Image

ഖാദി സില്‍ക്ക്‌ ഫെസ്റ്റ്‌: സംസ്ഥാന ഖജനാവില്‍ നിന്ന്‌ കോടികള്‍ ചോരുന്നു

അനില്‍ പെണ്ണുക്കര Published on 01 February, 2012
ഖാദി സില്‍ക്ക്‌ ഫെസ്റ്റ്‌: സംസ്ഥാന ഖജനാവില്‍ നിന്ന്‌ കോടികള്‍ ചോരുന്നു
തിരുവനന്തപുരം: ഖാദി സില്‍ക്ക്‌ ഫെസ്റ്റിന്റെ സംഘാടനത്തിലൂടെ സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്ന്‌ വര്‍ഷം തോറും കോടികള്‍ ചോരുന്നതായി ആക്ഷേപം ഉയരുന്നു. സംസ്ഥാനത്തെ ഖാദി വ്യവസായമേഖലയെ പോഷിപ്പിക്കാന്‍ എന്ന പേരില്‍ ചെലവിടുന്ന ഈ തുക അധികവും പ്രയോജനപ്പെടുന്നത്‌ അന്യസംസ്ഥാനങ്ങളിലെ കുത്തകകള്‍ക്കാണെന്നും വെളിവാകുന്നു.

സംസാഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കി ഖാദി ബോര്‍ഡിന്റെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും സംഘടിപ്പിച്ചുവരുന്ന ഖാദി ഫെസ്റ്റിനെക്കുറിച്ചാണ്‌ വ്യാപകപരാതികള്‍ ഉയരുന്നത്‌.

വര്‍ഷം തോറും 20 കോടി രൂപ മുതല്‍ 30 കോടി രൂപ വരെ വിറ്റുവരവ്‌ ഉണ്ടാകാറുള്ള ഖാദി വിപണനമേളകളില്‍ കണക്കുകളുടെ വന്‍ തിരിമറിയും വെളിച്ചത്താകുന്നു. കഴിഞ്ഞ വര്‍ഷം ഇത്തരം മേളകളില്‍ സംസ്ഥാനത്താകെ വില്‍പ്പന നടത്തിയത്‌ 20 കോടി രൂപയുടെ ഖദര്‍ ഉല്‍പ്പന്നങ്ങളാണ്‌. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാനത്തെ മൊത്തം ഖാദി ഉല്‍പ്പന്നം ഒരു കോടി രൂപയ്‌ക്കുള്ളതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ബാക്കി 19 കോടി രൂപയുടെ സാധനങ്ങള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുത്തി ഇവിടെ വില്‍പ്പന നടത്തിയതാണെന്ന്‌ വ്യക്തം.

തൊട്ടു മുന്‍ വര്‍ഷം 25 കോടി രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നു വരുത്തിയത്‌ 24 കോടി രൂപയുടെ സാധനങ്ങളാണ്‌.വിപണന മേളകള്‍ക്കുള്ള ഉത്‌പന്നങ്ങള്‍ ബോര്‍ഡ്‌ നേരിട്ട്‌ വാങ്ങുകയല്ല. പശ്ചിമബംഗാളില്‍ നിന്നുള്ള സതീഷ്‌, സര്‍ബോധയ വറതി, ചന്ദ്രകാന്ത്‌ ദളിത്‌ മോഹന്‍ സൊസൈറ്റി, ഡയമണ്ട്‌ ഖാദി ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളും മൊറാദാബാദിലെ പിത്തല്‍ നഗറിലുള്ള ഖാദി ചെറുകിട വ്യവസായ സ്വകാര്യ സ്ഥാപനങ്ങളും രാജസ്ഥാനിലെ വൈറ്റ്‌ മെറ്റല്‍, ബ്ലാക്ക്‌ മെറ്റല്‍ കമ്പനികളുടെ സഹോദരസ്ഥാപനങ്ങള്‍, തമിഴ്‌നാട്ടിലെ പോച്ചമ്പള്ളി സാരി കമ്പനി തുടങ്ങിയ കേന്ദ്ര ഖാദി വില്ലേജ്‌ ഇന്‍ഡസ്‌ട്രീസ്‌ കമ്മീഷന്റെ അംഗീകാരമുള്ളതും ഇല്ലാത്തതുമായ ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ക്ക്‌ അവരുടെ ഉത്‌പന്നങ്ങള്‍ കേരളത്തിലെ വ്യാപാരമേളകളില്‍ നേരിട്ട്‌ ഇറക്കുമതി ചെയ്‌ത്‌ വ്യാപാരം നടത്താന്‍ ഖാദി ബോര്‍ഡ്‌ അനുമതി നല്‍കുകയാണ്‌ ചെയ്യുന്നത്‌. മേളയിലുള്ള ഓരോ സ്ഥാപനത്തിന്റേയും കൗണ്ടറില്‍ നിന്ന്‌ ലഭിക്കുന്ന ബില്ലുകള്‍ ഖാദി ബോര്‍ഡിന്റെ ജനറല്‍ കൗണ്ടറില്‍ എത്തിച്ച്‌ അവ ഉപഭോക്താവിന്റെ കൈയ്യില്‍ നിന്ന്‌ തിരികെ വാങ്ങി പകരം ഖാദി ബോര്‍ഡിന്റെ ബില്ലുകളാണ്‌ നല്‍കാറ്‌. ഇങ്ങനെ നല്‍കുന്ന ഓരോ ബില്ലിനും 10 ശതമാനം മുതല്‍ 35 ശതമാനം വരെ റിബേറ്റ്‌ അനുവദിക്കാറുണ്ട്‌. ഈ റിബേറ്റ്‌ 10 ശതമാനം സംസ്ഥാന സര്‍ക്കാറിന്റേതും ബാക്കി കേന്ദ്ര സര്‍ക്കാറിന്റേതുമാണ്‌. ചുരുക്കത്തില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തില്‍ കൊണ്ടുവന്ന്‌ മലയാളികള്‍ക്ക്‌ വില്‍പ്പന നടത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്‌ സംസ്ഥാനസര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള ഖാദി ബോര്‍ഡില്‍ നിന്ന്‌ 10 ശതമാനം രൂപ റിബേറ്റായി നല്‍കുന്നുവെന്ന്‌ സാരം.

മേളകളിലെ അന്യസംസ്ഥാന ഖാദി വ്യാപാരികളുടെ കൗണ്ടറുകളില്‍ നിന്ന്‌ ശേഖരിക്കുന്ന വിവിധ ബില്ലുകള്‍ അതതു ദിവസങ്ങളില്‍ വൈകുന്നേരം കണക്ക്‌ കൂട്ടി ആ തുകയുടെ ലാഭം കഴിച്ച തുകയ്‌ക്കുള്ളത്ര സാധനങ്ങള്‍ തൊട്ടുതലേദിവസം അതതു സ്ഥാപനങ്ങളില്‍നിന്ന്‌ ഖാദി ബോര്‍ഡ്‌ വിലയ്‌ക്കെടുത്തതായി രേഖയുണ്ടാക്കുകയാണത്രേ. എന്നാല്‍ മാത്രമേ തൊട്ടടുത്ത ദിവസം ഇത്രയും സാധനങ്ങള്‍ ഖാദി ബോര്‍ഡിന്റെ ബില്ലുവഴി വില്‍ക്കാന്‍ കഴിയൂ. അങ്ങനെ വില്‍ക്കുന്ന സാധനങ്ങള്‍ക്കേ അനുവദിച്ചു നല്‍കുന്ന റിബേറ്റ്‌ തുക പിന്നീട്‌ ഖാദി ബോര്‍ഡ്‌ സംസ്ഥാന സര്‍ക്കാറില്‍ നിന്ന്‌ കണക്കെഴുതി വാങ്ങുകയാണ്‌. ചുരുക്കത്തില്‍ ഖാദി ബോര്‍ഡിന്‌ വില്‍പ്പനയുടെ അക്കപ്പെരുക്കങ്ങളിലൂടെ പത്രാസായി നില്‍ക്കാന്‍ കഴിയുമ്പോള്‍ തന്നെ കൈയ്യില്‍ നിന്ന്‌ ഒരു പൈസയുടേയും നഷ്‌ടം ഉണ്ടാകുന്നില്ല. എന്നാല്‍ സര്‍ക്കാറിന്റെ പൊതുവികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം അന്യ സംസ്ഥാന കുത്തക മുതലാളികളുടെ ഉത്‌പ്പന്ന വില്‍പ്പനക്കായി ചോരുന്നു എന്നു സാരം. കഴിഞ്ഞ വര്‍ഷം 365 ദിവസവും 10 ശതമാനം റിബേറ്റ്‌ ഖാദി ബോര്‍ഡ്‌ നല്‍കിയതായാണ്‌ കണക്ക്‌. അതിന്‌ രണ്ടു കോടി രൂപ സംസ്ഥാന സര്‍ക്കാരില്‍ നിന്ന്‌ നല്‍കണമെന്ന്‌ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും അറിയുന്നു. മുന്‍വര്‍ഷങ്ങളിലും ഇതുപോലെ കോടികള്‍ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌.

അന്യ സംസ്ഥാനങ്ങഴില്‍ നിന്ന്‌ ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ വിപണനത്തില്‍ തീവെട്ടിക്കൊള്ള നടക്കുന്നതായും അനുഭവസ്ഥര്‍ വിവരിക്കുന്നു. 500 രൂപയ്‌ക്ക്‌ ചന്ദ്രകാന്തയുടെ പശ്ചിമബംഗാള്‍ ഷോറൂമില്‍ നിന്ന്‌ ലഭിക്കുന്ന സാരിക്ക്‌ കോഴിക്കോട്ട്‌ 1,500 രൂപയാണ്‌ വില. ഒരേ സമയം വിലയും റിബേറ്റും കൂടുന്ന ഈ പ്രതിഭാസത്തിന്‌ സംസ്ഥാന ഖാദി ബോര്‍ഡിന്റെ മാര്‍ക്കറ്റിംഗ്‌ വിഭാഗം പശ്ചാത്തല സൗകര്യം ഒരുക്കുന്നുമുണ്ട്‌. ഇങ്ങനെ ചയ്യുന്നതിന്‌ 8 ശതമാനം രൂപയാണ്‌ ബോര്‍ഡിന്‌ വ്യാപാരികള്‍ കമ്മീഷന്‍ നല്‍കുന്നത്‌. മാര്‍ക്കറ്റിംഗ്‌ വിഭാഗക്കാരും ഖാദി ഗ്രാമോദ്യോഗയില്‍ അംഗങ്ങളായുള്ള വ്യാപാരസ്ഥാപനങ്ങളുടെ മേധാവികളും തുറന്നു പറയാന്‍ മടിക്കുന്ന പടി വേറെയും. അംഗീകാരമില്ലാത്ത വ്യാപാരികള്‍ ലാഭത്തിന്റെ പകുതി ഏമാന്മാര്‍ക്ക്‌ നല്‍കണമത്രേ.

ബീഹാര്‍, ആന്ധ്രാ പോലേയുള്ള സംസ്ഥാനങ്ങളില്‍ നിന്ന്‌ നിരവധി അനംഗീകൃത ഖാദി ഉല്‍പ്പന്നങ്ങളും കേരളത്തില്‍ വിറ്റഴിക്കുന്നുണ്ട്‌.
ഇവ ഖാദിയല്ല. കൈകൊണ്ട്‌ നെയ്‌തെടുക്കുന്നവയുമല്ല. മില്‍ നൂല്‌ ഉപയോഗിച്ചുള്ളവയാണെന്ന്‌ ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഖാദി മേളകളില്‍ യഥാര്‍ത്ഥ ഖാദിയെയും വ്യാജനെയും തിരിച്ചറിയാന്‍ സംവിധാനവുമില്ല.

മേളകള്‍ ഇല്ലാത്തപ്പോഴും ഖാദി ബോര്‍ഡ്‌ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ കോടിക്കണക്കിന്‌ രൂപയുടെ ഉത്‌പന്നങ്ങള്‍ വാങ്ങി ഷോറൂമുകളില്‍ നിറയ്‌ക്കുന്നു. ഇവയെല്ലാം അതതു വര്‍ഷം വിറ്റുതീരുന്നുമില്ല. ഒന്നു രണ്ടു വര്‍ഷം കഴിയുമ്പോള്‍ പഴയ സ്റ്റോക്ക്‌ എന്ന ലേബലില്‍ ഈ ഉല്‍പ്പന്നങ്ങള്‍ 40 മുതല്‍ 70 ശതമാനം വരെ റിഡക്ഷന്‍ അനുവദിച്ച്‌ വിറ്റഴിക്കുന്നു. ഈ ഇനത്തില്‍ മുടക്കുമുതലിന്റെ മുക്കാല്‍ ഭാഗവും ബോര്‍ഡിന്‌ നഷ്‌ടം സഹിക്കേണ്ടി വരുന്നു. ഇതും അവസാനം സര്‍ക്കാരിന്റെ ഖജനാവ്‌ ചോരുന്ന ഏര്‍പ്പാടായി മാറുന്നു.
ഖാദി സില്‍ക്ക്‌ ഫെസ്റ്റ്‌: സംസ്ഥാന ഖജനാവില്‍ നിന്ന്‌ കോടികള്‍ ചോരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക