Image

അമ്മ (കവിത: തൊടുപുഴ കെ. ശങ്കര്‍)

Published on 05 May, 2016
അമ്മ (കവിത: തൊടുപുഴ കെ. ശങ്കര്‍)
അമ്മ! അപ്പദമെത്ര
പാവനമതല്ലയോ
നമ്മള്‍തന്‍ നാവിന്‍തുമ്പ-
ത്താദ്യമായ് സമ്മേളിപ്പൂ!

അമ്മ തന്‍ മുലപ്പാലോ-
ടൊപ്പമാ വാത്സല്യത്തിന്‍
അമൃതും സ്വദിയ്ക്കാത്ത
പൈതലേതിഹത്തിങ്കല്‍?

നിര്‍വ്വചിച്ചീടാനാവി-
ല്ലമ്മയില്‍ നിക്ഷിപ്തമാം
നിര്‍മ്മല സ്‌നേഹത്തിന്റെ
ശക്തിയും മഹത്വവും!

തുലനം ചെയ്യാനാവാ-
തമ്മ ചെയ്തീടും ത്യാഗ-
മുലകില്‍ നമുക്കെന്നും
മാര്‍ഗ്ഗദര്‍ശിയായ് നില്പൂ!

നിര്‍ണ്ണയിച്ചീടാനാവാ-
തമ്മയര്‍പ്പിപ്പൂ നമ്മി-
ലിമ്മഹിതലത്തിങ്ക-
ലെത്രയോ പ്രതീക്ഷകള്‍!

സന്തതം നമുക്കാത്മ-
ബന്ധുവും ആലംബവു-
മമ്മയെന്നോര്‍മ്മിയ്ക്കുമ്പോള്‍
കോള്‍മയിര്‍ക്കൊള്‍വൂ നമ്മള്‍!

നമ്മളേവരും ദൃശ്യ-
ദൈവമായാരാധിയ്ക്കും
"അമ്മ' യീജ്ജഗത്തിന്റെ
ദീപമായ് വിരാജിപ്പൂ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക