവല്ല ആവശ്യപ്പെട്ടു.

പ്രവാസികള്‍ ഏറെയുള്ള ജില്ലയെന്ന നിലയില്‍ ഈ തീരുമാനം ജില്ലയിലെ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങള്‍ക്ക് ഇടനല്‍കും. പാസ്‌പോര്‍ട്ട് സെല്ല് നിര്‍ത്തലാക്കാനുള്ള തീരുമാനം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. പത്തനംതിട്ടയിലെ ജനങ്ങള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ ദീര്‍ഘദൂരം സഞ്ചരിച്ച് കൊല്ലത്തുള്ള സ്വകാര്യ സേവാ കേന്ദ്രത്തില്‍ പോകേണ്ട ഗതികേടാണുണ്ടായിട്ടുള്ളത്. തൊട്ടടുത്ത ജില്ലകളായ ആലപ്പുഴയിലും കോട്ടയത്തും പാസ്‌പോര്‍ട്ട് സെല്ല് തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സം ഉണ്ടായിട്ടില്ല. ആ നിലയ്ക്ക് ധൃതിപിടിച്ച് പത്തനംതിട്ട ജില്ലയെ, കൊല്ലത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രയുടെ കീഴില്‍ ഉള്‍പ്പെടുത്തിയത് ജില്ലയിലെ ജനങ്ങളോട് ചെയ്ത കടുത്ത ദ്രോഹമാണ്.

പത്തനംതിട്ടയിലെ പാസ്‌പോര്‍ട്ട് സെല്ല് നിര്‍ത്തലാക്കാനുള്ള തീരുമാനം പിന്‍വലിച്ച് സെല്ലിന്റെ പ്രവര്‍ത്തനം തുടരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ അമാന്തിക്കരുതെന്ന് അരിസോണയിലെ പ്രമുഖ പ്രവാസി പൊതുപ്രവര്‍ത്തകന്‍ കൂടിയായ ബാബു തിരുവല്ല ഒരു പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
 പാസ്‌പോര്‍ട്ട് സെല്ല് നിര്‍ത്തലാക്കുന്നതില്‍ പ്രവാസികളുടെ പ്രതിഷേധം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക