Image

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നയം വേണം: മന്ത്രി വേണുഗോപാല്‍

ലീല പീറ്റര്‍ Published on 31 January, 2012
നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നയം വേണം: മന്ത്രി വേണുഗോപാല്‍
ന്യൂഡല്‍ഹി: നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ ദേശീയ നയം രൂപവത്‌കരിക്കണമെന്ന്‌ കേന്ദ്ര ഊര്‍ജ്ജ വകുപ്പ്‌ സഹമന്ത്രി കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. നഴ്‌സിംഗ്‌ ജോലി സുരക്ഷിതവും, സേവന-വേതന വ്യവസ്ഥകള്‍ ആകര്‍ഷകവുമാക്കാന്‍ വ്യക്തമായ നയം വേണമെന്ന്‌ മന്ത്രി പറഞ്ഞു. നഴ്‌സിംഗ്‌ വെല്‍ഫയര്‍ അസോസിയേഷന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മാര്‍ത്ഥമായ സേവനം കൊണ്ട്‌ ലോകത്തിനുമുന്നില്‍ മലയാളികളുടെ മുഖമുദ്ര പതിപ്പിച്ച വിഭാഗമാണ്‌ മലയാളി നഴ്‌സുമാരെന്ന്‌ മന്ത്രി ചൂണ്ടിക്കാട്ടി. യൂറോപ്പിലും, അമേരിക്കയിലും, മധ്യേഷ്യയിലും മലയാളി നഴ്‌സുമാര്‍ വലിയ സാന്നിധ്യംകുറിച്ചു. പ്രവാസി സമൂഹത്തിലെ വലിയ വിഭാഗമാണ്‌ നഴ്‌സുമാര്‍. കേരളത്തിലെ തൊഴിലില്ലായ്‌മ പരിഹരിക്കുന്നതില്‍ നഴ്‌സുമാര്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഡല്‍ഹിയിലുള്‍പ്പടെ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ മലയാളി നഴ്‌സുമാരുടെ വന്‍ സാന്നിധ്യമുണ്ട്‌. എന്നാല്‍ വലിയ ചൂഷണങ്ങള്‍ക്ക്‌ ഇവര്‍ വിധേയരാകുകയാണ്‌. അടിമത്വത്തിനു തുല്യമായ രീതിയില്‍ നഴ്‌സുമാര്‍ ജോലി ചെയ്യുന്ന സ്ഥിതിയുണ്ട്‌.

ഗത്യന്തരമില്ലാതെ വന്നപ്പോഴാണ്‌ നഴ്‌സുമാര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ച്‌ സമരത്തിന്‌ തിരിഞ്ഞത്‌. ബത്ര ഹോസ്‌പിറ്റലിലെ നഴ്‌സുമാര്‍ സമരത്തിനിറങ്ങിയപ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി ശ്ശാഘനീയമായ നടപടികളാണ്‌ സ്വീകരിച്ചതെന്ന്‌ മന്ത്രി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ നഴ്‌സുമാരുടെ സ്ഥിതിയും ഭദ്രമല്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ആശുപത്രികളില്‍ നന്നായി ജോലി ചെയ്യുന്നവരും തീരെ ജോലി ചെയ്യാത്ത നഴ്‌സുമാരുമുണ്ട്‌. സര്‍ക്കാര്‍ മേഖലയില്‍ ജോലിയുടെ കാര്യത്തിലുണ്ടാകുന്ന ഈ മനോഭാവം മാറണം. രാജ്യത്തെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്‌ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും മാന്യമായ വേതനം നല്‍കേണ്ടതുണ്ട്‌. വിദേശ രാജ്യങ്ങളിലെ ആരോഗ്യമേഖലയിലേക്ക്‌ ചേക്കേറുന്നതില്‍ നിന്ന്‌ ഇവരെ തടയാനും രാജ്യത്തിന്‌ മുതല്‍ക്കൂട്ടുണ്ടാക്കുന്നതിനും ഇതുപകരിക്കും. മതിയായ ശമ്പളം നല്‍കി ഇവരെ ഇവിടെതന്നെ പിടിച്ചുനിര്‍ത്തിയാല്‍ രാജ്യത്തിന്‌ അത്‌ വലിയ നേട്ടമായിരിക്കും.

സ്വകാര്യ ആശുപത്രികള്‍ ന്യായമായ ലാഭം നേടുന്നതില്‍ തെറ്റില്ല. എന്നാല്‍ സ്വകാര്യ ആശുപത്രികള്‍ ബ്ലേഡ്‌ കമ്പനികളെപ്പോലെ പ്രവര്‍ത്തിക്കുന്നത്‌ അംഗീകരിക്കാനാവില്ലെന്ന്‌ മന്ത്രി പറഞ്ഞു. കേരളത്തിന്റെ ആരോഗ്യമേഖല ഇന്ന്‌ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്‌. കേരളത്തില്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്നു. മലയാളികള്‍ ഇന്ന്‌ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്നത്‌ മരുന്നുവാങ്ങുന്നതിനാണ്‌. അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശങ്ങളിലേക്ക്‌ ചേക്കേറാതെ ഡല്‍ഹിയില്‍തന്നെ സുഗമമായ രീതിയില്‍ ജോലി ചെയ്യാനുള്ള പരിതസ്ഥിതി ഉണ്ടാകണമെന്ന്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഉഷാ കൃഷ്‌ണകുമാര്‍ പറഞ്ഞു. അത്തരമൊരു സാഹചര്യം സൃഷ്‌ടിക്കുന്നതിനാണ്‌ അസോസിയേഷന്‍ മുന്‍ഗണന നല്‍കുന്നതെന്ന്‌ അവര്‍ വ്യക്തമാക്കി. കൂലിപ്പണിക്കാര്‍ക്ക്‌ കിട്ടുന്ന വേതനം പോലും നഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്നില്ലെന്ന്‌ ഉഷാ കൃഷ്‌ണകുമാര്‍ പറഞ്ഞു.

വര്‍ഷങ്ങളായി ചൂഷണത്തിന്‌ ഇരയായിട്ടുള്ള ഒരു വിഭാഗമാണ്‌ നഴ്‌സസ്‌ എന്ന്‌ വിന്‍സെന്റ്‌ ഇമ്മാനുവേല്‍ പ്രസ്‌താവിച്ചു. എല്ലാ രാജ്യങ്ങളിലേക്കും കുടിയേറാനുള്ള അവസരങ്ങള്‍ ഇല്ലാതായിരിക്കുന്നു എന്നും, ഇന്നത്തെ നഴ്‌സുമാരുടെ സമരങ്ങള്‍ നിലനില്‍പ്പിന്റെ ഭാഗം മാത്രമാകണമെന്നും വിന്‍സെന്റ്‌ ഇമ്മാനുവേല്‍ ഓര്‍മ്മിപ്പിച്ചു. നഴ്‌സുമാരുടെ സമര പരിപാടികളെ ഏകീകരിക്കാനും, പിന്തുണ അറിയിക്കാനുമാണ്‌ പിയാനോയുടെ പ്രതിനിധിയായി വിന്‍സെന്റ്‌ ഇമ്മാനുവേല്‍ ഡല്‍ഹി നഴ്‌സസ്‌ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്‌. ഓംചേരി എന്‍.എന്‍. പിള്ള, അഡ്വ. ജോസ്‌ ഏബ്രഹാം (പ്രവാസി ലീഗല്‍ സെല്‍), ലൈല പീറ്റര്‍ (ഡല്‍ഹി നഴ്‌സസ്‌ വെല്‍ഫയര്‍ അസോസിയേഷന്‍ സെക്രട്ടറി) തുടങ്ങിയവര്‍ സംസാരിച്ചു.
നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ദേശീയ നയം വേണം: മന്ത്രി വേണുഗോപാല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക