Image

അബൂദബിയില്‍ കനത്ത മൂടല്‍ മഞ്ഞ്‌; വിമാന സര്‍വീസുകളെ ബാധിച്ചു

Published on 31 January, 2012
അബൂദബിയില്‍ കനത്ത മൂടല്‍ മഞ്ഞ്‌; വിമാന സര്‍വീസുകളെ ബാധിച്ചു
അബൂദബി: രാജ്യത്തിന്‍െറ മിക്ക ഭാഗങ്ങളിലും ഇന്നലെ പുലര്‍ച്ചെ കനത്ത മൂടല്‍ മഞ്ഞുണ്ടായി. അബൂദബിയിലാണ്‌ ഏറ്റവും ശക്തമായ മഞ്ഞുണ്ടായത്‌. എന്നാല്‍, സിറ്റി മേഖലയില്‍ താരതമ്യേന കുറവായിരുന്നു. രാജ്യത്ത്‌ പലയിടങ്ങളിലും ദൂരക്കാഴ്‌ച പൂജ്യത്തിലേക്ക്‌ കുറഞ്ഞു.
മൂടല്‍ മഞ്ഞ്‌ അബൂദബിയില്‍ വിമാന സര്‍വീസുകളെ ബാധിച്ചു. ഇവിടെ നിന്ന്‌ യാത്ര തിരിക്കേണ്ടതും ഇവിടേക്ക്‌ വരുന്നതുമായ 60ഓളം സര്‍വീസുകള്‍ക്കാണ്‌ തടസ്സമുണ്ടായത്‌. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 സര്‍വീസുകള്‍ റദ്ദാക്കേണ്ടിവന്നു. അതേസമയം, ഏതാണ്ട്‌ ഇത്രയും സര്‍വീസുകള്‍ മറ്റിടങ്ങളിലേക്ക്‌ തിരിച്ചുവിടുകയും ചെയ്‌തു. ദുബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ്‌ വിമാനങ്ങള്‍ തിരിച്ചുവിട്ടത്‌.

ജെറ്റ്‌ എയര്‍വെയ്‌സ്‌, ഇത്തിഹാദ്‌, കുവൈത്ത്‌ എയര്‍വെയ്‌സ്‌, മിഡിലീസ്റ്റ്‌ എയര്‍ലൈന്‍സ്‌, വെര്‍ജിന്‍ ആസ്‌ട്രേലിയ, എയര്‍ ന്യൂസിലാന്‍റ്‌, താപ്‌ പോര്‍ച്ചുഗല്‍, ഉക്രെയിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ്‌, ശഹീന്‍ എയര്‍ലൈന്‍സ്‌, അമേരിക്കന്‍ എയര്‍ലൈന്‍സ്‌, ഫിലിപ്പീന്‍സ്‌ എയര്‍ലൈന്‍സ്‌, ഒളിമ്പിക്‌ എയര്‍, ബാങ്കോക്ക്‌ എയര്‍വെയ്‌സ്‌, അലിറ്റാലിയ തുടങ്ങിയവയുടെ സര്‍വീസുകളെയാണ്‌ പ്രതികൂല കാലാവസ്ഥ ബാധിച്ചത്‌.

പുലര്‍ച്ചെ രണ്ടു മുതലാണ്‌ കനത്ത തോതില്‍ മൂടല്‍ മഞ്ഞ്‌ അനുഭവപ്പെട്ടത്‌. ദൂരക്കാഴ്‌ച തീരെ കുറഞ്ഞ സാഹചര്യത്തില്‍ പല വിമാന സര്‍വീസുകളും റദ്ദാക്കുകയായിരുന്നു. രാവിലെ 6.40ന്‌ ഹൈദരാബാദില്‍നിന്ന്‌ അബൂദബിയിലെത്തേണ്ട ജെറ്റ്‌ എയര്‍വെയ്‌സിന്‍െറ ഒമ്പത്‌ ഡബ്‌ളിയു. 6119 വിമാനം തിരിച്ചുവിട്ടു. ജെറ്റിന്‍െറ മുംബൈ വിമാനവും (ഒമ്പത്‌ ഡബ്‌ളിയു. 6100) തിരിച്ചുവിട്ടു. ഈ വിമാനം രാവിലെ ഏഴിന്‌ എത്തേണ്ടതായിരുന്നു. എയര്‍ ഇന്ത്യ വിമാനങ്ങളെ പ്രശ്‌നം ബാധിച്ചില്ല. ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത്‌, ഖത്തര്‍ എന്നീ ഗള്‍ഫ്‌ രാജ്യങ്ങളില്‍നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടു. സിഡ്‌നി, ജനീവ, ലണ്ടന്‍ ഹീത്രു, ഫ്രാങ്ക്‌ഫര്‍ട്ട്‌, ഡബ്‌ളിന്‍, പാരിസ്‌, ലാഹോര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കുകയോ തിരിച്ചുവിടുകയോ ചെയ്‌തു. കുവൈത്തില്‍നിന്ന്‌ രാവിലെ 6.40ന്‌ എത്തേണ്ടിയിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ്‌, ഉക്രെയിന്‍ ഇന്‍റര്‍നാഷനല്‍ എയര്‍ലൈന്‍സ്‌, കുവൈത്ത്‌ എയര്‍വെയ്‌സ്‌ വിമാനങ്ങള്‍ റദ്ദാക്കി. കുവൈത്തില്‍ നിന്നുള്ള ഇത്തിഹാദ്‌ വിമാനവും റദ്ദാക്കേണ്ടിവന്നു.

7.30ന്‌ ബഹ്‌റൈനില്‍നിന്ന്‌ എത്തേണ്ടിയിരുന്ന ഇത്തിഹാദ്‌ വിമാനത്തിന്‌ പുറമെ അവിടെ നിന്നുള്ള മറ്റു രണ്ടു വിമാനങ്ങളും റദ്ദാക്കി. ഇത്തിഹാദിന്‍െറ ദോഹ വിമാനവും സര്‍വീസ്‌ നടത്തിയില്ല. ലാഹോറിലേക്ക്‌ പുലര്‍ച്ചെ 1.25നുള്ള ശഹീന്‍ എയര്‍ലൈന്‍സ്‌ വിമാനം വൈകി. മ്യൂണിച്ച്‌, ബാങ്കോക്ക്‌ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വിമാനങ്ങളും വൈകി.

രാവിലെ അബൂദബി വിമാനത്താവളത്തിലെ താപനില 11.9 ഡിഗ്രി സെല്‍ഷ്യസായിരുന്നു. ദുബൈ, ഷാര്‍ജ വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ പതിവുപോലെ നടന്നതായാണ്‌ റിപ്പോര്‍ട്ട്‌.
കനത്ത മൂടല്‍ മഞ്ഞ്‌ അബൂദബി ഉള്‍പ്പെടെ പലയിടങ്ങളിലും റോഡ്‌ ഗതാഗതത്തെയും ബാധിച്ചു. അബൂദബിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും അബൂദബിഅല്‍ഐന്‍ ഹൈവേയിലും ദൂരക്കാഴ്‌ച തടസ്സപ്പെട്ടത്‌ െ്രെഡവര്‍മാര്‍ക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചു. ജബല്‍ അലി ഉള്‍പ്പെടെ രാജ്യത്തെ മറ്റു പ്രദേശങ്ങളിലും വാഹനം ഓടിക്കാന്‍ പ്രയാസം നേരിട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക