Image

ബിഷപ്പ് സാം മാത്യു അനുസ്മരണ പ്രാര്‍ത്ഥന മെയ് 14-ന് ചിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 03 May, 2016
ബിഷപ്പ് സാം മാത്യു അനുസ്മരണ പ്രാര്‍ത്ഥന മെയ് 14-ന് ചിക്കാഗോയില്‍
ഷിക്കാഗോ: കഴിഞ്ഞ മാസം കാലംചെയ്ത സി.എസ്.ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ്പ് വലിയതോട്ടത്തില്‍ സാം മാത്യു തിരുമേനി അനുസ്മരണ പ്രാര്‍ത്ഥയും, സുഹൃദ്‌സംഗമവും മെയ് മാസം 14-ന് ശനിയാഴ്ച നടത്തപ്പെടുന്നതാണ്.

ചിക്കാഗോ സി.എസ്.ഐ ചര്‍ച്ചില്‍ (585 West Gidding Street) വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷയ്ക്ക് ചിക്കാഗോയിലെ വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള വൈദീക പ്രതിനിധികള്‍ നേതൃത്വം നല്‍കും. ചിക്കാഗോ എക്യൂമെനിക്കല്‍ സഭകളില്‍ നിന്നു തിരുമേനിയുടെ ഒട്ടനവധി സുഹൃത്തുക്കളും, ദക്ഷിണേന്ത്യാ സഭാംഗങ്ങളും യോഗത്തില്‍ സംബന്ധിക്കും.

കേരളത്തിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന്റെ വക്താവായിരുന്ന തിരുമേനി ഏറെക്കാലം നോര്‍ത്ത് അമേരിക്ക സി.എസ്.ഐ സഭയുടെ ചുതലയും വഹിച്ചിരുന്നു. കേരളത്തിലെ മദ്യവര്‍ജ്ജന പ്രസ്ഥാനത്തിന്റേയും, പരിസ്ഥിതി സംരക്ഷണത്തിന്റേയും ഒരു ശക്തമായ ശബ്ദമായിരുന്നു ബിഷപ്പ് സാം മാത്യു.

കോടുകുളഞ്ഞി വലിയതോട്ടത്തില്‍ വി.എം. മത്തായിയുടെ മകനായി 1936-ലാണ് ബിഷപ്പിന്റെ ജനനം. അദ്ധ്യാപകനും സഭാ പ്രവര്‍ത്തകനുമായിരുന്ന പിതാവിന്റെ വഴികള്‍ പിന്തുടര്‍ന്നാണ് വൈദീകവൃത്തി തെരഞ്ഞെടുത്തത്.

പന്തളം എന്‍.എസ്.എസ് കോളജില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ ബിരുദവും, കല്‍ക്കട്ടാ സറാമ്പൂര്‍ കോളജില്‍ നിന്നു വൈദീക ബിരുദവും നേടി കീഴ്‌വായ്പൂര്‍, പുതുവയല്‍, മദ്രാസ്, കഞ്ഞിക്കുഴി, മല്ലപ്പള്ളി, മൂലേടം എന്നീ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചു. സഭാ ജനങ്ങള്‍ക്ക് ഒന്നടങ്കം സമ്മതനായിരുന്നു ബിഷപ്പ് സാം മാത്യു. അതിനുള്ള അംഗീകാരമായിരുന്നു തുടര്‍ന്ന് മദ്ധ്യകേരള മാഹായിടവക ട്രഷറര്‍, കൗണ്‍സില്‍ സെക്രട്ടറി എന്നീ നിലകളില്‍ ലഭ്യമായ സ്ഥാനങ്ങള്‍.

1993-ല്‍ മധ്യകേരള മഹായിടവകയുടെ പത്താമത്തെ ബിഷപ്പായി അദ്ദേഹം അഭിഷിക്തനായി. വലിപ്പ ചെറുപ്പ വ്യത്യാസമില്ലാതെ എല്ലാവരോടും സ്‌നഹവും സൗഹാര്‍ദ്ദവും പുലര്‍ത്തിയ ബിഷപ്പ് സാം മാത്യുവിന്റെ സേവനകാലം മഹായിടവകയുടെ നല്ല കാലഘട്ടങ്ങളിലൊന്നാണ്. ഇടഞ്ഞുനിന്നിരുന്ന മഹായിടവകയിലെ ദളിത് വിഭാഗവുമായി നല്ല ബന്ധം പുലര്‍ത്താനും അവരെ വിശ്വാസത്തില്‍ കൊണ്ടുവരുവാനും സാധിച്ചത് ബിഷപ്പ് സാം മാത്യുവിന്റെ കാലത്താണ്.

തന്റെ പ്രവര്‍ത്തനമണ്ഡലം മദ്ധ്യകേരളയും അവിടുത്തെ ജനങ്ങളുമാണെന്ന് എക്കാലവും തിരിച്ചറിഞ്ഞ് അവരോടൊപ്പം അവസാന നാളുകള്‍ വരെ പ്രവര്‍ത്തിക്കുവാന്‍ തിരുമേനിക്ക് കഴിഞ്ഞു. ബിഷപ്പ് സാം മാത്യുവിന്റെ നല്ല ഓര്‍മ്മകള്‍ നമുക്ക് പ്രചോദനം നല്‍കും എന്നതില്‍ സംശയമില്ല.

ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ കുഞ്ഞൂഞ്ഞമ്മ അലക്‌സ്, ജോണ്‍ മാത്യു എന്നിവര്‍ തിരുമേനിയുടെ സഹോദരങ്ങളാണ്.

മെയ് 14-ന് വൈകിട്ട് 5 മണിക്ക് തുടങ്ങുന്ന പ്രാര്‍ത്ഥനാ യോഗത്തിനുശേഷം ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

പ്രാര്‍ത്ഥനാ യോഗത്തെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: റവ.ഡോ. ബിനോയി പി. ജേക്കബ് (773 886 0479), റവ.ഡോ. ഷൈന്‍ മാത്യു (847 212 5787).
ബിഷപ്പ് സാം മാത്യു അനുസ്മരണ പ്രാര്‍ത്ഥന മെയ് 14-ന് ചിക്കാഗോയില്‍ബിഷപ്പ് സാം മാത്യു അനുസ്മരണ പ്രാര്‍ത്ഥന മെയ് 14-ന് ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക