Image

പിഴ (ഗദ്യകവിത)- ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 01 February, 2012
പിഴ (ഗദ്യകവിത)- ജോണ്‍ വേറ്റം
അകൃത്യം നമ്മേ നന്മയില്‍ നിന്നുമടര്‍ത്തുമെന്ന സത്യം
ആധുനികതയുടെ ഹൃദയത്തില്‍ എഴുതുന്നവന്‍ ,

അതീന്ദ്രിയമാം ലോകത്തിന്റെ അങ്കഗണിത പ്രമാണങ്ങള്‍ ,
ആത്മോചിതകര്‍മ്മധര്‍മ്മങ്ങള്‍ , ഗ്രഹിച്ച പുംഗവന്‍ ,

ആത്മനിയന്ത്രണം അഭ്യസിച്ചാത്മാവിന്‍ ഗുണങ്ങള്‍ ഏന്തി
ജ്ഞാനം ചുണ്ടില്‍കൊണ്ടുനടക്കും വിദഗ്ധനാം വേദാന്തി.

അനാചാരത്തിനും ദുഷ്ടതയുടെ ദൂരാസക്തിക്കുമെതിരേ
അനുഗ്രഹപ്രഭാഷണം നല്‍കിടും ഉത്തമഉപാസകന്‍ ,

അനുരജ്ഞനം അക്ഷുബ്ധതക്കു സിദ്ധൗഷധമെന്ന യുക്തി
ജനമനസ്സുകളില്‍ നിത്യം ധ്വനിപ്പിക്കും സഭാപ്രസംഗി,

ധനികതയുടെ നവീനസുഖങ്ങളെ, സ്ഥാനമാനങ്ങളെ,
കൃപയുടെ വചനങ്ങളാല്‍ നിരാകരിച്ചപണ്ഡിതന്‍ ,

ജ്ഞാനനദികളൊഴുകും ഭൗതികതലങ്ങളില്‍ ദിവ്യമാം-
സമസൃഷ്ടി സ്‌നേഹമായ് സംഗമിക്കാന്‍ ക്ഷണിക്കുന്നവന്‍ ,

ബ്രഹ്മചര്യത്തിന്റെ ചില്ലുമേടയില്‍ നിവസിച്ചു പുണ്യമാം
സന്യാസത്തിന്റെ മുള്‍പ്പാതയില്‍ സദാ മുന്നേറുന്നവന്‍ ,

സദാചാരം സമുന്നതസംസ്‌ക്കാരത്തിന്‍ സത്ത്വമായ് കണ്ടു
സമഭാവന സമ്പൂര്‍ണ്ണസ്‌നേഹമായ് കരുതുന്നവന്‍ ,

സമര്‍പ്പിത ജീവിതത്തിന്റെ സഹനവഴികളിലിന്നും
സന്തുഷ്ടമാം സുകൃതസങ്കീര്‍ത്തനം ആലപിക്കുന്നവന്‍ ,

സ്വജനപക്ഷപാതത്തില്‍ വിപ്ലവവീര്യം ചാര്‍ത്തും
സ്വാര്‍ത്ഥമോഹത്തിന്നെതിരേ ധീരമായ്‌പ്പോരാടുന്നവന്‍ ,

വിമോചനവേദശാസ്ത്രം പഠിപ്പിച്ചു വെളിവിന്‍ കാഴ്ചയും
രക്ഷകരപശ്ചാത്താപവും പകരുമൊരു പ്രബോധകന്‍ ,

നിലവൊഴുകും സുഖരരാവില്‍ ഏകനായ്‌നടക്കവേ,
പെട്ടെന്നിരുണ്ട മാനത്തിടിമിന്നല്‍ , കനത്തമഴ, കാറ്റും.

നന്നേ നനഞ്ഞു, പാദങ്ങള്‍തെന്നി നാറും ചേറില്‍പ്പുതഞ്ഞു!
കരുതാന്‍ കഴിഞ്ഞില്ല ശീലക്കുട, തെളിക്കാന്‍ ദീപവും!
പിഴ (ഗദ്യകവിത)- ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക