Image

പിണറായി മുഖ്യമന്ത്രി

ആശ എസ് പണിക്കര്‍ Published on 19 May, 2016
പിണറായി മുഖ്യമന്ത്രി
തിരുവനന്തപുരം: പിണറായി വിജയന്‍ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകും. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പിണറായിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുതിര്‍ന്ന നേതാവ് പ്രകാശ് കാരാട്ടും സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുത്തു. പിണറായി തന്നെയാണ് മുഖ്യമന്ത്രി എന്ന തീരുമാനം സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചുവരുത്തി വി.എസ്സിനെ അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക പൊളിറ്റ് ബ്യൂറോ അംഗവും പിണറായി വിജയന്‍ മാത്രമായിരുന്നു. സി.പി.എമ്മിന്റെ സംഘടനാരീതി അനുസരിച്ച് പി.ബി അംഗമാണ് സാധാരണ മുഖ്യമന്ത്രിപദത്തിലേക്ക് വരുക. ഇത്തവണ ആ പതിവ് പിണറായിലേക്ക് എത്തി. ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട പിണറായി നീണ്ട പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇത്തവണ പാര്‍ലമെന്ററിരംഗത്തേക്ക് തിരിച്ചെത്തിയത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് 36,905 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിലാണ് പിണറായി ഇത്തവണ വിജയിച്ചത്.
പിണറായി വിജയനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനത്തില്‍ പ്രതികരിക്കാതെ വി.എസ്. അച്യുതാനന്ദന്‍. വി.എസ് യോഗത്തിന് എത്തി.
തീരുമാനം അറിഞ്ഞ വി.എസ് യോഗത്തില്‍ പ്രതികരിച്ചില്ലെന്നാണ് സൂചന. പിന്നീട് കന്റോണ്‍മെന്റ് ഹൗസിലേക്ക് പോകാനിറങ്ങിയ വി.എസിനോട് മാധ്യമ പ്രവര്‍ത്തകര്‍ അഭിപ്രായം ആരാഞ്ഞെങ്കിലും പ്രതികരിക്കാന്‍ തയാറായില്ല.

വി.എസിന് ക്യാബിനറ്റ് പദവിയുള്ള സ്ഥാനം നല്‍കാനും ആലോചനയുണ്ട്. 


കോണ്‍ഗ്രസ്-ബി.ജെ.പി ബന്ധം പൂര്‍ണമായും മനസിലാക്കാന്‍ സാധിക്കാഞ്ഞതിനാല്‍ മതനിരപേക്ഷ മനസ് അത്രത്തോളം ഉണര്‍ന്നിട്ടുണ്ടാകില്ല-പിണറായി വിജയന്‍ പറഞ്ഞു.  അതിനാലാണ് നേമത്ത് രാജഗോപാലിന് ജയിക്കാന്‍ സാധിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയുടെ ശക്തി കൊണ്ടല്ല അവര്‍ അക്കൗണ്ട് തുറന്നത്. ഹെലികോപ്റ്ററില്‍ വെറുതേ പറന്നു നടന്നതല്ലാതെ ബി.ഡി.ജെ.എസിന് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. 

സോഷ്യല്‍ മീഡിയ ശക്തമായ പങ്കാളിത്തം വഹിച്ച തെരഞ്ഞെടുപ്പാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടതുമുന്നണിക്കായി സോഷ്യല്‍ മീഡിയയിലൂടെ ഇടപെട്ട മുഴുവനാളുകളേയും അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പലതും മറച്ചു വെക്കാനും വഴി തിരിച്ചു വിടാനും വലതു പക്ഷ മാധ്യമങ്ങള്‍ മത്സരിച്ചപ്പോള്‍, ഓരോ വിഷയത്തിന്റെയും വസ്തുതകള്‍ തെളിവ് സഹിതം നിരത്തി മറുവാദം ഉന്നയിക്കാന്‍ ആരോഗ്യകരമായ ഇടപെടലാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉണ്ടായത്. അത് കൊണ്ട് തന്നെ ഒരു നുണയും ഒരു ദുഷ്പ്രചാരണവും വിജയം വരിച്ചില്ല. യു ഡി എഫ് അഴിമതി ഭരണത്തെ തെളിവുകള്‍ നിരത്തി തുറന്നുകാട്ടാനും മതനിരപേക്ഷതയ്‌ക്കെതിരായ വെല്ലുവിളിയെ എതിരിടാനും സാമൂഹിക മാധ്യമങ്ങളില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് ഉണ്ടായത്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക