Image

ജിഷയുടെ അമ്മയെ കാണാനെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി- കലക്ടര്‍

Published on 05 May, 2016
ജിഷയുടെ അമ്മയെ  കാണാനെത്തുന്നവരുടെ ലക്ഷ്യം പബ്ലിസിറ്റി- കലക്ടര്‍
കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയെ കാണാന്‍ ആശുപത്രിയിലെത്തുന്നവരില്‍ പലരുടെയും ലക്ഷ്യം പബ്ലിസിറ്റി മാത്രമാണെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യം. ഫോട്ടോഗ്രഫറെയോ വിഡിയോഗ്രാഫറെയോ കൂട്ടിയാണ് മിക്കവരും ആശുപത്രിയില്‍ എത്തുന്നത്. മറ്റുചിലര്‍ തര്‍ക്കത്തിനും സമൂഹ മാധ്യമങ്ങളിലെ കുറ്റപ്പെടുത്തലുകള്‍ക്കുമായി നില്‍ക്കുന്നു. പത്തുദിവസത്തേക്ക് ഈ ആവേശം ഉണ്ടാകും. അതുകഴിഞ്ഞാല്‍ ഈ ബഹളമുണ്ടാക്കുന്നവരാരും ആ അമ്മയേയും കുടുംബത്തേയും തിരിഞ്ഞുനോക്കാത്ത അവസ്ഥയാകും ഉണ്ടാകുക. ഫേസ്ബുക്കിലൂടെയായിരുന്നു കലക്ടറുടെ വിമര്‍ശം.

കുടുംബത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് ഏറ്റവര്‍ക്കായി എറണാകുളം ജില്ലാ കലക്ടറും ജിഷയുടെ അമ്മ രാജേശ്വരിയും
ചേര്‍ന്ന് ആരംഭിച്ച ജോയിന്റ് അക്കൗണ്ട് ഉപയോഗപ്പെടുത്തണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

അക്കൗണ്ട് നമ്പര്‍: 35748602803
പേര്: The Ditsrict Collector, Ernakulam &Mrs.K.K.Rajeswari
ഐഎഫ്എസ്‌സി: SBIN0008661
മോഡ് ഓഫ് ഓപ്പറേഷന്‍: ജോയിന്റ് ഓപ്പറേഷന്‍
ബാങ്ക്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പെരുമ്പാവൂര്‍

രാജേശ്വരിയെ കാണാനെത്തുന്ന സന്ദര്‍ശകരെ നിയന്ത്രിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുമ അറിയിച്ചിരുന്നു. ജിഷയുടെ അമ്മക്ക് വിശ്രമം അനിവാര്യമാണെന്നും അവര്‍ വ്യക്തമാക്കി. രാജേശ്വരിക്ക് മാനസിക സമ്മര്‍ദ്ദം താങ്ങാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ അവരെ ബുദ്ധിമുട്ടിക്കരുതെന്നും വിശ്രമം അനുവദിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ജിഷയെ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പ്രധാന അവയവങ്ങള്‍ക്കെല്ലാം മാരകമായ പരിക്കുള്ളതായും പുറത്ത് കടിച്ച പാടുകളും പരിശോധനയില്‍ കണ്ടെത്തി. കശേരുക്കള്‍ തകരുന്നത്ര ശക്തിയോടെയാണ് കഴുത്ത് ഞെരിച്ചത്. മുറിവുകളും കഴുത്തു ഞെരിച്ചതും മരണത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കസ്റ്റഡിയിലെടുത്ത ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ ശരീരത്തില്‍ നഖം കൊണ്ടുള്ള പാടുകള്‍ പോലീസ് കണ്ടെത്തി. സംഭവസ്ഥലത്തു നിന്ന് രക്തക്കറ പുരണ്ട ചെരുപ്പുകളും നേരത്തെ പോലീസിന് ലഭിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ ധരിക്കാറുള്ള തരം ചെരുപ്പുകളാണ് ഇത്. ഈ നിരീക്ഷണത്തിലാണ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. 

ജിഷ കൊല്ലപ്പെട്ട കേസില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി പോലീസിനെ സമ്മര്‍ദത്തിലാക്കരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

പുറത്ത് നിന്ന് നോക്കുമ്പോള്‍ പോലീസ് ഒന്നും ചെയ്തിട്ടില്ല എന്ന് തോന്നുന്നത് സ്വഭാവികമാണ്. വിശദാംശങ്ങള്‍ പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് വിവരങ്ങള്‍ പരസ്യമാക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഷയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ ഗുരുതര വീഴ്ച. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ ജയലേഖ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഫോറന്‍സിക് വിഭാഗത്തിനുണ്ടായ വീഴ്ച കണ്ടെത്തിയത്.  വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിട്ടു.

മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജോ. ഡയറക്ടര്‍ ഡോ. ശ്രീകുമാരി, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ശശികല എന്നിവരടങ്ങുന്ന സംഘം നാളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി പരിശോധന നടത്തും. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പി.ജി വിദ്യാര്‍ഥികളാണെന്നും അസോഷ്യേറ്റ് പ്രൊഫസര്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികളില്‍ പൂര്‍ണമായും പങ്കെടുത്തില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ ബി.ജെ.പി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സന്ദര്‍ശിച്ച് ആശങ്ക അറിയിച്ചു. കേരളത്തിലെ ക്രമസമാധാനനില  തകര്‍ന്നതായി കമ്മീഷനെ അറിയിച്ചതായി സന്ദര്‍ശനത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ സ്ഥിതിഗതികളില്‍ ബി.ജെ.പി സംഘം ആശങ്ക അറിയിച്ചു. തിരഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍  അര്‍ധസൈനിക വിഭാഗത്തെ സംസ്ഥാനത്ത് വിന്യസിക്കണം. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ദളിത് വിഭാഗങ്ങള്‍ കടുത്ത അതിക്രമം നേരിടുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.

കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗഹ്ലോട്ട്, ദേശീയ വനിതാ കമീഷന്‍ അധ്യക്ഷ ലളിതാ കുമാരമംഗലം, പട്ടികജാതി കമീഷന്‍ ചെയര്‍മാന്‍ പി.എല്‍ പുനിയ തുടങ്ങിയവര്‍  ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചു. വിഷയം നാളെ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കേസിലെ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ലളിതാ കുമാരമംഗലം പറഞ്ഞു. രാജ്യത്തെ നടുക്കിയ സംഭവമാണിത്. ഇതില്‍ രാഷ്ട്രീയം കലത്തരുത്. പൊലീസ് അനാസ്ഥ ഡി.ജി.പിയെ അറിയിക്കുമെന്നും അവര്‍ പറഞ്ഞു.

ജിഷയുടെ മാതാവിന് ആവശ്യമായ സംരക്ഷണം നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി പുനിയ  മാധ്യമങ്ങളോട് പറഞ്ഞു. 

ജിഷയുടെ കൊലയാളികളെന്ന രീതിയില്‍ പോലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുണികൊണ്ട് മുഖംമറച്ച് പ്രദര്‍ശിപ്പിച്ചത് പോലീസുകാരെ തന്നെയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതികളെ പിടികൂടിയെന്ന രീതിയില്‍ പോലീസ് നാടകം കളിയ്ക്കുകയാണെന്ന് ദേശാഭിമാനി  റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇത്രയും ദിവസമായിട്ടും പൊലീസ് രേഖാചിത്രം വരച്ച് നടക്കുകയാണെങ്കില്‍ ഐ.പി.എസുകാര്‍ക്ക് പകരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ അന്വേഷണം ഏല്‍പിച്ചു കൂടെയെന്നും കോടിയേരി പരിഹസിച്ചു.

പെരുമ്പാവൂരിലേത് സാമൂഹ്യ ദുരന്തമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക് പോസ്റ്റ്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇതൊരു സാമൂഹ്യ ദുരന്തം; രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമല്ല

ഒരു കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷയുമായിരുന്ന ജിഷയുടെ മരണത്തിലൂടെ ആ കുടുംബത്തിനുണ്ടായ നഷ്ടം ഈ സര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെയും അതീവ ഗൗരവത്തോടെയുമാണ് പരിഗണിക്കുന്നത്. ഒറ്റപ്പെട്ടതും ക്രൂരവുമായ ഈ കൊലപാതകത്തെ ഒരു സാമൂഹ്യ പ്രശ്‌നമായാണ് കേരള ജനത കണ്ടത്. ആ അമ്മക്ക് സ്വാന്തനമേകാനും ആ കുടുംബത്തിന് സര്‍ക്കാരിനെക്കൊണ്ട് കഴിയുന്ന സഹായങ്ങള്‍ എത്തിക്കാനും എല്ലാ നടപടികളും സ്വീകരിച്ചു. മുമ്പും ആ കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ട്. ജിഷയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നത്. കുറ്റമറ്റതും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ എത്രയും പെട്ടെന്നുതന്നെ കണ്ടത്തെുകയും ഈ ഹീനകൃത്യം ചെയ്തവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യുമെന്ന ദൃഢനിശ്ചയത്തിലാണ് ഞാനും എന്റെ സര്‍ക്കാരും. ജിഷയുടെ മാതാവിനും സഹോദരിക്കും പൂര്‍ണമായ പിന്തുണ നല്‍കുന്നതിനും അവര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായ സുരക്ഷ ഉറപ്പാക്കാനും ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനു വേണ്ടിയുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു.

ഈ ദുരന്തം ഉണ്ടാകുന്നതിനു മുമ്പും ജിഷയുടെ കുടുംബത്തെ അനുഭാവപൂര്‍വം ഈ സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. വെള്ളപേപ്പറില്‍ എഴുതിത്തന്ന അപേക്ഷ പരിഗണിച്ച് നാലുലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക സഹായം ചെയ്തുകൊടുത്തവരാണ് ഈ സര്‍ക്കാര്‍. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്നവരെ കുറിച്ച് ചിന്തിക്കുകയും അവര്‍ക്കുവേണ്ടി ആത്മാര്‍ഥമായി നിലകൊള്ളുകയും ചെയ്യന്ന സര്‍ക്കാരാണിത്.

പക്ഷേ അസാധാരണമായ ഈ സാഹചര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിക്കുന്നത് ശരിയല്ല. ജിഷയുടെ അമ്മയുടെ വികാരത്തെപ്പോലും മാനിക്കാതെയുള്ള നടപടികള്‍ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക. ആ അമ്മയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുമ്പോള്‍ എനിക്കുണ്ടായ അനുഭവം ഹൃദയസ്പര്‍ശിയായിരുന്നു. പക്ഷേ ചിലര്‍ അവര്‍ക്കുണ്ടായ അനുഭവത്തെപ്പോലും രാഷ്ട്രീയ ലാഭത്തിനുവേണ്ടി മറച്ചുവയ്ക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുകയും പ്രതിക്കൂട്ടിലാക്കുകയുമാണ് ചെയ്തത്. നവമാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തുവന്ന ഒരു വീഡിയോ ദൃശ്യംതന്നെ അതിന്റെ സജീവമായ തെളിവാണ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനോട് സ്ഥലം എം.എല്‍.എയെ കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ രാജേശ്വരി അലമുറയിട്ടു പറഞ്ഞ പരാതികള്‍ എന്താണെന്ന് സമൂഹമാധ്യമങ്ങളിലൂടെ നാം കേട്ടതാണ്. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലുള്ള ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചശേഷം ശ്രീ. വി.എസ്.അച്യുതാനന്ദന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഞാന്‍ വായിച്ചു. അതില്‍ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത് ''കരളലിയിപ്പിക്കുന്ന ഒരുപാട് രംഗങ്ങള്‍ക്ക് ഞാന്‍ സാക്ഷ്യംവഹിച്ചിട്ടുണ്ട്. പക്ഷേ ജിഷയുടെ അമ്മയോട് ആശ്വാസവാക്കുകള്‍ക്കായി ഞാന്‍ ബുദ്ധിമുട്ടി''. എന്തുകൊണ്ടായിരുന്നു വി.എസ്.അച്യുതാനന്ദന്‍ ആശ്വാസ വാക്കുകള്‍ക്കായി ബുദ്ധിമുട്ടിയത് എന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലൂടെ നാമെല്ലാം കേട്ടതാണ്. ഈ വീഡിയോയിലൂടെ ജനം മനസിലാക്കിയ കാര്യങ്ങളായിരുന്നില്‌ളേ യഥാര്‍ഥത്തില്‍ വി.എസ്.അച്യുതാനന്ദനും ജനങ്ങളോടും മാധ്യമങ്ങളോടും പറയേണ്ടിയിരുന്നത്. എന്നാല്‍ അതിനെല്ലാം പകരം താല്‍കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി സര്‍ക്കാരിനെ വിമര്‍ശിക്കാനല്‌ളേ വി.എസ്.അച്യുതാനന്ദന്‍ ആ സന്ദര്‍ഭം വിനിയോഗിച്ചത്.

കേട്ട വസ്തുതകള്‍പോലും മറച്ചുവെച്ച് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനായി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ ശ്രമമാണ് ഈ വീഡിയോ ദൃശ്യം പുറത്തുവന്നതിലൂടെ വെളിവാക്കപ്പെട്ടത്. ഇതിനെ രാഷ്ട്രീയ മുതലെടുപ്പെന്നല്ലാതെ മറ്റെന്താണ് വിളിക്കുക. കേരളം മുഴുവന്‍ ജിഷയുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം ചേരുമ്പോള്‍ ഇത്തരത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ധാര്‍മികതക്കു ചേര്‍ന്നതാണോ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക