Image

കുഞ്ചെറിയയുടെ ഭാര്യ (നര്‍മം: സാം നിലമ്പള്ളില്‍)

Published on 04 May, 2016
കുഞ്ചെറിയയുടെ ഭാര്യ (നര്‍മം: സാം നിലമ്പള്ളില്‍)
കുഞ്ചെറിയയുടെ ഭാര്യയുടെ പുതിയഫോട്ടോ ഫെയ്‌സ്ബുക്കില്‍ ഇട്ടിട്ടുണ്ടെന്ന് ഈമെയില്‍ കിട്ടയതുകൊണ്ടാണ് ഒന്നുനോക്കിക്കളയാമെന്ന് വിചാരിച്ചത്. വല്ലവന്റേം ഭാര്യേടെ പടംകാണുന്നതിലുള്ള സുഖം ഒന്നു വേറെ തന്നെയല്ലേ? അതും അവള്‍ കണാന്‍ കൊള്ളാവുന്നവളും അല്‍പം സെക്‌സിയും ആണെങ്കില്‍ പ്രത്യേകിച്ചും. കുഞ്ചെറിയ ആരാണെന്നോ അയാളുടെ ഭാര്യയുടെ പടം എന്തിനാണ് നാട്ടുകാരെ കാണിച്ചതെന്നോ അറിയാന്‍ വയ്യെങ്കിലും ഫെയ്‌സ്ബുക്ക് തുറക്കാമെന്നുകരുതി ഞാന്‍ പാസ്സ്‌വേര്‍ഡ് അടിച്ചു, വയ്യാവേലി  vayyaveli23. ആവശ്യമുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എന്റെ പേജ് തുറക്കാം.

അവരവരുടെ പടം നാട്ടുകാരെ കാണിക്കാന്‍ വേണ്ടിയല്ല മാര്‍ക്ക് സക്കര്‍ബെര്‍ഗ് എന്ന അമേരിക്കന്‍ ചെക്കന്‍ ഈ ബുക്ക് കണ്ടുപിടിച്ചത്. ചെക്കന്റെ നല്ലകാലത്തിന് ബുക്കുവിറ്റ് അവന്‍ നാലുകാശുണ്ടാക്കി; അവനും അവന്റെ പത്ത് തലമുറക്കും സസുഖം വാണരുളാനുള്ള പണം. വല്ലവനും വേണ്ടി ജോലിചെയ്ത് നക്കാപ്പിച്ച കാശുണ്ടാക്കി രണ്ടറ്റവും ഒരുവിധത്തില്‍ കൂട്ടിമുട്ടിച്ച് ജീവിതം പഴാക്കികളഞ്ഞവരല്ലേ നമ്മളൊക്കെ. സോറി. നമ്മളൊക്കെ എന്ന ബഹുവചനം ഉപയോഗിച്ചത് ഞാന്‍ ഒറ്റപ്പെടാതിരിക്കാന്‍ വേണ്ടിയാണ്. എന്നെപ്പോലെ ജീവിതം കോഞ്ഞാട്ടയാക്കിയ പലരും കാണുമെന്നുള്ള വിശ്വാസം വീണ്ടും ആത്മധൈര്യം തരുന്നു.

മാര്‍ക്ക് ചെക്കന്‍ ചെയ്തതുപോലെ വല്ല ഈബുക്കോ ഹാന്‍ഡ്ബുക്കോ കണ്ടുപിടിച്ചിരുന്നെങ്കില്‍ എന്നെപ്പോലുള്ള കോഞ്ഞാട്ടകള്‍ക്ക് രാജാക്കന്മാരെപ്പോലെ ജീവിക്കരുതായിരുന്നോ? അതിനുതക്ക ബുദ്ധിപോയില്ലെന്ന് പറഞ്ഞാല്‍മതി. വല്ലതും കണ്ടുപിടിക്കുന്നതിനുപകരം കുഞ്ചെറിയായുടെ ഭാര്യയുടെ പടം കണ്ടു രസിക്കാനും അങ്ങേവീട്ടിലെ ദേവയാനി തെങ്ങിന്‍ചോട്ടിലിരുന്ന് മീന്‍വെട്ടുന്നത് ഒളിഞ്ഞു നോക്കാനുമല്ലേ നമ്മള്‍ സമയം ചിലവഴിച്ചത്. സോറി, പിന്നെയും 'നമ്മള്‍' എന്ന ബഹുവചനം. ഞാനും എന്നെപ്പോലുള്ള കോഞ്ഞാട്ടകളും എന്ന് തിരുത്തട്ടെ.

നീയെന്തിനാടാ എന്നെ കോഞ്ഞാട്ടേന്ന് വിളിച്ചതെന്നും പറഞ്ഞ് അന്തപ്പന്‍ എന്നെതല്ലാന്‍ വന്നേക്കല്ലേ. അമേരിക്കയിലായതുകൊണ്ടും, മിക്കപ്പോഴും കാറിലായിരിക്കും സഞ്ചാരം എന്നതുകൊണ്ടുമാണ് ധൈര്യപൂര്‍വ്വം ഇതൊക്കെ എഴുതുന്നത്. കേരളത്തിലായിരുന്നെങ്കില്‍ അടി പാര്‍സലായി വന്നേനെ. കൈവെട്ടാനും ഇത്രയൊക്കെ എഴുതിയാല്‍മതി. ഇന്‍ഡ്യയില്‍ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നു പറഞ്ഞിട്ട് എന്തുകാര്യം? റോഡില്‍ മാലിന്യവും പ്‌ളാസ്റ്റിക്കും വലിച്ചെറിയരുതെന്ന് നിങ്ങള്‍ക്ക് ആരോടെങ്കിലും പറയാന്‍ സാധിക്കുമോ? വാഗ്വാദം കത്തിക്കുത്തില്‍ അവസാനിച്ചില്ലെങ്കില്‍ ഭാഗ്യം. നിന്റെ ---ന്റെ വകയാണോടാ റോഡ് എന്നുകേട്ടാല്‍ തിരിച്ചൊന്നും പറയാതെ നേരെനോക്കി നടക്കുകയാണ് മര്യാദക്കാാര്‍ക്ക് നല്ലത്.

മിസ്സസ്സ് കുഞ്ചെറിയായുടെ ഫോട്ടോ അത്ര ഇംപ്രസ്സീവായി തോന്നാഞ്ഞതിനാല്‍ വേറെ കാണാന്‍ കൊള്ളാവുന്ന തരുണീമണികള്‍ വല്ലവരും ഉണ്ടോയെന്ന് പരതി. അങ്ങനെ നോക്കിവന്നപ്പോള്‍ പരിചിതമായ ഒരുമുഖം. പ്രൊഫൈലു നോക്കിയപ്പോള്‍ പേര് ശാന്തമ്മ. ഇതെന്റെ ഭാര്യയല്ലേ? ഞാനറിയാതെ ഇവളെപ്പോഴാ ഫെയ്‌സ്ബുക്കില്‍ കയറിയത്? ഒരുസമാധാനമുള്ളത് ആരും എന്റെ ഭാര്യയുടെ പടം കണ്ട് ആസ്വദിക്കത്തില്ല എന്നുള്ളതാണ്. സൗന്ദര്യമില്ലാത്തതുകൊണ്ടല്ല, വയസ് അറുപത്തഞ്ചായില്ലേ, അതുകൊണ്ടാ.

ഭാര്യയുടെ വയസുപറഞ്ഞ സ്ഥിതിക്ക് എന്റേയും എത്രയാണെന്ന് നിങ്ങള്‍ ചോദിക്കുമെന്ന് അറിയാം. എഴുപത്തൊന്നായെങ്കിലും എഴുപതെന്നേ പറയാറുള്ളു. ഈ എഴുപത്തൊന്നുകാരന്‍ കിഴവനാണോ പെണ്‍പിള്ളാരുടെ പടം കണ്ടു രസിക്കുന്നത് എന്നും നിങ്ങള്‍ ചോദിച്ചേക്കാം. ഇപ്പോഴത്തെ കാലത്ത് വയസൊന്നും ഒരു പ്രശ്‌നമല്ല, മോനെ. വയാഗ്രയും, മുസ്ലിപവ്വര്‍ എക്‌സ്ട്രായും മറ്റും പണ്ടുകാലത്ത് ഇല്ലാതിരുന്നതുകൊണ്ടല്ലേ അന്‍പതു വയസുകഴിഞ്ഞാല്‍ മനുഷ്യന്മാര് കിഴവന്മാരും കിഴവികളും അയിത്തീര്‍ന്നത്. ഇന്നിപ്പോള്‍ നരച്ചമുടി ഡൈചെയത്, പാന്‍സും, മുറിക്കയ്യന്‍ ഷര്‍ട്ടുമിട്ട് ഒരു സണ്‍ഗ്‌ളാസും ഫിറ്റുചെയ്ത് നടന്നാല്‍ മധുരപ്പതിനേഴില്‍കൂടി കടന്നുപോകുന്ന പെണ്‍പിള്ളാര്‍വരെ ഒളികണ്ണിട്ട് ഒന്ന് നോക്കിപ്പോകും.

“അതങ്ങ് മനസിലിരിക്കത്തേയുള്ളു, വല്ല്യപ്പച്ചാ. വെറുതെ വെള്ളം വിഴുങ്ങാതെ ഒരുവടിയുംകുത്തിപ്പിടിച്ചുകൊണ്ട് നടക്കാന്‍നോക്ക്, മറിഞ്ഞുവീണ് കയ്യോകാലോ ഒടിക്കാതെ.” എനിക്കുകേള്‍ക്കാം നിങ്ങള്‍ പറയുന്നത്. വടിയും കുത്തിപ്പിടിച്ച് നടക്കുന്നത് ഒരുസ്റ്റൈലാണ് പാശ്ചാത്യരാജ്യങ്ങളില്‍, അതിന് വാക്കിങ്ങ് സ്റ്റിക്കെന്നാണ് അവര്‍ പറയുന്നത്. പത്ത് ഡോളര്‍ മുതല്‍ ആയിരത്തി അഞ്ഞൂറു വരെ വിലയുള്ള വാക്കിങ്ങ് സ്റ്റിക്കുകളുണ്ട് മാര്‍ക്കറ്റില്‍, സ്വര്‍ണംകൊണ്ട് അലുക്കിട്ടതു വരെ. എന്റെ വല്ല്യമ്മച്ചി കപ്പത്തണ്ടും കുത്തിപ്പിടിച്ചുകൊണ്ട് നടന്നിരുന്നത് നല്ലഓര്‍മയുണ്ട്്. ഒരുദിവസം കപ്പത്തണ്ട് ഒടിഞ്ഞ് വല്ല്യമ്മച്ചി വീണതും കയ്യോകാലോ മുറിഞ്ഞതും. തൊണ്ണൂറാം വയസില്‍ വീണിട്ടും വല്ല്യമ്മച്ചിയുടെ എല്ലുകളൊന്നും ഒടിഞ്ഞില്ല. അതാണ് പണ്ടത്തെ ആളുകളുടെ ആരോഗ്യം.

അമേരിക്കയിലെ ചില മലയാളിപയ്യന്മാര്‍ക്ക് വയസന്മാരെ പുശ്ചമാണ്. നാളെ നീയും ഞങ്ങളുടെ അവസ്ഥയിലെത്തും എന്ന് ഇടക്കെങ്കിലും ഓര്‍ക്കുന്നത് നന്ന്. നിനക്ക് ജന്മംതന്ന അഛനേയും അമ്മേയേയും വയസു ചെന്നതിന്റെ പേരില്‍ പുശ്ചിക്കുമോ? വാര്‍ദ്ധക്യം എന്നത് രണ്ടുവിധത്തിലാണ് മനുഷ്യനെ ബാധിക്കുന്നത്. എഴുപത് വയസുള്ള ചെറുപ്പക്കാരനേയും ഇരുപത്തഞ്ച് വയസുള്ള വൃദ്ധനേയും നിങ്ങള്‍ കണ്ടിരിക്കും. മനസിന് വാര്‍ദ്ധക്യം തട്ടാതെ സൂക്ഷിക്കുകയാണ് എന്നും യുവാവായിട്ട് ഇരിക്കാനുള്ള സൂത്രം. അല്‍പം പ്രേമവും കാമവും നഷ്ടപ്പെട്ടുപോകാതെ എന്നുമെന്നും മനസിന്റെ നിലവറയില്‍ സൂക്ഷിച്ചാല്‍ നിന്റെ മുടിനരച്ചാലും തൊലിചുരുങ്ങിയാലും യുവത്വം നിലനിറുത്താന്‍ സാധിക്കും.

ഇപ്പോള്‍ ചിലയാളുകള്‍ക്ക് ഈട്ടിത്തടികൊണ്ട് ശവപ്പെട്ടിയുണ്ടാക്കി കല്ലറയും പണികഴിപ്പിച്ച് മരണം കാത്തിരിക്കുന്നത് ഒരു സ്റ്റൈലാണ്. അതൊരു ഭംഗിയില്ലാത്ത ഏര്‍പ്പാടാണെന്നാണ് എന്റെ അഭിപ്രായം. മരണം വരുമ്പോള്‍ വരട്ടെ, അതിനുവേണ്ടി കാത്തിരിക്കുന്നത് തെറ്റാണ്. എത്രവരെയാണ് നിന്റെ ആയുസ് അതുവരെ ജീവിക്കൂ, നല്ലതുപോലെ. മരണംപറഞ്ഞ് മനുഷ്യരെ പേടിപ്പിക്കുന്ന ചില പള്ളീലച്ചന്മാരേയും ഉപദേശിമാരേയും എനിക്കറിയാം. എന്തിനാണ് പേടിക്കുന്നത്? നീ ഇത്ര വയസുവരെ ജീവിച്ചിരിക്കണമെന്ന് ദൈവംതമ്പുരാന്‍ തീരുമാനിച്ചിട്ടുണ്ട്. നീ ഹൃദയം മാറ്റിവെച്ചാലും മരുന്നുകള്‍ കഴിച്ചാലും അദ്ദേഹം തീരുമാനിച്ചിരിക്കുന്ന ദിവസം നീയും ഞാനും പോയേ തീരു. കേരളത്തിലെ റോഡുകളില്‍ ദിവസംതോറും മരിച്ചുവീഴുന്ന ചെറുപ്പക്കാരുടെ കാര്യം ദൈവമാണോ അതോ അവരവര്‍ തന്നെയാണോ തീരുമാനിക്കുന്നതെന്ന് എനിക്കറിയില്ല. ബൈക്കില്‍ അവന്റെ പോക്കുകണ്ടിട്ട് 'നീപോയി ചാകടാ' എന്ന് ദൈവം പറഞ്ഞിട്ടുണ്ടാകും.

ഒരുപ്രാവശ്യം ഞാന്‍ കേരളത്തില്‍ പോയപ്പോള്‍ ഒരു ബൈക്കുകാരന്‍ എന്നെ ഇടിക്കാന്‍ വന്നു. തലനാരിഴക്കാണ് ഞാന്‍ രക്ഷപെട്ടത്. ദൈവം എന്നെ രക്ഷപെടുത്തിയതാണെന്ന് നൂറ്റിയൊന്നുശതമാനം ഞാന്‍ വിശ്വസിക്കുന്നു. ഇടിച്ചിരുന്നെങ്കില്‍ ഞാന്‍ നാലുകഷണമായി ഒടിഞ്ഞേനെ. അതുപോലായിരുന്നു കാലന്റെ വരവ്. അവന്റെ ദിനങ്ങളും എണ്ണപ്പെട്ടിട്ടുണ്ടെന്നാണ് ഞാന്‍കരുതുന്നത്.

മിസസ്സ് കുഞ്ചെറിയായുടെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ നോക്കാന്‍പോയിട്ട് കാടുകയറിപ്പോയതില്‍ ക്ഷമിക്കുക. അവരെപ്പറ്റി അല്ലെങ്കില്‍ എന്തെഴുതാനാണ്? ഫോട്ടോയിടാനല്ലാതെ വേറെ പല ഉപയോഗങ്ങളുമുണ്ട് ഫെയിസ്ബുക്കു കൊണ്ട്. ഉദാഹരണത്തിന് അറബിരാജ്യങ്ങളില്‍ അടുത്തകാലത്ത് നടന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള 'അറബുവസന്തം' എന്നപേരില്‍ അറിയപ്പെട്ട യുവജനപ്രക്ഷോഭവും, ഡല്‍ഹിയില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടതില്‍ പ്രതിക്ഷേധിക്കാന്‍ തെരുവിലിറങ്ങയ ജനക്കൂട്ടവും. ഒരുരാഷ്ട്രീയ പാര്‍ട്ടിയും സ്‌പോണ്‍സര്‍ ചെയ്ത ജനമുന്നേറ്റമായിരുന്നില്ല അത്. ഫെയ്‌സ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍കൂടെയും പരസ്പരം ആശയ വിനിമയംനടത്തി പ്രചോദിതരായ ജനക്കൂട്ടമായിരുന്നു അത്.

പെട്രോളിന് പത്തുപൈസ കൂട്ടിയാല്‍ സമരവും ബന്ദും നടത്തുന്ന രാഷ്രീയക്കോമരങ്ങള്‍ക്ക് ഒരുപെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത് അത്രവലിയ പ്രശ്‌നമൊന്നും ആയിരുന്നില്ല. ശവംകൊത്തിപ്പറിക്കുന്ന കഴുകന്മാരെപ്പോലെ വൃത്തികെട്ട പ്രസ്താവനകളുമായി പിന്നീടുള്ള ദിവസങ്ങളില്‍ അവര്‍ അരങ്ങു വാഴുന്നത് നമ്മള്‍കണ്ടു. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായി. പെരുമ്പാവൂരില്‍ ഒരു പാവപ്പെട്ട പെണ്‍കുട്ടി ക്രൂരമായി കൊലചെയ്യപ്പെട്ടപ്പോള്‍ രാഷ്ട്രീയക്കാര്‍ പ്രത്യേകിച്ചും വി. എസ്. അച്ചുതാനന്ദന്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത് കേരളംകണ്ടു. ഇദ്ദേഹം നാടുവാണിരുന്നപ്പോള്‍ എത്ര കൊലപാതകങ്ങളും ബലാല്‍സംഗങ്ങളും കേരളത്തില്‍ നടന്നുവെന്ന് കണക്കെടുക്കേണ്ടതാണ്. ആണും പെണ്ണും ഉണ്ടെങ്കില്‍ ബലാല്‍സംഗങ്ങളും നടക്കുമെന്ന് ഇദ്ദേഹത്തിന്റെ നേതാവായിരുന്ന ഇ. കെ. നായനാരാണ് പറഞ്ഞത്. വോട്ടിനവേണ്ടി എത്രനെറികെട്ട പ്രവര്‍ത്തനവും നടത്താന്‍ മടിയില്ലാത്ത ഇത്തരക്കാരെ വെച്ചുവാഴിക്കാന്‍ പാടില്ലാത്തതാണ്. പക്ഷേ, എന്തുചെയ്യാന്‍, ജനം എന്ന കഴുതയാണല്ലോ ഇവരെ തീറ്റിപ്പോറ്റുന്നത്.
Join WhatsApp News
വേണ്ടാതിനം വാസു 2016-05-04 13:02:09
പെണ്ണുങ്ങളുടെ ഒറ്റയ്ക്കുള്ള ഫോട്ടോ ഫസിബൂക്കിൽ കണ്ടാൽ ദയവു ചെയ്ത് അതിന്റ പിന്നാലെ പോകുന്നത് സൂക്ഷിച്ചുവേണം.  എന്നാ അടിയാ ആ പണ്ടാര കാലൻ എന്നെ അടിച്ചത്.  ഒറ്റയ്ക്കുള്ള പെണ്ണുങ്ങളുടെ പടം കണ്ടാൽ ഉടൻ എന്റ മനസ് പറയും ഒന്നുകിൽ അവൾ എതെങ്കിലു,ഭാര്ത്താവിനോട് പിണങ്ങി നില്ക്കുന്നതായിരിക്കും . അങ്ങേനെയാണ് മേരിയുമായി ഞാൻ പരിചയപ്പെടുന്നത്. ഞങ്ങളുടെ ഫേസ്ബുക്ക് ബന്ധം മുറുകി മുറുകി ഞങ്ങൾ ഒരിക്കൽ നേരിൽ കാണുവാൻ തീരുമാനിച്ചു..  ഞങ്ങൾ ന്യുജെര്സിൽ, അവള് തന്ന അപ്പാർട്ടുമെന്റിൽ അഡ്രസ്സിൽ കാണാം എന്ന് തീരുമാനിച്ചു. ഞാൻ പല്ലൊക്കെ തേച്ച്, കക്ഷ്ത്തിന്റെ അടിയിൽ അല്പം മണവും തേച്ച് സുന്ദരനായിട്ടാണ് പോയത്.  ഹൃദയ മിടിപ്പോടെ ഞാൻ അവളുടെ വാതിലിൽ മുട്ടി. കതക് മറവിൽ നിന്ന് പുറത്തേക്ക് നോക്കാതെ വാതിൽ തുറന്നപ്പോൾ എന്റെ ഉള്ളം അറിയാതെ പാടിപ്പോയി, ലജ്ജാവതിയെ ... എന്ന ഗാനം .  വാതിൽതുറന്നു അകത്തേക്ക് കയറിയതും ഒരു വയറു ചാടിയാ മലയാളി മ .... എന്നെ പൊക്കി എടുത്തു നിലത്തെക്കിട്ടു രണ്ടു ചവിട്ടു ആദ്യം തന്നു എന്നിട്ട് പറഞ്ഞു കുറെ വര്ഷങ്ങളായി ഞാൻ എന്റെ ഭാര്യയുടെ ജാരനെ പിടിക്കാൻ നടക്കുന്നു. നിന്നെ ഞാൻ ജീവനോടെ വിടില്ല അവളെയും .  ഞാൻ അലറി പറഞ്ഞു പോന്നു ചേട്ടാ ഞാൻ ഒരു മാസമേ ആയുള്ളൂ ഈ ബന്ധം തുടങ്ങിയിട്ട് എനിക്ക് അവളെ വര്ഷങ്ങളുടെ പരിചയം ഒന്നും ഇല്ല.  അപ്പോൾ ആ മുതുകാലൻ പറഞ്ഞു, ' അതേടാ പരമ നാറി ഞാൻ ഒരു മാസമേ ആയുള്ളൂ മേരി എന്ന പേരിൽ ഫെസ് ബുക്കിൽ അക്കൗണ്ട്‌ സ്റ്റാർട്ട് ചെയ്തിട്ട് .  ഇവൾ കുറെ നാളായിട്ട് ഈ കളി തുടങ്ങിയത്.  അവൻ എന്റ വസ്ത്രം കീറി.  പാന്റ്സ് വലിച്ചു കീറാതെ ആകുന്ന നോക്കി പക്ഷെ അവസാനം അതും വലിച്ചു കീറി. അപ്പോളാണ് അവൻ കണ്ടു പിടിച്ചത് ഞാൻ അണ്ടർവെയർ ഇട്ടിട്ടില്ലെന്നു .  അന്നേരം അവൻ അലറി കൊണ്ട് ചോദിച്ചു " അപ്പോൾ നീ പലതും കണക്കു കൂട്ടിയാണ് അണ്ടർവെയർ ഇടാതെ വന്നത് അല്ലേടാ ?" 'അല്ല , ഞാൻ ഇടാൻ മറന്നുപോയതാ . അവൻ എന്നെ പൂരേ തല്ലീ .  അടി സഹിക്കാതെ വന്നോപ്പോൾ ഞാൻ അവനോടു സത്യം പറഞ്ഞു, ഒത്താൽ സെക്സും നടത്തണം എന്ന് പ്ലാൻ ഉണ്ടായിരുന്നു എന്ന് '  പിന്നെ എനിക്ക് ഓർമ്മയില്ല. രാമുകാരിയാട്ടിന്റെ ഏഴ്രാത്രി എന്ന സിനിമയിൽ പറയുന്നതുപോലെ 'ഏതാണ്ട് ശബ്ദവും മറ്റും ഞാൻ കേട്ടു .  

എന്റ മലയാളി ചേട്ടന്മാരെ ഈ കഥാ കൃത്ത് പറയുന്നത് കേട്ട് ഒറ്റക്ക് ഫെസ്ബുക്കിൽ കാണുന്ന പെണ്ണുങ്ങളുടെ ചിത്രങ്ങൾ കണ്ടു കേറി മുട്ടരുത്.  വല്ല കാലമാട്ന്മാരും അതിന്റെ പിന്നിൽ ഒളിഞ്ഞിരിപുണ്ടായ്രിപ്പുണ്ടായിരിക്കും . എന്റെ ഫെസിന്റെ ഷേപ്പ് ആ നാറി മാറ്റി .  അതോടെ ഞാൻ ഫെസ്ബുക്ക്‌ അക്കൌണ്ടും ക്യാൻസൽ ചെയ്തു.  ഇപ്പോൾ ഇത്രയും എഴുതാൻ കഴിഞ്ഞത് കോട്ടയ്ക്കൽ ആര്യവൈദ്യ ശാലയിലെ കിഴി കുത്തിയുള്ള തിരുമലിന്റ് ഫലമാ 
കുറുക്കൻ വറുഗീസ് 2016-05-04 19:26:44
വേണ്ടാതനം വാസു കലക്കി.  ഞാനും ഫെസ്ബുക്ക് അക്കൗണ്ട് ഇന്ന് തന്നെ ക്യാൻസൽ ചെയ്യുകയാണ് 
vayanakaran 2016-05-04 19:56:01
പ്രിയ സാം സാറേ, കുഞ്ചെരിയയുടെ ഭാര്യ എന്നു
ശീർഷകം കൊടുത്ത് താങ്കൾ കാട് കയറി. പാവം
അന്തപ്പൻ തല്ലാൻ വരുമെന്നൊക്കെ എഴുതി.   പ്രശസ്ത അല്ലെങ്കിൽ പ്രഗല്ഭ  എന്നഭിമാനിക്കുന്നവരുടെ നോവലൊക്കെ
വായിച്ച് അതിന്റെ നിലവാരകുരവ് കണ്ട്
അത്ഭുതപ്പെട്ടിരിക്കുന്ന ഞങ്ങള്ക്ക് താങ്കളുടെ
കൊള്ളാവുന്ന ശൈലിയിലുള്ള രചനകൾ
ആശ്വാസം തരുന്നു. 
Mohan Parakovil 2016-05-05 05:12:50
നല്ലത് നല്ലതെന്ന് പറയാനും ചീത്ത ചീത്തയെന്നു പറയാനും എന്തിനു പേടി . സാം നിലമ്പിള്ളിയും
അങ്ങനെ ധീരമായ പ്രസ്താവനകൾ ഇറക്കാറുണ്ട് . ബുദ്ധിമാനായ അദ്ദേഹം എല്ലാ എഴുത്തുകാരും എന്ന് ഒരു പ്രയോഗം നടത്തി ആരുടേയും ശത്രുത പിടിച്ച് പറ്റുന്നില്ല . എന്നാൽ നിലമ്പിള്ളി , അത്
അത്രക്കങ്ങട് ശരിയല്ല ട്ടോ . അമേരിക്കയിലെ മുഴുവൻ എഴുത്തുകാരും നല്ല എഴുതുകാരല്ലെന്ന്
പറയുമ്പോൾ താങ്കളും അതിൽ പെട്ടുപോകും.  നര്മ്മം തരക്കേടില്ലായിരുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക