Image

ഹണ്‍ടിം­ഗ്ഡന്‍ താഴ്‌വര­യിലെ സന്യാ­സി­ക്കി­ളി­കള്‍ (വായന: ജോണ്‍ മാത്യു)

Published on 04 May, 2016
ഹണ്‍ടിം­ഗ്ഡന്‍ താഴ്‌വര­യിലെ സന്യാ­സി­ക്കി­ളി­കള്‍ (വായന: ജോണ്‍ മാത്യു)
(ശ്രീ. മുരളി ജെ. നായര്‍ എഴു­തിയ പതി­നൊന്ന് കഥ­ക­ളുടെ സമാ­ഹാ­രം.
പ്രസാ­ധ­കര്‍ : ഗ്രീന്‍ ബുക്ക്‌സ്, തൃശൂര്‍, പേജ് 94, വില 85.00 രൂപ)


ഏതാണ്ട് ഇരു­പതു വര്‍ഷം മുന്‍പാണ് ശ്രീ. മുരളി ജെ നായ­രുടെ ഒരു കഥ ഞാന്‍ വായി­ക്കു­ന്ന­ത്. അന്ന് ഹൂസ്റ്റ­നിലെ കേരള റൈറ്റേഴ്‌സ് ഫോറം അമേ­രി­ക്ക­യില്‍നി­ന്നുള്ള തെര­ഞ്ഞെ­ടുത്ത കഥ­ക­ളുടെ ഒരു സമാ­ഹാരം പ്രസി­ദ്ധീ­ക­രി­ക്കാന്‍ തീരു­മാ­നി­ച്ചു. ശ്രീ.­എം. മുകു­ന്ദ­നാ­യി­രുന്നു എഡി­റ്റര്‍. "ദൂര­ക്കാഴ്ച' എന്ന പേരില്‍ കറന്റ് ബുക്ക്‌സ് പ്രസി­ദ്ധീ­ക­രിച്ച ആ പുസ്ത­ക­ത്തില്‍ ശ്രീ. മുരളി നായ­രുടെ ഒരു കഥയും ഉണ്ടാ­യി­രുന്നു: "തര്‍പ്പ­ണം.'

അന്ന്, ഞങ്ങ­ളുടെ ആഗ്രഹം വര്‍ഷം­തോറും തെര­ഞ്ഞെ­ടുത്ത കഥ­ക­ളുടെ ആന്തോ­ളജി അമേ­രി­ക്ക­യില്‍നി­ന്നു­ണ്ടാ­ക­ണ­മെ­ന്നാ­യി­രു­ന്നു. അത് തുടര്‍ന്നി­രു­ന്നെ­ങ്കില്‍ ഒന്നാം­തരം കഥ­ക­ളുടെ എത്രയോ ശേഖ­രങ്ങള്‍തന്നെ നമു­ക്കിന്ന് സ്വന്തം.

എന്റെ പുസ്ത­ക­ശേ­ഖ­ര­ങ്ങ­ളില്‍ക്കൂടി അന്വേ­ഷിച്ചു ചെന്ന­പ്പോള്‍ "ദൂര­ക്കാഴ്ച'യുടെ ഒരു കോപ്പി കണ്ടെ­ത്തി, "തര്‍പ്പ­ണവും'. ജനി­ക്കാതെ പോയ­തോ, ജനി­ക്കാന്‍ ആഗ്ര­ഹി­ക്കാ­ത്തതോ ആയ നക്ഷ­ത്ര­ക്കു­ഞ്ഞു­ങ്ങ­ളുടെ കഥ! ഓര്‍മ്മ­കള്‍ അയ­വി­റ­ക്കി­ക്കൊണ്ട് ആ കഥ ഞാന്‍ വീണ്ടും വായി­ച്ചു. നായിക സുമ­യേ­പ്പോലെ ഞാനും അവ­സാനം കണ്ണ­ട­ച്ചി­രു­ന്നു. ആ ചെറിയ കഥ­യില്‍ ശ്രീ. മുരളി നായര്‍ സൃഷ്ടി­ച്ചി­രി­ക്കുന്ന പ്രപഞ്ചം ആസ്വ­ദി­ച്ചു­കൊ­ണ്ട്.

നാളു­കള്‍ കഴി­ഞ്ഞു. പിന്നീട് കുറേ­ക്കാ­ല­ത്തേക്ക് മുരളി എന്ന കഥാകൃത്ത് നിശ­ബ്ദ­നാ­യി­രു­ന്നു. അദ്ദേഹം മാത്ര­മല്ല "ദൂര­ക്കാഴ്ച' എന്ന സമാ­ഹാ­ര­ത്തില്‍ എഴു­തിയ പല­രും.

ഏതാണ്ട് ഒന്നര വര്‍ഷം മുന്‍പ്, കണ്‍വന്‍ഷന്‍ സീസ­ണില്‍, ഒരു സാഹി­ത്യ­മ­ത്സ­ര­ത്തിന്റെ ഭാഗ­മായി "കനവും നിനവും' എന്നൊരു കഥ വായി­ക്കാ­നി­ട­യാ­യി. പേരു­വെ­ക്കാതെ എന്റെ പക്കല്‍ കിട്ടിയ ഒരു കഥ. മത്സ­ര­മെല്ലാം കഴിഞ്ഞ് ആ കഥക്ക് ഞാനൊരു ആസ്വാ­ദ­നവും എഴു­തി. അന്ന് എഴു­തി­യ­തില്‍നി­ന്ന്.

""അമേ­രി­ക്ക­യില്‍നിന്ന് എഴു­തുന്ന പല കഥാ­കൃ­ത്തു­ക്കള്‍ക്കും കഥാ­ലോ­ക­ത്തിന്റെ സാദ്ധ്യ­ത­കളും വൈവി­ധ്യ­ങ്ങളും കണ­ക്കി­ലെ­ടുത്ത് സമൂ­ഹ­ത്തിന്റെ പ്രശ്‌ന­ങ്ങ­ളോടും വിക­സ­ന­ത്തോടും തങ്ങ­ളുടെ കഥ­കളെ ബന്ധ­പ്പെ­ടു­ത്താന്‍ കഴി­യു­ന്നി­ല്ല.

ഇവി­ടെ­യാണ് "കനവും നിനവും' എന്ന കഥ­യുടെ പ്രസ­ക്തി. സ്വപ്ന­ത്തിന്റെ കഥ പറ­യാന്‍ നിങ്ങള്‍ക്കു കഴി­യുമോ? മുറി­ഞ്ഞു­പോ­കുന്ന സ്വപ്ന­ങ്ങളെ എങ്ങ­നെ­യാണ് കൂട്ടി­ക്കെ­ട്ടുക? ഒരു കഥ­യില്‍ത്തന്നെ സമാ­ന്ത­ര­മായി മറ്റൊരു കഥ­കൂടി വളര്‍ത്തി­ക്കൊ­ണ്ടു­വ­രാന്‍ കഴി­യുമോ? ഈ സാങ്കേ­തി­ക­ത­യില്‍ക്കൂ­ടി­യാണ് "കനവും നിനവി'ന്റെയും രച­യി­താവ് പാര­മ്പ­ര്യ­ത്തില്‍നിന്ന് വ്യതി­ച­ലി­ക്കു­ന്ന­ത്.''

മുരളി തൂലി­ക­യെ­ടു­ക്കു­മ്പോ­ഴെല്ലാം ഒരു സ്വപ്നം നമുക്ക് പ്രതീ­ക്ഷി­ക്കാം. സുന്ദ­ര­മായ ഒരു സ്വപ്നം, ആ സ്വപ്ന­ത്തില്‍ക്കൂ­ടി­യുള്ള ഒരു ജീവി­ത­ദര്‍ശ­നം. മനോ­ഹ­ര­മായി കോര്‍ത്തി­ണ­ക്കിയ വാക്കു­കള്‍ നമ്മു­ടെ­യു­ള്ളില്‍ ചല­ന­ങ്ങള്‍ സൃഷ്ടി­ക്കു­ന്നു. ഇനിയും വായ­ന­ക്കാ­രായ നമുക്ക് മറ്റൊരു കഥ മെന­ഞ്ഞെ­ടു­ക്കാനും സഹാ­യി­ക്കു­ന്നു.

ഈ പശ്ചാ­ത്ത­ല­ത്തി­ലാണ് "ഹണ്‍ടിം­ഗ്ഡന്‍ താഴ്‌വര­യിലെ സന്യാ­സി­ക്കി­ളി­കള്‍' എന്ന സമാ­ഹാരം വായി­ക്കാന്‍ എടു­ത്ത­ത്.

സാധാ­രണ ക്ലാസ്മു­റി­ക­ളില്‍ കേള്‍ക്കാ­റുള്ള ചോദ്യ­മുണ്ട് "കവി എന്താണ് ഉദ്ദേ­ശി­ച്ചത്?' സര­സ­നായ ചങ്ങ­മ്പുഴ ഒരി­ക്കല്‍ അതിനു മറുപടി കൊടു­ത്തു­വത്രേ "ഞാനൊന്നും ഉദ്ദേ­ശി­ച്ചി­രു­ന്നി­ല്ല'. ശരി­യാ­ണ്, കവി കഥാ­കൃ­ത്ത്, കലാ­കാ­രന്‍ തുട­ങ്ങി­യ­വര്‍ അവ­രുടെ മന­സ്സില്‍ എന്തെ­ല്ലാമോ കരു­തി­വെ­ച്ചി­രു­ന്നു­വെന്ന് ചിലര്‍ എഴു­തി­വെ­ക്കും. പിന്നീട് അത് വീണ്ടും വീണ്ടും പകര്‍ത്ത­പ്പെ­ടും. കാല­ങ്ങ­ളായി അങ്ങ­നെ­ത­ന്നെ, ഒരു മാറ്റ­വു­മി­ല്ലാ­തെ. എന്നാല്‍ മറ്റൊരു ചോദ്യ­മാ­ണി­വിടെ:

ഒരു കൃതി­യില്‍നിന്ന് വായ­ന­ക്കാ­രന്‍ സൃഷ്ടി­ച്ചത് എന്തു ലോക­മാ­ണ്. വായ­ന­ക്കാ­രന് പുതി­യ­തെ­ന്തെ­ങ്കിലും നിര്‍മ്മി­ക്കാന്‍ കഴി­ഞ്ഞോ, കവി നിരൂ­പി­ച്ച­തി­ല­പ്പു­റ­മാ­യി. അതിന് ഈ വായന സഹാ­യ­മായോ?

ഇങ്ങ­നെ­യൊരു ചോദ്യം മുന്നില്‍ നിര്‍ത്തി­ക്കൊണ്ട് ശ്രീ. മുരളി ജെ. നായര്‍ സൃഷ്ടിച്ച കഥാ­ലോ­ക­ത്തി­ലേക്ക് കട­ക്കാം. കനവും നിനവും എന്ന കഥ­ക­ളെ­പ്പറ്റി നേരത്തെ പറ­ഞ്ഞു­ക­ഴി­ഞ്ഞു.

വ്യത്യ­സ്ത­മായ പ്രമേ­യ­ങ്ങ­ളാ­ണെ­ങ്കിലും പൊതു­വായ പശ്ചാ­ത്തലം ഉള്‍ക്കൊ­ള്ളു­ന്ന­താണ് "അരാ­ജ­ക­വാ­ദി­കള്‍ ഉണ്ടാ­കു­ന്നത്', "ഒരു ഗ്രീന്‍ കാര്‍ഡ് കഥ', "റോബര്‍ട്ടോ ഹെര്‍ണാ­ണ്ട­സിന് സംഭ­വി­ച്ചത്' തുട­ങ്ങി­യ­വ.

ഈ മൂന്നു കഥ­ക­ളെയും ഒരു ചര്‍ച്ചക്ക് ഒരു­മി­ച്ചെ­ടു­ക്കാം. കാരണം അമേ­രി­ക്ക­യിലെ കുടി­യേറ്റ നിയമ വ്യവ­സ്ഥ­യി­ലേക്ക് ഇവ വിരല്‍ ചൂണ്ടു­ന്നു. മൂന്നു കഥ­കളും നിയ­മ­ക്കു­രു­ക്കു­ക­ളില്‍ക്കൂടി മനു­ഷ്യ­ബ­ന്ധ­ങ്ങ­ളുടെ വിവിധ തല­ങ്ങ­ളി­ലേക്ക് കട­ന്നു­ചെ­ല്ലു­ന്നു.

അമേ­രിക്ക കുടി­യേ­റ്റ­ക്കാ­രുടെ നാടാണ്. ഇവി­ടെ­യുള്ള "ലിബ­റല്‍ സമൂഹം' കുടി­യേ­റ്റ­ക്കാരെ സ്വാഗതം ചെയ്യു­ന്നു, എല്ലാ മത­വി­ശ്വാ­സ­ങ്ങള്‍ക്കും അതീ­ത­മാ­യി. ഈ ലിബ­റല്‍ കാഴ്ച­പ്പാ­ടു­കള്‍ അന­ധി­കൃത കുടി­യേ­റ്റ­ക്കാര്‍ക്കു­പോലും "നീതി' ലഭ്യ­മാ­ക­ണ­മെന്ന് ആവ­ശ്യ­പ്പെ­ടു­ന്നു. ആ നീതി നിര്‍വ­ഹ­ണ­ത്തിന്റെ കഥ­യാണ് "റോബെര്‍ട്ടോ ഹെര്‍ണാ­ണ്ട­സിന് സംഭ­വി­ച്ച­ത്.' അമേ­രി­ക്ക­യുടെ വ്യവ­സ്ഥി­തി, മഹ­ത്തായ മാന­വ­ദര്‍ശനം തുട­ങ്ങി­യവ എന്തെന്ന് എടു­ത്തു­പ­റ­യാന്‍ ഈ ഒരൊറ്റ കഥ മതി.

ഈ "റോബര്‍ട്ടോ...' കഥ­യുടെ നേരെ വിപ­രീ­ത­മാണ് "ഒരു ഗ്രീന്‍കാര്‍ഡ് കഥ' അമേ­രി­ക്ക­യുടെ ലിബ­റല്‍ വ്യവ­സ്ഥിതി പല­പ്പോഴും കബ­ളി­പ്പിക്ക­പ്പെ­ടു­ന്നു. കച്ച­വ­ട­ക്ക­ല്യാ­ണ­ങ്ങ­ളില്‍ക്കൂടി! നിശ്ചിത തുക പറഞ്ഞ് കരാ­റി­ലെത്തി ഒരു അമേ­രി­ക്കന്‍ യുവതി കാമു­കി­യായോ പ്രതി­ശ്രു­ത­വ­ധു­വായോ ഇനിയും ചില­പ്പോള്‍ ഭാര്യ­യായോ അഭി­ന­യി­ക്കു­ന്നു. ഈ നാടകം രസ­ക­ര­മാ­ണ്. നാട­ക­ശാ­ല­യി­ലേ­തി­നേ­ക്കാള്‍ തന്മ­യത്വം ഇവിടെ ആവ­ശ്യ­മു­ണ്ട്. പരാ­ജ­യ­മെ­ന്നാല്‍ കൈയടി നഷ്ട­പ്പെ­ടു­ക­യ­ല്ല, പകരം നാടു­ക­ട­ത്ത­പ്പെ­ട­ലാ­ണ്, ജയില്‍വാ­സ­മാ­ണ്. അതു­കൊ­ണ്ടു­തന്നെ ജീവ­ന്മ­ര­ണവും! ഇവി­ടെ, ഈ കഥ­യില്‍ സമര്‍ത്ഥ­നായ ഒരു ഉദ്യോ­ഗ­സ്ഥന്റെ സൂക്ഷ്മ­ദൃഷ്ടി കക്ഷി­ക­ളുടെ കാപട്യം പുറ­ത്തു­കൊ­ണ്ടു­വ­രു­ന്നു. മുരളി നായര്‍ എന്ന നിയ­മ­വി­ദ­ഗ്ധന്റെ പേന­ത്തു­മ്പില്‍ ഈ ഗ്രീന്‍ കാര്‍ഡ് കഥ തികച്ചും നാട­കീ­യ­മാ­യി.

ഇതേ കൂട്ട­ത്തില്‍ ഞാന്‍ ചേര്‍ത്തി­രി­ക്കുന്ന മറ്റൊരു കഥ­യാണ് "അരാ­ജ­ക­വാ­ദി­കള്‍ ഉണ്ടാ­കു­ന്ന­ത്.' ഇവിടെ കഥാ­പാ­ത്ര­ങ്ങള്‍ എല്ലാം മല­യാ­ളി­കള്‍. കുടി­യേ­റ്റ­ത്തോ­ടൊപ്പം നാം കൊണ്ടു­വന്ന സാംസ്ക്കാ­രിക പൈതൃ­കവും കുടും­ബ­പാ­ര­മ്പ­ര്യ­ങ്ങ­ളും, അതു പറഞ്ഞു നട­ക്കു­ന്ന­തിന്റെ കാപ­ട്യവും കഥാ­കൃത്ത് തുറന്നു കാണി­ക്കു­ന്നു. സ്വന്തം നില­നി­ല്പിന്റെ കാര്യം വരു­മ്പോള്‍ നാം വെച്ചു­പു­ലര്‍ത്തിയ വിശ്വാ­സ­ങ്ങ­ളെല്ലാം തൂത്തെ­റി­യു­ന്നു. ദാര്‍ശ­നിക സ്വഭാ­വ­മുള്ള മനു­ഷ്യ­ബ­ന്ധ­ങ്ങള്‍ അര്‍ത്ഥ­വ­ത്തായ നര്‍മ്മ­ത്തില്‍ ചാലിച്ചും പറ­യാ­മെ­ന്ന­തിന് ഉദാ­ഹ­ര­ണ­മാണ് ഈ കഥ.

മറ്റൊരു ഗ്രൂപ്പില്‍ ഞാന്‍ ഉള്‍പ്പെ­ടു­ത്തി­യി­രി­ക്കുന്ന മൂന്നു കഥ­ക­ളാണ് "അച്ഛന്‍ മല­യാളം', "ശരി­തെ­റ്റു­കള്‍' ഇനിയും "സോഫി­'യും.­ വേര്‍പിരിഞ്ഞ ബന്ധ­ങ്ങ­ളു­ടെ, അതിന്റെ മാന­സിക സംഘര്‍ങ്ങ­ളു­ടെ. ഭാര്യാ­ഭര്‍ത്താ­ക്ക­ന്മാ­രാ­ക­ട്ടെ, കാമു­കീ­കാ­മു­ക­ന്മാ­രാ­ക­ട്ടെ, അല്ലെ­ങ്കില്‍ കുറേ­ക്കാലം ഒരു­മിച്ചു ജീവി­ച്ച­വ­രാ­കട്ടെ പിന്നീട് അവര്‍ സ്വന്തം വഴി­കള്‍ തേടി­പ്പോ­കു­ന്ന­തിന്റെ ന്യായീ­ക­ര­ണ­ങ്ങ­ളൊന്നും ഇവിടെ വിഷ­യ­മ­ല്ല. അത് മറ്റു­ള്ള­വ­രില്‍ ഏല്പി­ക്കുന്ന ആഘാ­ത­ങ്ങള്‍ക്കാ­ണി­വിടെ പ്രാധാ­ന്യം.

"അച്ഛന്‍ മല­യാളം' എന്ന കഥ­യുടെ ഒത്ത മദ്ധ്യ­ത്തില്‍ നില്ക്കു­ന്നത് ഒരു കുട്ടി­യാ­ണ്. അവള്‍ മാത്ര­മല്ല അവ­ളുടെ "മല­യാ­ളവും'. ഇവിടെ അവ­ളുടെ അച്ഛനും അമ്മയും വിവാ­ഹ­ബന്ധം വേര്‍പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഭാര്യ, ഭര്‍ത്താ­വി­നോ­ടുള്ള പക തീര്‍ക്കു­ന്നത് മല­യാ­ളത്തെ സ്‌നേഹി­ക്കുന്ന സ്വന്തം കുട്ടി­യില്‍ക്കൂ­ടി, കാരണം മല­യാളം അച്ഛന്റെ ഭാഷ­യാ­ണ്. മല­യാളം പഠി­ക്ക­ണ­മെന്ന് അച്ഛനു നിര്‍ബ­ന്ധം, ആ ഭാഷ പഠി­ക്ക­രു­തെന്ന് അമ്മ­യും. അച്ഛന് നന്നാ­യ­റിയാം ഭാഷ കേവലം വാക്കു­ക­ള­ല്ല, അതൊരു സംസ്ക്കാ­ര­ത്തി­ന്റെ, ജീവി­ത­രീ­തി­യുടെ ഭാഗ­മാ­ണ്. അങ്ങ­നെ­യൊരു പശ്ചാ­ത്ത­ല­ത്തി­ല­ല്ലാതെ ഭാഷക്ക് നില­നി­ല്പി­ല്ല. തന്റെ ഭാഷ ലോക­ത്തിന്റെ മറ്റാരും അംഗീ­ക­രി­ക്കു­ന്നി­ല്ല. തന്റെ മക­ളാ­ണെ­ങ്കില്‍ ആറു­മാസം കഴി­യു­മ്പോ­ഴേക്കും മല­യാളം മറ­ന്നു­ക­ഴി­യും. ഈ "മകള്‍' നമ്മുടെ ഓരോ­രു­ത്ത­രു­ടെയും മക്കളും കൊച്ചു­മ­ക്കളും തന്നെ­യല്ലേ?

"ശരി­തെ­റ്റു­കള്‍' ഡോക്ടര്‍ സദാ­ന­ന്ദന്‍ മേനോനും സുജ­യു­മായി തിര­ശ്ശീ­ലയ്ക്കു പിന്നി­ലുള്ള ബന്ധ­ങ്ങ­ളുടെ കഥ. മനു­ഷ്യ­മ­ന­സ്സിന്റെ, ലൈംഗീ­കാ­ഗ്ര­ഹ­ങ്ങ­ളുടെ ആകെ­ത്തു­ക­യി­ലേക്ക് കഥാ­കൃത്ത് വായ­ന­ക്കാരെ കൊണ്ടെ­ത്തി­ക്കു­ന്നു. കഥാ­നാ­യ­കന്‍ മരി­ച്ചു­കി­ട­ക്കു­ന്നു. അയാ­ളുടെ "മിസ്ട്രസ്' ഭാര്യക്ക് ഒരു സാന്ത്വ­ന­മായി അവ­രുടെ രണ്ടു­കൈ­കളും ഗ്രഹിച്ച് കവി­ളിലെ ഉണ­ങ്ങിയ പാടു­ക­ളി­ലേക്കും കണ്ണു­ക­ളി­ലേക്കും നോക്കു­ന്നു. ഫ്യൂണ­റല്‍ ഹോമില്‍ "അവ­സാ­നത്തെ' നാട­കീ­യ­ത. ഇനിയും ഒരു ചോദ്യം നമ്മെ പിന്‍തു­ട­രു­ന്നു, അത് ആത്മാര്‍ത്ഥ­മോ, വെറും അഭി­ന­യമോ? അതോ "പൊതു­മു­തല്‍' നഷ്ട­പ്പെ­ട്ട­തിന്റെ ദുഃഖമോ?

എന്നും എല്ലാ­ക്കാ­ലത്തും എല്ലാ നാട്ടിലും മനു­ഷ്യന്‍ തന്റെ മന­സ്സിനു ശാന്തി­ക­ണ്ടെ­ത്തു­ന്ന ചില കേന്ദ്ര­ങ്ങ­ളു­ണ്ട്. അതു ചില­പ്പോള്‍ മദ്യ­ശാ­ല­ക­ളു­മാ­യി­രി­ക്കാം. "സോഫി' എന്ന കഥ­യില്‍ക്കൂടി മല­യാള മന­സ്സിന്റെ മറ്റൊരു ഭാവ­മാണ് കഥാ­കൃത്ത് അനാ­വ­രണം ചെയ്തി­രി­ക്കു­ന്ന­ത്.

യുവ­ത­ല­മു­റക്ക് വര്‍ഗ്ഗമോ നാടോ മത­-­രാ­ഷ്ട്രീ­യ­ക്ക­ളി­കളോ ഒന്നും­തന്നെ വിഷ­യ­മ­ല്ല. നാം എന്നും ആശി­ക്കു­കയും എന്നാല്‍ ഒരി­ക്കലും സംഭ­വി­ക്ക­രു­തെന്ന് മന­സ്സില്‍ പറ­യു­കയും ചെയ്ത "സ്വത­ന്ത്ര­ലോകം' യുവ­ത­ല­മുറ ഹൃദ­യ­ത്തില്‍ കൊണ്ടു­ന­ട­ക്കു­ന്നു. സോഫി പഴയ ബന്ധ­ത്തി­ലേക്ക് വീണ്ടും വഴുതി വീഴു­ന്നു, മുന്‍ധാ­ര­ണ­ക­ളി­ല്ലാ­തെ, ഇഷ്ട­പ്പെ­ട്ട­തിനെ അംഗീ­ക­രി­ച്ചു­കൊ­ണ്ട്.

അമേ­രി­ക്ക­യിലെ മല­യാളി കുടി­യേ­റ്റ­ക്കാര്‍ എന്തു­മാത്രം മാറി­ക്ക­ഴി­ഞ്ഞു­വെന്ന് ഒന്നു തിരി­ഞ്ഞു­നോ­ക്കേണ്ട കാല­മാ­യി­രി­ക്കു­ന്നു. ഏതാനും പതി­റ്റാ­ണ്ടു­കള്‍ ഇവിടെ ജോലി­യെ­ടു­ത്ത്, വിര­മിച്ചു കഴി­ഞ്ഞ­പ്പോ­ഴേക്കും എന്തെ­ല്ലാമോ നേടി­യ­തായി ഒരു ഭാവം, അതും ഒരി­ക്കലും പ്രതീ­ക്ഷി­ക്കാ­തി­രു­ന്ന­ത്. താനൊരു പ്രത്യേക "ജീവി'യാണെ­ന്നു­പോലും അവ­നു­തോ­ന്നി­ത്തു­ട­ങ്ങി­യി­ട്ടു­ണ്ടാ­യി­രി­ക്ക­ണം. ഇനി­യും, അവ­സാ­നം, എന്താ­ണു­വേ­ണ്ടത്?

അതേ, നമ്മുടെ സ്വന്തം കഥ­യാ­ണ് "അമേ­രി­ക്കന്‍ കഥ നിര്‍മ്മാ­ണ­ശാ­ലയും അക്കാ­ദമി അവാര്‍ഡും.' ഏതോ ഒരു കഥാ­കാ­രന്റെ കഥ­യുടെ അപ്പു­റ­മായി ഓരോ മല­യാ­ളി­യു­ടെയും കഥ. അവ­സാനം "അംഗീ­കാര'ത്തിനുള്ള ആഗ്ര­ഹ­ത്തിന്റെ കഥ. ആ അംഗീ­കാ­ര­ത്തി­നുള്ള എളു­പ്പ­മാര്‍ഗ്ഗ­മാണ് ഒരെ­ഴു­ത്തു­കാ­ര­നാ­വു­ന്ന­ത്. മറ്റൊരു രംഗവും ഇത്ര ശോഭി­ക്കു­ക­യി­ല്ല, ഇത്ര­മാത്രം പേര് നേടി­ത്ത­രു­ക­യില്ല! ഒരാള്‍ക്ക് ഒരു സുപ്ര­ഭാ­ത­ത്തില്‍ ഓട്ട­ക്കാ­രനോ ചാട്ട­ക്കാ­രനോ പാട്ടു­കാ­രനോ ആവാന്‍ കഴി­യുമോ? ചിത്ര­കാ­ര­നെ­ങ്കി­ലുമോ? എന്നാല്‍ എഴു­ത്തു­കാ­ര­നാ­വാം. തുട­ക്ക­ത്തില്‍ ഒരു തൂലി­കാ­നാ­മ­ത്തിനു പിന്നില്‍ ഒളി­ഞ്ഞി­രി­ക്കാം. തക്ക­സ­ന്ദര്‍ഭ­ത്തില്‍ പുറ­ത്തു­വ­രാം, കൈനി­റയേ അവാര്‍ഡു­ക­ളു­മാ­യി. പത്ര­ങ്ങ­ളില്‍ പേരും പടവും! ഒന്നേ ഇവിടെ പറ­യാ­നുള്ളൂ മല­യാ­ളി­കളേ ഇതാ നിങ്ങ­ളുടെ കഥ, നിങ്ങ­ളുടെ ഹൃദ­യ­ത്തിന്റെ അഗാ­ധ­ത­യില്‍ നിറ­ഞ്ഞു­നി­ല്ക്കുന്ന ആഗ്ര­ഹ­ങ്ങ­ളുടെ കഥ!

"ഹണ്‍ടിം­ഗ്ഡണ്‍ താഴ്‌വര­യിലെ സന്യാ­സി­ക്കി­ളി­കള്‍' എന്ന കഥ എന്തി­നാണ് അവ­സാ­ന­ത്തേക്ക് നീക്കി­വെ­ച്ചത്? അതേ പേരില്‍ത്ത­ന്നെ­യാ­ണല്ലോ ഈ സമാ­ഹാ­ര­വും. നമ്മില്‍ പലര്‍ക്കും ഒരു സ്വഭാ­വു­മു­ണ്ട്, ഊണു­ക­ഴി­ക്കു­മ്പോള്‍, ഒരി­ഷ്ട­വി­ഭവം കലാ­ശ­ത്തി­നായി മാറ്റി­വെ­ക്കു­ക, എന്നിട്ട് അതിന്റെ വിഭി­ന്നത്തം ആസ്വ­ദി­ക്കുക! അതു­പോലെ ഒരു പ്രത്യേക അനു­ഭ­വ­മായ ഈ കഥ ആസ്വാ­ദ­ന­മാ­ക­ട്ടെ, ഒര­നു­ഭ­വ­മാ­കട്ടെ!

ഈ ചെറു ലേഖ­ന­ത്തിന്റെ തുട­ക്ക­ത്തി­ലെ­വി­ടെയോ ഞാനെ­ഴുതി കവി തന്റെ മന­സ്സില്‍ ചിന്തി­ച്ചി­രു­ന്നത് തേടി­പ്പി­ടി­ക്കു­ക­യല്ല നമ്മുടെ ജോലി, പകരം എഴു­തി­യ­തിന്റെ സഹാ­യ­ത്തോടെ നമു­ക്കെന്തു സൃഷ്ടി­ച്ചെ­ടു­ക്കാന്‍ കഴി­യും. ഒരു വായന കഴി­ഞ്ഞിട്ട് ഒരു പുതിയ ലോകം എന്റെ ഹൃദ­യ­ത്തില്‍ സൃഷ്ടി­ച്ചെ­ടു­ക്കാന്‍ കഴി­യു­ന്നി­ല്ലെ­ങ്കില്‍ പിന്നെ­ന്തിനു വായി­ക്കണം?

ഇതാ­രുടെ കഥ­യാണ്? ഒരു സാവി­ത്രി­യു­ടേതോ? ദേവി­ന്റേതും കൂടിയോ? അവ­രുടെ തീവ്ര­പ്രേ­മ­ത്തി­ന്റെയോ? ആത്മാ­ക്ക­ളായ "കിളി­കള്‍' എന്ന മല­യാളി സങ്ക­ല്പ­ത്തി­ന്റെയോ? വിട്ടു­പി­രിഞ്ഞ ആത്മാ­വിന്റെ സാമീ­പ്യ­മെന്ന സാന്ത്വ­ന­ത്തി­ന്റെയോ?

ആയി­രി­ക്കാം...
അത­വിടെ നില്ക്കട്ടെ:

ഞാനി­വിടെ കാണു­ന്നത് മറ്റൊരു മല­യാള മന­സ്സാ­ണ്. തങ്ങ­ളുടെ നാടി­നോ­ട്, വീടി­നോ­ടുള്ള മല­യാ­ളി­യുടെ അഭേ­ദ്യ­ബ­ന്ധം. ആ ബന്ധ­മെന്നു പറ­യു­ന്നത് എന്താ­യാലും ഇണ­ക്ക­ത്തി­ന്റെയും പിണ­ക്ക­ത്തി­ന്റെയും കഥ­ക­ളാ­ണ്. അതെന്നും മല­യാളി സ്വന്തം മന­സ്സില്‍ കൊണ്ടു­ന­ട­ക്കു­ന്നു. അതു­കൊ­ണ്ടാണ് നാം കൂടെ­ക്കൂ­ടെ, ആവ­ശ്യ­മി­ല്ലെ­ങ്കി­ലും, പഴയ നാടു­തേ­ടി­പ്പോ­കു­ന്ന­ത്. മുന്‍പ് നാം ജീവിച്ച ദേശ­ത്തു­ചെ­ല്ലു­മ്പോള്‍, എത്രയോ കാലം മുന്‍പ് അന്യാ­ധീ­ന­പ്പെ­ട്ടു­പോ­യ­താ­ണെ­ങ്കി­ലും, ആ പഴയ വീടൊന്നു കാണാന്‍ മന­സ്സില്‍ ആഗ്ര­ഹ­മു­ദി­ക്കു­ന്ന­ത്.

വായ­ന­ക്കാ­രോ­ട്: ഈ കഥ വീണ്ടും വായി­ക്കു­ക, അതിന്റെ നായ­ക­സ്ഥാ­നത്ത് നമ്മെ­ത്തന്നെ പിടി­ച്ചി­രു­ത്തു­ക, ഇനിയും അത് നമ്മുടെ സ്വന്തം ലോക­മ­ല്ലേ. ഇത് മറ്റു നാട്ടു­കാര്‍ക്കി­ല്ലാത്ത സ്വഭാ­വ­മെന്ന് പറ­ഞ്ഞാല്‍ ചില­പ്പോള്‍ അധി­ക­പ്പ­റ്റാ­യി­രി­ക്കും, പക്ഷേ, മല­യാളി തന്റെ സ്വന്തം വീട്, നാട് എങ്ങനെ വിട്ടു­പി­രിയും? ഒരു ട്രെയ്‌ല­റി­ന­ക­ത്തു നിറ­ച്ചു­കൊണ്ട് പോകാ­വു­ന്ന­ത­ല്ലല്ലോ അവന്റെ "വീട്.'

ശ്രീ മുരളി ജെ. നായ­രുടെ ഈ കഥാ­സ­മാ­ഹാരം ഏതാനും തവ­ണ ­വാ­യി­ച്ചു. ഒരു കാര്യം ഉറ­പ്പിച്ച് പറ­യാന്‍ കഴിയും ഇത് നമ്മുടെ കഥ­ക­ളാ­ണ്, മല­യാ­ളി­യുടെ പുതു­ലോ­ക­ത്തിന്റെ കഥ­ക­ളാ­ണ്, അതി­വേഗം മാറി­ക്കൊ­ണ്ടി­രി­ക്കുന്ന മല­യാ­ളി. ഇതില്‍ നിറ­ഞ്ഞു­നി­ല്ക്കു­ന്നു. അതു­പോലെ മനുഷ്യമന­സ്സി­ന്റെ­യും.
ഹണ്‍ടിം­ഗ്ഡന്‍ താഴ്‌വര­യിലെ സന്യാ­സി­ക്കി­ളി­കള്‍ (വായന: ജോണ്‍ മാത്യു)ഹണ്‍ടിം­ഗ്ഡന്‍ താഴ്‌വര­യിലെ സന്യാ­സി­ക്കി­ളി­കള്‍ (വായന: ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക