Image

നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍മുടിയില്‍ (സുധീര്‍ പണിക്കവീട്ടില്‍)

Published on 14 May, 2016
നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍മുടിയില്‍ (സുധീര്‍ പണിക്കവീട്ടില്‍)
പൊതുജനം കഴുതയാണെന്നും കന്നിപ്പട്ടിയാണെന്നും കേള്‍ക്കുന്നത്‌കൊണ്ട് അയാള്‍ ആള്‍ക്കൂട്ടത്തില്‍ നിന്നകന്ന് കഴിഞ്ഞു. കന്നിപ്പട്ടികള്‍ ഇണചേരുന്നതും കടിപിടി കൂടുന്നതും പാവം കഴുതകള്‍ വല്ലവന്റേയും വിഴുപ്പ് താങ്ങി നടക്കുന്നതും എന്തിനു കാണുന്നു എന്ന ന്യായമായ ചിന്ത. കാമം കരഞ്ഞ് കളയുന്ന കഴുതകളേയും വര്‍ഷത്തില്‍ ഒരു മാസം കാമം ആസ്വദിക്കുന്ന പട്ടികളേയുമൊക്കെ വല്ലപ്പോഴും കാണണമെന്നും സമൂഹത്തിലെ ചലനങ്ങള്‍ ഒരു വ്യക്തിയെന്ന നിലക്ക് മനസ്സിലാക്കേണ്ടത് ആവശ്യമാണെന്നുമുള്ള മഹദ് വചനങ്ങളെ മാനിച്ച് പ്രസ്തുത വ്യക്തി ഒരു സിനിമ കാണാന്‍ പോയി.

വിവിധ തരത്തിലുള്ള ധാരാളം പേര്‍ ഒത്ത് കൂടുന്ന ഒരു സദസ്സാണല്ലോ സിനിമഹാള്‍. അയാള്‍ എത്തിയപ്പോഴേക്കും സിനിമ തുടങ്ങിക്കഴിഞ്ഞു. രണ്ടു് വരികളായി ഇരിക്കുന്ന പ്രേക്ഷകരുടെ നടുവിലൂടെ അയാള്‍ നടന്നു. സെക്യൂരിറ്റി ചൂണ്ടിക്കാട്ടിയ സീറ്റിന്നടുത്ത് എത്തി അയാള്‍ ഇരിക്കാന്‍ വയ്യാതെ നിന്നു. സീറ്റില്‍ മുന്‍ നിരയില്‍ ഇരിക്കുന്ന സ്ര്തീയുടെ നീണ്ട മുടിക്കെട്ട് കയറിയിരിപ്പുണ്ട്.ഒരു മുല പറിച്ചെറിഞ്ഞ് മറ്റേ മുല തോളത്തിട്ടിരിക്കുന്ന കര്‍ണ്ണകിയെപോലെ തന്റെ നീണ്ട ചുരുണ്ട മുടിയുടെ അറ്റം പിന്നിലെ ഒഴിഞ്ഞ സീറ്റില്‍ വച്ച് പ്രൗഡാംഗന ഇരിക്കുകയാണു്. അവരുടെ ശ്രദ്ധ മുഴുവന്‍ വെള്ളിത്തിരയില്‍ മിന്നിത്തിളങ്ങുന്ന താരങ്ങളിലാണു്. താരങ്ങളാകട്ടെ ഏതൊ യുഗ്മഗാനം പാടിതകര്‍ക്കുകയാണു്. ഇരിക്കാന്‍ താമസിക്കുന്നത്‌കൊണ്ട് അയാള്‍ മറ്റ് കാണികള്‍ക്ക് മുന്നില്‍ തടസ്സമാകുകയാണു. അവര്‍ അമര്‍ഷം മൂളാന്‍ തുടങ്ങി. സെക്യൂരിറ്റി ഉഗ്രസ്വരത്തില്‍ കല്‍പ്പിച്ചു. "സിറ്റ് ഡൗണ്‍'

അയാള്‍ പാമ്പിനെ തൊടുന്നപോലെ ആ കേശഭാരക്കെട്ട് പതുക്കെ താഴേക്കിട്ട് സീറ്റില്‍ കയറിയിരുന്നു. തറയില്‍ മുട്ടുന്ന മുടിയഴിച്ചിട്ടിരിക്കുന്ന പ്രൗഡാംഗന ആനയെപ്പോലെ പതുക്കേ ഒന്നനങ്ങി. സിനിമയിലെ നായിക-നായകന്മാര്‍ കെട്ടിപിടിക്കുകയും പ്രേമാര്‍ദ്രമായ സംഭാഷണങ്ങളില്‍ പ്രേക്ഷകരെ പുളകം കൊള്ളിക്കുകയുമാണു്. അയാളും ആ രംഗങ്ങളില്‍ ആസ്വദിച്ചിരിക്കവെ ഓര്‍ക്കാപ്പുറത്ത് അയാളുടെ കവിളില്‍ ഒരടി വീണു. കുതിരയും, പശുവുമൊക്കെ വാല്‍ ആട്ടുന്നപോലെ മുന്നിലിരിക്കുന്ന പ്രൗഡംഗന അവരുടെ മുടി പുറകിലോട്ട് എറിഞ്ഞതാണു. മുടിയിഴകള്‍ അയാളുടെ കവിളില്‍ തട്ടി ചിതറി താഴെ ഉരുണ്ട് പിരിഞ്ഞ് വീണു.

സിനിമ തുടര്‍ന്നുകൊണ്ടിരുന്നു. ഇതൊക്കെ സിനിമ കാണലിന്റെ ഒരു ഭാഗമാണെന്ന് ധാരിച്ച് അയാള്‍ സ്ക്രീനില്‍ നോക്കിയിരിക്കവെ ആ "കറുത്ത കൈ' അയാളുടെ കവിളിലും കണ്ണിലും ചെവിയിലും ചുറ്റിയടിച്ച് തറയില്‍ കിടന്ന് ഇഴഞ്ഞു. അവര്‍ ഓരൊ തവണ മുടിക്കെട്ട് എറിയുമ്പോഴും ആ ചികുരഭാരം പ്രസ്തുത വ്യക്തിയുടെ മുഖത്താകെ ആഞ്ഞടിക്കും. ശകലം വേദനയും അയാള്‍ക്കനുഭവപ്പെടാന്‍ തുടങ്ങി. അതിനേക്കാള്‍ ഉപരി പരസ്ര്തീയുടെ മുടി കൊണ്ടുള്ള സ്പര്‍ശനം അത്രക്ക് സുഖകരമായി തോന്നിയില്ല. അയാളുടെ പതിനാറാം വയസ്സൊക്കെ എന്നേ കഴിഞ്ഞ്‌പോയി. ആ പ്രായത്തില്‍ ഇത്തരം മുടി ചുംബനങ്ങള്‍ ഒരു പക്ഷെ ഹര്‍ഷപുളകിതമാകുമായിരിക്കും. തന്നേയുമല്ല വടക്കന്‍ പാട്ടുകളിലെ വീരനായകന്‍ പാലാട്ട് കോമനെപോലെ ഒരു പെണ്ണിന്റെ മുടിക്കുള്ളില്‍ ഒളിച്ച് നില്‍ക്കാന്‍ അയാള്‍ അവരെ പ്രേമിക്കുന്നവനുമല്ലല്ലൊ? ഓരോ ചിന്തകളില്‍ അയാള്‍ ആണ്ടുപോകുമ്പോഴും ഇടക്കിടെ "മുടിയാട്ടം'' തുടര്‍ന്നുകൊണ്ടിരുന്നു. അയാള്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. "ദൈവമേ ഈ മുടിയാട്ടം എന്തിന്റെ കൊടിയേറ്റമാണു? ഈ സ്ര്തീക്കറിയില്ലേ അവര്‍ക്ക് നീണ്ട് ചുരുണ്ട മുടിയുണ്ടെന്ന്, അത് പുറകിലോട്ട് എറിഞ്ഞാല്‍ പുറകിലിരിക്കുന്നവരുടെ ദേഹത്ത്് ആഞ്ഞ് പതിക്കുമെന്ന്. വെള്ളിത്തിരയില്‍ പ്രേമരംഗങ്ങള്‍ക്ക് ചൂട് പിടിക്കുന്നതനുസരിച്ച് "മുടിവാല്‍'' അയാളുടെ കവിളിലും കണ്ണിലും പൊതിരെ പെരുമാറാന്‍ തുടങ്ങി.

നിസ്സഹായനായ അയാള്‍ ഇരുപുറവും നോക്കി. എല്ലാവരും ശാന്തമായിരുന്ന് മൂവി ആസ്വദിക്കുകയാണു. തന്റെ മുമ്പില്‍ ഈ കുരിശ്ശ് എങ്ങനെ വന്നുപ്പെട്ടു എന്നാലോചിച്ച് അയാള്‍ ദു:ഖിച്ചു, കാര്യം അവരെ ധരിപ്പിക്കാന്‍ വേണ്ടി അയാള്‍ "മിസ്'' എന്നു വിളിച്ചു. വീണ്ടും വിളിച്ചു. യാതൊരു പ്രതികരണവുമില്ല. തന്റെ അടുത്തിരിക്കുന്നവര്‍ പോലും ശ്രദ്ധിക്കുന്നില്ല. സിനിമയുടെ ഇന്ദ്രജാലം. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ആളുകള്‍ ഒന്നുമറിയുന്നില്ല. എല്ലാവരും നടീനടന്മാരുടെ പ്രകടനങ്ങളില്‍ ലയിച്ചിരിക്കുയാണു്. സംവിധായകനു അഭിമാനിക്കാം.

അയാളുടെ ചെകിട്ടത്ത് വീണ്ടും മുടിവാല്‍ കൊണ്ട് ഒരു പ്രഹരം കൂടി കിട്ടി. അയാള്‍ "എക്‌സ്യൂസ് മി'' എന്നു പതറിയ ശബ്ദത്തില്‍ പറഞ്ഞു. കവിളുകള്‍ പതുക്കെ തലോടി. കോളേജ് കുമാരനായിരുന്നകാലത്ത് എത്രയോ സുന്ദരിമാര്‍ ചുംബിച്ച കവിളാണു്. അവിടെയാണു അപരിചിതയായ ഒരു സ്ര്തീയുടെ മുടി വന്ന് കൊള്ളുന്നത്. "ഛെ അയാള്‍ തന്നത്താന്‍ ശപിച്ചു. എന്തു ചെയ്യണമെന്നറിയാതെ പരവശനായി. ഇക്കണക്കിനു മുടിവാല്‍ പ്രഹരം തുടങ്ങുകയാണെങ്കില്‍ സിനിമ കഴിയുമ്പോഴേക്കും തന്റെ കവിള്‍ ഒരു പരുവമാകും. മുടിവന്നടിച്ച് അയാളുടെ കണ്ണുകള്‍ ചുവന്നു. ഇടവേളയായെങ്കില്‍ സീറ്റ് മാറാമെന്നാശ്വസിച്ചു. എന്നാല്‍ അത് വരെ ഈ പീഡനം സഹിക്കുന്നതെങ്ങിനെ? വിളിച്ചിട്ടാണെങ്കില്‍ ആ സ്ര്തീ ശ്രദ്ധിക്കുന്നില്ല.

അയാള്‍ ധൈര്യം സംഭരിച്ച് മുന്നോട്ടാഞ്ഞ് പതുക്കെ അവരുടെ തോളില്‍ തട്ടി. അയാളുടെ കൈപ്പത്തിയുടെ പകുതി ഭാഗം ബ്ലൗസ് മറക്കാത്ത അവരുടെ നഗ്നമായ തോളിലാണു തട്ടിയത്. പാതിവ്രത്യഭംഗം, പരപുരുഷ സ്പര്‍ശനം. അവര്‍ ഉണ്ണിയാര്‍ച്ചയെപ്പോലെ എഴുന്നേറ്റ് തിരിഞ്ഞ് നിന്നു. ഉടനെ ഇടവേളയുടെ ലൈറ്റും കത്തി. അപ്പോള്‍ തെളിഞ്ഞ ദീപത്തില്‍ അവര്‍ പരസ്പരം കണ്ടു. അവര്‍ തന്റെ മുടിവാല്‍ പുറകോട്ടിട്ട് സാരി അരയില്‍ കുത്തി മാന്യമായി അലറി. " താന്‍ എന്നെ തൊട്ടു അല്ലേ'' തനിക്കെന്തിന്റെ അസുഖമാണു്. കുറെ നേരമായി ഞാന്‍ ശ്രദ്ധിക്കുന്നു. താന്‍ വന്നിരുന്ന നേരം തൊട്ട് "ശ്ശ്'' എന്ന വിളിയും എന്റെ മുടിയില്‍ പിടിച്ച് വലിയും.

സ്തീയുടെ ആരോപണം കേട്ട്, അയാള്‍ വല്ലാതാകുമ്പോള്‍ അവരുടെ ഭര്‍ത്താവ് അവരെ നോക്കി ആരാധനപൂര്‍വ്വമിരുന്നു. ഇടവേളക്ക് പുറത്ത് പോകാന്‍ തീരുമാനിച്ചവര്‍ തല്‍ക്കാലം പുറത്ത് പോകണ്ട എന്താണു സംഭവിക്കുന്നതെന്നറിയാമല്ലോ എന്നു കരുതി അവിടെ തങ്ങി നിന്നു. ഒരു പെണ്‍കോന്തന്‍ ആ സ്ര്തീയുടെ വക്കാലത്ത് പിടിക്കാന്‍ അവിടെ പ്രത്യക്ഷപ്പെട്ടു.

അയാള്‍ പറഞ്ഞു. നാട്ടില്‍ പെണ്ണുങ്ങള്‍ക്ക് ബസ്സില്‍ കയറിക്കൂടാ, പൊതു സ്ഥലങ്ങളില്‍ നടന്നുകൂടാ.. എന്താ. ഇവിടെ അമേരിക്കയിലും അങ്ങനെ ആകാമെന്നു കരുതിയോ? അത് കേട്ട് സ്ര്തീ പറഞ്ഞു . നോക്കട്ടെ എന്റെ സാരിയെങ്ങാന്‍ വ്രുത്തികേടോയെന്ന്, അത് കേട്ട് ചുറ്റും കൂടിയവര്‍ പൊട്ടിച്ചിരിച്ചു.

കുറ്റം ആരോപിക്കപ്പെട്ട വ്യക്തി സത്യാവസ്ഥ വിവരിക്കാന്‍ വേണ്ടി "നിങ്ങളുടെ മുടി'' എന്ന് തുടങ്ങവേ ഇടയില്‍ കയറി സ്ര്തീ വീണ്ടും അലറി.

"എന്താടോ എന്റെ മുടിക്ക്''

അവരുടെ തട്ടിക്കയറല്‍ അയാളെ നിസ്സഹായനാക്കി. അയാള്‍ ആവര്‍ത്തിച്ചു. "നിങ്ങളുടെ മുടി പുറകോട്ട് എറിയുമ്പോള്‍ അത് എന്റെ മുഖത്താണു് വന്നടിച്ചിരുന്നത്. വിവരം നിങ്ങളെ അറിയിക്കാന്‍ ഞാന്‍ "മിസ്സ്, മിസ്സ്'' എന്നു വിളിച്ചതാണു. നിങ്ങള്‍ പറഞ്ഞ്‌പ്പോലെ "ശ്ശ്, ശ്ശ് '' എന്നല്ല. നിങ്ങള്‍ ശ്രദ്ധിക്കാതെ വന്നപ്പോള്‍ "എക്‌സ്യൂസ് മി'' എന്നും പറഞ്ഞു നോക്കി.

അവര്‍ വായ്‌കോട്ടി പരിഹസിച്ചു. " എക്‌സ്യുസ് മി''... ഊം മാപ്പ് ചോദിച്ച്‌കൊണ്ട് മറ്റൊരുത്തന്റെ ഭാര്യയെ കയറി പിടിക്കുന്ന താന്‍ കൊള്ളാമല്ലോ? താന്‍ എവിടത്ത്കാരനാ...

ആളുകള്‍ കൂട്ടച്ചിരി മുഴക്കി രംഗത്തിനു കൊഴുപ്പുണ്ടാക്കി. സത്യാവസ്ഥ എങ്ങനെ മനസ്സിലാക്കുമെന്നറിയാതെ അയാള്‍ കുഴഞ്ഞു. അയാള്‍ ധൈര്യം സംഭരിച്ച് "സിസ്റ്റര്‍ എന്നു വിളിച്ചു''

ഞാന്‍ തന്റെ സിസ്റ്ററോ? അതോ ഞാന്‍ നേഴ്‌സാണന്നാണോ? നേഴ്‌സ്മാരോട് എന്തും ആകാമെന്നാണോ? വേല കയ്യിലിരിക്കട്ടെ മനുഷ്യാ.. അവരുടെ ഭര്‍ത്താവ് ഭാര്യയുടെ പ്രകടന മിഴിവുകണ്ട് അന്തം വിട്ടിരിക്കുകയാണു. മലയാളത്തിലെ പ്രസിദ്ധ നടിമാര്‍ ശോഭനയേയും മജ്ഞു വാര്യരേയും കടത്തി വെട്ടുന്ന പ്രകട നം.

മുടികൊണ്ടടികൊണ്ട മനുഷ്യന്‍ ആണയിട്ട് പറഞ്ഞു " ഞാന്‍ ഒരനാവശ്യവും പറഞ്ഞില്ല, ചെയ്തില്ല, നിങ്ങള്‍ കൂടെ കൂടെ മുടികൊണ്ട് എന്റെ മുഖത്തേറിഞ്ഞു വേദനിപ്പിക്കുകയായിരുന്നു. അയാള്‍ അവരുടെ ഭര്‍ത്താവിന്റെ മുഖത്തേക്ക് ആശയോടെ നോക്കി. എന്നാല്‍ അയാള്‍ ഒന്നും മിണ്ടുന്നില്ല. സ്ര്തീ ഈറ്റ പുലിയെപോലെ ചീറ്റുകയാണു്. ഞാന്‍ ആദ്യമായിട്ടല്ല സിനിമിയക്ക് പോകുന്നത്. എന്റെ മുടി എനിക്ക് പതിമ്മൂന്ന് വയസ്സ് മുതല്‍ ഉള്ളതാണു് കുഴപ്പക്കാരന്‍ താനാണു്. അപ്പോഴേക്കും ഇടവേള അവസാനിച്ചു. ലൈറ്റണഞ്ഞു. സെക്യൂരിറ്റി വന്ന് ആ പാവം മനുഷ്യനെ പൊക്കിയെടുത്ത് പുറത്ത് തള്ളി.

അവിടെ വേറൊരാള്‍ വന്നിരുന്നു. അയാള്‍ക്ക് ആ മുടിയേറു് ആസ്വാദജനകമായിരുന്നു. ഷാമ്പൂവിന്റെ മണമുള്ള നല്ല മിനുസമുള്ള മുടി. അയാള്‍ അതിനെ കവിളോട് ചേര്‍ത്ത് പിടിച്ചു. അയാളുടെ മടിത്തട്ടില്‍ ആ മുടിക്കെട്ട് ഇടക്കിടെ കയറിയിരുന്ന് കൊഞ്ചി. ഓരോ തവണ അവര്‍ മുടി എടുത്തെറിയുമ്പോഴും അയാള്‍ അതില്‍ പിടിച്ച് പാടി... "നിന്‍ തുമ്പ് കെട്ടിയിട്ട ചുരുള്‍മുടിയില്‍ തുളസി കതിരില ചൂടി തുഷാര ഹാരം മാറില്‍ ചാര്‍ത്തി താരുണ്യമേ നീ വന്നു''

അങ്ങനെ ആ മുടിക്കെട്ടില്‍ അയാള്‍ താടിയും മുഖവും ഉരസി രസിക്കവേ സ്ര്തീയുടെ ഭര്‍ത്താവ് പുറകിലേക്ക് തിരിഞ്ഞ് നോക്കി. രംഗം കണ്ടപ്പോള്‍ അയാള്‍ക്ക് സത്യാവസ്ഥ മനസ്സിലായി. അയാള്‍ ഭാരയുടെ കവിളില്‍ ഒന്ന് പൊട്ടിച്ചു. "എടീ, നിന്റെ തലമുടി നിന്റെ തലയിലാണു് ഇരിക്കേ ണ്ടത്, അയല്‍ക്കാരന്റെ മടിയിലല്ല. അയാള്‍ അവരേയും കൊണ്ട് പുറത്ത് വന്നപ്പോള്‍ ആദ്യമായി വീട്ടില്‍ നിന്നിറങ്ങിയ, സിനിമ മുഴുവന്‍ കാണാന്‍ കഴിയാതെ പുറത്ത് പോകേണ്ടി വന്ന ആള്‍ അവിടെ നിന്നിരുന്നു. സ്ര്തീയുടെ ഭര്‍ത്താവ് അയാളോട് പറഞ്ഞു."ക്ഷമിക്കണം, മിസ്റ്റര്‍''.

ശുഭം
Join WhatsApp News
വെങ്കി. 2016-05-14 09:07:07
കണ്ടിട്ട് സാഹിത്യകാരന്‍ ഈ അടുത്തിടെ എങ്ങും നല്ല ഒരു തീയേറ്ററില്‍ സിനിമ കണ്ട ലക്ഷണം ഇല്ല. സീറ്റിംഗ് അറേഞ്ച് ഒക്കെ മാറി ഭായി.
വിദ്യാധരൻ 2016-05-14 18:26:59
മന്ദ്രമതുരമായ ഒരു ഗാനത്തിന്റെ ഓർമകളെ ഉണർത്തി എഴുത്ത് കാരൻ ഒരു കഥ നെയ്യതെടുത്തപ്പോൾ അത് ഈ വായനക്കാരനെ കൂട്ടികൊണ്ടുപോയത് ഓലകെട്ടിയ ഒരു സിനിമാശാലയിൽ ഇരുന്നു 'ശാലിനി എന്റെ കൂട്ടുകാരി' എന്ന സിനിമ കണ്ട ഒര്മയിലാണ്. എഴുത്ത് കാരന്റെ വായനാപാടവം, രസികത്വം,  കേരളത്തിലെ ചില പുരുഷന്മാരുടെ വികലമായ ലൈഗംഗികതയുടെ അസാന്ദര്‍ഭികമായ പ്രകടനങ്ങൾ, അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന നിരപരാതികൾ,  സത്യം എന്തെന്നറിയാതെ പ്രതികരിക്കുന്ന മനുഷ്യസ്വഭാവം, എന്നിങ്ങനെ പല ഘടകങ്ങളെയും കൂട്ടി ചേർത്ത് നല്ലൊരു സൃഷ്ടി നടത്തിയിരിക്കുന്നു.  ഭാര്യയുടെ പെരുമാറ്റത്തിൽ അഭിമാനം തോന്നുന്ന ഭർത്താവിനെക്കുറിച്ച് വായനക്കാർക്ക് മുൻവിധിതോന്നുന്നെങ്കിലും ഒടുവിൽ തെറ്റ് തിരുത്തി മാപ്പ് ചോദിക്കുന്ന അദ്ദേഹത്തോട് ബഹുമാനവും തോന്നുന്നു. സാധാരണയിൽ നിന്ന് വിഭിന്നമായ ഒരു സമാപ്തി.  നല്ലൊരു രചനക്ക് അഭിനന്ദനം 

സുന്ദരി സുന്ദരീ ......
നിൻ തുമ്പു കെട്ടിയിട്ട ചുരുൾമുടിയിൽ 
തുളസി തളിരില ചൂടി 
തുഷാര ഹാരം മാറിൽ ചാർത്തി 
താരുണ്യമെ നീ വന്നു (നിൻ തുമ്പു...)

സുതാര്യസുന്ദര മേഘങ്ങളലിയും 
നിതാന്ത നീലിമയിൽ (സുതാര്യ.)
ഒരു സുഖശീതള ശാല്യന്യത്തിൽ 
ഒഴുകി ഞാനറിയാതെ 
ഒഴുകി ഒഴുകി ഞാനറിയാതെ
സുന്ദരി (നിൻ തുമ്പു...)

മൃതാന്ത  തരളിത വിണ്മയകിരണം 
മഴയായി തഴുകുമ്പോൾ ( മൃദാന്ദ)
ഒരു സരസീരുഹ സൗപർണ്ണികയിൽ 
ഒഴുകി ഞാനറിയാതെ 
ഒഴുകി ഒഴുകി ഞാനറിയാതെ
സുന്ദരി (നിൻ തുമ്പു...)  ( എം ഡി രാജേന്ദ്രന്റെ മനോഹരമായ രചനക്ക്  ദേവരാജ -സംഗീതം )

സരസി =തടാകം, രൂഹം =മുളയ്കുന്ന , സൗപർണ്ണിക = താമരപ്പൊയ്ക.

vayanakaran 2016-05-15 03:17:32
ഏതാണ്ടു ഇതേപോലെ ഒരു സംഭവം ന്യുയോര്ക്കിലെ ഒരു തിയ്യെറ്റരിൽ വർഷങ്ങൾക്ക് മുമ്പ്
ഉണ്ടായതായി കഥാകൃത്ത് പറയുകയും ഒരു
കഥക്ക് സ്കോപ്പ് ഉണ്ടെന്ന് അദ്ദേഹം
സൂചിപ്പിക്കുകയും ചെയ്തത് ഓര്മ്മ വരുന്നു.
അതിനു ശേഷമാണത്രെ അമേരിക്കൻ മലയാളി
വനിതകൾ മുടി കഴുത്തിനൊപ്പം വച്ച്
മുറിച്ച് കളഞ്ഞത്. 

I got you 2016-05-15 05:52:41
സിനിമാ തീയേറ്റർ മാറിയെങ്കിലും വെങ്കിയെപ്പൊലെ മലയാളിയുടെ സ്വാഭാവം മാറിയിട്ടില്ലല്ലോ ?

G. Puthenkurish 2016-05-15 07:32:39
An excellent work from Mr. Sudher Panikkaveettil capturing the essence of the topic and mixing with humor  for a flawless reading.  congratulations!
a reader 2016-05-15 08:05:44
vayanakaran always has deep insights about the stories sudheer writes :-)
SchCast 2016-05-16 07:49:33
A beautiful piece of literature. Sudheer is excelling in rendition of an incident (story) in quite enjoyable and flowing words. Never thought a malayalee living in foreign for a long time can bring out the essence of prose from the depth of creative mines. Prof. M. Krishnan Nair sir should have had the chance to read and critique this article. The humor hits the 'bulls-eye' and make it even more interesting! Vidhyadharn's poem completes the thrill of this hit piece! Congratulations.
സരസന്‍ 2016-05-16 08:00:56
Sch Cast പതുക്കെ സുദീരിനെയും വിധ്യടരനെയും  മാണി അടിക്കാന്‍ തുടങ്ങി 
വെളിച്ചപാട്  തുള്ളല്‍  നിര്‍ത്തി  മാണി കിലുക്കു 
നാരദർ 2016-05-16 10:19:07
സ്കെട്യൂൽ കാസ്റിനെ കൊല്ലാൻ ജനിച്ച നരകാസുരനാണ് അന്തപ്പൻ . അന്തപ്പന് ഒരു കോഴിവെട്ട് പൂജ നടത്തുക.  വെളിചാപ്പാടിനെക്കൊണ്ട് ഒന്ന് തുള്ളിക്കുകയും കൂടി ചെയ്യിപ്പിച്ചാൽ സരസനെപ്പോലെയുള്ളവർക്ക് അങ്ങനെ നോക്കി നിന്ന് രസിക്കാം . സ്കെട്യൂൽ കാസ്റിനു പ്രസവവേദന സരസനു രസം ! എന്തൊരു കാലമാടാ ഇത്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക