Image

തോമായുടെ സുവിശേഷം (അപഗ്രഥനം-2)

ആന്‍ഡ്രൂസ്‌ സി. Published on 01 February, 2012
തോമായുടെ സുവിശേഷം (അപഗ്രഥനം-2)
വചനം 20 :- ശിഷ്യര്‍ യേശുവിനോട്‌ പറഞ്ഞു; ദൈവരാജ്യം എന്തുപോലെ ആകുന്നു എന്ന്‌ ഞങ്ങളോട്‌ പറക. അവന്‍ അവരോടു പറഞ്ഞു; അത്‌ ഏറ്റവും ചെറിയ കടുകുമണിയോടു സദൃശ്യം. അത്‌ നിലത്ത്‌ വീണ്‌ മുളയ്‌ക്കുമ്പോള്‍ അതിന്റെ ശിഖരങ്ങളില്‍ ആകാശത്തിലെ പറവകള്‍ സങ്കേതം കണ്ടെത്തുന്നു
വചനം 21 :- (മഗ്‌ദല) മേരി യേശുവിനോട്‌ ചോദിച്ചു; നിന്റെ ശിഷ്യര്‍ ആരെപ്പോലെ ആകുന്നു? അവന്‍ പറഞ്ഞു; അവര്‍ സ്വന്തമല്ലാത്ത കൃഷിഭൂമി ഏല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദാസന്മാര്‍. കൃഷിഭൂമിയുടെ ഉടമസ്ഥന്‍ വരുമ്പോള്‍ അവര്‍ പറയും ഞങ്ങളുടെ ഭൂമി വിട്ടുതരിക. എന്നാല്‍ അവര്‍ നഗ്നര്‍ ആകുന്നു. തോട്ടത്തിന്റെ യജമാനന്റെ മുന്നില്‍ ചെന്ന്‌ തോട്ടം ഏറ്റുവാങ്ങാന്‍ അവര്‍ പ്രാപ്‌തരല്ല.
അതുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌ കള്ളന്‍ വരുന്ന നാഴിക വീട്ടുടമ അറിഞ്ഞാല്‍ അവന്‍ ഉണര്‍ന്നിരുന്ന്‌ അവന്റെ ഭവനം കാക്കുന്നു. അവന്റെ വീട്‌ തുറക്കുവാനോ ദ്രവ്യം അപഹരിക്കുവാനോ അവന്‍ അവസരം കൊടുക്കുകയില്ല.
അതിനാല്‍ നിങ്ങള്‍ ലോകത്തെക്കുറിച്ച്‌ ജാഗ്രതയോടെ ഇരിക്കുക. വന്‍ശക്തിയാല്‍ നിങ്ങളുടെ അരകളെ മുറുക്കുക. അതിനാല്‍ കള്ളന്മാര്‍ നിങ്ങളെ കീഴടക്കാതിരിക്കട്ടെ.
നീ കാത്തു സൂക്ഷിക്കുന്ന ദ്രവ്യം ഒരിക്കല്‍ കണ്ടുപിടിക്കപ്പെടും. പഴങ്ങള്‍ അതിന്റെ പൂര്‍ണ്ണവളര്‍ച്ച എത്തുംവരെയും നിങ്ങളിലെ ബുദ്ധിമാന്‍ ആയവന്‍ കാത്തിരിക്കും. അവ പൂര്‍ണ്ണ വിളവെത്തുമ്പോള്‍ അവന്‍ പെട്ടെന്ന്‌ അരിവാളുമായി അവയെ കൊയ്‌തെടുക്കുന്നു. പ്രത്യാശയോടെ കാത്തിരുന്നാല്‍ നിനക്ക്‌ ആവശ്യമുള്ളവര്‍ക്ക്‌ വേണ്ടി അവയെ ലഭിക്കും.
വചനം 22 :- മുലകുടിക്കുന്ന കുട്ടികളെ നോക്കി യേശു ശിഷ്യരോടു പറഞ്ഞു; ഈ മുലകുടിക്കുന്ന കുട്ടികളെ പോലെയുള്ളവരാണ്‌ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത്‌.
ശിഷ്യര്‍ ചോദിച്ചു; ഞങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുമ്പോള്‍ ശിശുക്കളായി മാറുമോ?
യേശു അവരോട്‌ പറഞ്ഞു; രണ്ടായതിനെ എപ്പോള്‍ നിങ്ങള്‍ ഒന്നാക്കുന്നുവോ, അകം പുറം പോലെയും പുറം അകം പോലയും ഉള്ളതുപോലെ താഴെ ഉള്ളതിനെയും നിങ്ങള്‍ രൂപാന്തരം നടത്തുമ്പോള്‍ - അതായത്‌ പുരുഷനും സ്‌ത്രീയും ലിംഗഭേദത്തില്‍ ഉപരിയായി ഒന്നായി മാറുമ്പോള്‍ കണ്ണിനു പകരം കണ്ണുകളും കൈയ്‌ക്കു പകരം കൈകളും പാദത്തിനു പകരം പാദങ്ങളും സാദൃശ്യങ്ങള്‍ക്ക്‌ പകരം സാദൃശ്യവും ഉണ്ടാകുമ്പോള്‍ നിങ്ങള്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നു.
വചനം 23 :- യേശു പറഞ്ഞു; ഞാന്‍ ആയിരത്തില്‍ നിന്ന്‌ ഒരുവനെയും പതിനായിരത്തില്‍ നിന്ന്‌ ഇരുവരെയും തിരയുന്നു. അവര്‍ പ്രത്യേകാല്‍ വ്യത്യസ്ഥരായി ഏകരായി നിലനില്‍ക്കുന്നു.
വചനം 24 :- അവന്റെ ശിഷ്യര്‍ പറഞ്ഞു; നീ എവിടെ ആകുന്നു എന്ന്‌ ഞങ്ങള്‍ക്കും കാട്ടിത്തരിക. എന്തെന്നാല്‍ ഞങ്ങളും അവിടം തേടട്ടെ
യേശു അവരോട്‌ പറഞ്ഞു; കേള്‍ക്കുവാന്‍ ചെവിയുള്ളവര്‍ കേള്‍ക്കണം. പ്രകാശത്തിന്റെ മനുഷ്യരില്‍ പ്രകാശം നിറഞ്ഞു നില്‌ക്കുന്നു. അവര്‍ ലോകത്തെ പ്രകാശിപ്പിക്കുന്നു. അവര്‍ വെളിച്ചത്തെ പ്രകാശിപ്പിക്കുന്നില്ല എങ്കില്‍ ലോകത്തില്‍ അന്ധകാരം നിറയുന്നു.
വചനം 25 :- യേശു പറഞ്ഞു; നീ നിന്നെ സ്‌നേഹിക്കുന്നതുപോലെ നിന്റെ സഹോദരനെയും സ്‌നേഹിക്കുക. നിന്റെ കണ്ണിന്റെ കൃഷ്‌ണമണിപോലെ അവനെ കാത്തുരക്ഷിക്കുക.
വചനം 26 :- യേശു പറഞ്ഞു; നിന്റെ സഹോദരന്റെ കണ്ണിലെ കരട്‌ നീ കാണുന്നു. എന്നാല്‍ സ്വന്തം കണ്ണിലെ കൊള്ളി നീ മാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട്‌ വ്യക്തമായി നിനക്ക്‌ കാണാം.
വചനം 27 :- നിങ്ങള്‍ ലോകത്തെ വെടിയുന്നില്ല. എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. ഒരു ശാബത്‌ മറ്റൊരു ശാബതിലേക്ക്‌ നിങ്ങള നയിക്കുന്നില്ല എങ്കില്‍ നിങ്ങള്‍ പിതാവിനെ കാണുകയില്ല.
വചനം 28 :- യേശു പറഞ്ഞു; ഞാന്‍ ജഢരൂപത്തില്‍ ലോകത്തിന്റെ മദ്ധ്യത്തില്‍നിന്നും എല്ലാവരും കുടിച്ച്‌ തൃപ്‌തരായിരിക്കുന്നു. ദാഹിക്കുന്നവരായി ആരേയും ഞാന്‍ കണ്ടില്ല. മനുഷ്യരുടെ സന്താനങ്ങളെ പ്രതി എന്റെ ഉള്ളം വേദനിക്കുന്നു. കാരണം അവരുടെ ഹൃദയത്തില്‍ അന്ധത നിറഞ്ഞിരിക്കുന്നു. അതിനാല്‍ അവര്‍ക്ക്‌ കാണാന്‍ സാധിക്കുന്നില്ല. അവര്‍ ഭൂമിയിലേക്ക്‌ ഒന്നുമില്ലാത്തവരായി വന്നു. അതുപോലെ തന്നെ തിരികെപോകുവാനും അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ കുടിച്ച്‌ മത്തരായിരിക്കുന്നു. എന്നാല്‍ അവര്‍ വീഞ്ഞിന്റെ ലഹരിയില്‍ നിന്ന്‌ മുക്തരാകുമ്പോള്‍ അവര്‍ക്ക്‌ മാറ്റം ഉണ്ടാകുന്നു
വചനം 29 :- യേശു പറഞ്ഞു; ആത്മാവ്‌ നിമിത്തമാണ്‌ ജഢം ഉളവായതെങ്കില്‍ അത്‌ അത്ഭുതം ആകുന്നു. എന്നാല്‍ ജഢം നിമിത്തമാണ്‌ ആത്മാവ്‌ ഉളവായതെങ്കില്‍ അത്‌ അത്ഭുതങ്ങളില്‍ അത്ഭുതം ആകുന്നു.
എന്നാല്‍ ഈ ദാരിദ്ര്യത്തിന്റെ ഉള്ളില്‍ ഇത്രമാത്രം ധനം അധിവസിക്കുന്നത്‌ എന്നില്‍ വിസ്‌മയം ഉളവാക്കുന്നു.
വചനം 30 :- യേശു പറഞ്ഞു; മൂന്നുപേര്‍ കൂടുന്നിടത്ത്‌ ദൈവം ഇല്ലായിരിക്കാം. എന്നാല്‍ ഒന്നോ രണ്ടോ പേര്‍ കൂടുന്നിടത്ത്‌ ഞാനും കൂട്ടുചേരുന്നു.
വചനം 31 :- യേശു പറഞ്ഞു; ഒരു പ്രവാചകനും സ്വന്തസ്ഥലത്ത്‌ അംഗീകാരം ഇല്ല. ഒരു വൈദ്യനും അവനെ അറിയുന്നവരെ സുഖപ്പെടുത്താന്‍ സാധിക്കുകയില്ല.
വചനം 32 :- യേശു പറഞ്ഞു; ഉറപ്പുള്ള കോട്ടയാല്‍ ചുറ്റപ്പെട്ട്‌ മലമുകളില്‍ പണിതിരിക്കുന്ന പട്ടണം വീഴുന്നില്ല. അത്‌ മറച്ചു വയ്‌ക്കാനും സാധിക്കുകയില്ല
വചനം 33 :- യേശു പറഞ്ഞു; നീ കേട്ടു മനസ്സിലാക്കിയ വചനം പുരപ്പുറത്തു ഘോഷിക്കുക. വിളക്കുകൊളുത്തി ആരും കുട്ടയുടെ കീഴില്‍ വയ്‌ക്കില്ല. മറ്റാരും കാണാത്തിടത്ത്‌ വയ്‌ക്കുകയും ഇല്ല. വിളക്ക്‌ തണ്ടിന്മേല്‍ വയ്‌ക്കുന്നു. വരുന്നവരും പോകുന്നവരും വെളിച്ചം ദര്‍ശിക്കുന്നു.
വചനം 34 :- യേശു പറഞ്ഞു; ഒരു കുരുടന്‍ മറ്റൊരു കുരുടനെ വഴികാട്ടിയാല്‍ രണ്ടുപേരും കുഴിയില്‍ വീഴും.
വചനം 35 :- യേശു പറഞ്ഞു; ബലവാന്റെ ഭവനത്തില്‍ കവര്‍ച്ച നടത്തണമെങ്കില്‍ അവന്റെ കൈയ്യും കാലും ബന്ധിക്കണം. എന്നാല്‍ മാത്രമേ അവന്റെ ഭവനം കവര്‍ച്ച ചെയ്യാന്‍ സാധിക്കുകയുള്ളു.
വചനം 36 :- യേശു പറഞ്ഞു; നീ എന്തു ധരിക്കും എന്നോര്‍ത്ത്‌ പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും വ്യാകുലപ്പെടരുത്‌.
വചനം 37 :- അവന്റെ ശിഷ്യര്‍ ചോദിച്ചു; നിന്നെ ഞങ്ങള്‍ എന്നു കാണും, എന്നു നീ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷപ്പെടും? യേശു പറഞ്ഞു; നിന്റെ വസ്‌ത്രം അഴിച്ചുമാറ്റി നിലത്തിട്ട്‌ കുട്ടികളെപ്പോലെ അതിന്മേല്‍ തുള്ളിച്ചാടുവാന്‍ എന്നു നിനക്കു സാധിക്കുമോ അന്ന്‌ നീ നിത്യനായവന്റെ പുത്രനെ കാണും. നിനക്ക്‌ ഭയം തോന്നുകയില്ല താനും.
വചനം 38 :- യേശു പറഞ്ഞു; എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ പല തവണ നിങ്ങള്‍ ആഗ്രഹിച്ചു, നിങ്ങള്‍ക്ക്‌ എന്നില്‍ നിന്നല്ലാതെ മറ്റൊരാളില്‍നിന്നും ഇത്‌ കേള്‍ക്കുവാന്‍ സാധിക്കുകയുമില്ല. നിങ്ങള്‍ എന്നെ തെരയുന്ന നാളുകള്‍ വന്നെത്തും, എന്നാലോ നിങ്ങള്‍ എന്നെ കണ്ടെത്തുകയുമില്ല.
വചനം 39 :- യേശു പറഞ്ഞു; പരീശന്മാര്‍ക്കും സാദൂക്യര്‍ക്കും ജ്ഞാനത്തിന്റെ താക്കോല്‍ ലഭിച്ചിട്ടുണ്ട്‌. എന്നാല്‍ അവര്‍ അത്‌ ഒളിച്ചുവച്ചിരിക്കുന്നു. അവര്‍ സ്വയം ജ്ഞാനത്തില്‍ പ്രവേശിക്കുകയില്ല, മറ്റുള്ളവരെ പ്രവേശിക്കുവാന്‍ അനുവദിക്കുകയുമില്ല. നിങ്ങളോ പാമ്പുകളെപ്പോലെ കൂര്‍മ്മബുദ്ധിയും പ്രാവുകളെപ്പോലെ നിര്‍മ്മമരും ആയിരിക്കുവിന്‍.
വചനം 40 :- പിതാവിന്റെ മുന്തിരിത്തോട്ടത്തിന്റെ പുറത്ത്‌ ഒരു മുന്തിരിവള്ളി നട്ടിരിക്കുന്നു. എന്നാല്‍ അതിന്‌ താങ്ങ്‌ ഇല്ലാത്തതിനാല്‍ അത്‌ വേരോടെ പറിഞ്ഞ്‌ നശിച്ചു പോകും.

തോമായുടെ സുവിശേഷം (അപഗ്രഥനം-1)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക